'അവരുടേതുംകൂടിയാണ് ഈ ഭൂമിയും ആകാശവും, കാടുകള്‍ അതിജീവിച്ചതും അവരിലൂടെ'

#വി.എച്ച്.ദിരാര്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ :പി ജയേഷ്
പ്രതീകാത്മക ചിത്രം | ഫോട്ടോ :പി ജയേഷ്

'വസാനത്തെ വൃക്ഷവും വെട്ടിവീഴ്ത്തിയതിന് ശേഷമേ, അവസാനത്തെ പുഴയും വിഷലിപ്തമായതിനശേഷമേ, അവസാനത്തെ മല്‍സ്യവും പിടിക്കപ്പെട്ടതിനുശേഷമേ നിങ്ങള്‍ക്ക് മനസ്സിലാവുകയുള്ളൂ പണം തിന്നാന്‍ പറ്റുന്ന ഒരു സാധനമല്ലെന്ന്.' -സിയാറ്റില്‍ മൂപ്പന്റെ കത്തെന്നപോലെ, ഒരു നൂറ്റാണ്ട് മുമ്പ് പാപുവ ന്യൂഗിനിയയിലെ ആദിവാസി മൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ  വാചകങ്ങളാണിത്. കത്തിന്റെ ആധികാരികത സംശയാസ്പദമാണെങ്കിലും സാങ്കല്പികമായാല്‍പോലും ഉള്ളടക്കത്തിലെ പാരിസ്ഥിതിക വിവേകം അതിന് കാലാതീതമായ പ്രസക്തി നല്‍കി. 1970-കള്‍ മുതല്‍ ആദിവാസികളുടെ മനുഷ്യാവകാശം, പരിസ്ഥിതിസംരക്ഷണം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാരാളമായി ഉദ്ധരിക്കപ്പെട്ടുവരുന്നുണ്ട് ഈ കത്ത്. നിരക്ഷരലോകം അക്ഷരലോകത്തിന് നല്‍കിയ ഒരു മുന്നറിയിപ്പായി അത് പരിഗണിക്കപ്പെട്ടു.  

