ഓര്‍മ്മയുണ്ടോ ചിപ്‌കോ നായികമാരെ, ഇന്നിവര്‍ പറയും പലായനത്തിന്റെ കഥ

ഹരിദ്വാറില്‍ നിന്ന് ജോഷിമഠിലേക്ക് ബസില്‍ പത്ത് മണിക്കൂര്‍ സഞ്ചരിക്കണം. റെയ്‌നി ഗ്രാമത്തിലേയ്ക്ക് ബസ്സില്ല. ഒന്നുകില്‍ ടാക്‌സി വിളിക്കാം, അല്ലായെങ്കില്‍ ഷെയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാം. തപോവനിലേയ്ക്കും റെയ്‌നിയിലേയ്ക്കും പോകാനൊരുങ്ങി മൂന്ന് ടാറ്റാ സുമോകള്‍ ജോഷിമഠ് അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അര മണിക്കൂറോളം കാത്തുനിന്ന്, കുറച്ചാളുകളുമായി ടാറ്റാ സുമോ റെയ്‌നിയിലേയ്ക്കുള്ള യാത്ര തുടങ്ങി. എല്ലാവരും റെയ്‌നിയിലേയ്ക്ക് തന്നെ.
വഴിയുടെ വലതു ഭാഗത്ത് വലിയ മലനിരയാണ്. ഏത് നിമിഷവും താഴേയ്ക്ക് പതിക്കും എന്ന് തോന്നിക്കുന്ന മല. മല കൊത്തിത്തുരന്ന് പണിത റോഡ്. ഇടത് ഭാഗത്ത് വലിയ കൊക്ക. അതിനും താഴെ ഋഷി ഗംഗ നദി സുന്ദരമായി ഒഴുകുന്നു. ഇരു മലകള്‍ക്കിടയിലൂടെ ഒഴുകുന്ന ഋഷി ഗംഗ അല്‍പ്പ ദൂരം പിന്നിട്ടാല്‍ അളകനന്ദയില്‍ പതിക്കും. ഇക്കാണുന്നതെല്ലാം ഈ പുഴയുടേയും ഈ മലയുടേയും ശാന്ത ഭാവം മാത്രമാണ്. മഞ്ഞ് മല ഇടിഞ്ഞൊഴികിയും കുന്ന് ഇടിഞ്ഞ് താണും പുഴയും മലയും ഇവിടെ രൗദ്ര ഭാവം കാണിക്കാറുണ്ട്. ഓരോ തവണയും അനേകം മനുഷ്യര്‍ ആ മണ്ണിനും വെള്ളത്തിനുമൊപ്പം ഒഴുകിപ്പോകും. അനേകം ഗ്രാമങ്ങളില്‍ വീണ്ടെടുക്കാനാകാത്ത വിധം ദുരിതം സമ്മാനിക്കും. അപ്പോഴൊക്കെയും പ്രതീക്ഷയോടെ എന്തോ ഒന്ന് ഇവിടെ മനുഷ്യരെ ഈ മലനിരകളില്‍ത്തന്നെ പിടിച്ച് നിര്‍ത്തും.
