'നീതി നടത്തിയാല്‍പോരാ, അത് നടത്തിയതായി തോന്നിക്കുകയും വേണം'; മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും

ഭീതിയുടെ അന്തരീക്ഷത്തില്‍നിന്ന് രാഷ്ട്രം മോചിപ്പിക്കപ്പെട്ടാല്‍ മാത്രമേ മനുഷ്യാവകാശവും നിയമവാഴ്ചയും പുലരുകയുള്ളൂ... ഇന്ന് ലോക മനുഷ്യാവകാശദിനം. ഇത്തവണത്തെ ലോക മനുഷ്യാവകാശദിനം എത്തുമ്പോള്‍ മലയാളിക്ക് ചിന്തിക്കാനായി ഏറെ കാര്യങ്ങളുണ്ട്; പ്രത്യേകിച്ചും നിയമവാഴ്ചയുടെ കാര്യത്തില്‍. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം സെഷന്‍സ് കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കേവലമായ മാധ്യമവിചാരണകള്‍ക്കും വൈയക്തികമായ അഭിപ്രായപ്രകടനങ്ങള്‍ക്കും ആഗ്രഹപ്രകടനങ്ങള്‍ക്കുമപ്പുറം നിയമവാഴ്ച നിലനില്‍ക്കണമെന്നുള്ള മലയാളിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ഈ പ്രതികരണങ്ങളിലുണ്ട്.
ഊന്നല്‍ നിയമവാഴ്ചയില്‍
ക്രിമിനല്‍ക്കേസുകളില്‍ പൊതുവേ സാമാന്യജനങ്ങള്‍ക്ക് താത്പര്യവും ജിജ്ഞാസയും കാണും; സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട കേസുകളാകുമ്പോള്‍ വിശേഷിച്ചും. എന്നാല്‍, കോടതി നേരിട്ട് കേസന്വേഷിക്കാത്ത നമ്മുടെ സംവിധാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കുന്ന തെളിവുകള്‍ പരിശോധിച്ച് വിധിപറയാനേ ന്യായാധിപര്‍ക്ക് കഴിയുകയുള്ളൂ. പൊതുജനാഭിപ്രായത്തിന്റെ പേരില്‍മാത്രം ആരെയെങ്കിലും രക്ഷിക്കാനോ ശിക്ഷിക്കാനോ കോടതികള്‍ക്ക് കഴിയില്ല. ക്രിമിനല്‍ക്കേസ് വിചാരണകള്‍ സത്യാന്വേഷണ സംരംഭങ്ങളായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നെങ്കിലും ഫലത്തില്‍ അവ അങ്ങനെയാകണമെന്നില്ല.
'കോടതിമുറികളില്‍ നോവലുകളിലെപ്പോലെ വസ്തുതയും കഥയും തമ്മിലുള്ള വ്യത്യാസം നേര്‍ത്തുപോകും' എന്ന് ബ്രിട്ടീഷ് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ടെറി ഈഗ്ള്‍ടണ്‍ അഭിപ്രായപ്പെട്ടതോര്‍ക്കുക. യഥാര്‍ഥ ലോകത്ത് എന്തുനടന്നുവെന്നതല്ല, അക്കാര്യങ്ങള്‍ എങ്ങനെ കോടതിയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് നിര്‍ണായകമാവുകയെന്നും അദ്ദേഹം വിശദീകരിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, അവയെ സംബന്ധിച്ച വിരുദ്ധവ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതികള്‍ തീര്‍പ്പുകല്‍പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എല്ലാ കാലത്തേക്കുമുള്ള ഒരു നീതിന്യായതത്ത്വമാണ്; വിശേഷിച്ചും ബ്രിട്ടീഷ് രീതിയിലുള്ള ക്രിമിനല്‍ നീതിനിര്‍വഹണ സമ്പ്രദായങ്ങളില്‍.
എന്നാല്‍, പൊതുജനാഭിപ്രായങ്ങള്‍ രൂപവത്കരിക്കപ്പെടുന്നത് നിയതമായ തെളിവുകളുടെയോ നിയമതത്ത്വങ്ങളുടെയോ ബലത്തിലാകണമെന്നില്ല. വികാരവിചാരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുന്‍വിധികളും താത്പര്യങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പൊതുജനാഭിപ്രായങ്ങള്‍ക്ക് വിവിധ രൂപഭാവങ്ങളാകും ഉണ്ടാവുക. നടിയെ ആക്രമിച്ച കേസിലെ വിധിയെ സംബന്ധിച്ച് മാധ്യമങ്ങളില്‍വരുന്ന അഭിപ്രായങ്ങള്‍ ഇതിനുള്ള തെളിവാണ്.
