‘മണ്ണിലെ മാലാഖ’മാരുടെ ഒഴികഴിവുകളില്ലാത്ത സേവനം; ചിന്തിക്കാറുണ്ടോ നാം അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച്

#എന്‍. സൗമ്യ
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

''ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒഴികഴിവുകളില്ല'' -ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ വാക്കുകൾ ഹൃദയംകൊണ്ട് സ്വീകരിച്ചവരാണ് ഓരോ നഴ്സുമാരും. മുന്നിലെത്തുന്ന രോഗികളെ സ്വന്തമെന്ന തോന്നലോടെ ചേർത്തുപിടിച്ച് സൗഖ്യത്തിന്റെ തീരത്തെത്തിക്കുന്നവർ.

രോഗീപരിചരണമെന്ന് പറയുമ്പോഴേ സൗമ്യമായ മന്ദഹാസത്തോടെ എല്ലാം സുഖപ്പെടുമെന്ന് ചിരിക്കുന്ന നഴ്സുമാരുടെ മുഖമാണ് മനസ്സിൽ തെളിയുക. അതിൽ 90 ശതമാനം പേരും സ്ത്രീകളായിരിക്കും. അതിനുകാരണം പരിചരണമെന്ന് പറയുമ്പോൾ മനസ്സിലെത്തുന്ന അമ്മസ്‌നേഹമോ സഹോദരിയുടെ കരുതലോ ഒക്കെയാവാമെന്ന് നഴ്സുമാർതന്നെ പറയുന്നു.

സുഖകരമാണോ അവരുടെ ജീവിതം

ബെന്യാമിൻ തന്റെ പുസ്തകമായ 'നിശ്ശബ്ദ സഞ്ചാരങ്ങളി'ൽ മലയാളി നഴ്സുമാരുടെ ആഗോളസഞ്ചാരത്തെക്കുറിച്ചാണ് പറഞ്ഞത്. അതുപോലെ കടൽകടന്ന് സഞ്ചരിച്ച് ജീവിതത്തെ ചേർത്തുപിടിച്ച ഒരുപാട് നഴ്സുമാരുണ്ട്. ആരാലും അറിയപ്പെടാതെ പോകുന്ന എത്രയോപേർ. അതുപോലെത്തന്നെയാണ് നമ്മുടെ നാട്ടിലെ സർക്കാർ-സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് നഴ്സുമാരും.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം ഐ.സി.യു.വിൽ ഒരു രോഗിക്ക് ഒരു നഴ്സ് വേണം. സ്‌പെഷ്യാലിറ്റി വാർഡിലാണെങ്കിൽ നാല് രോഗിക്ക് ഒരു നഴ്സും ജനറൽ വാർഡിലാണെങ്കിൽ ആറുപേർക്ക് ഒരു നഴ്സും വേണം. എന്നാൽ, ഇതൊന്നും പാലിക്കാൻ പറ്റുന്ന രീതിയിലുള്ള നഴ്സുമാർ നമ്മുടെ ആതുരാലയങ്ങളിലില്ല. പലയിടത്തും 60 രോഗികളുടെ കാര്യങ്ങൾ നോക്കാൻ രണ്ടോ മൂന്നോ നഴ്സുമാരൊക്കെയാണുണ്ടാവുക. മെഡിക്കൽ കോളേജുകളിലൊക്കെയാകുമ്പോൾ തിരക്ക് കൂടും. സ്‌പെഷ്യാലിറ്റിയും സൂപ്പർ സ്‌പെഷ്യാലിറ്റിയുമായി ചികിത്സ വളരുമ്പോൾ നഴ്സുമാരുടെ എണ്ണം കൂടുന്നില്ല. 500 പേർ വേണ്ടിടത്ത് 400-ൽ താഴെ പേരൊക്കെയാണുണ്ടാവുക. 2016-ൽ സർക്കാർ ആർദ്രം പദ്ധതിയുടെ ഭാഗമായി 3000-ഓളം തസ്തികയുണ്ടാക്കിയതാണ് ഇടയ്ക്കുണ്ടായ ആശ്വാസം.