തപോവനും കടന്ന് വേണം റെയ്‌നിയിലെത്താന്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന റോഡാണിത്. പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ നിന്ന് പട്ടണത്തിലെ ക്യാംപുകളിലേയ്ക്കും തിരിച്ചും യാത്രചെയ്യുന്ന, അവര്‍ക്ക് എല്ലാ സൗകര്യവും എത്തിച്ച് നല്‍കുന്ന വഴി. 1962ലെ ഇന്ത്യ-ചൈന യുദ്ധ ശേഷമാണ് ഈ വഴി വികസിപ്പിച്ചത്. റെയ്‌നി ഉള്‍പ്പെടുന്ന മേഖലയില്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം ശക്തമാക്കിയതും യുദ്ധത്തിന് ശേഷം തന്നെ. എന്നാല്‍ അതിരോ, യുദ്ധമോ, മോഹിപ്പിക്കുന്ന ഭംഗിയോ അല്ല റെയ്‌നി എന്ന ഇന്ത്യയിലെ വിദൂരമായ ഒരു ഗ്രാമത്തെ ലോക ശ്രദ്ധയില്‍ എത്തിച്ചത്. 'ചേര്‍ന്ന് നില്‍ക്കു, ആവാസ വ്യവസ്ഥയാണ് നമ്മുടെ സ്ഥിര സമ്പത്ത്' എന്ന ആഹ്വാനവും അതിനെത്തുടര്‍ന്നുള്ള മുദ്രാവാക്യങ്ങളും മനുഷ്യരുടെ ഒത്തു ചേരലും സമരങ്ങളുമാണ്. ചിപ്‌കോ ആന്ദോളന്‍ എന്ന് ഇന്നാട്ടുകാര്‍ വിളിച്ചു തുടങ്ങിയ മുന്നേറ്റമാണ്.
ചിപ്‌കോ പ്രസ്ഥാനത്തേയും ഗൗര ദേവിയേയും കുറിച്ച് അറിയാനാണ് വന്നത് എന്ന് പറഞ്ഞപ്പോള്‍ ടാറ്റാ സുമോയിലെ സഹയാത്രികര്‍ക്ക് സന്തോഷം. കൂട്ടത്തിലെ യുവതി രശ്മി ദേവി സംസാരത്തിന് തുടക്കമിട്ടു. കാട് സംരക്ഷിക്കാനായി തന്റെ ഗ്രാമം നടത്തിയ പോരാട്ടമാണ് ചിപ്‌കോ സമരമായി അടയാളപ്പെടുത്തപ്പെട്ടത് എന്ന് രശ്മി ദേവിയ്ക്കറിയാം. ഗൗര ദേവി എന്ന അയല്‍ക്കാരി ആ സമരത്തിന്റെ നായികയായിരുന്നുവെന്നും അതൊരു വിജയിച്ച സമരമായിരുന്നുവെന്നുമറിയാം. ''സമരത്തില്‍ പങ്കെടുത്ത ഊഖ ദേവിയും സുഹൃത്തുക്കളും ഗ്രാമത്തിലുണ്ട്. പരിചയപ്പെടുത്തിത്തരാം.'' - രശ്മി ദേവി സഹായ ഹസ്തം നീട്ടി.
പിറകിലെ സീറ്റിലിരുന്ന ചന്ദര്‍ സിംഗിന് ഗൗര ദേവിയെക്കുറിച്ച് അല്‍പ്പം കൂടി പറയാനുണ്ടായിരുന്നു. '' ഇവിടെ മരങ്ങള്‍ മുറിച്ച് മാറ്റുന്നത് കുറേ ഗ്രാമങ്ങള്‍ ഒരുമിച്ച് നിന്ന് തടഞ്ഞു. കാട്ടിലെ മരങ്ങള്‍ വെട്ടാന്‍ വന്നവരെ ഓടിച്ചു വിട്ടു. അതിന് ശേഷമാണ് ഗൗരദേവി നേതാവായി ഉയര്‍ന്നത്. എന്തിനും ഗ്രാമീണരോടൊപ്പമുണ്ടായിരുന്നു ഗൗര ദേവി. ഗ്രാമം നിര്‍മ്മിക്കു, മരങ്ങള്‍ വെച്ച് പിടിപ്പിക്കു എന്ന് പറഞ്ഞ് അവര്‍ നാടിനെ നയിച്ചു. മരങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രാമങ്ങളും ഉണ്ടാകും. മരങ്ങള്‍ നശിച്ചാല്‍ ഗ്രാമങ്ങളും നശിക്കും.'' വളരെ സാധാരണക്കാരനായ ഒരു ഗ്രാമീണനാണ് ചന്ദര്‍ സിംഗ്. നാട്ടില്‍ത്തന്നെ തൊഴിലെടുത്ത് ജീവിക്കുന്നയാള്‍. അദ്ദേഹം ഉള്‍പ്പെടെ ഇന്നാട്ടിലെ എല്ലാവരിലും അതിശക്തമായ പാരിസ്ഥിതിക അവബോധം നിറച്ചാണ് ചിപ്‌കോ പ്രസ്ഥാനം കടന്നു പോയത് എന്ന് ആ വാക്കുകളില്‍ നിന്ന് വ്യക്തം.
