മൊബൈൽ ഫോൺ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കാൻ കാരണമായി - ദയാബായി

Daya Bhai/Mathrubhumi archives
Daya Bhai/Mathrubhumi archives

കൊച്ചി: പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നതായി സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദയാബായി. സെയ്ന്റ് ആൽബർട്‌സ് കോളേജ് സാമൂഹിക പ്രവർത്തന വിഭാഗവുമായി ചേർന്ന് സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക സാമൂഹിക പ്രവർത്തന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൈക്കുഞ്ഞുങ്ങൾക്ക് വരെ ഭക്ഷണം കഴിക്കണമെങ്കിൽ കൈയിൽ ഫോൺ വേണം. 18 തികയാതെ കുട്ടികൾക്ക് ഫോൺ നൽകരുത്. അതിന് കൃത്യമായ നിയമം ഉണ്ടാകണം. മൊബൈൽ ഫോണും കൈയിലെടുത്ത് നടക്കുന്ന കുട്ടികൾ വേറെ എതോ ലോകത്ത് ജീവിക്കുന്നതു പോലെയാണ് പെരുമാറുന്നത്.

സ്വന്തം മക്കൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾക്കും വിദ്യാർഥികൾ ഇതുപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്കും കഴിയണമെന്നും ദയാബായി കൂട്ടിച്ചേർത്തു. സാമൂഹിക പ്രവർത്തകരുമായും വിദ്യാർഥികളുമായും അവർ സംവദിച്ചു. ദയാബായിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിൽ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ഇന്ത്യ മാനേജിങ്‌ ട്രസ്റ്റി ഡാലിൻ ഡയസ് മുഖ്യ പ്രഭാഷണം നടത്തി. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (കാപ്‌സ്) എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ഫാ. സോജൻ പനഞ്ചിക്കൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജെസ്റ്റിൻ റിബല്ലോ, വകുപ്പ് മേധാവികളായ റോൾ റോയി, സ്നേഹപിള്ള എന്നിവർ സംസാരിച്ചു.

Content Highlights: Mobile Phones & Teen Addiction: Daya Bai`s Warning