എത്ര ‘ഉന്നതി’യിലാണ് കേരളത്തിലെ ആദിവാസികൾ..?

#നീനു മോഹന്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

70 പിന്നിട്ട നവകേരളം ആദിവാസിയെ ചേർത്തുപിടിച്ചിട്ടുണ്ടോ. കോളനിക്കാർ എന്ന അവജ്ഞയിൽനിന്ന് ഉന്നതിയിലുള്ളവർ എന്ന വാക്കിലേക്കുള്ള മാറ്റമാണ് ഈ കാലത്തെ കുറിക്കുന്നത്. വാക്കിലെ മാറ്റം നോക്കിലെങ്കിലുമുണ്ടായിട്ടുണ്ടോ. 'ആദി'വാസിയല്ല, നമ്മളിലൊരുവൻ എന്ന തുല്യബോധത്തോടെ ഇടപെടാൻ കേരളം തയ്യാറായോ...

ഒരു കടയിലേക്ക് കയറിച്ചെല്ലുക, തിരക്കിനിടയിൽനിന്ന് നിങ്ങൾക്കാവശ്യമുള്ള സാധനം ചോദിക്കുക- അവിടെ നിങ്ങൾക്കു കിട്ടുന്ന പരിഗണനയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ നിങ്ങളുടെ സാമൂഹിക മൂലധനം.

നിങ്ങളുടെ ജാതി, പ്രദേശം, കുടുംബം, ബന്ധങ്ങൾ തുടങ്ങി നിങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന, പദവിയെ അടയാളപ്പെടുത്തുന്ന അനുകൂലഘടകങ്ങൾ എല്ലാം ചേർന്നതാണത്. 70 വർഷം പിന്നിടുന്ന കേരളത്തിൽ ഇന്നും ആദിവാസിക്ക് കിട്ടാത്തത് അതാണ്, തുല്യപരിഗണന. റോഡിൽ, ബസിൽ, പൊതുഇടങ്ങളിൽ, എന്തിനേറെ സ്‌കൂളിൽപ്പോലും സ്വാഭാവികതയോടെ പട്ടികവർഗവിഭാഗങ്ങളിലുള്ളവരോട് പെരുമാറാൻ കേരളം ഇന്നും പഠിച്ചിട്ടില്ല. ഒന്നുകിൽ അവജ്ഞ, അല്ലെങ്കിൽ പ്രത്യേകപരിഗണന. ഇതിനപ്പുറം സ്വാഭാവികമായും ഒരു വ്യക്തി അനുഭവിക്കേണ്ട അന്തസ്സ്, പദവി, സാമൂഹിക ഇടം, സൗഹൃദം എന്നിവ കേരളം ആദിവാസിക്ക് നൽകിയിട്ടില്ല.

ചെലവഴിച്ചത് കോടികൾ, എന്നിട്ടും ദാരിദ്ര്യരേഖയ്ക്കുതാഴെ

ആദിവാസിസമൂഹത്തെ സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങളിൽ ഇന്നും 2011 സെൻസസ് റിപ്പോർട്ടുതന്നെയാണ് പട്ടികവർഗ വികസന വകുപ്പിന്റെ ആധികാരിക രേഖ. 2011-ലെ കണക്കനുസരിച്ച് സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണ് പട്ടികവർഗജനസംഖ്യ. 37 ഗോത്രസമൂഹങ്ങളാണ് കേരളത്തിലുള്ളത്.

1,47,868 കുടുംബങ്ങളിലായി 4,88,386 ആണ് മൊത്തം പട്ടികവർഗ ജനസംഖ്യ. ഇവർ പ്രധാനമായും 6578 ഉന്നതികളിലായി അധിവസിക്കുന്നു. പട്ടികവർഗവിഭാഗക്കാർ ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്. അവസാന സെൻസസ് നടന്ന് 15 വർഷം പിന്നിട്ടതിനാൽത്തന്നെ ജനസംഖ്യയിൽ ഉൾപ്പെടെ മാറ്റം ഉണ്ടായിട്ടുണ്ടാകും.