വാഹനം ഇടയ്ക്ക് തപോവനില്‍ നിര്‍ത്തി. ജോഷിമഠില്‍ നിന്ന് റെയ്‌നിയിലേക്കുള്ള യാത്രയിലെ ആദ്യത്തേയും അവസാനത്തേയും ഇടത്താവളം. ഗ്രാമീണര്‍ അവശ്യ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന പ്രധാന ഇടമാണ് തപോവന്‍. മിക്ക വാഹനങ്ങളും ഇവിടെ യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. കുറച്ചെണ്ണം മാത്രം ഗ്രാമീണരേയും കൊണ്ട് റെയ്‌നിയിലേയ്ക്ക് സഞ്ചരിക്കും. യാത്ര തുടര്‍ന്നപ്പോള്‍ താഴെ ഋഷി ഗംഗയില്‍ പുതിയ ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കണ്ടു. 2021 ലെ മിന്നല്‍പ്രളയം ഈ പദ്ധതിയെ തകര്‍ത്തുകളഞ്ഞിരുന്നു. കുറേയേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒലിച്ചു പോയി എന്നത് മാത്രമല്ല, ഇവിടെ തൊഴിലെടുക്കാനായി പല നാടുകളില്‍ നിന്ന് വന്ന ഇരുന്നൂറോളം പേരാണ് അന്ന് മരിച്ചത്. പലരുടേയും മൃതദേഹം ഈ നിമിഷം വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുന്ദര്‍ലാല്‍ ബഹുഗുണയും ചണ്ടി പ്രസാദ് ഭട്ടുമെല്ലാം എതിര്‍ത്ത വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവരുടെ നാട്ടില്‍ യഥേഷ്ടം നടക്കുന്നുണ്ട് ഇപ്പോള്‍.
ഓരത്തേയ്ക്ക് ഒതുക്കി നിര്‍ത്തി, എതിരെ വരുന്ന വാഹനത്തിന് വഴി കൊടുത്തും. ആയാസപ്പെട്ട് കയറിയും തിരിച്ചും മലനിരകളിലേയ്ക്കും താഴെ കൊക്കയിലേയ്ക്കും നോക്കിയുള്ള യാത്ര അവസാനിക്കുകയാണ്. വാഹനം റെയ്‌നി ഗ്രാമ കവാടത്തിലെത്തി. ഇവിടെ നിന്ന് നടന്ന് കയറി വേണം ഗ്രാമത്തിലെത്താന്‍, രശ്മി ദേവി വഴികാട്ടിയായി. ഗ്രാമത്തിന് ഒരു ചെറു കവാടം. മാര്‍ബിളില്‍ തീര്‍ത്ത കവാടത്തിന് മുകളില്‍ കുറേയേറെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. ഈ ഗ്രാമത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ചിപ്‌കോ സമര പോരാളികളുടെ പേര്. ഓരോ കയറ്റിറക്കങ്ങളിലും ഈ ഗ്രാമീണരും ഇവിടെയെത്തുന്നവരും ആ പേരുകള്‍ കാണും. ഗൗര ദേവിയുടേയും കൂടെ സമരത്തിനിറങ്ങിയവരുടേയും പേര് ഗ്രാമമുള്ള കാലം വരെ മുഴങ്ങിത്തന്നെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഇന്നാട്ടുകാര്‍.
