ആടുകള്‍ കറിയായി രൂപാന്തരപ്പെടുന്ന കോവിലും ദളിതനെ പഞ്ചായത്ത് പ്രസിഡന്റായി വാഴിക്കാത്ത കീരിപ്പെട്ടിയും

ഉസിലാംപെട്ടിയിലെ ഒച്ചാണ്ടമ്മന് കോവിലിനു മുന്നിലെ വിശാലമായ പറമ്പില്‍ നിരവധി അടുപ്പുകളില്‍ നിന്ന്, അസംഖ്യം പാത്രങ്ങളില്‍ നിന്ന് പലതരം ആട്ടിന്‍ കറികളുടെ മണം ഉയര്‍ന്നുപൊങ്ങുന്നുണ്ടായിരുന്നു. എന്തെല്ലാം നിറങ്ങളില്‍, രൂപങ്ങളിലാണ് ആടുകള്‍ കറികളായി രൂപാന്തരം കൊള്ളുന്നത്. ആണുങ്ങളും പെണ്ണുങ്ങളും തകര്‍ത്തു പാചകത്തിലാണ്. കടും നിറങ്ങളില്‍ കട്ടി കരയുള്ള മുണ്ടും അതിലേറെ നിറങ്ങളുള്ള ഷര്‍ട്ടുകളും ധരിച്ച ആണുങ്ങള്, നിറങ്ങളായ നിറങ്ങളെല്ലാം നിറഞ്ഞ ചേലകള്‍ ചുറ്റിയ പെണ്ണുങ്ങള്. നെറ്റി നിറയെ ചന്ദനം പൂശിയ കുട്ടികള്‍. പലരുടെയും തലമുണ്ഡനം ചെയ്തിട്ടുണ്ട്. കാറില്‍ നിന്നിറങ്ങുമ്പോള്‍ ബാലു സ്വാമി പറഞ്ഞു .'നിങ്ങള്‍ പോയി വരൂ, എനിക്ക് ഇവിടെ ഇറങ്ങാന്‍ പാടില്ല . ഞങ്ങളുടെ ജാതിക്കാരെ ഇവിടെ കയറാന്‍ സമ്മതിക്കില്ല. ഞാന്‍ കാറിനുള്ളില്‍ തന്നെ ഇരുന്നോളാം'.
കൊന്നാല്‍ പാപം തിന്നാല്‍ തീരും..
കെട്ടിലും മട്ടിലും പുരാതനത്വം നിറഞ്ഞ ഒച്ചാണ്ടമ്മന് കോവിലിനുള്ളില്‍ തമിഴ്നാട് അമ്പലങ്ങളുടെ സ്ഥിരം ഭാവങ്ങളും രംഗങ്ങളും. ചുവന്ന കുങ്കുമം വാരി പൊതിഞ്ഞ ദൈവങ്ങള്‍. നെറ്റിയില്‍ ചന്ദനവും ഭസ്മവും വാരി പൂശിയ ഭക്തന്മാര്. പുറത്തിറങ്ങുമ്പോള്‍ ബലിപീഠം കണ്ടു. ബലിയാണ് നേര്‍ച്ച .ക്ഷേത്രത്തിനു മുന്പില് തന്നെ രണ്ടു വലിയ കുട്ടകങ്ങളില്‍ രണ്ട് തരം മട്ടന്‍ കറി ഉണ്ടാക്കുകയാണ് നന്ദിനിയുടെ കുടുംബം. രാവിലെ തന്നെ അവളുടെ തലമുടി പറ്റെ വടിച്ചു കഴിഞ്ഞു. ആടിനെ ബലി കൊടുത്ത് അതുപയോഗിച്ച് കറി ഉണ്ടാക്കാമെന്ന് നന്ദിനിക്ക് പനി വന്നപ്പോള്‍ നേര്‍ന്നതാണ്. നേര്‍ച്ച പൂര്‍ത്തീകരിക്കാന്‍ എത്തിയതാണ് നന്ദിനിയുടെ കുടുംബം. 'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന പാട്ടില്‍ വാഴ് വിന് പൊരുള്‍ കണ്ടെത്തിയത് കേട്ടിട്ടുണ്ട്. ഇവിടെ നേരിട്ട് കാണുകയാണ് .
