സാക്ഷരത മാത്രം മനുഷ്യാന്തസ്സിന് ഉറപ്പാകുമോ?; രാംനാരായണിന്റെ മരണം ഉയർത്തുന്ന ചോദ്യം

തൊഴിൽ തേടി കേരളത്തിലെത്തിയ രാംനാരായൺ 'ബംഗ്ലാദേശിയെന്ന' സംശയത്തിൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത കേട്ടപ്പോൾ ഓർത്തത് വിദേശങ്ങളിൽ അന്നം തേടി പോകുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികളെയായിരുന്നു.
വിദേശരാജ്യങ്ങളിൽ മലയാളികൾക്ക് ലഭിക്കുന്ന ബഹുമാനങ്ങൾ നമ്മൾ അഭിമാനത്തോടെ പറയാറുണ്ട്. യു.എ.ഇ.യുടെ ഉന്നത സിവിലിയൻ പുരസ്‌കാരം നേടിയ എം.എ. യൂസഫലി, ബഹ്‌റൈൻ പൗരത്വം ലഭിച്ച രവി പിള്ള, ഒമാൻ പൗരത്വം ലഭിച്ച പി.എൻ.സി. മേനോൻ... ഇവരൊക്കെയും ഒരുകാലത്ത് തൊഴിൽ തേടി വന്ന 'രാമനാരായണന്മാർ' തന്നെയായിരുന്നു. പ്രവാസലോകത്ത് അവർ നേടിയ അംഗീകാരം അവരുടെ കഴിവിനോടും അധ്വാനത്തോടുമുള്ള ബഹുമാനമാണ്.
വിദേശത്തേക്ക് പോകുന്നതിന് മുൻപ് പട്ടിണി മാറ്റാൻ മലയാളികൾ പോയിരുന്നത് മദ്രാസിലേക്കും ബോംബെയിലേക്കും ഡൽഹിയിലേക്കും കർണാടകയിലേക്കും ആയിരുന്നു. അതിനപ്പുറവും ശ്രീലങ്ക, സുഡാൻ, ബർമ (മ്യാന്മാർ), നൈജീരിയ, ലിബിയ, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് മലയാളികൾ അന്നം തേടി പോയിട്ടുണ്ട്. അടുത്തകാലംവരെ ചെറുപ്പക്കാർ മരപ്പണിക്കായി സൊമാലിയയിലേക്കും പോയിട്ടുണ്ട്.
ഈ ചരിത്രം തന്നെയാണ് നമ്മുടെ ഇന്നത്തെ 'തിണ്ണമിടുക്ക്' സൃഷ്ടിച്ചത്. അതാണ് നമ്മൾ മറക്കുന്നത്. അതാണ് ഇന്ന് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളോട് മോശമായി പെരുമാറാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അവരെ ആക്രമിക്കാനും 'പാണ്ടി', 'ബംഗാളി' തുടങ്ങിയ വംശീയ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാനും.
വിദേശത്ത് അന്തസ്സ് ആവശ്യപ്പെടുന്ന നമ്മൾ, സ്വന്തം നാട്ടിൽ തൊഴിൽ തേടി വരുന്നവരോട് മോശമായി പെരുമാറുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. രാംനാരായണിന്റെ കൊലപാതകം ഒറ്റപ്പെട്ട കുറ്റകൃത്യമല്ല; കേരളീയ സമൂഹത്തിന്റെ ആഴത്തിലുള്ള മനോവൈരുധ്യത്തിന്റെ പ്രതിഫലനമാണ്.
അതിഥി തൊഴിലാളികൾ
ഏകദേശം 3.5 ദശലക്ഷം അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് നിർമാണം, കൃഷി, ഫാക്ടറികൾ തുടങ്ങിയ മേഖലകൾ ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. അവരൊന്ന് മാറിനിന്നാൽ കേരളത്തിന്റെ ദൈനംദിന ജീവിതം തന്നെ താളം തെറ്റും. അതിഥി തൊഴിലാളികൾക്കായി ആവാസ് ആരോഗ്യ ഇൻഷുറൻസ്, അപ്നാ ഘർ ഹോസ്റ്റലുകൾ, അതിഥി ഗസ്റ്റ് ആപ്പുകൾ, റോഷ്‌നി ജ്യോതി വിദ്യാഭ്യാസ പദ്ധതികൾ, ശ്രമിക് ബന്ധു കേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.
എന്നാൽ പല അതിഥി തൊഴിലാളികളും ലേബർ സപ്ലൈ മധ്യസ്ഥന്മാരുടെ ചൂഷണത്തിനിരയാകുകയാണ്. മോശം താമസസൗകര്യങ്ങൾ, ഗതാഗത അഭാവം, ജോലി സ്ഥലങ്ങളിലെ അവഗണന, വിവേചനം ഇതെല്ലാം തുടരുന്നു. അവരെ ആളുകൾ വിളിക്കുന്ന വംശീയ വിളിപ്പേരുകൾ ഇന്നും സാധാരണമാകുന്നത് നമ്മുടെ സാമൂഹിക പരാജയമാണ്.