നമ്മുടെ രാജ്യത്തിനും ലോകത്തിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ, മെച്ചപ്പെട്ട പാഠം സംഭാവന നല്‍കിയ പോരാട്ടത്തിന്റെ പേരാണ് ചിപ്‌കോ. കൃത്യം അര നൂറ്റാണ്ട് മുമ്പ് ഈ ഗ്രാമം സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു ചരിത്രം രചിച്ചു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ഉത്തരാഖണ്ഡ്. കാടുകളില്‍ നിന്ന് വ്യാവസായിക ആവശ്യത്തിന് മരം മുറിക്കാനുള്ള അനുമതി അന്ന് സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കി. കായിക മത്സരങ്ങളുടെ ആവശ്യത്തിനായി ചില സാധനങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന സൈമണ്‍സ് എന്ന ഒരു സ്ഥാപനം അന്ന് അലഹബാദില്‍ പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്കാണ് റെയ്‌നി ഗ്രാമത്തിലെ കാടുകളിലുള്ള മരം മുറിക്കാന്‍ അനുമതി ലഭിച്ചത്. കാടുകളില്‍ നിന്ന് ഇങ്ങനെ മരം മുറിച്ച് കടത്തുന്നതിനെതിരെ 1970 മുതല്‍ റെയ്‌നി ഉള്‍പ്പെടുന്ന ചാമോലി ജില്ലയിലും അതോട് ചേര്‍ന്ന ഹിമാലയ ഗ്രാമങ്ങളിലും പ്രതിഷേധം വളര്‍ന്നിരുന്നു. ഗാന്ധിയായിരുന്നു സമരക്കാരുടെ വഴികാട്ടി, അക്രമമില്ലാത്ത സമരങ്ങള്‍. സമാധാനപരമായി സംഘം ചേര്‍ന്നും മുദ്രാവാക്യം വിളിച്ചും ഗ്രാമീണര്‍ കാടിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. 1972 ഡിസംബര്‍ മാസം ഉത്തരകാശിയിലും പുരോലയിലുമെല്ലാം ജനങ്ങള്‍ സംഘടിച്ച് മരം മുറിയെ എതിര്‍ത്ത് തോല്‍പ്പിച്ചു. 1973ല്‍ ചാമോലിയിലെ മണ്ഡല്‍ ഗ്രാമവും മരം മുറിയെ പ്രതിരോധിച്ചു. 14 അശോക മരങ്ങള്‍ മുറിച്ചു കൊണ്ടുപോകാനെത്തിയ സംഘത്തിന് മുന്നില്‍ ജനങ്ങള്‍ അണിനിരന്നു. ചണ്ടി പ്രസാദ് ഭട്ട് ആയിരുന്നു സമര നേതൃത്വം.
കാടിനെ കെട്ടിപ്പിടിക്കുന്നു
കാടിനെ അറിഞ്ഞ്, കാട്ടില്‍ നിന്ന് ഭക്ഷണം കണ്ടെത്തി ജീവിച്ചവരാണ് ചാമോലിയിലെ മലനിരകളില്‍ താമസിച്ച ജനങ്ങള്‍. അവര്‍ ജീവിച്ച പരിസ്ഥിതിയില്‍ പെടുന്നനെയുണ്ടായ മാറ്റങ്ങള്‍ പേടിയോടെയും അത്ഭുതത്തോടെയും നോക്കി നില്‍ക്കേണ്ടി വന്നതോടെ ജനം പ്രതിരോധിക്കാന്‍ നിശ്ചയിക്കുകയായിരുന്നു. 