ബലി പലയിടത്തും കണ്ടിട്ടുണ്ട് കൊല്‍ക്കത്തയിലെ കാളി ഘട്ടില്‍, ഗുവാഹട്ടിയിലെ കാമാഖ്യയില്‍.. അവിടെയൊക്കെ പക്ഷേ ബലികൊടുത്ത, രക്തമിറ്റുന്ന മൃഗങ്ങളുമായി പുരോഹിതന്മാര് വീടുകളിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. അമ്പല പരിസരത്ത് തന്നെ കറിവച്ചു തിന്നുന്നത് ആദ്യ കാഴ്ചയാണ്. യാത്രയില്‍ ഒപ്പമുള്ള കൂട്ടുകാരി മീരാ അശോക് ഫോട്ടോകളും വീഡിയോകളും എടുത്ത് തകര്‍ക്കുകയാണ്. എല്ലാം കണ്ടു കഴിഞ്ഞു കാറിനടുത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ മെയിയമ്മ (ഡെക്കാന്‍ ക്രോണിക്കിള്‍ മധുര കറസ്പോണ്ടന്റ്. ഭാഷാസഹായി മാത്രമല്ല യാത്രാപരിപാടി ആസൂത്രണവും മെയിയമ്മയാണ് ചെയ്തത്) ബാലുസ്വാമി പറഞ്ഞത് പരിഭാഷപ്പെടുത്തി തന്നു.
ബാലുസ്വാമിയും ഒച്ചാണ്ടമ്മന്റെ കഥയും
'ബാലുസ്വാമി നമ്മളെ ഇവിടേക്ക് കൊണ്ടുവന്നത് മനപ്പൂര്‍വമാണ്. ഉസിലാംപെട്ടിയിലെ കീരിപ്പെട്ടി, പാപ്പാ പെട്ടി ,നാട്ടാമംഗലം പഞ്ചായത്തുകളുടെ കഥയറിയാന്‍ ഈ അമ്പലത്തില്‍ നിന്നു തുടങ്ങണം.' ബാലു സ്വാമി ഉസിലാംപെട്ടിയിലെ ടാക്സി സ്റ്റാന്‍ഡില്‍ നിന്നാണ് ഞങ്ങളോടൊപ്പം കാറില്‍ കയറിയത്. 'കീരിപെട്ടിയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ' മെയിയമ്മ പരിചയപ്പെടുത്തി.
'ബാലു സ്വാമി',കറുത്ത് മെലിഞ്ഞ് പൊക്കമുള്ള ബാലുസ്വാമി. അലക്കിത്തേച്ച വെള്ള മുണ്ടും ഷര്‍ട്ടും രാഷ്ട്രീയക്കാരുടെ ഭാവം അയാള്‍ക്ക് പകരുന്നുണ്ട് .മുഖത്ത് സ്ഥായിയായ വിനയമുണ്ട്. ശാന്ത പ്രകൃതിയാണ്. ബാലുസ്വാമി ഒച്ചാണ്ടമ്മന്റെ കഥ പറഞ്ഞു, 'ഉയര്‍ന്ന ജാതിക്കാരായ തേവര്‍മാരുടെ അമ്പലം ആണിത്. ഇവിടെ വര്‍ഷംതോറും നടക്കുന്ന ഉത്സവം കൂടാന്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നായാലും തേവര്മാരെത്തും. ഉത്സവാഘോഷത്തിനൊപ്പം അവര്‍ ഒരു തീരുമാനമെടുക്കും. ഒരു ദളിതനെ ഇവിടെ പഞ്ചായത്ത് പ്രസിഡന്റായി ഭരിക്കാന്‍ അനുവദിക്കില്ലെന്ന്! (കീരിപ്പെട്ടിയെ 1993 മുതല്‍ ഗവണ്മെന്റ് ദളിത് സംവരണമണ്ഡലമായി പ്രഖ്യാപിച്ചിരിക്കുകയാണ്) ഉത്സവ യോഗത്തില്‍ വച്ച് തേവര്‍മാര്‍ മറ്റൊരു തീരുമാനം കൂടി എടുക്കും. ഏതു ദളിതനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ടതെന്നത്. ആ ദളിതന് തീര്‍ച്ചയായും അവരുടെ പറമ്പിലെ പണിക്കാരനോ വയലില്‍ കൃഷി ഇറക്കുന്നവനോ ആയിരിക്കും.
