കറുപ്പണിഞ്ഞവരുടെ പരിഹാസത്തിൽ പിറന്ന പാറ്റപ്പാർട്ടി നയിച്ച വിപ്ലവം; ജനാധിപത്യം ഇങ്ങനെയാണ്

വിമോചനപാതയിൽ ഫറവോയുടെ ഹൃദയകാഠിന്യം നീക്കുന്നതിനുള്ള മോശയുടെ ശ്രമത്തിൽ ഒരു ഘട്ടത്തിൽ ഈജിപ്തുകാരുടെ ഭവനങ്ങൾ ഈച്ചകളെക്കൊണ്ട് നിറയുന്നുണ്ട്. യുവത പാറ്റകളായി പെരുകി ഇന്ദ്രപ്രസ്ഥമാകെ നിറഞ്ഞപ്പോൾ കഠിനഹൃദയനായ നരേന്ദ്രമോദിക്ക് ഫറവോയെപ്പോലെ പിടിച്ചുനിൽക്കാനായില്ല. മുപ്പത്തിയാറാമത്തെ ദിവസം കുട്ടികൾ ആവശ്യപ്പെട്ട രാജിയുണ്ടായി.
വ്യാഴവട്ടം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽനിന്നുള്ള ആദ്യത്തെ രാജിയായി അത്. മന്ത്രി പ്രധാൻ ഒഴിയാതിരുന്നെങ്കിൽ ഒഴിയണമെന്ന ആവശ്യം പ്രധാനമന്ത്രിക്കുനേരേ ഉണ്ടാകുമായിരുന്നു. കുട്ടികൾ ശാഠ്യംപിടിച്ചാൽ അത് വൃദ്ധജനങ്ങളുടെ ശാഠ്യംപോലെയാവില്ല. കരയുന്ന കുട്ടി പാൽ കിട്ടുന്നതുവരെ കരയും. പാലിനുപകരം എന്തുകൊടുത്താലും അവർ തൃപ്തരാകുകയുമില്ല.
നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ പ്രതികരണവും ഇടപെടലും കാണുന്നില്ലെന്ന് പരാതിയുള്ളവർ ജന്തർ മന്തറിൽ അവരുടെ സാന്നിധ്യം കണ്ണുനിറയുവോളം കണ്ടു. അത് ജെൻസീ പ്രതിഷേധമായിരുന്നു. അവർ ഏറെയും കൗമാരപ്രായത്തിലുള്ളവരായിരുന്നു.
പെൺകുട്ടികൾ തെരുവിൽ ഉറങ്ങി. അപരിചിതരായ ആൺകുട്ടികൾ അവർക്ക് കാവലിരുന്നു. അവർ പല ഭാഷകൾ സംസാരിച്ചു. പക്ഷേ, അവരുടെ മുദ്രാവാക്യം ഒന്നായിരുന്നു. ആദ്യത്തെ വോട്ട് ഇനിയും ചെയ്തിട്ടില്ലാത്ത കുട്ടികൾ ജീവിതത്തിൽ ആദ്യത്തെ മുദ്രാവാക്യം വിളിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ്. ഭഗത് സിങ്ങിന്റെ നിത്യസ്മരണയിൽ അവർ ഓർത്തെടുത്തതാണ് ആ മുദ്രാവാക്യം.
പാഠപുസ്തകങ്ങളിലെ അനാശാസ്യതയെക്കുറിച്ച് ധാരാളം കേൾക്കുന്നുണ്ട്. വിദ്യാഭ്യാസരംഗംതന്നെ കുത്തഴിയുമ്പോൾ പാഠപുസ്തകംമാത്രം നന്നാക്കിയിട്ട് കാര്യമില്ല. ചമ്പൽക്കാടുകളിൽ അന്യംനിന്ന കൊള്ളക്കാർ ചോദ്യകർത്താക്കളായ െപ്രാഫസർമാരുടെ ആദരണീയരൂപത്തിൽ പുനർജനിച്ചു. ഒരു തലമുറയുടെ ഭാവിയാണ് അവർ അട്ടിമറിച്ചത്. ചോദ്യങ്ങളുടെ രഹസ്യസ്വഭാവത്തിലാണ് പരീക്ഷയുടെ വിശ്വാസ്യത. പാർലമെൻറിലാണ് ചോദ്യങ്ങൾ പരസ്യമായി ചോദിക്കുന്നത്. രഹസ്യമായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ അത് പരസ്യമായാൽ എല്ലാം തകർന്നു.
