അപകടം പതിയിരിക്കുന്ന ഡെക്കുകൾ; തക്കംകിട്ടുമ്പോൾ പ്രതികാരം, പുറംലോകമറിയാതെ ആഴങ്ങളിലേക്ക്

#ബാബു പാണത്തൂർ
Photo: AFP
Photo: AFP

: കപ്പലിൽ നാലുവിഭാഗങ്ങളിലായാണ് സാധാരണ ജീവനക്കാരെ വിന്യസിക്കുന്നത്. ബ്രിഡ്ജ് (നാവിഗേഷൻ), എൻജിൻ റൂം (ഇ.ആർ.), ഡെക്ക്, ഗാളി (അടുക്കള) എന്നിങ്ങനെ. ഡെക്കിൽ ജോലിചെയ്യുന്നവരാണ് കപ്പലിൽ നിന്നും കടലിൽ വീഴാൻ സാധ്യത കൂടുതൽ. കപ്പലിന്റെ പൂപ്പ് ഡെക്കിലെ (പിൻവശത്ത്) ജോലിക്കിടയിൽ അപകടസാധ്യത കൂടുതലാകും. ഈ ഭാഗത്ത് ഒറ്റയ്ക്കുള്ളപ്പോൾ എന്തുസംഭവിച്ചാലും അറിയാനും വൈകും.

ബ്രിഡ്ജ്, എൻജിൻ റൂം എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് അപകടം, അഗ്നിബാധ തുടങ്ങിയവ നേരിടേണ്ടിവരാമെങ്കിലും ജോലിക്കിടെ കടലിൽ വീഴാനുളള സാധ്യത വിരളമാണെന്നാണ് കപ്പലോട്ടക്കാരായ ഓഫീസർമാർ പറയുന്നത്‌. അടുക്കളയിൽ ജോലിചെയ്യുന്ന ജി.എസ്.മാർ(ജനറൽ സ്റ്റ്യുവാഡ്) പുറം കടലിലൂടെയുള്ള യാത്രയിൽ ഭക്ഷണാവശിഷ്ടങ്ങൾ മാത്രം കടലിൽ കളയാൻ വൈകുന്നേരങ്ങളിൽ ഡെക്കിലെത്താറുണ്ട്. തീരത്ത് ഈ നടപടി അനുവദനീയമല്ല. ഈ ആവശ്യത്തിന് കപ്പലിന്റെ ഡെക്കിലേക്ക് പോകുമ്പോൾ അകമ്പടിക്ക് ആളും സുരക്ഷാമാർഗങ്ങളും ഉണ്ടായിരിക്കണമെന്ന് നിർദേശമുണ്ട്.

ആദ്യഭാഗം വായിക്കാം: കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍; അന്ത്യചുംബനമര്‍പ്പിക്കാന്‍പോലുമാകാതെ പ്രിയപ്പെട്ടവര്‍

കപ്പലിന്റെ മുൻഭാഗത്ത് രാപകൽ നിരീക്ഷണത്തിന് സംവിധാനമുണ്ട്. പുതിയ കപ്പലുകൾ നിരീക്ഷണ ക്യാമറകളോടെയാണ് നീറ്റിലിറങ്ങുന്നത്. എന്നാൽ, പഴയ കപ്പലുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടാകാറില്ല. അതിനാൽ, അപകടങ്ങൾ എങ്ങനെ നടന്നുവെന്നറിയാൻ വഴികളില്ല. മാലക്കല്ലിലെ ആൽബർട്ട് ആന്റണിയെ കാണാതായ കപ്പൽ 300 മീറ്ററോളം നീളവും ഒൻപത് അറകളും ഉള്ളതാണെന്ന് കപ്പലോട്ടക്കാർ പറയുന്നു. പഴയ മാതൃകയിലുള്ള ഈ കപ്പലിൽ സി.സി.ടി.വി. സംവിധാനം ഉണ്ടാകാനിടയില്ല.

അപകടംവരുന്ന വഴികൾ
പൂപ്പ് ഡെക്കിൽ തനിയെ ജോലിചെയ്യുമ്പോൾ വഴുതി കടലിൽ വീഴാം. സുരക്ഷാമാർഗങ്ങൾ കൈക്കൊള്ളാതെ ഇത്തരം ഭാഗങ്ങളിൽ തനിയെ ജോലിചെയ്യുമ്പോൾ കാണാതാകാനുള്ള സാധ്യത ഇരട്ടിയാകും. ശാന്തമായ കടലെന്ന് കരുതി ഡെക്കിൽ നിൽക്കേ അതിശക്തമായ തിര പെട്ടന്നടിച്ച് കപ്പൽ ഉലയുമ്പോൾ തെറിച്ച് കടലിൽ വീണും അപകടങ്ങളുണ്ടാകാറുണ്ട്. യുവത്വത്തിലെ ഒറ്റപ്പെടൽ, ജോലിയിലെ മാനസികസമ്മർദം, മേലുദ്യോഗസ്ഥരുടെ ശകാരം, കുടുംബപ്രശ്നങ്ങൾ, ഭാര്യ, കാമുകി തുടങ്ങി പ്രിയപ്പെട്ടവരുമായുള്ള കലഹം എന്നീ കാരണങ്ങളാൽ ജീവനൊടുക്കാൻ കടലിൽ ചാടുന്ന സംഭവങ്ങളുമുണ്ട്.