എങ്കിലും കഴിഞ്ഞകാലങ്ങളിൽ പട്ടികവർഗ വികസനത്തിനായി ചെലവഴിച്ച തുകമാത്രം ഓർക്കുക. സംസ്ഥാന സർക്കാരിന്റെ ബജറ്റ് രേഖകൾ പ്രകാരം 2017-18 മുതൽ 2025-26 വരെ 7504.75 കോടി രൂപയാണ് ടി.എസ്.പി. വിഹിതമായി പട്ടികവർഗവിഭാഗക്കാർക്കായി ചെലവഴിച്ചത്.

ഒരു കുടുംബത്തിന് ശരാശരി അഞ്ചുലക്ഷത്തിലധികം രൂപ. ജനസംഖ്യാനുപാതികത്തെക്കാൾ അധികതുകയാണിത്. ഇതിനൊപ്പം മറ്റു പലപദ്ധതികളിലായി ചെലഴിച്ച തുകയും കേന്ദ്രഫണ്ടുകളും ഗ്രാന്റുകളുംകൂടി ചേർക്കണം. എൻ.ജി.ഒ.കളുടെ സംഭാവനകളും. എന്നിട്ടും ഇപ്പോഴും കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ പൊതുവിഭാഗത്തേക്കാൾ രണ്ടരമടങ്ങ് കൂടുതലുള്ളത് പട്ടികവർഗവിഭാഗക്കാരാണ്.

ഭൂമിയില്ലാത്തവർ, വീടില്ലാത്തവർ

ആദിവാസി വികസനനയങ്ങളുടെ അപര്യാപ്തതയിലൊന്ന് എല്ലാ ഗോത്രങ്ങളെയും തുല്യരായി പരിഗണിക്കുന്നെന്നതാണ്. പരമ്പരാഗതമായി ഭൂമിയുടെ ഉടമസ്ഥതയുള്ള കുറിച്യരെയും കുറുമരെയും കാണിമാരെയും എടുക്കുക. അവരുടെ സാഹചര്യമല്ല കർഷകത്തൊഴിലാളികളും പൂർവകാലത്ത് അടിമച്ചന്തകളിൽ വിൽക്കപ്പെടുകയും ചെയ്ത പണിയരുടേത്. ഇതിൽനിന്നു തീർത്തും വിഭിന്നമാണ് വനത്തെ ആശ്രയിച്ചുകഴിഞ്ഞ ചോലനായ്ക്കരുടേതും കാട്ടുനായ്ക്കരുടേതും.

തലമുറകളായുള്ള ഭൂമിയുടെ ഉടമസ്ഥത കൃഷിയിലേക്കും സമ്പത്തിലേക്കും സമൂഹത്തിലെ പദവിയിലേക്കും ചില ഗോത്രങ്ങളെ നയിച്ചപ്പോൾ അതില്ലാത്തവർ പാടെ അവഗണിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്തു.

സംവരണം ഉൾപ്പെടെയുള്ള വികസനപദ്ധതികളെ ഗുണകരമായി ഉപയോഗിക്കാനായതും ഭൂ ഉടമസ്ഥതയുണ്ടായിരുന്ന കുടുംബങ്ങളിൽനിന്നു വന്ന പിൻതലമുറയ്ക്കാണെന്നതും കൂട്ടിവായിക്കണം.

പട്ടികവർഗ പുനരധിവാസ വികസന മിഷന്റെ കണക്കിൽ സംസ്ഥാനത്ത് ഇപ്പോഴും 6242 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി തുടരുന്നത്. ലൈഫ് മിഷന്റെ കണക്കിൽ മിഷൻ തുടങ്ങിയതിനുശേഷം 45,976 കുടുംബങ്ങൾക്ക് വീടുനൽകി. എന്നാൽ, ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ ഇനിയും വീടിനായി കാക്കുന്നു.