വികസനത്തിന്റെ പേരില്‍ മനുഷ്യന്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന അനിയന്ത്രിത വിഭവചൂഷണങ്ങള്‍ ഏതളവില്‍ ഭൂമിയെ ബാധിച്ചുകഴിഞ്ഞുവെന്ന് ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇപ്പോള്‍ വെളിപ്പെടുത്തുന്നുണ്ടല്ലോ. പ്രകൃതിദുരന്തങ്ങളില്ലാത്ത (മനുഷ്യനിര്‍മിതമായ) ഒരു ദിവസംപോലും ഭൂമിയിലൂടെ കടന്നുപോവുന്നില്ല. രണ്ടുദിവസം മുമ്പാണ് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിന്റെ ചില ഭാഗങ്ങളെ മിന്നല്‍ പ്രളയം അടര്‍ത്തികൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം ഏറെകുറെ ഇതേ കാലത്താണ് വയനാട്ടിലെ ചൂരല്‍മലയിലും പാപുവാ ന്യൂഗിനിയയിലെ എങ്കാ പ്രവശ്യയിലും സമാനദുരന്തങ്ങളുണ്ടായത്. ഓസ്ത്രേലിയന്‍ വന്‍കരക്കും ഇന്‍ഡോനീഷ്യയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് പാപുവാ ന്യൂഗിനിയ.  സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത് ആ ഉരുള്‍പൊട്ടല്‍ 2000 പേരെ വിഴുങ്ങിയെന്നാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കില്‍ മരണസംഖ്യ 670 ആണ്. 2000-നു ശേഷം അവിടെ സെന്‍സസ് നടക്കാത്തതിനാല്‍ ജനസംഖ്യ സംബന്ധിച്ച് വിശ്വസനീയമായ കണക്കുകളില്ല. മനുഷ്യരെ കൂടാതെ, നിരവധി ഗ്രാമങ്ങളും ആയിരത്തിലേറെ വീടുകളും അയ്യായിരത്തിലേറെ പന്നികളും പൂര്‍ണ്ണമായും മണ്ണിനടിയിലായി. കണ്ടെടുക്കാന്‍ സാധിച്ചത് ഒരാളുടെ കാല്‍ ഉള്‍പ്പടെ 12 മൃതശരീരങ്ങള്‍ മാത്രം. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത മിക്കവാറും ഉരുള്‍ പൊട്ടലുകളില്‍ വില്ലനായി അതിതീവ്ര മഴയേയും തത്ഫലമായ മിന്നല്‍ പ്രളയത്തേയും കാണാവുന്നതാണ്. ഈ  ജൂണ്‍ മാസത്തില്‍ കേരളം മഴയില്‍ മുങ്ങികിടന്നപ്പോള്‍ യുറോപ്പ് ഉഷ്ണതരംഗങ്ങളുടെ പിടിയിലായിരുന്നു.    തന്‍മൂലം പത്ത് ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ നഗരങ്ങളില്‍ 2300 പേര്‍ മരിച്ചു. അതേസമയം അമേരിക്കയില്‍ മിന്നല്‍ പ്രളയത്തില്‍ നൂറിലേറെപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇനി ആര്‍ക്കാണ് അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറയാന്‍ സാധിക്കുക. ഇത്രയും പറഞ്ഞുവരാന്‍ കാരണം, ലോകത്ത് അധികമാരും അറിയാതെ കടന്നുപോകുന്ന ഒരു ദിനത്തെ ഓര്‍ത്തെടുക്കാന്‍ വേണ്ടിയാണ്- ആഗസ്റ്റ് ഒന്‍പതിലെ ലോകആദിവാസി ദിനം. കരുതലോടുകൂടി പെരുമാറിയില്ലെങ്കില്‍ രക്ഷിക്കുന്ന ഭൂമി ശിക്ഷിക്കുന്ന ഭൂമിയായി മാറുമെന്ന, ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ആദിവാസി മൂപ്പന്റെ താക്കീതാണ്. 

ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1995 ആഗസ്റ്റ് 9 നാണ് ആദ്യത്തെ ലോകആദിവാസി ദിനം ആചരിച്ചത്. 1985- 1994 കാലഘട്ടം ആദിവാസികള്‍ക്കുവേണ്ടിയുള്ള സാര്‍വദേശീയ ദശകമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ആദിവാസി ദിനാചരണം. ഐക്യരാഷ്ട്രസഭയുടെ ഹൃദയത്തില്‍ സ്വയം വിരിഞ്ഞ ആശയവുമല്ല അത്. 1992 ഒക്ടോബര്‍ 12-ന് കൊളമ്പസ് അമേരിക്കയില്‍ കപ്പലിറങ്ങിയതിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ, കോളനിവത്കരണത്തിന്റെ ഇരകള്‍ നടത്തിയ പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റെയും ഫലമായിരുന്നു അത്. പാതകങ്ങളുടെ നൂറ്റാണ്ടിന്റെ സമാരംഭമായിരുന്നു കൊളമ്പസിന്റെ അമേരിക്കയിലെ കാലുകുത്തല്‍. സ്വര്‍ണ്ണംതേടി ഇന്ത്യയിലേക്ക് പുറപ്പെട്ട കൊളമ്പസിന്റെ ഒരു വഴിതെറ്റലായിരുന്നു അത്. മനുഷ്യശരീരങ്ങളല്ലാതെ വിലപിടിപ്പുള്ള യാതൊന്നും അവര്‍ക്കവിടെ കണ്ടെത്താനായില്ല. അടിമകച്ചവടവും പീഢനവും സ്പാനിഷ് സംഘം ശരീരത്തില്‍ വഹിച്ച അപരിചിത വൈറസുകളുംകൊണ്ട് ടൈനോ, ലുക്കായന്‍, സ്വിഗായൊ തുടങ്ങിയ ഏഴോളം ഗോത്രങ്ങള്‍തന്നെ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായി. 