1962ലെ ഇന്ത്യ - ചൈന യുദ്ധം അതിര്‍ത്തി മേഖലയുടെ സ്വഭാവം മാറ്റിക്കളഞ്ഞു. അതിര്‍ത്തി സംരക്ഷണത്തിന് സൈനികരുടെ യാത്ര സുഗമമാക്കാനും അവര്‍ക്ക് സാധന സാമഗ്രികള്‍ എത്തിക്കാനുമെല്ലാമായി അതിര്‍ത്തിയിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തലും സൈനിക താവളങ്ങളുടെ വികസനവും എല്ലാം സര്‍ക്കാര്‍ ത്വരിത ഗതിയില്‍ ആരംഭിച്ചു. കുന്നിടിക്കലും മരംമുറിക്കലും വ്യാപകമായി. അതിനൊപ്പമാണ് കാടുകളില്‍ നിന്ന് മരം മുറിക്കാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന നയവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാം നിസ്സംഗമായി നോക്കി നില്‍ക്കുക മാത്രമാണ് റെയ്‌നി ഗ്രാമവും സമീപവാസികളും ചെയ്തത്. എന്നാല്‍ 1970 ഈ നിലയെ ആകെ മാറ്റി. ഒരു മിന്നല്‍പ്രളയം ഗ്രാമങ്ങളെ നടുക്കിക്കളഞ്ഞു. അനേകം സഹോദരങ്ങള്‍ മരിച്ചു പോയി. കുടിലുകളും കൃഷിയിടങ്ങളും പ്രളയം കൊണ്ടുപോയി. പരസ്പര സ്‌നേഹം മാത്രമായിരുന്നു പുഴയും മലയും മനുഷ്യരുമെല്ലാം ഈ ഗ്രാമങ്ങളില്‍. എന്നാല്‍ ആ മിന്നല്‍പ്രളയം എല്ലാം തകിടം മറിയ്ക്കുകയായിരുന്നു. എന്താണ് ഈ പ്രളയത്തിന് കാരണം എന്ന് അന്വേഷിച്ച് നാട്ടുകാര്‍ ഇറങ്ങി. ചണ്ടി പ്രസാദ് ഭട്ടും സുന്ദര്‍ ലാല്‍ ബഹുഗുണയും അതിന് നേതൃത്വമായി. സ്വാഭാവിക പ്രകൃതിയ്ക്ക് മനുഷ്യരായി ദോഷം വരുത്തിയ ഇടങ്ങളിലെല്ലാം പ്രളയം അതി ഭീകരമായി ബാധിച്ചു എന്ന് ഗ്രാമീണര്‍ കണ്ടെത്തി. മരങ്ങള്‍ മുറിക്കുകയും മല തുരന്ന് വഴിയുണ്ടാക്കുകയും ചെയ്തത് ഈ പ്രദേശത്തെ ഉലച്ചു കളഞ്ഞു എന്ന ബോധ്യം നാട്ടുകാരില്‍ വന്നു. ഞങ്ങടെ കാടുകളില്‍ നിന്ന് ഇനി മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ല എന്ന് ജനങ്ങള്‍ നിശ്ചയിച്ചു. മരവും മലയും കാടും പുഴയും മനുഷ്യനുമെല്ലാം ചേര്‍ന്ന ആവാസ വ്യവസ്ഥയേയും അതിജീവനത്തേയും കുറിച്ച് അറിയാത്ത ഗ്രാമീണരെ അറിയുന്നവര്‍ പറഞ്ഞ് മനസ്സിലാക്കി. ആ മുന്നേറ്റം ചിപ്‌കോ എന്ന പ്രസ്ഥാനമായി വളര്‍ന്നു. ഗ്രാമങ്ങള്‍ തോറും ആ ആശയത്തിന്റെ തീപ്പടര്‍ന്നു. യോഗങ്ങളില്‍ സമരാഹ്വാനങ്ങളും ഉയര്‍ന്നു.
കുത്തനേയുള്ള പടികള്‍ കയറി റെയ്‌നി ഗ്രാമത്തിലേയ്ക്കുള്ള വഴികാട്ടുകയാണ് രശ്മി ദേവി. കയ്യിലൊരു ചെറു പാത്രവുമായി എതിരെ ഒരു മുത്തശ്ശി വരുന്നുണ്ട്. രശ്മി പരിചയപ്പെടുത്തി.
'' ഇതാണ് ഊഖാ ദേവി. അന്ന് സമരത്തില്‍ പങ്കെടുത്തയാളാണ്.''
1974 മാര്‍ച്ച് മാസം 26ന് നേരം വെളുത്ത സമയത്താണ് ഊഖാ ദേവിയും ചിപ്‌കോ സമരത്തിന്റെ ഭാഗമായത്.