കേരളത്തിന്റെ കുടിയേറ്റ ചരിത്രം വളരെ പ്രത്യേകമാണ്. ജീവിക്കാനായി നമ്മൾ പലനാടുകളിലും അലഞ്ഞിട്ടുണ്ട്. ഇന്ന് യു.എ.ഇ.യിൽ ഗോൾഡൻ വിസയും പൗരത്വ ബഹുമതികളും നേടിയ നഴ്‌സുമാരും അധ്യാപകരും സൃഷ്ടിപരമായ രംഗങ്ങളിലെ പ്രവർത്തകരും തൊഴിലാളികളും ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു മലയാളി കരാട്ടെ ചാമ്പ്യന് പോലും യു.എ.ഇ. പൗരത്വം ലഭിച്ചു. ഈ രാജ്യങ്ങൾ കുടിയേറ്റക്കാരുടെ കഴിവുകളെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതൊക്കെ നമ്മൾ ആഘോഷിക്കാറുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് കുടിയേറിപ്പോയവർ പോലും കേരളത്തിലെത്തുമ്പോൾ ഒരുപാട് പ്രശ്‌നങ്ങൾ നേരിടാറുണ്ട്.
പ്രവാസികളുടെ സംഭാവനകൾ, പ്രശ്‌നങ്ങൾ
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പ്രവാസികളുടെ പണത്തെ വലിയ തോതിൽ ആശ്രയിച്ചിരിക്കുന്നു. 2025-ലെ കണക്കനുസരിച്ച് പ്രവാസി റമിറ്റൻസ് 2 ലക്ഷം കോടി കടന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) ഏകദേശം 19-23 ശതമാനം വരും. ഇന്ത്യയിലെ മൊത്തം റമിറ്റൻസിന്റെ 19.7 ശതമാനവും കേരളത്തിനാണ്. ഇത് വെറും കണക്കല്ല; കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയുടെ അടിത്തറയാണ്.
എന്നാൽ ഈ സംഭാവനകളെക്കുറിച്ച് കേരളത്തിലെ ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനും വേണ്ടത്ര ബോധ്യമുണ്ടോ എന്നത് സംശയമാണ്. പ്രവാസികളുടെ ക്ഷേമം അന്വേഷിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന ഗൾഫ് സന്ദർശനങ്ങൾ കുറച്ച്, നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരെ തന്നെ പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് ബോധവത്കരിക്കേണ്ട അവസ്ഥയാണ്. പ്രവാസികളുടെ സാമൂഹികവും ബൗദ്ധികവുമായ വൈവിധ്യം തിരിച്ചറിയാൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഇന്നും പല സർക്കാർ ഓഫീസുകളിലും കാണാം.
നോർക്ക റൂട്ട്‌സും പ്രവാസി ക്ഷേമ ബോർഡും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, പ്രവാസികൾക്ക് സർക്കാർ ഓഫീസുകളിലും വിമാനത്താവളങ്ങളിലും മോശം അനുഭവങ്ങൾ വർധിക്കുകയാണ്. യാത്രക്കിടെ അനാവശ്യ ചോദ്യങ്ങൾ, ദീർഘനേരം കാത്തുനിൽക്കൽ, ലഗേജ് പരിശോധനയിലെ അപമാനം-ഇവയെല്ലാം സാധാരണമാകുന്നു. പലരും തിരിച്ചെത്തുമ്പോൾ സ്വന്തം വീടുകളോ ഭൂമിയോ ഭൂമിയിലെ മരങ്ങളോ അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തുന്നു. വിദേശത്ത് അന്തസ്സ് ലഭിക്കുന്ന മലയാളിക്ക് സ്വന്തം നാട്ടിൽ നിഷേധിക്കപ്പെടുന്നു.
രാംനാരായണിന്റെ മരണം ഉയർത്തുന്നചോദ്യം
കേരളം ഉയർന്ന സാക്ഷരത നിരക്കുള്ള ഒരു സമൂഹമാണെന്ന് നമ്മൾ അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ രാംനാരായണിന്റെ മരണം നമ്മളോട് ഒരു നിസ്സാരമല്ലാത്ത ചോദ്യം ചോദിക്കുന്നു-സാക്ഷരത മാത്രം മനുഷ്യാന്തസ്സിന് ഉറപ്പാകുമോ? തൊഴിൽ തേടി എത്തുന്ന ഒരാളുടെ ഭാഷയും വേഷവും പേരും നോക്കി വിധിയെഴുതുന്ന മനോഭാവം നിലനിൽക്കുന്നിടത്ത്, വിദ്യാഭ്യാസത്തിന്റെ അർഥം വീണ്ടും ചിന്തിക്കേണ്ടിവരും. തൊഴിലിനോടും കുടിയേറ്റത്തോടും വ്യത്യസ്തതകളോടും സഹാനുഭൂതിയുള്ള സമീപനം വളർത്തുന്ന പൗരബോധമാണ് യഥാർത്ഥ സാമൂഹിക പുരോഗതിയുടെ അടയാളം.
രാംനാരായൺ ഒരു കുടിയേറ്റക്കാരനായിരുന്നു, അന്നം തേടി യാത്രതിരിച്ച അനേകം മലയാളികളെപ്പോലെ. വിദേശത്ത് മലയാളികൾക്ക് ലഭിക്കുന്ന ബഹുമാനവും സുരക്ഷയും മാന്യതയും, കേരളത്തിൽ തൊഴിൽ തേടി എത്തുന്ന അതിഥി തൊഴിലാളികൾക്കും ലഭിക്കുമ്പോഴാണ് കേരളത്തിന്റെ മനുഷ്യത്വം പൂർണമാകുക. അന്ന് മാത്രമേ 'ദൈവത്തിന്റെ നാട്' എന്ന വിശേഷണം ഒരു മൂല്യപ്രഖ്യാപനമായി മാറുകയുള്ളൂ.
Content Highlights: Dr. Abdurabb Chelamangallur questions Kerala`s double standards: pride in overseas Malayali respect vs. mistreatment of migrant workers. Is literacy enough for human dignity?