1990 ജൂലൈയില്‍ എക്വഡോറില്‍ വെച്ച് അമേരിക്കയിലെ വിവിധ ദേശസമൂഹത്തിന്റെ പ്രതിനിധികള്‍ പ്രതിരോധത്തിന്റെ 500 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളനത്തില്‍ വെച്ചാണ് കൊളമ്പസ് ദിനം ലോകമെങ്ങുമുള്ള വിമോചന പോരാട്ടങ്ങളോട് ഐക്യപ്പെടുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പരിപാടിയായി മാറ്റിതീര്‍ക്കാന്‍ തീരുമാനിച്ചത്. വംശഹത്യയും അടിമവ്യാപാരവും നടത്തിയ കൊളമ്പസല്ല, അവ സഹിക്കുകയും അതിജീവിക്കുകയും ചെയ്ത ആദിവാസികളാണ് ആദരിക്കപ്പെടേണ്ടത് എന്ന അധിനിവേശ വിരുദ്ധരുടെ വാദത്തിന് അമേരിക്കക്കും ഐക്യരാഷ്ട്രാസഭക്കും വഴങ്ങേണ്ടി വന്നു. തുടര്‍ന്ന്, അവര്‍ ഒക്ടോബര്‍ 12 ആദിവാസി ദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് 1995 ആഗസ്റ്റ് 9 ന് ലോകആദിവാസിദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യപിച്ചത്. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പ്മൂലം കൊളമ്പസ് അമേരിക്കയില്‍ കാലുക്കുത്തിയ ഒക്ടോബര്‍ 12 ഒഴിവാക്കുകയും ചെയ്തു.

ആദിവാസികളുടെ അസ്തിത്വം, സംസ്‌ക്കാരം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ഈ ദിനാചരണങ്ങള്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭാ നിരീക്ഷിക്കുന്നു. ഈ ദിശയിലുള്ള ഒരു സന്ദേശമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ലോകത്തിനന്ന് നല്‍കിയത്. ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ വിലമതിക്കണമെന്നും അവര്‍ക്ക് നീതിയും നിയമപരിരക്ഷയും അന്തസ്സും ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും ലോകരാജ്യങ്ങളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദാരിദ്ര്യവും ഭൂമിയുടെ അന്യവത്ക്കരണവും ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുവേണ്ടി സാര്‍ത്ഥകമായ നടപടികള്‍ കൈക്കൊള്ളാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കൊളമ്പസ് അമേരിക്കയില്‍ കപ്പലിറങ്ങിയതുമുതല്‍ ആരംഭിച്ച കൊടുംപാതകങ്ങള്‍ അഞ്ച് നൂറ്റാണ്ട് പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ലെന്ന് ലോകത്തെങ്ങുമുള്ള ആദിവാസി ജീവിതങ്ങള്‍ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ലോകമനസ്സാക്ഷിയെ ഉദ്ദീപിപ്പിക്കുന്ന പ്രതീകാത്മക നടപടിയാണ് ലോകആദിവാസി ദിനം.

