'450 കയ്യേറ്റം ഒഴിപ്പിച്ചൊരുക്കിയ മാനാഞ്ചിറ സ്‌ക്വയർ, കളക്ടർ ഏകാധിപതിയെന്ന് പഴിയുംകേട്ടു'; പക്ഷേ...

#സ്വന്തം ലേഖകന്‍
അമിതാഭ് കാന്ത് മാനാഞ്ചിറ സ്‌ക്വയർ കാണാൻ വീണ്ടുമെത്തിയപ്പോൾ.
അമിതാഭ് കാന്ത് മാനാഞ്ചിറ സ്‌ക്വയർ കാണാൻ വീണ്ടുമെത്തിയപ്പോൾ.

കോഴിക്കോട്: ഞായറാഴ്ചത്തെ പ്രഭാതം മാനാഞ്ചിറയും പബ്ലിക് ലൈബ്രറിയും മറ്റും നടന്നുകാണാനാണ് അമിതാഭ് കാന്ത് നീക്കിവെച്ചത്. കോഴിക്കോട്ട് ഹൈവേയും വീതിയുള്ള റോഡുകളും വന്നത് സ്വാഗതംചെയ്ത അദ്ദേഹം മാനാഞ്ചിറയും പരിസരവും വൃത്തിയായി സംരക്ഷിക്കാത്തതില്‍ പരിതപിച്ചു. 

ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം സഹിക്കാനാവാതെ വരുമ്പോഴൊക്കെ താന്‍ ഈ നാട്ടിലേക്ക് താമസം മാറിയാലോ എന്നാലോചിക്കാറുണ്ടെന്ന രഹസ്യവും അദ്ദേഹം വെളിപ്പെടുത്തി.

''450 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്താണ് നഗരത്തിന് ഈ ശ്വാസകോശം സൃഷ്ടിച്ചത്. റോഡുകളുടെ വീതി കൂട്ടി. മുപ്പതാണ്ടുമുന്‍പത്തെ മാനാഞ്ചിറയിലെ എന്റെ നേതൃത്വത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരേ 18 കോടതിയലക്ഷ്യ കേസുകളുണ്ടായി. അവയെല്ലാം പിന്നീട് തള്ളി. അന്നില്ലാത്ത വിധം ഒരു ഓപ്പണ്‍ ജിം വന്നത് നന്നായി. പക്ഷേ, സംഗീതജലധാരയുടെ ഇന്നത്തെ അവസ്ഥ ലജ്ജാകരമാണ്. എനിക്ക് ദുഃഖം തോന്നുന്നു. നാടിന്റെ സാംസ്‌കാരിക ഉത്സവമായിരുന്ന മലബാര്‍ മഹോത്സവം നിലച്ചുപോയതും കഷ്ടമായി. ഈ പുല്‍ത്തകിടികള്‍പോലും സംരക്ഷിക്കപ്പെടുന്നില്ല'' -മാനാഞ്ചിറയിലെ ഉണങ്ങിയ പുല്‍ത്തകിടികളിലൂടെ നടക്കുമ്പോള്‍ അമിതാഭ് കാന്ത് പറഞ്ഞു.

വേനലില്‍ വറ്റിത്തുടങ്ങിയ മാനാഞ്ചിറയിലേക്ക് നോക്കി അമിതാഭ് കാന്ത് ഓര്‍മ്മകളിലേക്ക് വീണു. മലബാര്‍ മഹോത്സവത്തിലൂടെ കോഴിക്കോട്ടെ ജനങ്ങളെ കൈയിലെടുത്ത ശേഷമാണ് നഗരവികസനത്തിന് ശ്രമം തുടങ്ങിയത്. നഗരമധ്യത്തിലെ വിശാലമായ കുളം, വടക്ക് അന്‍സാരി പാര്‍ക്ക്, കിഴക്ക് ടാഗോര്‍ പാര്‍ക്ക്, തെക്ക് മൈതാനം, മൈതാനത്തിനും പാര്‍ക്കുകള്‍ക്കുമിടയിലൂടെ വാഹനങ്ങള്‍ നിറഞ്ഞോടുന്ന റോഡുകള്‍... എല്ലാം ചേര്‍ന്നതായിരുന്നു അന്നത്തെ മാനാഞ്ചിറപ്രദേശം. 

