18 വയസ്സിനുമുമ്പ് എട്ടിലൊരു പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിടുന്നു- യുണിസെഫ്

Representational image: Mathrubhumi.com
Representational image: Mathrubhumi.com

ന്യൂയോർക്ക്: പതിനെട്ടു വയസ്സെത്തുംമുൻപ്‌ ലോകത്ത് എട്ടിലൊരു പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന്‌ യുണിസെഫ്. ഇന്നു ജീവിച്ചിരിക്കുന്ന 37 കോടിയിലേറെ സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ആദ്യമായാണ് ആഗോള അവലോകനം നടക്കുന്നത്. കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമത്തെ വർധിച്ചുവരുന്ന മനുഷ്യാവകാശലംഘനമെന്നാണ്‌ യൂണിസെഫ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്‌. അതിക്രമത്തിന്റെ വ്യഥകൾ മുതിർന്നാലും അവരുടെ ഉള്ളിലുണ്ടാകുമെന്നതാണ് കാരണം.

ലൈംഗികച്ചുവയുള്ള തമാശകൾ, അഭിപ്രായപ്രകടനങ്ങൾ, ലൈംഗികദൃശ്യങ്ങളും ലൈംഗികാവയവങ്ങളും കാണിക്കൽ തുടങ്ങിയവ ശരീരികബന്ധമല്ലാത്ത അതിക്രമത്തിൽപ്പെടും. 14-17 പ്രായത്തിലാണ് കുട്ടികളേറെയും ലൈംഗികാതിക്രമം നേരിടുന്നത്. പീഡകർ മിക്കവാറും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആത്മമിത്രങ്ങളോ ആകും. ഓഷ്യാനിയയിലാണ് ഇത്തരം അതിക്രമങ്ങൾ ഏറെ. ഇവിടത്തെ 34 ശതമാനം സ്ത്രീകളും ലൈംഗികാതിക്രമം നേരിട്ടവരാണ്. സഹാറ മരുഭൂമിക്കു തെക്കുള്ള ആഫ്രിക്കൻ ഭാഗത്ത് 22 ശതമാനം സ്ത്രീകളും പെൺകുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്.

18 വയസ്സിൽ താഴെയുള്ള പതിനൊന്നിൽ ഒരു ആൺകുട്ടിയും ബലാത്സംഗത്തിനോ മറ്റുതരത്തിലുള്ള ലൈംഗികാതിക്രമത്തിനോ ഇരകളാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2010-നും 2022-നുമിടയിൽ 120 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്.

Content Highlights: More than 37 crore women and children faced sexual assault