ലോകത്ത് 47.6 കോടിയുണ്ട് ആദിവാസികള്‍- അതായത് ഏകദേശം 6%. 5000 വ്യത്യസ്തവിഭാഗങ്ങളായി, 90 രാജ്യങ്ങളില്‍ അവര്‍ അധിവസിക്കുന്നു. ബാഹ്യസമ്പര്‍ക്കമേതുമില്ലാതെ കൊടുംകാടുകളില്‍ അധിവസിക്കുന്ന 200 ഓളം വിഭാഗങ്ങളും കൂട്ടത്തിലുണ്ട്. 2022 ലെ (IWGIAInternational Work for Indigenous Affairs Report) കണക്കനുസരിച്ച് ആദിവാസി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ( 12.5 കോടി) ചൈനയാണ്. ഇന്ത്യയിലെ അവരുടെ ജനസംഖ്യ 10.4 കോടിയാണ്- ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 8.6%. ചുരുക്കത്തില്‍ ലോകആദിവാസി ജനസംഖ്യയുടെ 21.8% വും ഇന്ത്യയിലാണ്. ഇന്ത്യയില്‍ 533 ആദിവാസി വിഭാഗങ്ങളുണ്ട്. അതില്‍ 75 വിഭാഗങ്ങള്‍ (Particularly Vulnerable Tribal GrouspPVTGs) പ്രാചീന ഗോത്രവര്‍ഗ്ഗമാണ്. 

പല ആദിവാസി വിഭാഗങ്ങളുടേയും നിലനില്‍പ്പ്തന്നെ അപകടത്തിലാക്കികൊണ്ടാണ് വികസനത്തിന്റെ വണ്ടി കുതിച്ചുപായുന്നത്. ഭുമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴകാടുകളിലെ 300 ഓളം വ്യത്യസ്ത വിഭാഗങ്ങളില്‍ വരുന്ന ആദിവാസികള്‍ കടുത്ത അതിജീവന പ്രതിസന്ധിയാണ് നേരിടുന്നത്. സ്വര്‍ണ്ണഖനനം, തടിവെട്ട്, വ്യവസായികകൃഷിയും കന്നുക്കാലിവളര്‍ത്തലും എന്നിവയുടെ പേരില്‍ വലിയ വനനശീകരണമാണ് അവിടെ നടക്കുന്നത്. ആദിവാസി ഭൂമികളുടെ അന്യധീനപ്പെടലും കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും അതോടൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ ഖനനമാഫിയകളുടെ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നു. ശേഷിച്ചവര്‍ ദാരിദ്ര്യത്തിന്റെയും സാംക്രമികരോഗങ്ങളുടേയും പിടിയിലും. അതേ പ്രശ്നങ്ങളാണ് ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനത്തുമുള്ളത്. കല്‍ക്കരി, ഇരുമ്പ് അയിര്‍, ബോക്സൈറ്റ് എന്നിവയുടെ ഖനനത്തിന് വേണ്ടി വന്‍തോതില്‍ വനനശീകരണവും ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടലും അവിടെ നടന്നുകൊണ്ടിരിക്കുന്നു. അതിനെ പ്രതിരോധിക്കുന്നവരെ മാവോയിസ്റ്റുകളായി മുദ്രകുത്തി സര്‍ക്കാര്‍തന്നെ വേട്ടയാടുന്നു. മാനുഷിക സഹായമെത്തിക്കുന്നവര്‍ക്കും രക്ഷയില്ലെന്നതിന്റെ തെളിവാണ് ഈയിടെ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമണവും നിയമനടപടിയും. വികസനത്തിന്റെ പേരില്‍ ജനിച്ചമണ്ണില്‍ വേട്ടയാടപ്പെടുകയൊ അഭയാര്‍ത്ഥികളായി അലയേണ്ടിവരികയൊ ചെയ്യുക എന്ന ദുര്‍വിധിയാണ് ലോകത്തിലെ മിക്കവാറും ഗോത്രമേഖലകള്‍ നേരിടുന്നത്. മാന്യവും മാനുഷികവുമായ പുനധിവാസംപോലും സാധ്യമല്ലെന്നതിന് തെളിവായി. നര്‍മ്മദയും സര്‍ദാര്‍സരോവര്‍ പദ്ധതിയുടേയും അനുഭവങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്.
  