പിന്നാക്കാവസ്ഥയിലുള്ള മിക്ക ഗോത്രങ്ങളും ഇപ്പോഴും ഉന്നതികളിൽത്തന്നെയാണ് കഴിയുന്നത്. സർക്കാർ സൗജന്യമായി നൽകിയ ആയിരം ചതുരശ്രഅടിയിൽത്താഴെ വിസ്തീർണമുള്ള വീടുകളിൽ കഴിയുന്ന ഒന്നിലധികം കുടുംബങ്ങൾ. വീടിനോടു ചേർത്തുകെട്ടിയ ഷെഡുകൾ, ടാർപോളിൻ ഷീറ്റുകൾ. ഇത് 2026-ലും പട്ടികവർഗ ഉന്നതികളെ സംബന്ധിച്ച പൊതുചിത്രം ഇതുതന്നെയാണ്. ഇതിൽ ഉണ്ടെന്നു പറയപ്പെടുന്ന കോൺക്രീറ്റ് വീടുകളുടെ സ്ഥിതി പലപ്പോഴും പരിതാപകരവുമാണ്. ചോർന്നൊലിച്ചും അറ്റകുറ്റപ്പണികൾ ഇല്ലാതെയും വാസ്യയോഗ്യമല്ല മിക്കതും.

വീടുണ്ടോ ഭൂമിയുണ്ടോ എന്നതു മാത്രമല്ല, വൈദ്യുതി ഉണ്ടോ, ഗ്യാസ് അടുപ്പ് ഉണ്ടോ, മറ്റു ഗൃഹോപകരണങ്ങൾ ഉണ്ടോ, വീടുകളിൽ വ്യക്തികൾക്കാവശ്യമായ സ്വകാര്യയിടമുണ്ടോ എന്നു തുടങ്ങി വീടുമായി ചേർന്ന് ജീവിതനിലവാരത്തെ അടയാളപ്പെടുത്തുന്ന ചോദ്യങ്ങൾകൂടി വികസനനയങ്ങളുടെ രൂപവത്കരണവേളയിൽ ഉൾപ്പെടുത്തിയാലേ സമഗ്രമായ മാറ്റം ഉണ്ടാവൂ.

നിലവിലെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ ഉന്നതികളിൽ വളരുന്നവരുടെ വ്യക്തിത്വത്തെക്കൂടി ബാധിക്കുന്നു. ആവശ്യമായ സ്വകാര്യ ഇടമോ, പഠിക്കാനും കളിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമോ മിക്കയിടത്തുമില്ല.
ഉന്നതിയൊന്നാകെ അസൗകര്യങ്ങൾനിറഞ്ഞ വലിയ വീടാകുന്നു. അവിടെയൊരാൾക്കും സ്വകാര്യതയില്ല. മദ്യപാനാസക്തി, വിദ്യാഭ്യാസത്തോടും തൊഴിലിനോടുമുള്ള വിമുഖത തുടങ്ങിയവയെല്ലാം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നു. ഓരോ കുടുംബത്തെയുമല്ല, ഓരോ ഉന്നതിയെയും സമീപിച്ചുകൊണ്ട് പ്രശ്‌നപരിഹാരവും പദ്ധതി രൂപവത്കരണവുമാണ് ഉണ്ടാവേണ്ടത്.

കോളേജിലേക്ക് എത്താത്തവർ

കഴിഞ്ഞ 70 വർഷത്തിനിടയിൽ, പ്രത്യേകിച്ച് അവസാന 15 വർഷത്തിൽ വലിയ മുന്നേറ്റമുണ്ടായ മേഖലയാണ് വിദ്യാഭ്യാസം. പട്ടികവർഗ വിഭാഗക്കാരിലെ 95 ശതമാനം വിദ്യാർഥികളെയും പ്രൈമറി വിദ്യാഭ്യാസത്തിലേക്ക് എത്തിക്കാനായി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഗോത്രവിഭാഗങ്ങൾ തിരിച്ചറിഞ്ഞു.

ചുരുക്കം ഗോത്രവിഭാഗങ്ങളിൽനിന്നുള്ള കുട്ടികളെ സ്‌കൂളിലെത്തിക്കാനേ ഇടപെടൽപോലും ആവശ്യമുള്ളൂ. പത്തുവർഷംമുൻപ് ചർച്ചചെയ്തിരുന്ന പ്രൈമറി ക്ലാസുകളിലെ കൊഴിഞ്ഞുപോക്ക് തീരെയില്ലാതായി. എന്നാൽ, ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്തുമ്പോൾ ഇതല്ല സ്ഥിതി.