ദളിതര്‍ വരാന്‍ മടിക്കുന്ന കീരിപ്പെട്ടിയുടെ ഭരണമുഖം
തിരഞ്ഞെടുപ്പിന് വിജ്ഞാപനം വരുമ്പോള്‍ കോവില്‍ യോഗത്തില്‍ തീരുമാനിച്ച ദളിതനെ കൊണ്ട് നോമിനേഷന് കൊടുപ്പിക്കും. ഒരേയൊരു നോമിനേഷന് മാത്രമേ ഉണ്ടാവൂ എന്നതുറപ്പാണ്. തേവര്മാരെ ധിക്കരിക്കാന്‍ പോന്നവര്‍ ആരും നാട്ടിലില്ല. നോമിനേഷനില്‍ കൈവിരല്‍ പാട് പതിക്കുന്നതിനൊപ്പം സ്ഥാനാര്‍ത്ഥിയായി നില്ക്കുന്ന ദളിതന്റെ കൈ വിരല്‍ പാട് തേവര്‍മാര്‍ മറ്റൊരു അപേക്ഷയില്‍ കൂടി പതിപ്പിച്ചു എടുക്കും. അത് അവന്റെ രാജി അപേക്ഷയാണ്. അവര്‍ തീരുമാനിച്ച ഒരേയൊരു സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. പിറ്റേന്നു രാവിലെ മുന്‍കൂട്ടി തയ്യാറാക്കി വിരലടയാളം പതിപ്പിച്ച രാജിക്കത്ത് അധികാരികളുടെ മുന്നില്‍ എത്തും. സ്വാഭാവികമായി അധികാരസ്ഥാനത്തുള്ളവര്‍ ചോദിക്കും
' നീ എന്തിനു രാജിവെക്കുന്നു'?, ദളിതന് പറയും
'എനിക്ക് വയ്യ, എന്നെക്കൊണ്ട് പറ്റില്ല, എനിക്ക് പേടിയാണ്,ഭരണത്തിലേക്ക് വരാന്‍ '.അയാളുടെ രാജിക്കത്ത് വാങ്ങി സര്‍ക്കാര്‍ സംവിധാനം വീണ്ടും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആറുമാസം കഴിയുമ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ്, കഥയുടെ തനിയാവര്‍ത്തനം. ഇങ്ങനെ 1995 മുതല്‍ 2005 വരെ ഏതാണ്ട് പത്ത് വര്‍ഷത്തോളം ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു .2002 ഏപ്രിലില്‍ പാപ്പാപ്പെട്ടിയില് നിന്ന് വിജയിച്ച എസ് തേനികോടിയും 2003 ഒക്ടോബറില്‍ കെ അഴകരും രാജിവെച്ചത് 'സ്വകാര്യ പ്രശ്നങ്ങള്‍ കാരണം 'എന്ന് എഴുതിക്കൊടുത്തു കൊണ്ടായിരുന്നു.
തുടരുന്ന രാജികഥ
2002 ഏപ്രിലില്‍ കീരിപ്പെട്ടിയില് നിന്ന് വിജയിച്ച കറുത്ത കണ്ണനും രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. മൂന്നു വോട്ടുകള്‍ ഒക്കെയാണ് ഓരോ പ്രാവശ്യവും ഈ മേഖലകളിള്‍ പോള്‍ ചെയ്യപ്പെടുന്നത്. ദളിതര്‍ കൃഷി കാര്യങ്ങളില്‍ മാത്രമല്ല വോട്ട് ചെയ്യുന്നതിലും ജാതിഹിന്ദുക്കളുടെ അടിമത്വം സ്വീകരിക്കേണ്ടിവരുന്നു. 'ഇതുവരെ ഞങ്ങള്‍ക്ക് മുന്നില്‍ കയ്യുംകെട്ടി ഓഛാനിച്ചു നിന്നവര്‍ കസേരയിലിരുന്നു ഭരിക്കുകയോ ? പറ്റില്ല പറ്റില്ല' എന്ന് ഉയര്‍ന്ന ജാതിക്കാര്‍ പറഞ്ഞത് സത്യമാണെന്നും അനുസരിക്കേണ്ടതാണെന്നും ദളിതര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു .
ചുരുളഴിയാത്ത ദുരൂഹത
2002 ല്‍ നാട്ടാമംഗലത്ത് രണ്ടുപേര്‍ മത്സരത്തിനെത്തി. ഒരാള്‍ ഉയര്‍ന്ന ജാതിക്കാരുടെ സ്ഥാനാര്‍ഥി. മറ്റൊരാള്‍ സ്വയം തെരഞ്ഞെടുപ്പില്‍ നിന്ന ഒരു ദളിത് സ്ഥാനാര്‍ഥി. പത്രിക സമര്‍പ്പിച്ച ശേഷം സ്വയം പത്രിക നല്‍കിയയാള്‍ പേടിച്ചു ഗ്രാമത്തില്‍നിന്ന് ഒളിച്ചോടിപ്പോയി. ഉയര്‍ന്ന ജാതിക്കാരുടെ സ്ഥാനാര്‍ത്ഥി വിജയിച്ചു. പാപ്പാപ്പെട്ടിയിലും ഇതേ കഥ തന്നെ നടന്നു. കീരിപ്പെട്ടിയില് വിടുതലൈ. ചിരുതൈഗള്‍ കച്ചി (വി സി കെ ) ദ്രവീഡിയന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടി( തോഴന് തിരുമാവല്ലവന്) എന്നിവയുടെ പിന്തുണയോടെ നരസിംഹന് എന്ന ദളിത് പത്രിക കൊടുത്തു. കളക്ടറും മറ്റും പിന്തുണച്ചു. പത്രിക കൊടുത്ത ശേഷം അയാള്‍ മധുരയിലേക്ക് ഓടിപ്പോയി. തിരഞ്ഞെടുപ്പില്‍ ജയിച്ചു രണ്ടുമാസം കഴിഞ്ഞ് മടങ്ങി ഗ്രാമത്തിലേക്ക് വന്നു .പോലീസ് സംരക്ഷണത്തില്‍ ഗ്രാമത്തില്‍ വന്ന് കുളികഴിഞ്ഞ് കടയില്‍ കയറി ചായ കുടിച്ചു. അല്പനിമിഷത്തിനകം അയാള്‍ അവിടെ തന്നെ മരിച്ചുവീണു. ഇന്നും ചുരുളഴിയാത്ത ദുരൂഹത .
എങ്ങുമെത്താതെ അന്വേഷണം
പോലീസ് അന്വേഷണം ഒക്കെ നടന്നു. ഒന്നും തെളിഞ്ഞില്ല. ഗ്രാമത്തിലെ ദളിത് ജനവിഭാഗം നരസിംഹന്റെ ശരീരം ഏറ്റുവാങ്ങാനും സംസ്കരിക്കാനും തയ്യാറായില്ല. പ്രശ്നം അറിഞ്ഞു ചിരുതൈഗള്കച്ചി നേതാവ് തിരുമാവല്ലവന് മധുരയിലെത്തി. അയാളെ നാട്ടിലേക്ക് വരാന്‍ സമ്മതിക്കില്ല എന്ന് പോലീസ് പറഞ്ഞു. കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ചു തിരുമാവല്ലവന് വന്നു. തേവര്‍മാര്‍ എതിര്‍ത്തു. തിരുമാവല്ലവനു സംരക്ഷണം നല്‍കാതെ പറ്റില്ലെന്നായി. പോലീസ് അയാള്‍ക്ക് സംരക്ഷണം നല്കി. പകുതിയോളം ദളിതര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തില്ല . അതോടുകൂടി പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ധാരാളം പേര് ഗ്രാമം വിട്ടുപോയി . ഇതേസമയത്ത് പാപ്പാപ്പെട്ടിയിലും നാട്ടാ മംഗലത്തും പ്രസിഡന്റുമാര്‍ രാജിവച്ചു. 2006 ല്‍ മുഖ്യമന്ത്രി കരുണാനിധി ഏതുവിധേനയും ഈ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു .
ഊരുവിലക്കും മാറ്റത്തിന്റെ തുടക്കവും
കീരിപ്പെട്ടിയില് വി സി കെ പിന്തുണയോടെ പൂങ്കുടിയാര് എന്നയാള്‍ നോമിനേഷന് കൊടുത്തു. ആക്രമണം ഭയന്ന് അയാള്‍ മധുരയ്ക്ക് പോയി. ദേഷ്യം തീര്‍ക്കാന്‍ ദളിതുകളുടെ വീടുകള്‍ ഉയര്‍ന്ന ജാതിക്കാര്‍ നശിപ്പിച്ചു .ബാലു സ്വാമിയുടെ സഹോദരനാണ് പൂങ്കുടിയാരുടെ നോമിനേഷന് സപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് പൂങ്കുടിയാരുടെ കുടുംബത്തിനൊപ്പം ബാലുസ്വാമിയുടെ കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തി. ബാലു സ്വാമിക്ക് അപ്പോള്‍ ഒരു ചിന്ത വന്നു. ഏതായാലും ഊരുവിലക്ക് വന്നു. എന്നാല്‍ പിന്നെ ഞാന്‍ തന്നെ മത്സരിച്ചാല്‍ എന്താ ? ഒരു ദളിത് സീറ്റ് ഇങ്ങനെ പാഴാവാന്‍ പാടില്ലല്ലോ. സ്വതന്ത്രനായി പത്രിക കൊടുത്ത് ബാലുസ്വാമി ഗ്രാമം വിട്ടു. മധുരയില്‍ താമസം തുടങ്ങി. സിപിഎം ബാലു സ്വാമിയുടെ തുണയ്ക്ക് എത്തി. അവര്‍ കൊണ്ടുപോയി ഒരാഴ്ച ഒളിവില്‍ താമസിപിച്ചു . പിന്നീട് കളക്ടറുടെ അടുത്തു കൊണ്ടുപോയി.
കളക്ടര്‍ കര്‍ക്കശക്കാരനായിരുന്നു. കളക്ടര്‍ ഉയര്‍ന്ന ജാതിക്കാരെ വിരട്ടി. കളക്ടറുടെ ഭീഷണിക്കുമുന്നില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് വഴങ്ങാതെ നിവര്‍ത്തിയില്ല എന്നായി. ബാലു സ്വാമിക്കെതിരെ അവര്‍ മറ്റാരെയും നിര്‍ത്തിയില്ല. ബാലു സ്വാമിക്ക് സിപിഎമ്മും ഗവണ്മെന്റും കനത്ത സുരക്ഷിതത്വം നല്കി .
ബാലുസ്വാമി ജയിച്ചു ' എല്ലാവരും ഞെട്ടി. തേവര്മ്മാര്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ദളിതുകളും ഭയന്നു. എന്നോട് മിണ്ടാന്‍ കൂടി ദളിതര്‍ ഉള്‍പ്പെടെ ആരും തയ്യാറായില്ല. അഞ്ചുവര്‍ഷം പോലീസ് സംരക്ഷണത്തിലാണ് ഞാന്‍ കഴിഞ്ഞത് . പോലീസുകാരോട് മാത്രമാണ് ഞാന്‍ അക്കാലത്ത് മിണ്ടിയിട്ടുള്ളത് . സ്വന്തം നാട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന അവസ്ഥ. അതാണ് ഞാന്‍ അനുഭവിച്ചത്.' പോലീസ് സഹായത്തോടെ ധാരാളം വികസനപദ്ധതികള്‍ നടത്തിയെന്ന് ബാലുസ്വാമി പറഞ്ഞു .'ദളിതര്‍ക്ക് വേണ്ടി മാത്രമല്ല ഞാന്‍ കാര്യങ്ങള്‍ ചെയ്തത്. തേവര്മാര്ക്കുവേണ്ടിയും കല്യാണ മണ്ഡപം ഉണ്ടാക്കി കൊടുത്തു. വായനശാല , ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക് സിമന്റ് റോഡുകള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി .'