അതെന്തായാലും നിയമവാഴ്ചയില്‍ ഊന്നിക്കൊണ്ടാണ് എല്ലാവരും ഇപ്പോഴും സംസാരിക്കുന്നത്. കുറച്ചുപ്രതികളെ വെറുതേ വിട്ടതിനെതിരേ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും, വെറുതേ വിട്ടയക്കപ്പെട്ട സിനിമാതാരം ദിലീപ് തനിക്കെതിരേ നടന്നതായി പറയുന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നുപറയുമ്പോഴും നിയമവാഴ്ചയില്‍ത്തന്നെയാണ് വിശ്വാസമര്‍പ്പിക്കുന്നത്. ഇത് കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന നിയമബോധത്തിന്റെ ദൃഷ്ടാന്തംകൂടിയാണ്.
നീതിനടപ്പായെന്ന് തോന്നണം
നടിക്കുനേരേനടന്ന ആക്രമണം ക്രൂരവും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍ത്തന്നെ കേരളീയ സമൂഹം ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയും കാണിച്ച ഐക്യദാര്‍ഢ്യവും ശ്ലാഘനീയമാണ്. സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും സംബന്ധിച്ച ആലോചനകള്‍ക്ക് ഇന്ധനംപകര്‍ന്ന ജസ്റ്റിസ് ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളിലേക്ക് കേരളീയസമൂഹം എത്തിച്ചേര്‍ന്നത് ഇത്തരം വിഷയങ്ങളിലുള്ള പൊതുചര്‍ച്ചകളിലൂടെയാണ്.
എന്നാല്‍, ക്രിമിനല്‍ക്കേസുകള്‍ക്ക് സമാന്തരമായി നടക്കുന്ന മാധ്യമവിചാരണകള്‍ക്ക് അനുസൃതമായി കോടതിയിലും കാര്യങ്ങള്‍ നടന്നുകൊള്ളണമെന്ന് ശഠിക്കുന്നത് മൗഢ്യമാണ്. ഒരു പ്രസിദ്ധവ്യക്തിയുടെ കൊലപാതകക്കേസില്‍ വിചാരണനടക്കവേ, തനിക്കുലഭിച്ച ഒട്ടേറെ ഊമക്കത്തുകളെക്കുറിച്ച് ബ്രിട്ടീഷ് ന്യായാധിപനായ മാന്‍സ് ഫീല്‍ഡ് പ്രഭു വിധിന്യായത്തില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്. എന്നാല്‍, കോടതിക്കകത്തും പുറത്തും നടക്കുന്ന കേസ് സംബന്ധിച്ച കോലാഹലങ്ങള്‍ തന്റെ ന്യായാധിപകര്‍ത്തവ്യത്തെയോ മനഃസ്ഥൈര്യത്തെയോ അണുകിട ബാധിക്കുകയില്ലെന്നാണ് മഹാനായ ആ ന്യായാധിപന്‍ എഴുതിയത്.
255 വര്‍ഷംമുന്‍പ് എഴുതപ്പെട്ട ഈ നീതിന്യായചിന്ത, നവമാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുന്ന പുതിയ കാലത്തിനുംകൂടിയുള്ള മാര്‍ഗനിര്‍ദേശകതത്ത്വമാണ്. അതേസമയം, വിചാരണസമയത്തുള്ള ന്യായാധിപരുടെ പെരുമാറ്റം സംശയാതീതവും വിമര്‍ശനാതീതവുമായിരിക്കണം. നീതി നടത്തിയാല്‍പോരാ, അത് നടത്തിയതായി തോന്നിക്കുകയും വേണമെന്ന് ഹെവാര്‍ട് പ്രഭു, സസക്‌സ് ന്യായാധിപരുടെ കേസില്‍ (1923) എഴുതിയത് ഓര്‍മ്മിക്കുക.
ഭരണകൂടനിലപാടുകള്‍
മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ നിയമവാഴ്ച നിലനില്‍ക്കണം. കേരളത്തില്‍ നിയമവാഴ്ച താരതമ്യേന മെച്ചപ്പെട്ടതാണെന്ന് പറയുമ്പോഴും ചുരുക്കംചില അപഭ്രംശങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ടെന്നുകാണണം. നമ്മുടെ പോലീസിന്റെ സേവനങ്ങളും കഴിവും പ്രകീര്‍ത്തിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍, സംസ്ഥാനത്തുനടന്ന വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അതേത്തുടര്‍ന്ന് അവയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ന്യായീകരണങ്ങളും ആശങ്കയുളവാക്കുന്നു. കേവലം കേന്ദ്രഫണ്ടിന്റെ കനംനോക്കിമാത്രം ഒരു ജനകീയ സര്‍ക്കാരും വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ വെള്ളപൂശരുത്. നിയമപ്രക്രിയക്കുള്ള അവസരവും അവകാശവും നിഷേധിക്കുന്ന ഇത്തരം ഭരണകൂടനിലപാടുകള്‍ കേരളം പോലൊരു വികസിതസമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്.
