പാവപ്പെട്ടവന്റെ നീതിക്കായി ഞാനൊരു വക്കീലാകും; ജഹാംഗീര്‍പുരിയിലെ ആ ബാലന്‍ പറയുന്നു

ജഹാംഗീര്‍പുരിയിലെ ബാലന്‍
ജഹാംഗീര്‍പുരിയിലെ ബാലന്‍

ന്യൂഡല്‍ഹി : ജഹാംഗീര്‍പുരിയില്‍ ഉണ്ടായ ബുള്‍ഡോസര്‍ നടപടിയുടെ ആഘാതം ഇപ്പോഴും ഒടുങ്ങിയിട്ടില്ല. ഒട്ടേറെപ്പേരുടെ വരുമാനമാണ് ഒറ്റ ദിവസംകൊണ്ടില്ലാതായത്. മനസ്സലിവുള്ള ആരെയും മുറിപ്പെടുത്തുന്നതായിരുന്നു ആ പകലിലെ കാഴ്ചകള്‍. പൊളിച്ചിട്ട കെട്ടിടത്തെയും മുറിപ്പെട്ട ഹൃദയങ്ങളെയും അകത്താക്കി പോലീസ് ബാരിക്കേഡ് തീര്‍ത്തു.  

ബുള്‍ഡോസര്‍ ജഹാംഗീര്‍പുരിയുടെ ഹൃദയത്തില്‍ എത്രയധികം ആഴത്തില്‍ തറഞ്ഞുവെന്നതിന്റെ നേര്‍ച്ചിത്രമായിരുന്നു കുശാല്‍ ചൗകില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാണയത്തുട്ടുകള്‍ പെറുക്കിക്കൂട്ടുന്ന കറുത്ത കുപ്പായമിട്ട ആസിഫ്‌ എന്ന കുട്ടി. ആ കുഞ്ഞിനെ, കുടുംബത്തെ കാണാനാണ് ആ വീട്ടിലേക്ക് ഞാന്‍ പോയത്. നടന്ന സംഭവങ്ങളില്‍ നിന്ന് മുക്തനായിട്ടില്ലെങ്കിലും അവന്‍ സംസാരിച്ച് തുടങ്ങി. 

"ഞാന്‍ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ടാണ് താഴെ വന്നത്. അമ്മ കരയുകയായിരുന്നു. ഞാന്‍ പോയി നാണയത്തുട്ടുകള്‍ പെറുക്കിയെടുത്തു. ബുള്‍ഡോസര്‍ എല്ലാം തകര്‍ത്തു'', തലകുനിച്ചാണ് അവന്‍ പറഞ്ഞ് നിര്‍ത്തിയത്. 

"ഞങ്ങളുടെ എല്ലാം കവര്‍ന്നു. എല്ലാ സാധനങ്ങളും തകര്‍ത്തു. പൊളിക്കുന്നത് കണ്ടാണ് ഞാന്‍ ഓടിച്ചെന്നത്. അരുതെന്ന് പറഞ്ഞുനോക്കി, കരഞ്ഞു നോക്കി, കേട്ടില്ലവര്‍. അവിടുത്തെ സാധനങ്ങളെങ്കിലും തിരികെത്തരാന്‍ പറഞ്ഞുനോക്കി. അതും തന്നില്ല. തകര്‍ത്തതെല്ലാം അവര്‍ വാരിക്കൊണ്ടുപോയി, നേരത്തെ നോട്ടീസ് തന്നിരുന്നെങ്കില്‍ ഞങ്ങള്‍ സാധനങ്ങളെല്ലാം മാറ്റിയേനെ.  നോട്ടീസും തന്നില്ല, സമയവും തന്നില്ല, സാധനങ്ങളും തന്നില്ല", നിസ്സഹായതമുഴുവന്‍ ആ അമ്മയുടെ വാക്കുകളില്‍ നിറഞ്ഞു 

"കടയും വീടും പോയി. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ ആശങ്കയാണിപ്പോള്‍. കട തകര്‍ത്തതോടെ എന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഇനി മരിച്ചാല്‍ മതിയെന്നുതോന്നി. പാവപ്പെട്ടവരെ ആരുകേള്‍ക്കാന്‍, അയല്‍ക്കാര്‍ ധൈര്യം പകരുന്നുണ്ട്. നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട എന്ന് അവര്‍ പറഞ്ഞു. ഞങ്ങളിവിടെ പ്രശ്നമുണ്ടാക്കാന്‍ വന്നവരല്ല, ഭാര്യയും മക്കളുമായി ജീവിക്കുകയാണ്. ആ ഞങ്ങളോടാണ് ഇങ്ങനെ ചെയ്യുന്നത്".

അച്ഛന്റെ ആ വാക്കുകള്‍ കേട്ടിട്ടാകാം, ആ മകന്‍ ഇങ്ങനെ പറഞ്ഞു. 'നീതിക്കായി ഞാനൊരു വക്കീലാകും. കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ ഒരുപാടുണ്ട്. അവര്‍ക്ക് നീതി വാങ്ങിക്കൊടുക്കും' 

Content Highlights: 'will become a lawyer' says victim of Jahangirpuri violence in Delhi