മോദി ചെയ്ത പ്രവൃത്തികള്‍ കാരണം ഇന്ത്യ മാറി, ആ മാറ്റം നല്ലതിനല്ല- ടി.ജെ.എസ്

മോദി ചെയ്ത പ്രവൃത്തികള്‍ കാരണം ഇന്ത്യ മാറിയെന്നാണ് താൻ കരുതുന്നതെന്നും ആ മാറ്റം നല്ലതിനല്ല എന്നും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ്ജ്. നരേന്ദ്രമോദി ചെയ്ത നല്ല കാര്യം എന്തെന്ന് വളരെ ആലോചിക്കേണ്ടി വരുമെന്നും ഗുജറാത്തിലെ സ്‌നേഹിതന്മാര്‍ക്ക് അദ്ദേഹം ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങള്‍ പലതും ദേശദ്രോഹമാണെന്നും ടി.ജെ.എസ് ജോർജ്ജ് കുറ്റപ്പെടുത്തി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ രാഷ്ട്രീയത്തിന് എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായിട്ടുണ്ടോ?
ഇവിടത്തെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. പലര്‍ക്കും അങ്ങനെ അല്ലായിരിക്കാം. പൊതുവെ ഇടത് കമ്യൂണിസ്റ്റ് ട്രെന്‍ഡ് കേരളത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍, ഉദാഹരണത്തിന് യു.പി.യിലൊക്കെ എന്താണ് നടക്കുന്നത്? ബി.ജെ.പി.ക്കാരനെ ചോദ്യം ചെയ്താല്‍ ജയിലില്‍ പോവും. അല്ലെങ്കില്‍ അടികൊള്ളും. അങ്ങനത്തെ സാഹചര്യമൊന്നും കേരളത്തില്‍ ഇല്ലല്ലോ. അതുകൊണ്ട് ഏത് കോണില്‍നിന്ന് നോക്കിയാലും കേരളം ഏറെ മുന്നേറിയൊരു സ്ഥലമാണെന്നാണ് എന്റെ വിശ്വാസം. അത് കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും നടക്കില്ലെന്നും എനിക്കറിയാം.
നരേന്ദ്രമോദിയുടെ കാലത്തിനുശേഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്താവും?
അടുത്തൊരു നൂറുകൊല്ലംവരെ മോദി അവിടെയിരിക്കും. അദ്ദേഹം ഭരിച്ചുകൊണ്ടേയിരിക്കും. രാജ്യത്തിന്റെ മൗലികതത്ത്വങ്ങള്‍ എല്ലാം മാറ്റുകയല്ലേ ഇപ്പോള്‍. ജനാധിപത്യത്തിന്റെ നിര്‍വചനം മാറ്റി. തിരഞ്ഞെടുപ്പിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും നിര്‍വചനം മാറ്റി. എന്തിന് ഇന്ത്യയൊന്നാകെ മാറ്റി. എത്രനാള്‍ പിടിക്കും ഇത് പഴയ ഇന്ത്യയാവാന്‍ എന്നെനിക്ക് അറിഞ്ഞുകൂടാ. ഇനി നരേന്ദ്രമോദി എത്രകാലം ഭരിക്കും, ആ സമയത്തിനുള്ളില്‍ എന്തെല്ലാം അദ്ദേഹം ചെയ്യും എന്നതൊന്നും നമുക്കറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. എന്തായാലും മോദി ചെയ്ത പ്രവൃത്തികള്‍ കാരണം ഇന്ത്യ മാറിയെന്നാണ് എന്റെ വിചാരം. ആ മാറ്റം നല്ലതിനല്ല എന്നും എനിക്കറിയാം. ആ മാറ്റം ശാശ്വതമാകുമോ അതോ എത്രകാലം കഴിഞ്ഞ് തിരികെപ്പോവുമോ എന്നതൊന്നും പ്രവചിക്കാന്‍ പറ്റില്ല.
പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരു നല്ല കാര്യവും ചെയ്തില്ല എന്ന് പറയാന്‍ പറ്റുമോ?
നരേന്ദ്രമോദി ചെയ്ത നല്ല കാര്യം എന്തെന്ന് വളരെ ആലോചിക്കേണ്ടി വരും. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. പെട്ടെന്ന് ഒന്നും ഓര്‍മ വരുന്നില്ല. ബി.ജെ.പി.ക്ക് പല നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. സ്വന്തം സ്‌നേഹിതന്മാര്‍ക്കും പലതും ചെയ്തുകൊടുത്തിട്ടുണ്ട്. ഗുജറാത്തിലെ സ്‌നേഹിതന്മാര്‍ക്ക് അദ്ദേഹം ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങള്‍ പലതും ദേശദ്രോഹമാണ്. സുഹൃത്തുക്കളെ സഹായിക്കാനായി ഇന്ത്യക്കെതിരായിട്ടുള്ള പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊന്നും ആരും പറയുന്നില്ല. സ്‌നേഹിതന്മാരെ സഹായിക്കാനായി ഇന്ത്യയെ ലേലംചെയ്യാന്‍ തയ്യാറായിട്ടുള്ളൊരു പ്രധാനമന്ത്രിയാണ് മോദി. അങ്ങനെയൊരു മനഃസ്ഥിതിയുള്ള പ്രധാനമന്ത്രിയെക്കുറിച്ച് നമുക്ക് എന്തുപറയാനൊക്കും, രാജ്യത്തിന്റെ കഷ്ടകാലം എന്നല്ലാതെ.
Content Highlights: TJS george criticise PM Narendra Modi, Interview weekly,social, Mathrubhumi