വികസനം തേവര്‍മാര്‍ക്ക് മാത്രം
ഗ്രാമത്തിന് നന്മ കൊണ്ടുവരാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തോടെ അടുത്ത തെരഞ്ഞെടുപ്പിലും ബാലുസ്വാമി നാമനിര്‍ദ്ദേശപത്രിക നല്കി. ഇത്തവണ ഉയര്‍ന്ന ജാതിക്കാര്‍ പരാജയപ്പെടാന്‍ തയ്യാറായിരുന്നില്ല. അവര്‍ ബുദ്ധിപൂര്‍വ്വം തന്നെ കാര്യങ്ങള്‍ നോക്കി. മൊക്കകാള എന്ന ദളിത് സ്ഥാനാര്‍ഥിയെ അവര്‍ പ്രഖ്യാപിച്ചു. ഗ്രാമത്തിലെ തൂപ്പുകാരന് ആയിരുന്നു മൊക്കകാള. മറ്റാര്‍ക്കും വോട്ടു നല്‍കരുതെന്ന് തേവര് അന്ത്യശാസനം നല്കി. അക്കുറി ആറു പേര് കീരിപ്പെട്ടിയില് പത്രിക നല്കാന് മുന്നോട്ടുവന്നു. ബാലുസ്വാമിക്ക് പുറമേ സുബ്രന് ,ചിന്നസ്വാമി ,പളനി തുടങ്ങിയ ദളിത് സ്ഥാനാര്‍ഥികള്‍ വന്നെങ്കിലും ഉയര്‍ന്ന ജാതിക്കാര്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ അവരെ അനുവദിച്ചില്ല .ഭീഷണികളിലൂടെ , അക്രമങ്ങളിലൂടെ അവര്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചു .മൊക്കകാള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
'ഭരണം പൂര്‍ണ്ണമായും തേവര്‍മാരുടെ കയ്യിലാണ് ഇപ്പോള്‍ . അവര്‍ പറയുന്നത് ചെയ്തുകൊടുക്കുക മാത്രമാണ് മൊക്കകാള ചെയ്യുന്നത്.ഏതായാലും ഞാന്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വികസനം വഴിമുട്ടി നില്ക്കുന്നു. ആകെ നടക്കുന്ന വികസനം തേവര് മാര്‍ക്ക് വേണ്ടി മാത്രം .'ബാലു സ്വാമിയുടെ അവസ്ഥ ഞാന്‍ കാണുമ്പോള്‍ വളരെ പരിതാപകരമായിരുന്നു. പണ്ട് അയാളോട് മിണ്ടാന്‍ പോലീസ് എങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ കഴിയുന്നതും ആളുകള്‍ അയാളെ ഒഴിവാക്കുന്നു .ഉയര്‍ന്ന ജാതിക്കാരെ പേടിച്ച് ദളിതുകളും മിണ്ടുന്നില്ല. 'ഉസിലാം പെട്ടിയിലാണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത് .
പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് .പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോള്‍ കിട്ടിയ അനുഭവ സമ്പത്താണ് ഇപ്പോള്‍ ജീവിതമാര്‍ഗം. പഞ്ചായത് ഓഫീസില്‍ കാര്യങ്ങള്‍ എങ്ങനെ നടക്കും എന്ന് ഇപ്പോള്‍ ഗ്രാമത്തില്‍ ആകെ അറിയുന്നത് ബാലു സ്വാമിയ്ക്കാണ്. മൂന്നാം ക്ലാസ് വരെയേ പഠിച്ചു ള്ളുവെങ്കിലും ജീവിതം നല്കിയ അറിവ് ബാലുസ്വാമി സ്വന്തം വരുമാനത്തിന് വേണ്ടിയും മറ്റുള്ളവര്‍ക്ക് സഹായത്തിനുമായി വിനിയോഗിക്കുന്നു . പഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്ക് പേപ്പറുകളും മറ്റും പൂരിപ്പിച്ചു കൊടുത്തും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ആണ് ഇപ്പോള്‍ ബാലു സ്വാമി ജീവിക്കുന്നത് .പെരുമാറ്റത്തിലും വേഷത്തിലുംവ്യത്യസ്തതയും മാന്യതയും പുലര്‍ത്തുന്ന ബാലുസ്വാമി ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയാണ്. ദളിത് പീഡനവും അവഗണനയും ഏറ്റവും കൂടുതല്‍ നിലനിന്നിരുന്ന ഒരു പ്രദേശത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡന്റ് ആയ ഒരാള്‍ .സംവരണത്തെ കുറിച്ച് കഥയേക്കാള്‍ സംഭ്രമജനകമായ അധ്യായം രചിച്ച ഒരാള്‍...
Content Highlights: story of baluswamy and a village named keeripetty