പാമ്പൻപാലത്തിലൂടെയുള്ള കുതിപ്പ് ആഴിയുടെ അഗാധതയിലേക്കാണെന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടായി. അപ്പോൾ അവർ ലാൽ ബഹാദൂർ ശാസ്ത്രിയെ ഓർത്തു. മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിന്റെ പേരിൽ നല്ലവനായ ഒരു മന്ത്രി രാജിെവച്ച കാര്യം അവർ ചരിത്രത്തിൽനിന്ന് ഓർത്തെടുത്തു. ലാൽ ബഹാദൂർ ശാസ്ത്രി എന്ന പേര് ഓർമ്മയിൽ വരാനിടയില്ലാത്ത ധർമേന്ദ്ര പ്രധാന് കേൾക്കാൻകഴിയുംവിധം ഉറക്കെ അവർ ആ പേര് വിളിച്ചുപറഞ്ഞു.
ശിക്ഷയും നവീകരണവുമാണ് അവർക്ക് വേണ്ടിയിരുന്നത്. നീറ്റ് ചോദ്യച്ചോർച്ചയുടെ നീറുന്ന ഓർമ്മയാണ് ആത്മഹത്യചെയ്ത 22 കുട്ടികൾ. കടലിലെറിയപ്പെട്ട തേയിലപ്പെട്ടികളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ ചുടുചായ തിളപ്പിച്ച ബോസ്റ്റണിൽനിന്ന് ‘ലൂസിഫറി’ൽ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രത്തെപ്പോലെ പറന്നിറങ്ങിയ പബ്ളിക് റിലേഷൻസ് വിദ്യാർഥി അഭിജീത് ദീപ്കെ ഓൺലൈനായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാവരും അവരെ സംശയിച്ചു. പക്ഷേ, അവർ ആരെയും സംശയിച്ചില്ല. അവർ എല്ലാവർക്കും ഇടംനൽകി. സോനം വാങ്ചുക്ക് പ്രകടിപ്പിച്ച ഐക്യദാർഢ്യം അവരുടെ വിശ്വാസ്യത വർധിപ്പിച്ചു. ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ പ്രസിദ്ധനായ ജോർജ് സോറോസിന്റെ കൈവരെ സംശയിച്ചവരുണ്ട്.
സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അധികം നീണ്ടുനിന്നില്ല. സംഘാടനത്തിലെ പാളിച്ചയായിരുന്നു കാരണം. ജന്തർ മന്തറിലെ കുട്ടികൾക്ക് ഒന്നിനും മുട്ടുണ്ടായില്ല. അവരവർക്കു വേണ്ടതുമാത്രമല്ല എല്ലാവർക്കും വേണ്ടത് അവർ കരുതി. മർദനത്തിൽ അവർ തളർന്നില്ല. ഒടുവിൽ മർദകർ നിസ്സഹായരും അപമാനിതരുമായി.
വിദ്യാർഥികൾ ഇറങ്ങിയാൽ നെല്ലിപ്പലകകണ്ടേ കയറൂ. പാരീസിലെ സോർബൺമുതൽ അസംവരെ അത് കണ്ടവരാണ് നമ്മൾ. പ്രക്ഷോഭത്തിലൂടെ വിദ്യാർഥികൾ അധികാരത്തിലെത്തിയതിനും ഉദാഹരണങ്ങൾ ഏറെയുണ്ട്. ജയപ്രകാശ് മൂവ്മെൻറിന്റെ അടിസ്ഥാനശക്തി വിദ്യാർഥികളായിരുന്നു. അതും നമുക്ക് അത്ര മതിപ്പില്ലാത്ത ബിഹാറിലെയും ഗുജറാത്തിലെയും വിദ്യാർഥികൾ. അരനൂറ്റാണ്ട് ഉത്തർപ്രദേശും ബിഹാറും ആ കുട്ടികളുടെ കൈയിലായി. നവനിർമാൺസമിതിമുതൽ ജെ.പി.യും അണ്ണ ഹസാരെയുംവരെ ജനാധിപത്യത്തിലെ പാഠങ്ങളാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ വിദ്യാർഥിനേതാവ് മുഖ്യമന്ത്രിയായ കഥയാണ് അസം ഗണ പരിഷത്തിന് പറയാനുള്ളത്.
