കറുപ്പിനെ അഹങ്കാരമായി കാണുന്നതിലേക്ക് പൊതുബോധം മാറണം- ശാരദാ മുരളീധരൻ

കോഴിക്കോട് ചേവായൂരിലെ കിർത്താഡ്സിൽ നടക്കുന്ന ദേശീയ ഗോത്രസാഹിത്യോത്സവത്തിലെ സംവാദത്തിൽ പങ്കെടുക്കാനെത്തിയ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഭക്ഷ്യമേളയിലെസ്റ്റാളിൽനിന്ന് മരുന്നുകാപ്പി കുടിച്ചപ്പോൾ. കിർത്താഡ്സ് ഡയറക്ടർ ഡോ. ബിന്ദു സമീപം | Photo: Mathrubhumi
കോഴിക്കോട് ചേവായൂരിലെ കിർത്താഡ്സിൽ നടക്കുന്ന ദേശീയ ഗോത്രസാഹിത്യോത്സവത്തിലെ സംവാദത്തിൽ പങ്കെടുക്കാനെത്തിയ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഭക്ഷ്യമേളയിലെസ്റ്റാളിൽനിന്ന് മരുന്നുകാപ്പി കുടിച്ചപ്പോൾ. കിർത്താഡ്സ് ഡയറക്ടർ ഡോ. ബിന്ദു സമീപം | Photo: Mathrubhumi

കോഴിക്കോട്: ഞങ്ങൾ കറുപ്പാണ് ഞങ്ങളെ ആക്ഷേപിക്കരുത് എന്നുപറയുന്നതിനുപകരം കറുപ്പിനെ അഹങ്കാരമായി കാണുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ചേവായൂർ കിർത്താഡ്‌സിൽ നടക്കുന്ന ‘നെർദ്ധി’ ഗോത്രസാഹിത്യോത്സവത്തിൽ ‘കുടുംബശ്രീ ശാരദ: സാമൂഹ്യനീതിയുടെ ഗോത്രാതിജീവനം’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘‘കറുപ്പിനെ കളിയാക്കുന്ന വ്യക്തികളെയല്ല തിരുത്തേണ്ടത്. സമൂഹത്തിന്റെ മനോഭാവമാണ് മാറേണ്ടത്. കറുപ്പിനെക്കുറിച്ചുള്ള ചർച്ചവന്ന സമയത്ത് വളരെ വിഷമമുണ്ടായിരുന്നു. എന്നാൽ, എങ്ങനെ നേരിടണമെന്ന് തീരുമാനമെടുത്തുകഴിഞ്ഞാൽ എല്ലാംമറക്കുന്ന പ്രകൃതമാണ് എന്റേത്’’ -അവർ പറഞ്ഞു.

‘‘ജാതീയമായ അന്തരം കുടുംബശ്രീയിലും ഉണ്ടായിരുന്നു. അഞ്ചുശതമാനമാണ് പട്ടികജാതിക്കാരുണ്ടായിരുന്നത്. പട്ടികവിഭാഗക്കാർ അതിലും വളരെക്കുറവും. ഈ വിഭാഗങ്ങളിൽനിന്ന് സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കെത്തുന്നവർ വട്ടപ്പൂജ്യമായിരുന്നു. ഒരിക്കൽ കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സിഡിഎസിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യോഗം നിയന്ത്രിച്ചിരുന്നത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും. സിഡിഎസ് ചെയർപേഴ്‌സൺ എവിടെപ്പോയി എന്നുചോദിച്ചപ്പോൾ ചായകൊണ്ടുവരാൻ പോയെന്ന മറുപടിയാണ് ലഭിച്ചത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തിൽ അത് വീണുകിടക്കുകയായിരുന്നു. അതിൽനിന്ന് അതിനെ പുറത്തുകടത്തുകയായിരുന്നു ഏറ്റവുംവലിയ ബുദ്ധിമുട്ട്. പിന്നീട് അതിലെല്ലാം മാറ്റമുണ്ടായി’’ -അവർ പറഞ്ഞു. ബിന്ദു അമ്മിണിയും സംവാദത്തിൽ പങ്കെടുത്തു. രജനീഷ് മോഡറേറ്ററായി.

Content Highlights: Chief Secretary speaks out against colorism