മൈതാനം വളരെ മോശമായ നിലയിലായിരുന്നു. വലിയ പന്തല്‍ കെട്ടി ഓണച്ചന്തപോലുള്ള വ്യാപാരമേളകള്‍, പുഷ്പമേള, പുസ്തകോത്സവം, ഇടയ്ക്കിടെ കലോത്സവങ്ങള്‍. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പരേഡ്, അതിനായി പവിലിയന്‍. ഇതിനെല്ലാം കുഴിച്ചുകുഴിച്ച് മണ്ണ് പാറുന്ന മൈതാനം. ഇത് വൃത്തിയാക്കണം. അതായിരുന്നു ആദ്യലക്ഷ്യം.

ശുദ്ധവായു ലഭിക്കുന്ന, പച്ചപ്പുള്ള, തുറന്ന സ്ഥലം നഗരമധ്യത്തില്‍ വേണമെന്ന ആശയത്തില്‍നിന്നാണ് മാനാഞ്ചിറ സ്‌ക്വയറിന്റെ പിറവി. ബജറ്റില്‍ സര്‍ക്കാര്‍ ആവശ്യമായ പണം വകയിരുത്തി. എന്തുതന്നെവന്നാലും പിന്നോട്ടില്ലെന്ന് മനസ്സിലുറപ്പിച്ചു. അതിവേഗം റോഡുകള്‍ പൊളിച്ചുനീക്കി പണിതുടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും പറയുന്നത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. തടസ്സങ്ങള്‍ ഏറെയുണ്ടായി. വന്‍സമ്മേളനങ്ങള്‍ നടത്താന്‍ വേറെ സ്ഥലമില്ലാതാകുമെന്ന് രാഷ്ട്രീയനേതാക്കള്‍, സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുണ്ടായിരുന്ന മൈതാനം നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് കായികപ്രേമികള്‍, തങ്ങളുടെ കൈവശമുള്ള ചിറയും പാര്‍ക്കുകളും നഷ്ടപ്പെടുമോ എന്ന് നഗരസഭാമേധാവികളുടെ ആശങ്ക. 

തടസ്സങ്ങള്‍ തട്ടിത്തെറിപ്പിച്ചും കണ്ടില്ലെന്നു നടിച്ചും മുന്നോട്ടുപോയി. തുടക്കത്തില്‍ വിശാലമായ കുളത്തിന്റെ മധ്യഭാഗത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന സംഗീതജലധാര യന്ത്രം സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും അതിനെയും ചിലര്‍ എതിര്‍ത്തു. അങ്ങനെയാണ് അന്‍സാരി പാര്‍ക്കില്‍ ചെറിയൊരു കുളമുണ്ടാക്കി അതില്‍ സംഗീതജലധാര സ്ഥാപിച്ചത്. ഇപ്പോഴതിന്റെ മോട്ടോര്‍ തുരുമ്പിച്ച് നശിച്ചിരിക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിട്ടത്. എല്ലാ സ്വപ്നങ്ങളും ഫലിക്കാറില്ലല്ലോ...

കളക്ടര്‍ ഏകാധിപതിയാണെന്ന പഴികേട്ടു. എന്നാലും മാനാഞ്ചിറ നഗരത്തിരക്കിലെ ഇത്തിരി പച്ചപ്പായി എക്കാലവും നിലനില്‍ക്കട്ടെ. ഇപ്പോഴത്തെ കളക്ടറും കോര്‍പ്പറേഷന്‍ ഭരണകര്‍ത്താക്കളും അതിനായി പ്രയത്‌നിക്കണം. -പറഞ്ഞവസാനിപ്പിക്കുമ്പോള്‍ കളക്ടറായിരുന്നപ്പോള്‍ കാണിച്ച അതേ നിശ്ചയദാര്‍ഢ്യം ആ കണ്ണുകളില്‍ തിളങ്ങി.

Content Highlights: Amitabh Kant visits Mananchira