സംസ്ഥാനത്ത് കൂടുതൽ ലിവിങ്‌ വിൽ കൗണ്ടറുകൾ തുറന്നേക്കും; തദ്ദേശവകുപ്പ് നിയമോപദേശം തേടി

#സുപ്രദ പ്രസാദ്
പ്രതീകാത്മകചിത്രം (മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്)
പ്രതീകാത്മകചിത്രം (മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്)

ആലപ്പുഴ: സംസ്ഥാനത്ത് കൂടുതൽ ലിവിങ് വിൽ (മരണ താത്പര്യപത്രം) കൗണ്ടർ തുറക്കുന്നതുസംബന്ധിച്ച് തദ്ദേശവകുപ്പ് നിയമമോപദേശം തേടി. തദ്ദേശ സ്വയംഭരണസ്ഥാപന ജോയിന്റ് ഡയറക്ടർമാർ ഇക്കാര്യത്തിൽ അനുകൂല റിപ്പോർട്ട് നൽകിയതോടെയാണ് വകുപ്പ് തുടർനടപടി തുടങ്ങിയത്.

അന്തസ്സോടെ ജീവിക്കാനുള്ള അവകാശംപോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നതാണ് ലിവിങ് വിൽ. സുഖപ്പെടാത്തതും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയിൽ മെഡിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെക്കേണ്ടതില്ലെന്ന് നേരത്തെതന്നെ ഒരു വ്യക്തി എഴുതിവെക്കുന്നതാണ് മരണ താത്പര്യപത്രം. തീരുമാനമെടുക്കാനാകാത്ത രോഗാവസ്ഥയിൽ മരണം ഏതുരീതിയിൽ വേണമെന്നത് ഈ മരണതാത്പര്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിനു തീരുമാനിക്കാം.

2018-ലെ സുപ്രീംകോടതി നിർദേശപ്രകാരമാണ് ഈ സംവിധാനം സംസ്ഥാനത്തു തുടങ്ങിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കെയർ ഡിവിഷനിലും ആലപ്പുഴ മെഡിക്കൽ കോളേജിലും ലിവിങ് വിൽ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങിയാലേ ഉദ്ദേശിച്ച പ്രയോജനം ലഭിക്കൂ. തയ്യാറാക്കുന്ന മരണ താത്പര്യപത്രം തദ്ദേശ സ്ഥാപത്തിലാണു സൂക്ഷിക്കുക. മറ്റു പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ കൂടി സഹായം വേണം.

ആലപ്പുഴ സ്വദേശിയും സാമൂഹികപ്രവർത്തകനുമായ ചന്ദ്രദാസ് കേശവപിള്ള, തദ്ദേശ വകുപ്പിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ(ജെ.ഡി.)മാരോട് പ്രിൻസിപ്പൽ ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ കൗണ്ടർ തുടങ്ങാനുള്ള പ്രായോഗികസാധ്യതയാണു തേടിയത്. വിവിധ ജില്ലകളിലെ ജെ.ഡി.മാർ അനുകൂല നിലപാടറിയിച്ചതോടെയാണ് നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടത്. നിലവിൽ മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്.

Content Highlights: more living will counter will be opened lsg deapartment seeks legal advice