'ഉണരുന്നതുപോലും നൃത്തത്തിലേക്ക്'; മതത്തിന്റെ പേരിൽ വേദികൾ വിലക്കുന്നവരോട് മൻസിയക്ക് പറയാനുള്ളത്..

മൻസിയ വി.പി | Photos: facebook.com/profile.php?id=100009324138716
മൻസിയ വി.പി | Photos: facebook.com/profile.php?id=100009324138716

''ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..''

നർത്തകി മൻസിയ. വി.പി യുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്നുള്ള വരികളാണിത്. കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോത്സവത്തിൽ" ഏപ്രിൽ 21 ന് നടത്താനിരുന്ന മൻസിയയുടെ നൃത്തപരിപാടി  വിലക്കിയതിനെക്കുറിച്ചാണ് മൻസിയ കുറിച്ചത്. നൃത്തത്തിൽ എം.എയും എംഫിലും നെറ്റും എടുത്ത് പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന, നൃത്തം ജീവവായുവായി കാണുന്ന തന്നെ ഏറെ നിരാശപ്പെടുത്തിയ അനുഭവമായി ഇതെന്ന് മൻസിയ പറയുന്നു. പുരോ​ഗമിച്ചു എന്നവകാശപ്പെടുന്ന ഈ കാലത്തും ഇത്തരം പുറകോട്ടു വലിക്കുന്ന അനുഭവങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്നാണ് മൻസിയയുടെ ചോദ്യം. ഇക്കാര്യത്തിൽ മാതൃഭൂമി ഡോട്ട്കോമുമായി മനസ്സു തുറക്കുകയാണ് മൻസിയ.

ദേശീയ നൃത്തോത്സവത്തിലും മതം

കൂടൽ മാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള ദേശീയ നൃത്തോത്സവത്തിലേക്ക് നമ്മുടെ നൃത്തത്തിലെ നേട്ടങ്ങളെക്കുറിച്ചെല്ലാം ഉള്ള ബയോഡേറ്റ അയച്ചു കൊടുത്തിരുന്നു. അവിടെ നിന്ന് വളരെ നല്ല ബയോഡേറ്റയാണ് എന്നുള്ള വിളിയൊക്കെ വന്നു. ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി പരിപാടി ചാർട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. മൻസിയ.വി.പി എന്ന പേരിൽ തന്നെയാണ് അയച്ചിരുന്നത്. ഇതിനിടെ പോസ്റ്റർ അടിക്കാനുള്ള ഫോട്ടോ അയക്കൽ ഉൾപ്പെടെ നിരവധി കടമ്പകളുണ്ടായിരുന്നു. ശേഷം നോട്ടീസ് അയച്ചു,  ഭർത്താവിന്റെ പേരു ചേർത്ത് മൻസിയ ശ്യാം കല്ല്യാൺ എന്നാണ് അതിൽ നൽകിയിരുന്നത്. ഭർത്താവിനെ അറിയുന്ന ആളായതുകൊണ്ടാവാം എന്നാണ് കരുതിയത്. വിവാഹശേഷം ഞാൻ പേരു മാറ്റിയിട്ടൊന്നും ഇല്ല. ഇന്നലെ രാത്രിയാണ് അവിടെ നിന്ന് വീണ്ടും വിളി വരുന്നത്. അപ്പോൾ ഞാൻ കരുതിയത് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പുവരുത്താനാണ് എന്നാണ്. എന്നാൽ 'നമുക്ക് ആ പരിപാടി ചെയ്യാൻ പറ്റില്ല, അഹിന്ദുക്കളെ അവിടെ കയറ്റാൻ പറ്റില്ല' എന്നു പറഞ്ഞു.

