ഉയരുന്ന വാർധക്യ ആശ്രിതത്വം, കാത്തിരിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ | വയോജനവകുപ്പ് വരുമ്പോൾ

#ഡോ. എസ് ഇരുദയ രാജന്‍, ഡോ. സുനിത എസ്, ഡോ. ഇര്‍ഷാദ് സി.വി. (ദി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (IIMAD), തിരുവനന്തപുരം)
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്ത്യയിലെ ജനസംഖ്യാപരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് കേരളം. കേരളത്തിൽ 2011-ലെ സെൻസസിൽ 41.98 ലക്ഷമായിരുന്ന വയോജന ജനസംഖ്യ 2031 ആകുമ്പോഴേക്കും 75 ലക്ഷമായി ഉയരുമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്മെന്റ് പ്ലാനിങ് ബോർഡിനുവേണ്ടി നടത്തിയ പഠനം സൂചിപ്പിക്കുന്നു. 2051 ആകുമ്പോഴേക്കും ഇത് ഒരുകോടിയിലെത്തിയേക്കാം. 2011-ൽ മൊത്തം ജനസംഖ്യയുടെ 12.6 ശതമാനമായിരുന്ന കേരളത്തിലെ വയോജനങ്ങളുടെ അനുപാതം

2025 -ൽ 18.6 ശതമാനം കവിഞ്ഞു. ഇത് പല വികസിതരാജ്യങ്ങളുടെയും വാർധക്യജനസംഖ്യക്ക് സമാനമാണ്. ഇത് 2051 ആകുമ്പോഴേക്കും 30.6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വരുംദശകങ്ങളിൽ ജനസംഖ്യയുടെ വളർച്ചനിരക്ക് കുറയുകയും 2051 ആകുമ്പോഴേക്കും നെഗറ്റീവ് സംഖ്യയിലെത്തുകയും ചെയ്യുന്നു. അതേസമയം, പ്രായമായവരുടെ ജനസംഖ്യാവളർച്ചനിരക്ക് പോസിറ്റീവായി തുടരുന്നു. മുതിർന്ന പൗരരിൽ കൂടുതലും സ്ത്രീകളാണ്.

രാജ്യത്തെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യ നിരക്കുകളിൽ ഒന്നാണ് കേരളത്തിന്റേത്. 2011-ൽ ജനനസമയത്ത് ആയുർദൈർഘ്യം പുരുഷന്മാരിൽ 72 വർഷമായിരുന്നതിൽനിന്ന് 2025-ൽ 74.5 വർഷമായും സ്ത്രീകളിൽ 77.8 -ൽ നിന്ന് 80.1 വർഷമായും വർധിച്ചു. 60 വയസ്സുള്ളവർ ഏകദേശം 20 വർഷം കൂടുതൽ ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ജനസംഖ്യയിൽ ഉയർന്നുവരുന്ന വയോജനങ്ങളുടെ രണ്ടുവിഭാഗങ്ങളാണ് 90-നും 99-നും ഇടയിൽ പ്രായമുള്ള നോനജനേറിയൻസും ആ പ്രായത്തിന് മുകളിലുള്ള (100+) സെന്റിനേറിയൻസും.

ഈ ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനത്തോടെ, വരുംദശകങ്ങളിൽ വർധിച്ചുവരുന്ന വാർധക്യ ആശ്രിതത്വം (old age dependency) സംസ്ഥാനം അനുഭവിക്കും. ഉയർന്ന വാർധക്യ ആശ്രിതത്വ അനുപാതം, ജോലിചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ (15-59 പ്രായം) പ്രായമായവരെ (60+) പിന്തുണയ്ക്കുന്നതിനുള്ള ആവശ്യകത വർധിപ്പിക്കുന്നു.

ശ്രദ്ധവേണ്ട വിഷയങ്ങൾ

സമയബന്ധിതമായ ഇടപെടലില്ലെങ്കിൽ ജനസംഖ്യയിലെ ഈ മാറ്റം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സുസ്ഥിരതയ്ക്ക് ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. മറ്റൊരു പ്രധാന പ്രശ്‌നം, പ്രായമായവരിൽ പലരും വാർധക്യപെൻഷനുകളെ ആശ്രയിക്കുന്നതും ജീവിതച്ചെലവ് വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ പെൻഷൻ തുക അപര്യാപ്തവുമാണ് എന്നതാണ്. സാമ്പത്തിക ആവശ്യങ്ങൾ കാരണം പ്രായമായവർ അനൗപചാരിക മേഖലയിൽ ജോലിചെയ്യുന്നത് തുടരുന്നു. അതുപോലെ, വൈധവ്യവും സമ്പാദ്യമില്ലായ്മയും കാരണം പ്രായമായ സ്ത്രീകൾ സാമ്പത്തികമായി കൂടുതൽ ദുർബലരാണ്. കേരള ഏജിങ് സർവേ-2025-ൽനിന്നുള്ള ഞങ്ങളുടെ സമീപകാല കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സേവനങ്ങളുടെയും ഉപയോഗത്തിലും പ്രായമായവർ, പ്രത്യേകിച്ച് സ്ത്രീകൾ, പുരുഷന്മാരെക്കാൾ പിന്നിലാണെന്നാണ്. പ്രായമായ സ്ത്രീകൾ, വിധവകൾ, വികലാംഗരായ വൃദ്ധർ, ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്നവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കാരണം, ഈ പ്രായമായവർ ഉയർന്ന തോതിലുള്ള ദുർബലതയും ആശ്രിതത്വവും മാനസികസമ്മർദവും അനുഭവിക്കുന്നു.