കയ്യിലെ പാത്രം വഴിയരികിലേയ്ക്ക് ഒതുക്കിവെച്ച് ഊഖാ ദേവി ആ ദിവസം വീണ്ടും ഓര്‍ത്ത് പറഞ്ഞു.
'' അന്ന് ഞാന്‍ വെള്ളമെടുക്കാന്‍ താഴേക്ക് വരുമ്പോള്‍ അവര്‍ മുകളിലേയ്ക്ക് പോകുകയായിരുന്നു. ഞാനവരോട് സംസാരിച്ചില്ല. വേഗം തിരിച്ചെത്തി വീട്ടിലുള്ളവരോട് കാര്യം പറഞ്ഞു. - ആരൊക്കെയോ നമ്മുടെ ഗ്രാമത്തിലേയ്ക്ക് വരുന്നുണ്ട്, അവരുടെ കയ്യില്‍ കോടാലിയുമുണ്ട്. - ഇക്കാര്യം ദൂക്കാ ദേവി ഓടിപ്പോയി ഗൗര ദേവിയെ അറിയിച്ചു. പെട്ടെന്ന് തന്നെ ഗ്രാമത്തിലെ സ്ത്രീകള്‍ പണികളെല്ലാം നിര്‍ത്തിവെച്ച് സംഘടിച്ച് അവര്‍ പോയ വഴിയെ കാട്ടിലേയ്ക്ക് നടന്നു. മരം മുറിക്കാന്‍ വന്നവരോട് ഗൗര ദേവി പറഞ്ഞു - മരം മുറിക്കണമെങ്കില്‍ ആദ്യം ഞങ്ങളെ കൊല്ലണം - എന്ന് അതും പറഞ്ഞ് എല്ലാവരും മരത്തിന് ചുറ്റും കെട്ടിപ്പിടിച്ച് നിന്നു.''
അക്കഥ പറഞ്ഞ ഓരോ വരിയിലും ഊഖാ ദേവിയ്ക്ക് വലിയ ഊര്‍ജ്ജമായിരുന്നു. ഞങ്ങളാണ് ഈ നാടിനെ സംരക്ഷിച്ചത് എന്ന സംതൃപ്തി ആ എണ്‍പത്തി അഞ്ചുകാരിയുടെ വരികളില്‍ നിറഞ്ഞു നിന്നു. സഗ്രാമി ദേവി കൂടി അവിടേയ്ക്ക് വന്നു. സമരം നടക്കുമ്പോള്‍ 20 വയസ്സാണ് സഗ്രാമി ദേവിയ്ക്ക്. അന്ന് ആവേശത്തോടെ കാട്ടിലേയ്ക്ക് നടന്നത് സഗ്രാമിയും ഓര്‍ത്ത് പറഞ്ഞു.
'' ഈ കാട് ഞങ്ങളുടേതാണ്. മരം മുറിക്കാന്‍ വന്നവരെ ഞങ്ങളെല്ലാവരും കൂടി മുദ്രാവാക്യം വിളിച്ച് ഓടിച്ചു. കാട്ടില്‍ ഒരുപാട് പച്ച മരുന്നുകളും, ഞങ്ങളുടെ പല കൃഷിയും ഉണ്ടായിരുന്നു. മക്കളെ നോക്കുന്ന പോലെയാണ് കാടിനേയും നോക്കുന്നത്.''