കൗമാരംമുതൽ കുട്ടി തിരിച്ചറിയുന്ന വിവേചനങ്ങൾ അവനെ സ്‌കൂളിൽനിന്നും സമൂഹത്തിൽനിന്നും അകറ്റുകയാണ്. കാരണമില്ലാത്ത അവധികളിലേക്ക് പട്ടികവർഗവിദ്യാർഥികളെത്തുന്നത് ഹൈസ്‌കൂൾകാലംമുതലാണ്. എസ്.എസ്.എൽ.സി. പരീക്ഷ കേരളത്തിനും ഒരു വികാരമായതിനാൽ അധ്യാപകരും പി.ടി.എ.യും പട്ടികവർഗവികസനവകുപ്പും നാട്ടുകാരും എന്തിന് ജനപ്രതിനിധികൾവരെ ഇടപെട്ട് സ്‌പെഷ്യൽ ക്ലാസും കോച്ചിങ്ങും വേണമെങ്കിൽ പരീക്ഷാസഹായിയെയും നിയമിച്ച് വിജയം ഉറപ്പിക്കുന്നു. എന്നാൽ, പത്തിൽ ജയിക്കുന്ന എത്ര കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.

ഇഷ്ടവിഷയത്തിൽ ഇഷ്ടസ്‌കൂളിൽ പ്രവേശനം നേടാനാവാതെ കുട്ടികൾ വിദ്യാഭ്യാസം പാതിയിൽ അവസാനിപ്പിക്കുകയാണ്. ഹയർസെക്കൻഡറിയിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 25 ശതമാനമാണ്. ശേഷമല്ലേ കോളേജ് / പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്ക് എത്തേണ്ടതുള്ളൂ.

വയനാടുപോലെ ആദിവാസിജനസംഖ്യ ഏറെയുള്ള പ്രദേശങ്ങളിൽ അവർക്കു താത്പര്യമുള്ള വിഷയങ്ങളിൽ ഹയർസെക്കൻഡറിയിലും കോളേജുകളിലും അധികബാച്ച് അനുവദിക്കണമെന്ന ആവശ്യം പൂർത്തീകരിക്കുകയാണ് പ്രായോഗിക പരിഹാരങ്ങളിലൊന്ന്. രണ്ടാമത്തേത് പ്രൈമറിതലംമുതൽ സവിശേഷ ശ്രദ്ധ നൽകി അതു തുടരുക. മെന്റർ ടീച്ചർമാർ അത്തരമൊരു ഇടപെടലായിരുന്നു. ഇത്തരം പദ്ധതികൾ സർക്കാർ മാറുന്നതിനനുസരിച്ചുള്ള രാഷ്ട്രീയതാത്പര്യങ്ങളിൽ അട്ടിമറിക്കാതിരിക്കാനുള്ള വിവേകം ഭരണാധികാരികൾ പുലർത്തേണ്ടതുണ്ട്.

പണിയുണ്ടോ വരുമാനമുണ്ടോ

നിങ്ങൾക്കെന്തിനാ ജോലി, എല്ലാം സൗജന്യമല്ലേ... പോരാത്തതിന് സംവരണവും -ഒരു വഷളൻചിരിയോടെ പട്ടികവർഗവിഭാഗക്കാർക്കുനേരേ നീളുന്ന ഈ ചോദ്യങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2025-ലെ സാമ്പത്തിക അവലോകനപ്രകാരം 86 സംസ്ഥാന സർക്കാർ വകുപ്പുകളിലെ 78 എണ്ണത്തിൽനിന്നുള്ള കണക്കുകൾപ്രകാരം 3.10 ശതമാനമാണ് തൊഴിലിൽ പട്ടികവർഗ പ്രാതിനിധ്യം. വനം, പോലീസ്, എക്‌സൈസ് വകുപ്പുകളിലേക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ് ഇക്കാലയളവിൽ തൊഴിൽപ്രാതിനിധ്യം ഉയർത്തുന്നതിലുണ്ടായ സർക്കാർ ഇടപെടലുകളിൽ എടുത്തുപറയേണ്ടത്.