മറ്റൊരു പ്രശ്‌നം, നഗരങ്ങളിലോ നഗര കേന്ദ്രങ്ങളിലോ ആണ് പരിചരണ സൗകര്യങ്ങൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതാണ്. നഗരങ്ങളിലേതുപോലെ ഗ്രാമപ്രദേശങ്ങളിലേക്കും ആരോഗ്യസൗകര്യങ്ങൾ വ്യാപിപ്പിക്കേണ്ടതുണ്ട്. ചലനപ്രശ്‌നങ്ങൾ, കാഴ്ച, കേൾവി പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് ദീർഘകാല പരിചരണം ആവശ്യമാണ്. വർധിച്ചുവരുന്ന ആരോഗ്യ സംരക്ഷണച്ചെലവുകൾ കുടുംബങ്ങൾക്ക് ഭാരമാണ്.

പൊതു മേഖലയിൽ വയോജന ആരോഗ്യപരിപാടികളുടെ ആവശ്യകതയും ഗാർഹികപരിചരണ സംവിധാനങ്ങൾ വികസിപ്പിക്കലും വേണം. പ്രായമായ മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്കാകുന്ന സാഹചര്യത്തിൽ, അവരെ പരിപാലിക്കേണ്ട ഉത്തരവാദിത്വം, സമൂഹത്തിന്റെയും സർക്കാരിന്റെയുംകൂടി ഉത്തരവാദിത്വമാണ്.

സർവേ കണ്ടെത്തൽ നിർണായകമാവും

എല്ലാ പ്രായമായവർക്കും ഒരേ പരിചരണം ആവശ്യമില്ല. പ്രായത്തിനനുസരിച്ച് ഇത് വേർതിരിക്കാം. നിലവിൽ, തിരുവനന്തപുരത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്‌മെന്റ്, ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാഫണ്ടുമായി (UNFPA) സഹകരിച്ച്, കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ പ്രായമായവരുടെ പരിചരണ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഒരു സർവേ നടത്തിവരുന്നു. ഈ പഠനം വരും ദിവസങ്ങളിൽ കേരളത്തിന്റെ വയോജന നയരൂപവത്കരണത്തിനു മുഖ്യമായ പങ്കുവഹിക്കുന്നതായിരിക്കും.

വയോജനവകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന്, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപവത്കരണമാണ് ഏറ്റവും നല്ല മാതൃക. പഞ്ചായത്ത്/വാർഡ് തലങ്ങളിൽ വയോജനങ്ങളെക്കുറിച്ച് നിലവിലുള്ള ഡേറ്റാബേസ് വിശകലനം ചെയ്യുകയും ആവശ്യാധിഷ്ഠിത റിപ്പോർട്ട് തയ്യാറാക്കുകയും വേണം. പരിചരണ ആവശ്യങ്ങൾ, പ്രതിരോധ നടപടികൾ, സാമൂഹികസുരക്ഷ എന്നിവ നിർണയിക്കുകയും സേവനവിതരണത്തിലെ വിടവുകൾ തിരിച്ചറിയുകയും ചെയ്യുന്ന ഒരു തുടർപഠനംപോലെ ഈ ഡേറ്റാബേസ് ഓരോ മൂന്നുവർഷത്തിലും പുതുക്കണം.

സംഘടിതമേഖലയിലെ പെൻഷൻ പ്രായം ആയുർദൈർഘ്യത്തിനനുസരിച്ച് പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് 60 വയസ്സായി ഉയർത്തണം.

അസംഘടിതമേഖലയിൽ, ഉയർന്ന പ്രായത്തിനനുസരിച്ച് പെൻഷൻ തുക ക്രമേണ ഉയർന്ന തുകയിലേക്ക് വർധിപ്പിക്കണം. പെൻഷൻ തുകയിൽ കാലോചിതമായ വർധനവരുത്തുകയും വേണം.

READ MORE: ആറിലൊരാൾക്ക് 60-നുമേൽ പ്രായം, ഇന്ത്യയിലെ 'പ്രായംകൂടിയ' സംസ്ഥാനം; വയോജനക്ഷേമവകുപ്പും കേരളവും 

Content Highlights: Kerala's elderly population is projected to reach 75 lakhs by 2031., The 2025 elderly proportion exceeded 18.6%, mirroring developed nations., Increased life expectancy necessitates a revision of retirement ages to 60+., Rising old-age dependency requires urgent decentralized healthcare and social security reforms., Evidence-based policymaking using ward-level databases is crucial for 2026 onwards.