കരുതലേകാം കുഞ്ഞുങ്ങൾക്ക്; സംസ്ഥാനത്ത് ബാല സുരക്ഷാസമിതി വരുന്നു

തിരുവല്ല: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രമാക്കി ബാല സുരക്ഷാസമിതികൾ വരുന്നു. ബാലനീതി നിയമത്തിന്റെയും അനുബന്ധ നിയമങ്ങളുടെയും പഞ്ചായത്തുതലംവരെയുള്ള നടത്തിപ്പാണ് സമിതികൾ ലക്ഷ്യമിടുന്നത്.
2009 മുതൽ പ്രവർത്തിക്കുന്ന ബാലസംരക്ഷണ സമിതികളുടെ പ്രവർത്തനം വിപുലപ്പെടുത്തിയാണ് സുരക്ഷാസമിതികൾ രൂപവത്കരിക്കുന്നത്. കേന്ദ്ര വനിതാ- ശിശുവികസന വകുപ്പ് പുനരാവിഷ്‌കരിച്ച സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സമിതി പ്രവർത്തിക്കുക.
18 വയസ്സുവരെയുളള കുട്ടികളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ, ഏതെങ്കിലും തരത്തിൽ ആക്രമണത്തിന് ഇരയാകുന്ന കുട്ടികൾ, അതിജീവിതരായും സാക്ഷികളായും എത്തുന്ന കുട്ടികൾ, ഭിന്നശേഷിക്കാർ, തെരുവിൽ അലയുന്നവരും ഭിക്ഷയാചിക്കുന്നവരും, മാതാപിതാക്കൾക്ക് ശേഷിയില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ബിലവിവാഹത്തിന് വിധേയരാകുന്നവർ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് സമിതിയുടെ ലക്ഷ്യം.
തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച കാര്യങ്ങൾ അതത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റികളാണ് നോക്കുന്നത്. പുതിയ സുരക്ഷാസമിതിയിൽ, അതത് സ്ഥാപനത്തിന്റെ അധ്യക്ഷരാകും സമിതിയുടെയും അധ്യക്ഷൻ. കോർപ്പറേഷൻ തലത്തിൽ മേയറായിരിക്കും. വാർഡുതലത്തിൽ ജാഗ്രതാ സമിതികളും നിലവിൽവരും. പഞ്ചായത്ത് തലത്തിൽ ഐസിഡിഎസ് സൂപ്പർവൈസറായിരിക്കും സുരക്ഷാ സമിതിയുടെ മെമ്പർ സെക്രട്ടറി. സമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള തുക തദ്ദേശസ്ഥാപനങ്ങളുടെ പൊതുവികസന ഫണ്ടിൽനിന്നോ, തനതുഫണ്ടിൽനിന്നോ നൽകണമെന്നും സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
Content Highlights: balasuraksha samithi will be come into force