യൂണിഫോം സേനകളുടെ ഭാഗമാകാനായത് യുവാക്കളുടെ ആത്മവിശ്വാസമുയർത്തി എന്നതിനൊപ്പം പുതുതലമുറയിലാകെ പ്രചോദനം ഉയർത്തുന്നതുമായി. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥരായി എന്നതിനൊപ്പം ഏതു തസ്തികകളിലാണ് പട്ടികവർഗ വിഭാഗങ്ങളുള്ളത്. തീരുമാനങ്ങളുടെ ഭാഗമാകത്തകവിധമുള്ള അധികാരശ്രേണികളിൽ ഇടംനേടിയവർ ഇപ്പോഴും വിരലിലെണ്ണാവുന്നവർമാത്രമാണ്.

വനം, കൃഷി -ഈ രണ്ടു മേഖലകളെ ആശ്രയിച്ചുള്ള പാരമ്പര്യ തൊഴിൽനഷ്ടത്തിന് പകരമെന്നോണം സ്വകാര്യ തൊഴിലിടങ്ങൾ ഇവർക്കായി തുറക്കപ്പെട്ടില്ല എന്നതും പൊതുസമൂഹം വിമർശനപരമായി കാണണം.

അടിസ്ഥാന തൊഴിലുകളിൽ കൂലിപ്പണിയിൽ പങ്കാളിത്തമുണ്ടായിട്ടു മാത്രമായില്ലല്ലോ. ബ്ലൂ കോളർ ജോലികളിലേക്കുംകൂടി കടന്നുവരേണ്ടേ. അഭിപ്രായരൂപവത്കരണത്തിൽ വലിയ പങ്കാളിത്തമുള്ള മാധ്യമമേഖലയിൽ എത്തിച്ചേരേണ്ടേ. ജോലി വരുമാനത്തെക്കൂടിയാണ് നിർണയിക്കുന്നത്. പാരമ്പര്യ തൊഴിൽമേഖലകളുടെ നഷ്ടം ഇവരുടെ വരുമാനസ്രോതസ്സുകളെ അടയ്ക്കുമ്പോഴും പകരം പുതിയത് രൂപപ്പെടുന്നില്ല. പുതിയകാലം പുതിയ ആവശ്യങ്ങളുടേതുകൂടിയാണ്. വരുമാനംകൂടി പ്രതിസന്ധിയാകുമ്പോൾ അതു മുഖ്യധാരയുടെ ഭാഗമാകാനുള്ള ശ്രമങ്ങളെയെല്ലാം വൈകിക്കും.

ആരോഗ്യമാണ് അതിജീവനം

വീടുകളിലെ പ്രസവവും ശിശുമരണവും ബാലവിവാഹങ്ങളും അവസാനിപ്പിക്കുന്നതിൽ പ്രായോഗിക ഇടപെടലുകൾ നടത്താനായെന്നത് സ്വാഗതാർഹമാണ്. എന്നാൽ, പോഷകാഹാരക്കുറവും മദ്യപാനാസക്തിയും അനുബന്ധ രോഗങ്ങളും തുടരുകയാണ്.

ചില ഗോത്രങ്ങളിൽ ആരോഗ്യസൂചകങ്ങളിൽ ഏറെ മുന്നേറിയപ്പോൾ പണിയരുടെയും ചോലനായ്ക്കരുടെയും കാട്ടുനായ്ക്കരുടെയും ഇടയിലുണ്ടായ ആരോഗ്യത്തകർച്ച കാണാതിരിക്കരുത്. മുൻപ് മാതൃഭൂമി നടത്തിയ പഠനത്തിൽ പണിയരിൽ മരിച്ചവരിൽ 25.6 ശതമാനം പേരുടെയും പ്രായം അൻപതിൽ താഴെയാണെന്നു കണ്ടെത്തിയിരുന്നു. 35.7 ശതമാനമായിരുന്നു ആത്മഹത്യാനിരക്ക്.