റെയ്‌നി ഗ്രാമത്തിലെ പുരുഷന്‍മാരെല്ലാം ചാമോലിയിലേയ്ക്ക് പോയ ദിവസം നോക്കിയാണ് വനം വകുപ്പ് ജീവനക്കാരും മരംമുറിക്കാരും ഒരുമിച്ച് കാട് കയറിയത്. പ്രതിഷേധം ഉണ്ടാവില്ല, മരമെല്ലാം മുറിച്ച് താഴെയെത്തിക്കാം എന്ന് അവര്‍ കരുതി. എന്നാല്‍ അതുവരെ ചിപ്‌കോ പ്രസ്ഥാനത്തിന്റെ യോഗങ്ങളില്‍ ഏറ്റവും പിറകില്‍ മാത്രം ഇരുന്നിരുന്ന, വലുതായി അഭിപ്രായമൊന്നും പറയാതിരുന്ന സ്ത്രീകള്‍ വലിയൊരു സമര ശക്തിയായി അന്ന് ആ കാട്ടില്‍ ഉയര്‍ന്നു. മരത്തിനും മരം വെട്ടുകാര്‍ക്കുമിടയില്‍ നിന്ന ഗൗര ദേവിയും മുപ്പതോളം സ്ത്രീകളും ഞങ്ങളെ കൊന്നിട്ട് മതി മരംവെട്ടുന്നത് എന്ന് സൗമ്യമായി പറഞ്ഞപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിരട്ടാന്‍ ശ്രമിച്ചതാണ്. പക്ഷേ, സ്ത്രീകളുടെ വീറിന് മുന്നില്‍ തോറ്റ് പിന്‍മാറേണ്ടി വന്നു. ഗൗരാ ദേവിയും സംഘവും മരത്തെ കെട്ടിപ്പിടിച്ചു, ഇത് ഞങ്ങളുടെ ഉയിരെന്ന് വിളിച്ച് പറഞ്ഞു. പിന്നീട് ഇന്ത്യയില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളുടെയെല്ലാം ആണിക്കല്ലായി മാറാന്‍ ആ സ്ത്രീജനങ്ങള്‍ക്ക് കഴിഞ്ഞു.
ആ ദിവസത്തില്‍ റെയ്‌നിയില്‍ നടന്ന സമരം ചിപ്‌കോ മുന്നേറ്റത്തിലെ ഒരു നാഴികക്കല്ല് മാത്രമാണ്. ഹിമാലയത്തിലെ മണ്ണും മരവും ജീവനും സംരക്ഷിക്കാന്‍ ഗൗര ദേവിയും ചണ്ടി പ്രസാദ് ഭട്ടും സുന്ദര്‍ ലാല്‍ ബഹുഗുണയും എല്ലാം നേതൃത്വം നല്‍കി പിന്നേയും സമരങ്ങള്‍ നടന്നു. അടിത്തട്ടിലെ പ്രതിഷേധം അറിഞ്ഞ സര്‍ക്കാര്‍ വിഷയം പഠിക്കാനായി സ്ഥലം എംഎല്‍എ ഉള്‍പ്പെടെ ഒന്‍പതംഗ സമിതിയെ നിയോഗിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച സര്‍ക്കാര്‍ ഉത്തരാഖണ്ഡിലെ, സമുദ്ര നിരപ്പില്‍ നിന്നും 1000 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് മരം മുറിയ്ക്കുന്നത് പത്ത് വര്‍ഷത്തേയ്ക്ക് വിലക്കിക്കൊണ്ട് ഉത്തരവിറക്കി. പിന്നീട് സുപ്രീം കോടതി കൂടി ഇടപെട്ട് മരം മുറിക്കുന്നതിനുള്ള വിലക്ക് തുടര്‍ന്നു.
റെയ്നി ഗ്രാമത്തിലേയ്ക്ക് കയറിയെത്തുമ്പോള്‍ നമ്മെ സ്വീകരിക്കുക ഒരു ചെറിയ പാര്‍ക്കാണ്. ഗൗര ദേവിയുടെ അര്‍ധകായ പ്രതിമ. ഗൗരവത്തോടെ അവര്‍ മുന്നോട്ട് തന്നെ നോക്കി നില്‍ക്കുന്നു. ചരിത്രമെഴുതിയ 1974ലെ പകല്‍ പുനസൃഷ്്ടിച്ചിട്ടുണ്ട്. മഴുവുമായി എത്തിയ സംഘത്തില്‍ നിന്ന് സ്ത്രീകള്‍ മരങ്ങളെ സംരക്ഷിച്ച് നിര്‍ത്തിയ ദിവസം റെയ്‌നിയുടെ കണ്ണില്‍ ഇപ്പോഴും, എപ്പോഴുമുണ്ട്. പ്രതിമകളും ചിത്രങ്ങളും ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ ഒരു തലമുറയുടെ ചരിത്രത്തില്‍ അഭിമാനം പങ്കുവെക്കുന്നു.
