മാതാപിതാക്കള്‍ വിവാഹമോചനം നേടിയാലും കുട്ടികള്‍ക്ക് ഇഷ്ടം അവര്‍ക്കൊപ്പം ജീവിക്കാന്‍; പഠനം

തിരുവനന്തപുരം: മാതാപിതാക്കൾ വിവാഹമോചനംനേടി വേർപിരിഞ്ഞാലും ഭൂരിഭാഗം കുട്ടികളുടെയും ആഗ്രഹം അവർക്കൊപ്പം ജീവിക്കാൻ. വഴക്കിടുന്ന മാതാപിതാക്കൾ മക്കളെ കുറ്റപ്പെടുത്തുന്നു. കുട്ടികൾക്കിതിൽ വിഷമമുണ്ട്. വിചാരണസമയത്തെ പ്രയാസങ്ങൾ കൂട്ടുകാരോടും അധ്യാപകരോടും തുറന്നുപറയാൻ അവരാഗ്രഹിക്കുന്നു.
വിവാഹമോചനക്കേസിൽപ്പെട്ടവരുടെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇരുകക്ഷികളിൽനിന്നും നിശ്ചിത തുക ഈടാക്കി കുട്ടികൾക്ക് ക്ഷേമനിധിയും പ്രത്യേക പുനരധിവാസ പദ്ധതികളും വേണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു.
പ്രയാസങ്ങൾ ആരോടെങ്കിലുമൊക്കെ പറയണമെന്ന് 60 ശതമാനം കുട്ടികളും ആഗ്രഹിക്കുന്നതിനാൽ കുട്ടികളെ കേൾക്കാനും മാനസികപിന്തുണ നൽകികാനും ചൈൽഡ് സൈക്കോളജിസ്റ്റുകൾ കുടുംബകോടതികളിൽ വേണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ആറുമുതൽ 18 വരെയുള്ള 120 കുട്ടികളിലായിരുന്നു പഠനം. ഇവരിൽ 52 ആൺകുട്ടികളും 68 പെൺകുട്ടികളും. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി.
കുട്ടികളിൽ കണ്ടെത്തിയത്
- മാനസികപ്രശ്നങ്ങൾ: ദുഃഖം, കോപം, ഉത്കണ്ഠ, ഭയം, വിഷാദം, സമ്മർദം, ഒറ്റപ്പെടലും മാനസിക സംഘർഷവും.
- പെരുമാറ്റ വൈകല്യം: അനുസരണശീലമില്ലായ്മ, അക്രമവാസന.
- വിശ്വാസ്യത: മാതാപിതാക്കളിൽ വിശ്വാസമില്ലാതാകുന്നു. ഇതുവഴി ആശയക്കുഴപ്പം, അപകർഷബോധം. പഠനത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്നു.
- ശാരീരികപ്രശ്നങ്ങൾ: വിശപ്പില്ലായ്മ, ദുർബലമായ പ്രതിരോധശേഷി, ഉറക്കമില്ലായ്മ, വളർച്ച മുരടിക്കൽ.
- സാമൂഹികപ്രശ്നങ്ങൾ: ഒറ്റപ്പെടൽ, സമപ്രായക്കാരിൽനിന്ന് അകൽച്ച, മറ്റുള്ളവരിൽനിന്നുള്ള മോശം പ്രതികരണങ്ങൾ.
- വേർപിരിഞ്ഞ അച്ഛനെയോ അമ്മയേയോ കോടതിയിൽ കാണുമ്പോൾ 24 ശതമാനം പേർക്ക് അവരോട് ഇഷ്ടം തോന്നും. 27 ശതമാനത്തിന് ദേഷ്യവും 18 ശതമാനത്തിന് സങ്കടവും. 10 ശതമാനത്തിന് ഭയം.
- തങ്ങളുടെ താത്പര്യം ജഡ്ജിമാർ ചോദിക്കാറില്ലെന്ന് 54 ശതമാനം കുട്ടികൾ.
- സ്കൂൾമാറുന്നതിൽ 51 കുട്ടികൾക്ക് ദുഖം. 58 പേർക്ക് വിഷമമില്ല.
മാതാപിതാക്കൾ വേർപിരിഞ്ഞാൽ
- മാതാപിതാക്കളോടൊപ്പം ജീവിക്കണം-43 പേർ
- കൗൺസിലിങ് വേണം-18
- തുടർന്നും പഠിക്കണം-20
- മറ്റാരോടെങ്കിലും സംസാരിക്കണം-12
- സഹോദരങ്ങൾക്കൊപ്പം ജിവിക്കണം-7
- പ്രതികരിക്കുന്നില്ല-20
- വേർപിരിഞ്ഞതിന്റെ വിഷമം അമ്മയോട് പങ്കുവെക്കാനിഷ്ടം-24 പേർ.
Content Highlights: Study reveals the mental health challenges faced by children of divorced parents in Kerala