ഹിന്ദിക്കെതിരേയുള്ള യുദ്ധമോ പ്രതിരോധമോ ആകുമ്പോൾ നമ്മൾ പ്രതീക്ഷയോടെ നോക്കുന്നത് തമിഴ്നാട്ടിലെ വിദ്യാർഥികളെയാണ്. ജയപ്രകാശ് നാരായണനെ പിന്തുടർന്ന വിദ്യാർഥികളുടെ ചരിത്രം അറിയാവുന്നവരാണ് ആർ.എസ്.എസ്. കാര്യാലയത്തിലുള്ളത്. ഭാരതീയ ജനതാപാർട്ടിക്കും അതറിയാം. ജന്തർ മന്തറിലെ വിദ്യാർഥികളും ആ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. അതുകൊണ്ടാണ് അവരുടെ സംഘടനയ്ക്ക് കോക്രോച്ച് ജനതാ പാർട്ടി എന്ന പേരുണ്ടായത്. പാഠങ്ങൾ ഓർക്കേണ്ടതുപോലെ ഓർത്തതുകൊണ്ട് ജന്തർ മന്തറിൽ 1989-ലെ ടിയാനൻമെൻ പുനരാവിഷ്കൃതമായില്ല.
ചീഫ് ജസ്റ്റിസിന്റെ അവിവേകപരാമർശത്തിൽനിന്ന് രൂപംകൊണ്ട പ്രസ്ഥാനമാണ് സി.ജെ.പി. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സുപ്രീം കോടതിയിലിരുന്ന് അദ്ദേഹം പാറ്റകളെന്നും പരാദങ്ങളെന്നും വിളിച്ചു. അവർ ഇന്ത്യൻ പൗരരാണെന്ന് അറിയാത്തയാളല്ല സൂര്യകാന്ത്. അവർ തൊഴിൽരഹിതരാകുന്നത് അവരുടെ കുറ്റംകൊണ്ടല്ല. ഭരണഘടനയുടെ വാഗ്ദാനമാണ് അന്തസ്സുള്ള ജീവിതം. അതിന് അവരും അവകാശികളാണ്. കറുപ്പണിഞ്ഞവരുടെ പരിഹാസം ഏറ്റെടുത്തുകൊണ്ട് അവർ സ്വയം പാറ്റകളായി. വ്യാജ അഭിഭാഷകരെയാണ് താൻ പാറ്റകളെന്ന് വിളിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. വ്യാജത്തെ നേരിടേണ്ടത് പരിഹാസം കൊണ്ടല്ല. കുട്ടികൾ അട്ടിമറിക്കപ്പെട്ട പരീക്ഷയുടെ ഇരകളാണ്. അവസരം നിഷേധിക്കപ്പെട്ടവരാണ്.
ഭൂരിപക്ഷമില്ലാത്ത പാർട്ടിയാണ് ഇന്ന് ഇന്ത്യയിലെ ഭരണകക്ഷി. ആടിയുലയുമ്പോൾ അത് ആന്ദോളനമായി കാണാനാവില്ല. ബംഗ്ളാദേശിലും ശ്രീലങ്കയിലും സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം. അറബ് വസന്തത്തിന് മുന്നോടിയായി മുല്ലപ്പൂക്കൾ എവിടെയും എപ്പോഴും വിടരാം. തെരുവോരത്ത് ഉപജീവനം നടത്തുന്ന മകന്റെ ആത്മാഹുതിയിൽ മനംനൊന്ത അമ്മയുടെ നിസ്സഹായമായ നിശ്ചലതയാണ് ഏകാധിപതികളെ കടയോടെ പിഴുതെറിഞ്ഞ അറബ് വസന്തത്തിനുകാരണമായത്.
മുഖ്യധാരാമാധ്യമങ്ങൾ പ്രക്ഷോഭത്തെ അവഗണിച്ചു. 1977-ലെ ജനതാ പാർട്ടിക്കെന്നപോലെ 2026-ലെ കോക്രോച്ച് ജനതാ പാർട്ടിക്കും മാധ്യമപിന്തുണ ആവശ്യമുണ്ടായിരുന്നില്ല. നിഷേധിക്കപ്പെട്ടത് അവർ നിരാകരിച്ചു. ജനാധിപത്യത്തിലെ ജനശക്തി മാധ്യമങ്ങളല്ലെന്ന് ഗോദി മാധ്യമങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചു.
ഒരു പാറ്റയെ അടിച്ചുകൊല്ലാം. കൂട്ടത്തെ ഹിറ്റ് ചെയ്യാം. പാരാവാരം പോലെയാകുമ്പോൾ പാറ്റകൾ പെരുകുന്നതിന്റെ കാരണം കണ്ടെത്തണം.
Content Highlights: The emergence of the 'Cockroach Janata Party' as a symbol of student resistance against systemic injustice., Analysis of the 2026 protest movement triggered by examination corruption and NEET paper leaks., Historical parallels drawn between the 2026 movement and past student-led political shifts like the JP movement., The role of Gen-Z digital organization in bypassing mainstream media to demand accountability.