മാനസിക ശാരീരികാരോഗ്യത്തകർച്ച പണിയ ഗോത്രത്തിൽ പ്രകടമാണ്. 1965-ലാണ് പണിയരുടേതിന് തുല്യമായ മരണനിരക്ക് രാജ്യത്തുണ്ടായിരുന്നത്. മറ്റു പല ഗോത്രങ്ങളും സമാനസാഹചര്യത്തിലുണ്ട്. അരിവാൾകോശരോഗംപോലെ ചില ഗോത്രങ്ങൾമാത്രം പ്രയാസപ്പെടുന്ന രോഗാവസ്ഥകളുണ്ട്. ടി.ബി. ഇന്നും ആദിവാസിവിഭാഗങ്ങൾക്കിടയിലുണ്ട്. അതിനാൽ പട്ടികവർഗവിഭാഗമെന്ന പൊതു വിവരശേഖരണത്തിനൊപ്പം ഗോത്രം തിരിച്ചു കണക്കെടുത്താലേ ആരോഗ്യസ്ഥിതി തിരിച്ചറിയൂ.

ഗോത്രം തിരിച്ചും പ്രദേശം തിരിച്ചുമുള്ള മൈക്രോ ലെവൽ പഠനങ്ങളുടെ പ്രാധാന്യവും ഇടപെടലും ഉറപ്പിക്കേണ്ടത് ഇവിടെയാണ്. ഓരോ ഗോത്രത്തിന്റെയും ആവശ്യം തിരിച്ചറിഞ്ഞ് സമഗ്രമായ ഇടപെടൽ ഉറപ്പാക്കണം. ആവശ്യമെങ്കിൽ അടിയ-പണിയ സ്‌പെഷ്യൽ പാക്കേജുകൾപോലെ പ്രത്യേകപദ്ധതികൾ നടപ്പാക്കണം. ഉപസംവരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. ഒന്നുറപ്പാണ് 70 വർഷംകൊണ്ട് നമ്മൾ ഏറെദൂരം നടന്നു. പക്ഷേ, ഇനിയുമേറെ ദൂരം പോകേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങൾ അവരെക്കൂടി കേട്ടുകൊണ്ടാവണം.

വികസനപരിപ്രേക്ഷ്യം അനിവാര്യം

അതിരൂക്ഷമായ വിളർച്ചയും ശിശുമരണവും ഇന്നും നേർക്കാഴ്ചയാകുന്നു. അതോടൊപ്പം വ്യാപകമാകുന്ന മദ്യപാനവും ഉന്നതികളിൽ നിത്യകാഴ്ചയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും സമ്പൂർണ സാക്ഷരതയും അനിവാര്യമായി നടപ്പാക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രത്യേക ശ്രദ്ധനൽകി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടാൻ ഇവരെ പ്രാപ്തരാക്കേണ്ടതുണ്ട്.

ആദിവാസിസമൂഹങ്ങളുടെ പാരമ്പര്യ അറിവുകളെ പരിപോഷിപ്പിച്ചുകൊണ്ട് ഇവരുടെ പ്രത്യേക കഴിവുകളെ അടിസ്ഥാനമാക്കിക്കൊണ്ട് നൈപുണ്യവികസന പദ്ധതികൾ നടപ്പാക്കി യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കേണ്ടതാണ്. ഇതിനെല്ലാമായി നിലവിൽ നടപ്പാക്കുന്ന പദ്ധതികളെ വിലയിരുത്തി അവ ഗോത്ര ജനതയ്ക്കിടയിലെ എല്ലാ വിഭാഗക്കാരെയും സ്പർശിക്കാൻ ഉതകുന്നതാണെന്ന് വിലയിരുത്തണം- ഡോ. കെ. പി. നിതീഷ് കുമാർ (വയനാട് സ്വദേശിയായ സാമൂഹിക പ്രവർത്തകനും അക്കാദമിക ഗവേഷകനും ഭരണനിർവഹണ ഉദ്യോഗസ്ഥനുമാണ്. സാമൂഹിക പ്രവർത്തനം (Social Work) എന്ന വിഷയത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ്)

Content Highlights: Over 7,500 crores spent on TSP allocation from 2017 to 2026, yet tribal poverty remains high., Thousands of tribal families still lack land and proper housing facilities in 2026., Higher secondary dropouts and lack of higher education access hinder mainstream integration., Health crises like malnutrition, sickle cell anemia, and alcoholism persist among specific tribes., Micro-level planning and tribe-specific welfare packages are essential for true development.