ജീവനക്കാർ തമ്മിലുള്ള കലഹത്തിന്‍റെ പ്രതികാരമായി തക്കംകിട്ടുമ്പോൾ എതിരാളിയെ കടലിൽ തള്ളിയ അപൂർവ സംഭവങ്ങളും പഴമക്കാരായ കപ്പലോട്ടക്കാരുടെ അനുഭവങ്ങളിലുണ്ട്. ശാസ്ത്രം പുരോഗമിക്കുകയും കൂടുതൽ വിദ്യാഭ്യാസയോഗ്യതയുള്ളവർ തൊഴിലിടങ്ങളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നതിനാൽ ഇപ്പോൾ ഈ സാധ്യത അപൂർവങ്ങളിൽ അപൂർവമാണെന്ന് പുതുതലമുറയിലെ കപ്പലോട്ടക്കാർ പറഞ്ഞു.

കപ്പലിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്ന അറകളും അപകടകാരിയായ വാതകങ്ങൾ നിറച്ച മുറികളും (എൻക്ലോസ്ഡ് സ്പെയ്സ്) തുറക്കാറില്ല. അബദ്ധത്തിൽ ഇതിനുള്ളിൽ കടന്ന് പ്രാണവായു കിട്ടാതെ അകപ്പെട്ട് പോയാലും കാണാതാകാം. ഇതൊഴിവാക്കാൻ ചീഫ് ഓഫീസറും ക്യാപ്റ്റനും ചേർന്ന് രേഖാമൂലം ഉത്തരവ് നൽകിയാകും ആവശ്യംവരുമ്പോൾ ഇവ തുറക്കുക. ഒരാളെ കാണാതായെന്നറിഞ്ഞാൽ ഇത്തരം അറകൾ അനുമതിയില്ലാതെ തുറന്നിട്ടുണ്ടോയെന്നും പരിശോധിക്കാറുണ്ട്.

പുറത്തുവരുന്നത് ഔദ്യോഗികവിവരങ്ങൾ മാത്രം
കപ്പലിലെ വിവരങ്ങൾ പുറത്തുവിടുന്നതിന് ജീവനക്കാർക്ക് കർശന നിയന്ത്രണമുള്ളതിനാൽ ഔദ്യോഗിക വിവരങ്ങൾ മാത്രമാണ് അപകടത്തിനുശേഷം ലഭിക്കുന്നത്. ഒരാളെ കാണാതായാലോ അപകടത്തിൽ പെട്ടാലോ ആ സമയത്ത് എന്തുസംഭവിച്ചുവെന്ന് പുറംലോകം അറിയുന്നത് ആ കപ്പലിലെ ക്യാപ്റ്റനിലൂടെ മാത്രമാണ്. ക്യാപ്റ്റൻ കമ്പനിക്ക് വിവരങ്ങൾ നൽകും. കമ്പനിയാണ് വീട്ടുകാർക്കും മാധ്യമങ്ങൾക്കും വിവരം നൽകുക.മറ്റ് ജീവനക്കാർക്ക് അപകടത്തിൽപ്പെട്ടയാളുടെ/കാണാതായ ആളുടെ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ അനുവാദമില്ല. ഈ നിർദേശം കപ്പൽ കമ്പനി ആദ്യം തന്നെ ക്യാപ്റ്റന് നൽകിയിട്ടുണ്ടാകും. കപ്പൽ സംബന്ധമായ വിഷയങ്ങൾ പുറത്തറിയിക്കരുതെന്ന് മുഴുവൻ ജീവനക്കാരോടും ക്യാപ്റ്റനും കർശന ഉത്തരവ് നൽകാറുണ്ട്. ഇതേ കപ്പലിൽ ജോലി തുടരേണ്ടതിനാൽ അറിവുള്ള കാര്യങ്ങൾ പുറത്തുപറയാതെ ഒപ്പമുള്ളവരെല്ലാം നിശ്ശബ്ദരാകും. അന്ന് കപ്പലിൽ എന്ത് സംഭവിച്ചു എന്നറിയാൻ കാണാതായവരുടെ ബന്ധുക്കൾ ഒപ്പം ജോലിചെയ്തവർ അവധിക്ക് നാട്ടിലെത്തുമ്പോൾ സന്ദർശിച്ച് വിവരങ്ങൾ തേടാറുണ്ട്.

(അന്ത്യ കർമങ്ങൾ ചെയ്യാൻ കാണാതായവരുടെ മൃതദേഹങ്ങൾ പോലും കിട്ടാതെവരുന്നതിനെക്കുറിച്ച് നാളെ)

Content Highlights: cargo ship sailors, Only official information is coming out, danger