എന്തുക്കൊണ്ടാണ് ഗോത്രസമൂഹങ്ങള്‍ ഇത്രമാത്രം പ്രതിസന്ധികള്‍ നേരിടുന്നത്? എന്തുക്കൊണ്ടാണ് ആദിവാസി വികസനപ്രവര്‍ത്തനങ്ങളിലധികവും ലക്ഷ്യം കാണാത്തത് ?. ലോകം മുഴുവന്‍ ഈ ചോദ്യം ഉയരുന്നുണ്ട്. അവരുടേതുംകൂടിയാണ് ഈ ഭൂമിയും ആകാശവും. കാടുകള്‍ ഇക്കാലത്തോളം അതിജീവിച്ചെത്തിയതും അവരിലൂടെയാണ്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്രമാത്രം ചര്‍ച്ചകള്‍ അതിന്റെ പേരില്‍ സംഘടിപ്പിക്കുന്നു, എന്നിട്ടും. ആദിവാസികളും ആദിവാസിയിതരരും രണ്ട് സംസ്‌കാരത്തിന്റെ തുടര്‍ച്ചയും ലോകബോധവുമാണെന്ന തിരിച്ചറിവിലാണോ ആദിവാസി വികസനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്? അവരുടെ കാലിനു അനുസരിച്ചുള്ള ചെരിപ്പാണോ ഉണ്ടാക്കപ്പെടുന്നത്?. ആദിവാസികള്‍ ഇക്കോകള്‍ച്ചറിന്റെ തുടര്‍ച്ചയും ആദിവാസിയിതരര്‍ അഗ്രികള്‍ച്ചറിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ്. ഇക്കോകള്‍ച്ചറിന്റെ വേരുകളധികവും പ്രകൃതിയിലാണ്. അഗ്രികള്‍ച്ചറിന്റെ വേരുകളധികവും സംസ്‌കൃതിയിലും. 

കരുതിവെപ്പ്, ഭാവിസങ്കല്‍പം, സ്വകാര്യസ്വത്ത്, സമയബോധം, ആസൂത്രണം, ജ്ഞാനോല്‍പ്പാദനം തുടങ്ങിയ ആധൂനികനരന്റെ അതിജീവന തന്ത്രങ്ങളുടെ പ്രാഥമികപാഠശാലയായിരുന്നു അഗ്രികള്‍ച്ചര്‍. അവിടെനിന്ന് ആരംഭിച്ച, പതിനായിരത്തോളം വര്‍ഷംനീളുന്ന സുദീര്‍ഘയാത്രയാണ് ആധുനികനരന്റേത്. ചരിത്രത്തിന്റെ ആ വണ്ടിയില്‍ ആദിവാസികള്‍ സഞ്ചരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ അറിവും കഴിവും അതിജീവന തന്ത്രങ്ങളും മറ്റൊരുനിലയിലാണ്. സംസ്‌കാരത്തിന്റെ ആ നിലയറിഞ്ഞ് വികസനപദ്ധതികള്‍ രൂപകല്പനചെയ്യുന്നില്ലായെങ്കില്‍ ഗോത്രമേഖലയിലെ പ്രശ്നങ്ങള്‍ക്ക് അറുതിയുണ്ടാവില്ല. 'കേരളത്തിലെ ആഫ്രിക്കയെന്ന പുസ്തകത്തിന്റെ (1963) ആമുഖത്തില്‍ കെ.പാനൂര് എഴുതിയ ഒരു വാചകം വളരെ ശ്രദ്ധേയമാണ്. 'ആദിവാസികള്‍ക്ക് ബാഹ്യലോകത്തെകുറിച്ചുള്ള അജ്ഞതക്ക് സമമായുള്ളത് ബാഹ്യലോകത്തിന് ആദിവാസികളെകുറിച്ചുള്ള അജ്ഞതമാത്രമാണ്. പക്ഷേ, നാം അവരുടെ അജ്ഞതയെപറ്റി ഫലിതം പറയുകയും നമ്മുടെ അജ്ഞത ഭൂഷണമായി കരുതുകയും ചെയ്യുന്നു.'  

Content Highlights: Land, Life, and Legacy Honoring Indigenous Cultures and Advocating for their Future