എന്നാൽ അവിടെ തൊഴാനല്ല മറിച്ച് ഭരതനാട്യം ഡാൻസർ എന്ന രീതിയിലല്ലേ ഞാൻ അപേക്ഷിച്ചത് എന്ന് ചോദിച്ചു. ദേശീയ നൃത്തോത്സവം എന്നാണല്ലേ പേര്, എന്റെ ഡാൻസിലെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതല്ലേ പറയേണ്ടത്. പിന്നെ ചോദിച്ചത് 'വിവാഹശേഷം മതം മാറിയോ' എന്നാണ്. അങ്ങനെയാണെങ്കിൽ നൃത്തം ചെയ്യാമെന്നും. മതമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന ആളാണ് ഞാൻ എന്ന് മറുപടി നൽകി. എന്നാൽ അവതരിപ്പിക്കാൻ പറ്റില്ല എന്ന മറുപടി നൽകി. ഭർത്താവിന്റെ കുടുബമൊക്കെ ഹിന്ദു ആചാരങ്ങളൊക്കെ പിന്തുടരുന്നവരാണ്. അവരെന്നോടോ ഞാനവരോടോ ഇതുവരെ മതം അടിച്ചേൽപ്പിച്ചിട്ടില്ല. 

സർക്കാർ വേദികൾ പോലും ലഭിക്കുന്നില്ല

സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതിനു പിന്നിലും കാരണമുണ്ട്. കലാകാരന്മാർ ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്, അതൊന്ന് ശ്രദ്ധയിൽ പെടുത്തണമെന്നു തോന്നി. എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്നതും ഞാൻ ഏറ്റവുമധികം വേദികൾ ചെയ്തതുമൊക്കെ ക്ഷേത്രങ്ങളിൽ തന്നെയാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പു വരെ അതിൽ ഇത്ര പ്രശ്നങ്ങളില്ലായിരുന്നു, ഒന്നോ രണ്ടോ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. എന്നാൽ ഇന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ 'അന്യമതസ്ഥരായ' കലകൊണ്ട് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ എല്ലാം ഇനി എന്തു ചെയ്യും?

കേരളത്തിൽ ശാസ്ത്രീയ നൃത്തം ഒരു ജനപ്രിയമായി മാറാതെ ഇപ്പോഴും ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. സർക്കാർ വേദികളിൽപ്പോലും ഒന്നും രണ്ടും മണിക്കൂർ സിനിമാ താരങ്ങൾക്കാണ് നൽകുന്നത്. അരമണിക്കൂറെങ്കിലും ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് നൽകേണ്ടതല്ലേ? എം.എയും എംഫിലും നെറ്റും എടുത്ത് പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിലോ? നിങ്ങൾ എന്തിന് ക്ഷേത്രങ്ങളെ ആശ്രയിക്കണം എന്നു മെസേജുകൾ വരുന്നുണ്ട്. രാവിലെ ഉണരുന്നതുപോലും  ഞാൻ നൃത്തത്തിലേക്കാണ്. ഈ പഠിക്കുന്നതെല്ലാം അവതരിപ്പിക്കാൻ ഒരു വേദി വേണ്ടേ? കലാമണ്ഡലത്തിൽ നിന്നുൾപ്പെടെ പഠിച്ചു വരുന്നവർ പോലും ഇതൊരു കരിയറാക്കാതെ മറ്റു വഴികളിലേക്ക് തിരിയുകയാണ്. അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണത്. 