അതേസമയം, ഇന്ത്യയില്‍ പൊതുവേ നോക്കിയാല്‍ ഇന്ന് നിയമവാഴ്ച, അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് വികൃതമായിത്തീര്‍ന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍, ദേശീയ സുരക്ഷാനിയമത്തിന്റെ പ്രയോഗത്തിലൂടെ തടവറയിലാക്കപ്പെട്ട ലഡാക്കിലെ കാലാവസ്ഥാ പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നോക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് ജയിലിലടയ്ക്കപ്പെട്ട വാങ്ചുക്കിനെ വിട്ടയയ്ക്കാനുള്ള ഉത്തരവിടാന്‍ ഇപ്പോഴും സുപ്രീംകോടതി തയ്യാറായിട്ടില്ല. സുപ്രീംകോടതിയില്‍ നടക്കുന്ന കേസിലെ നടപടികള്‍ ഓണ്‍ലൈനില്‍ വീക്ഷിക്കാന്‍ ജയിലില്‍ക്കഴിയുന്ന തന്നെ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയാണുണ്ടായത്.
ഇങ്ങനെ എത്രയോ രാഷ്ട്രീയത്തടവുകാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുകയാണ്. മലയാളി പ്രൊഫസര്‍ ഹനി ബാബു ഈയിടെ ജയിലില്‍നിന്നു പുറത്തിറങ്ങിയത് ഏകദേശം അഞ്ചുവര്‍ഷത്തിന് ശേഷമാണ്. വിചാരണ കൂടാതെയുള്ള ഈ കാരാഗൃഹവാസം ഭീമാ കൊറേഗാവ് കേസില്‍ മാത്രമല്ല, മറ്റുപല കേസിലും സര്‍വസാധാരണമായിരിക്കുന്നു. അതേസമയം, ഭരണകൂടത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒത്താശയില്‍ നടക്കുന്ന നിയമലംഘനങ്ങളും ബുള്‍ഡോസര്‍ പ്രയോഗങ്ങളും ആള്‍ക്കൂട്ടാതിക്രമങ്ങളും നിയമത്താല്‍ സ്പര്‍ശിക്കപ്പെടാതെ പോകുന്നു. പലര്‍ക്കും പലനിയമങ്ങള്‍ എന്ന അവസ്ഥതന്നെ നിയമത്തിനുമുന്നില്‍ തുല്യതയെന്ന ഭരണഘടനാവാഗ്ദാനത്തെ അട്ടിമറിക്കുന്നതാണ്.
ഭീതിയുടെ അന്തരീക്ഷത്തില്‍നിന്ന് രാഷ്ട്രം മോചിപ്പിക്കപ്പെട്ടാല്‍മാത്രമേ മനുഷ്യാവകാശങ്ങളും നിയമവാഴ്ചകളും പുലരുകയുള്ളൂ. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉയര്‍ന്ന നീതിബോധവും ഉണ്ടാകണമെങ്കില്‍ അതിനനുസൃതമായ രാഷ്ട്രീയകാലാവസ്ഥയും രൂപപ്പെടണം. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന ഒരു പ്രവൃത്തിയും ഭരണഘടനാനുസൃതമല്ല. രൂപയുടെ മൂല്യശോഷണം, തൊഴിലില്ലായ്മ, ദാരിദ്ര്യം, നിരക്ഷരത, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ തിരഞ്ഞെടുപ്പുകമ്മിഷന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും നിഷ്പക്ഷതവരെയുള്ള ഒട്ടേറെ വിഷയങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യാവകാശ വിഷയങ്ങള്‍ തന്നെയാണ്.
കാബിനറ്റ് മുതല്‍ സര്‍വകലാശാലകള്‍വരെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഭരണഘടനാനുസൃതം സ്വതന്ത്രമായും സുതാര്യമായും പ്രവര്‍ത്തിച്ചാല്‍മാത്രമേ സാമാന്യജനങ്ങള്‍ക്കും വരുംതലമുറകള്‍ക്കും നീതി ഉറപ്പുവരുത്താന്‍ കഴിയൂ. ഇന്ത്യ ഇന്ന് കൃത്യമായും ഒരു ദശാസന്ധിയിലാണ്. 'പഴയ ലോകം അവസാനിക്കുന്നു. എന്നാല്‍, പുതുലോകം പിറക്കാന്‍ പ്രയാസപ്പെടുന്നു. ഇപ്പോള്‍ രാക്ഷസന്മാരുടെ കാലമാണ്' എന്ന് അന്റോണിയോ ഗ്രാംഷി എഴുതിയതോര്‍ക്കുക. ഇന്ത്യയിലെ നീതിയുടെ നിലവാരം ഉയരുമ്പോള്‍മാത്രമേ മനുഷ്യാവകാശങ്ങള്‍ ഒരു ജനതയുടെ അനുഭവമാവുകയുള്ളൂ.
(ലേഖകന്‍ സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)
Content Highlights: Explore the intricate relationship between human rights and the rule of law in India. Discussing fairness, transparency, and ensuring justice is visibly delivered. World Human Rights Day 2025. Learn more.