ചികിത്സാ ധനസഹായം: മാതൃഭൂമിക്ക് നന്ദിയുമായി ഹരീഷും കുടുംബവും

മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് കോഴിക്കോട് ചേവരമ്പലം സ്വദേശി ഹരീഷിന്റെ കുടുംബത്തിന് ചികിത്സാ ധനസഹായമായി ലഭിച്ചത് ഒന്നര ലക്ഷത്തിലേറെ രൂപ. കഴിഞ്ഞ 9 വര്‍ഷമായി രോഗബാധിതനായ മകന്‍ അര്‍ജുന്‍ കൃഷ്ണയുടെ ചികിത്സയ്ക്ക് വേണ്ടി നന്നേ ബുദ്ധിമുട്ടുകയായിരുന്നു ഹരീഷും കുടുംബവും. 20,000 രൂപയാണ് 10 ദിവസത്തേക്കുള്ള കുത്തിവെപ്പിനുള്ള തുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബം ജപ്തി ഭീഷണിയും നേരിട്ടിരുന്നു. അഞ്ചു ദിവസം മരുന്ന് മുടങ്ങുന്ന അവസ്ഥയുമുണ്ടായി. തുടര്‍ന്നാണ് മാതൃഭൂമി ഡോട്ട്‌കോം ഹരീഷ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ വാര്‍ത്തയാക്കുന്നത്.
ചികിത്സാ ധനസഹായത്തിനായി മാതൃഭൂമി ഡോട്ട്‌കോം മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്ത
വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ മരുന്നിന് വേണ്ട തുക നിരവധിയിടങ്ങളില്‍ നിന്നായി ഹരീഷിന് ലഭിച്ചു. പ്രവാസികളുടെ പക്കല്‍ നിന്ന് പോലും സാമ്പത്തിക സഹായമെത്തിയതായി സ്വദേശിയായ ഹരീഷ് പറയുന്നു.
ചെറുതും വലുതമായ തുകകളടക്കം ഇതുവരെ 1,73,000 രൂപ ഹരീഷിന് ലഭിച്ചു. ഹൈപ്പോ പിറ്റിയൂട്ടറിസം എന്ന വളര്‍ച്ചാ മുരടിപ്പ് രോഗമാണ് അര്‍ജുന്‍ കൃഷ്ണയ്ക്ക്. അഞ്ചര വയസ്സിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗം തിരിച്ചറിയുന്നത്. അന്നു മുതല്‍ ഇന്ന് വരെ അച്ഛന്‍ ഹരീഷാണ് ഒരു ദിവസം പോലും മുടക്കില്ലാതെ നിത്യേന രാത്രി കൈക്കും കാലിനും മാറി മാറി കുത്തിവെപ്പ് നൽകുന്നത്.
Content Highlights: harish gets one and a half lakhs for medical treatment