മേൽപ്പത്തൂരിൽ അരങ്ങേറ്റങ്ങൾ കഴിഞ്ഞ എനിക്ക് ഇന്നവിടെ വിലക്ക്

കൊറോണയുടെ സമയത്ത് ​ഗുരുവായൂർ ഉത്സവത്തിനു വേണ്ടി ക്ഷണിച്ചിരുന്നു. നാലഞ്ചു കലാകാരന്മാരെ വിളിച്ചു വരുത്തി മൂന്നു നാലു ദിവസം പ്രാക്റ്റീസെല്ലാം കഴിഞ്ഞപ്പോൾ അവിടെ നിന്നും ഒരു വിളി വന്നു, മൻസിയയുടെ പേര് പറഞ്ഞപ്പോഴേ പ്രതിഷേധം വന്നു എന്ന്. അന്ന് ചാർട്ടൊന്നും ചെയ്തിരുന്നില്ലെങ്കിലും എനിക്ക് ഡേറ്റ് ഒക്കെ നൽകിയിരുന്നു. അന്ന് ഞാനവർക്ക് ഒരു മറുപടിയാണ് നൽകിയത്; 'മേൽപ്പത്തൂര്‌ ഓഡിറ്റോറിയത്തിലാണ് മൻസിയയുടെ ഭരതനാട്യം, കുച്ചിപ്പുടി, കഥകളി തുടങ്ങിയ എല്ലാ അരങ്ങേറ്റങ്ങളും നടന്നിട്ടുള്ളത്' എന്നാണ്. ആ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കളിച്ചതിന്റെ ഭാ​ഗമായിട്ടാണ് ഈ ഇരുപത്തിയേഴു വയസ്സുവരെയും ഒരു സമുദായത്തിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. അന്ന് മേൽപ്പത്തൂരിൽ കളിച്ചതിന്റെ പേരിൽ ഒരു സമുദായം എന്നെ വിമർശിച്ചപ്പോൾ പിന്തുണയുമായി എത്തിയ അതേ കൂട്ടരാണ് ഇന്ന് എന്നെ വിലക്കിയത്. 

അമ്മയുടെ ഖബറടക്ക സമയത്തും പ്രശ്നങ്ങൾ

അന്ന് സ്കൂളിൽ പഠിക്കുന്ന കാലമാണ്. യുവജനോത്സവ വേദികളിലൂടെയാണ് വരുന്നത്. ചേച്ചിയാണ് വീട്ടിൽ നിന്ന് നൃത്തത്തിലേക്ക് ആദ്യമായി വരുന്നത്. ഞാൻ ആറാം ക്ലാസ്സിലൊക്കെ പഠിക്കുന്ന സമയത്താണ് ഉമ്മച്ചിക്ക് കാൻസർ ഉണ്ടാകുന്നത്. അന്ന് ചികിത്സാ സഹായത്തിനായി വിദേശത്തേക്ക് അയച്ചുകൊടുക്കാൻ മ​ഹല്ല് കമ്മറ്റിയിൽ നിന്ന് ഒരു കത്ത് വേണമായിരുന്നു. പക്ഷേ ഹിന്ദുക്കളുടെ നൃത്തം ചെയ്യുന്നതിനാൽ മഹല്ല് കമ്മിറ്റിയിൽ ഇല്ല എന്നു പറയുകയായിരുന്നു. അന്ന് നൃത്തത്തിൽ വിജയിച്ചപ്പോൾ ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് ഞങ്ങളെ മഹല്ലിൽ കൂട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. അന്നു ഞങ്ങൾ വളരെ ചെറുതാണ്, ഞങ്ങൾക്കെന്താണോ തോന്നിയത് അതു പറഞ്ഞു. പക്ഷേ ഉപ്പയും ഉമ്മയും പിന്തുണയുമായി നിന്നു. ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് ഉമ്മ മരിച്ചത്. ഖബറടക്കണം എന്നായിരുന്നു ഉമ്മയുടെ ആ​ഗ്രഹം, പക്ഷേ നടന്നില്ല. അങ്ങനെ കൊണ്ടോട്ടിയിൽ ഉമ്മയുടെ വീട്ടിൽ വച്ച് ആങ്ങളമാരുടെ പേരിലാണ് ഖബറടക്കിയത്. അതിനുശേഷമാണ് ഞാൻ മതം ഉപേക്ഷിക്കുന്നത്. ഏതു മതം ആയാലും അതിലേക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇന്നത്തെ അത്ര ശക്തയായി നിൽക്കാനുള്ള കരുത്ത് അന്നില്ലായിരുന്നു. 

മൻസിയയുടെ ഫെയ്സ്ബുക് പോസ്റ്റ്

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോത്സവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.

നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

#മതേതര കേരളം 😄
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..


 

Content Highlights: classical dancer mansiya vp, bharatanatyam dance, ostracised for being muslim and performing dance