സ്വകാര്യമേഖലയിലെ വലിയൊരു വിഭാഗം നഴ്സുമാർ ശമ്പളവർധന ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് കഴിഞ്ഞ മാസങ്ങളിലാണ്. ജോലിഭാരവും സമ്മർദവും ഒപ്പം തുച്ഛമായ വേതനവും. തെരുവിലിറങ്ങിയപ്പോഴെല്ലാം അവർ പറഞ്ഞത്, ''ഞങ്ങൾ നിവൃത്തികേടുകൊണ്ടാണ് സമരത്തിനിറങ്ങിയത്. രോഗികളെ ബുദ്ധിമുട്ടിക്കാനോ ആരെയും വെല്ലുവിളിക്കാനോ അല്ലെ''ന്നാണ്. സ്വകാര്യ മേഖലയിൽ മാനേജ്മെന്റുകൾ മാറി വരുന്നതിനൊപ്പം തങ്ങളുടെ നിലനിൽപ്പിലും അതുണ്ടാക്കുന്ന വെല്ലുവിളികൾ അന്ന് അവർ ചൂണ്ടിക്കാണിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ നാളുകൾനീണ്ട സമരത്തിലൂടെയാണ് അവർ അവകാശങ്ങൾ ഉറപ്പാക്കിയത്. ''അന്ന് അത്തരമൊരു സാഹചര്യത്തിലായിരുന്നു സമരത്തിനിറങ്ങിയത്. ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്''- അസോസിയേഷൻ ഭാരവാഹി ജിഷ്ണു അശോക് പറഞ്ഞു.

നയപരമായും പരിഗണിക്കണം

കോവിഡ് മഹാമാരിക്കാലത്താണ് ആരോഗ്യമേഖല നഴ്സുമാരെ ഏറ്റവും സ്‌നേഹിച്ചിട്ടുണ്ടാവുക. അതിനപ്പുറം അർഹമായ നീതി ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്. 'നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി. ശാക്തീകരിക്കപ്പെട്ട നഴ്‌സുമാർ ജീവൻ രക്ഷിക്കുന്നു (അവർ നഴ്സസ് അവർ ഫ്യൂച്ചർ എംപവേഡ് നഴ്സസ് സേവ് ലൈവ്സ്)' എന്നതാണ് ഇത്തവണത്തെ നഴ്സസ്ദിനത്തിന്റെ സന്ദേശം. സേവനം കൂടുതൽ ഗുണപരമാകണമെങ്കിൽ അതിനുതക്ക പ്രാധാന്യവും പ്രാതിനിധ്യവും നഴ്സുമാർക്ക് ഉണ്ടാവണം. ഇപ്പോഴും നയപരമായ തീരുമാനമെടുക്കുമ്പോൾ നഴ്സുമാർക്ക് പങ്കാളിത്തമുണ്ടാകുന്നില്ല. ആ രീതിയിൽ നമ്മുടെ സംവിധാനങ്ങൾ മാറിയാലേ ഈ മേഖല ഇനിയും മെച്ചപ്പെടൂ. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന ഒരുപാട് നഴ്സുമാരുടെ കരുതലിലാണ് ഓരോ ജീവനും. പിറവി മുതൽ അവസാനശ്വാസം വരെ നീളുന്നു ആ കരുതൽ.

ആതുരസേവനത്തിന്റെ നട്ടെല്ലാണ് നഴ്സുമാർ. ശരിക്കും ഒരു കേന്ദ്രബിന്ദു. രോഗിയും ഡോക്ടറും ജീവനക്കാരുമെല്ലാം ചേരുന്ന സേവനത്തിൽ എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് നഴ്സ്. അതുമല്ലെങ്കിൽ വീട്ടിലെ അമ്മ തന്നെയാണ് നഴ്സുമാർ-കെ.പി. ഷീന (കേരള നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് വെൽഫെയർ ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് അംഗം. കേരള ഗവ. നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്)

സമയംനോക്കി ജോലി അവസാനിപ്പിച്ച് ഇറങ്ങിപ്പോകാൻ അവർക്കാവില്ല. ഇപ്പോഴുമുള്ളത് അറുപതാണ്ടുകൾക്കുമുേന്നയുള്ള രോഗീ-നഴ്സ് പാറ്റേൺ ആണ്. രോഗികൾ നഴ്സുമാരോടാണ് കൂടുതൽ തുറന്നുപറയുക. എന്നാൽ, എല്ലാവരിലേക്കും ഓടിയെത്താൻമാത്രം നഴ്സുമാരുണ്ടാകില്ല. എത്ര ആഗ്രഹിച്ചാലും അതിനുപറ്റില്ല- പി.കെ. ബിന്ദു(കേരള ഗവ. നഴ്സസ് യൂണിയൻ ഭാരവാഹി)

Content Highlights: Nurses serve as the backbone of the healthcare system, bridging the gap between patients and doctors., Critical staffing shortages persist, with many facilities failing to meet WHO patient-to-nurse ratios., Economic and professional pressures, including low wages and high stress, continue to impact the nursing workforce., Increased participation of nurses in policy-making is essential for sustainable healthcare improvements., The profession requires systemic changes to ensure both patient safety and nurse well-being.