പഠിക്കുന്നവരുടെ എണ്ണംകുറയുമ്പോള്‍ വിജയിക്കുന്ന കോഴ്‌സ്; ഇക്കൊല്ലം അപേക്ഷിച്ചത് 6465 പേര്‍ മാത്രം

#അതുല്യ ഗോപ്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

മലപ്പുറം: പഠിതാക്കളുടെ എണ്ണം കുറയുമ്പോള്‍ വിജയിക്കുന്ന ഒരേയൊരു കോഴ്‌സ്, അതാണ് തുല്യതാ കോഴ്‌സ്. പാതിവഴിയില്‍ പഠനം നിലച്ചവര്‍ക്കും ഒട്ടും പഠിച്ചിട്ടില്ലാത്തവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ സംസ്ഥാന സാക്ഷരതാമിഷന്‍ തുടങ്ങിയ തുല്യതാ കോഴ്സില്‍ അപേക്ഷകരുടെ എണ്ണം കുറയുകയാണ്. 2025-ലെ പത്താംക്ലാസ് 19-ാം ബാച്ചിലേക്ക് അപേക്ഷിച്ചത് 6465 പേര്‍ മാത്രം. സംസ്ഥാനത്ത് സാക്ഷരത വര്‍ധിക്കുന്നതിന്റെ തെളിവുകൂടിയാണിതെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

2024-ല്‍ 12,653 പേര്‍ പത്താംതരം തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഇത്തവണ നേര്‍പകുതിയായി. 2025-ലെ പരീക്ഷയ്ക്ക് ഓഗസ്റ്റ് 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. നാലാംക്ലാസ്, ഏഴാംക്ലാസ്, പത്താംക്ലാസ്, പ്ലസ്ടു തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും അപേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരക്മാര്‍

തുല്യതാ പരീക്ഷയ്ക്കുള്ള പഠിതാക്കളുടെ രജിസ്‌ട്രേഷനും അനുബന്ധപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് സാക്ഷരതാപ്രേരക്മാരാണ്. സാക്ഷരതാമിഷന്‍ തദ്ദേശവകുപ്പിനു കീഴിലേക്ക് മാറ്റിയപ്പോള്‍ പ്രേരക്മാരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചിരുന്നു. നിലവില്‍ പ്രേരക്മാര്‍ക്കുള്ള ഓണറേറിയത്തിന്റെ 50 ശതമാനം തദ്ദേശസ്ഥാപനവും 40 ശതമാനം സാക്ഷരതാമിഷനുമാണ് നല്‍കുന്നത്. പഠിതാക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം അതത് ജില്ലാ മിഷനുകളിലേക്ക് അപേക്ഷകള്‍ കൈമാറും. അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കള്‍ പലപ്പോഴും അപേക്ഷയുടെ രേഖകള്‍ ജില്ലാ മിഷന്‍ ഓഫീസുകളില്‍ എത്തിക്കാത്ത സാഹചര്യമുണ്ട്. ഇത് പഠിതാക്കള്‍ക്ക് അവസരം നഷ്ടപ്പെടാനും ഇടയാക്കും.

അപേക്ഷകര്‍ കൂടുതല്‍ മലപ്പുറത്ത്

ഇത്തവണത്തെ പത്ത്, പ്ലസ്ടു തുല്യതാ പരീക്ഷയ്ക്കായി ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയില്‍നിന്നാണ്. 1951 പേര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്കും 1044 പേര്‍ പത്താംതരത്തിലേക്കും രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് പത്താംതരത്തില്‍ ഏറ്റവും കുറവ്- 147 പേര്‍.

അപേക്ഷകരുടെ എണ്ണം ഇങ്ങനെ: വിഭാഗം- 2024- 2025 എന്ന ക്രമത്തില്‍

  • പ്ലസ്ടു- 16715- 8606
  • പത്താംതരം-12653- 6465
  • ഏഴാംതരം-1417- 647
  • നാലാംതരം-1031- 285

Content Highlights: applicants to equivalency course decreases