ഈ മലനിരകളില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക്, ഓരോ ഗ്രാമത്തിന് ഒരു കാട് സ്വന്തമാണ്. ആ കാടാണ് അവരുടെ സമ്പത്തും സമ്പാദ്യവുമെല്ലാം. കാട്ടില്‍ പോയി വിറകെടുക്കും, കിഴങ്ങും പഴങ്ങളും മരുന്നുമെടുക്കും. ജീവിക്കാനുള്ളതെല്ലാം കാട് ഗ്രാമത്തിന് നല്‍കിക്കൊണ്ടേയിരുന്നു. കാട്ടില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കുന്ന മനുഷ്യര്‍ അവിടെ വളരുന്ന ചെടികളെ സ്‌നേഹപൂര്‍വ്വം പരിചരിച്ചു. ആ മരങ്ങളെ ദൈവമായിക്കണ്ടു. ഗ്രാമീണര്‍ മരമാകെ മുറിച്ചെടുത്ത് കൊണ്ടുപോകാറുണ്ടായിരുന്നില്ല. കൃഷിപ്പണിയായുധങ്ങള്‍ക്കായി കൊമ്പുകളും മറ്റും മാത്രം ശേഖരിച്ചു. സര്‍ക്കാരിന്റെ കടലാസുമായി കാട് കയറിയെത്തിയ മുതലാളിമാര്‍ കാട് തന്നെ വെട്ടി നിരത്തിയതോടെ ഗ്രാമത്തിന് വിഭവങ്ങളും ജീവിതവും നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ പൂര്‍ണാര്‍ത്ഥത്തില്‍ കാടിനെ സംരക്ഷിക്കാന്‍ ഈ ഗ്രാമീണര്‍ക്ക് കഴിഞ്ഞില്ല. വനത്തിനകത്തേയ്ക്ക് കടക്കുന്നതിന് ഗ്രാമീണരെ നിയന്ത്രിക്കാന്‍ വനം വകുപ്പ് 1980 മുതല്‍ സജീവമായി ശ്രമം തുടങ്ങി. വിറക് ശേഖരിക്കാന്‍ പോലും വനം വകുപ്പിന്റെ റസീറ്റ് ആവശ്യമായി വന്നു. പിന്നീട് ഗ്രാമീണര്‍ പതുക്കെ കാട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടു, കാടിന്റെ അധികാരികള്‍ സര്‍ക്കാരായി. വിഭവങ്ങള്‍ തേടി നേരത്തേ കാട് കയറിയവര്‍ അങ്ങാടികളിലേയ്ക്ക് ഇറങ്ങി നടന്നു. ഗ്രാമത്തില്‍ പുതിയ സംസ്‌കാരം രൂപപ്പെട്ടു. മരം മുറിക്കുന്നില്ല എന്നത് മാത്രമേ ഈ മലനിരകളില്‍ നടന്നുള്ളു. എന്നാല്‍, വന്‍കിട ജല വൈദ്യുത പദ്ധതികളും റോഡ് പദ്ധതികളും ചാമോലി ജില്ലയില്‍ നിരന്തരം മലതുരന്നു.
റെയ്‌നിയുടെ ഇന്ന്
'' ഇവിടെ എന്ത് ചെയ്യാനാ? വെള്ളമില്ല. കൃഷി മോശം വന്യമൃഗങ്ങളുടെ ശല്യം. പലരും ഇവിടെ നിന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് പോയി.'' ഗൗര ദേവിയുടെ അര്‍ധകായ പ്രതിമയ്ക്കടുത്തിരുന്നാണ് തുല്‍സി ദേവി ഇങ്ങനെ പറഞ്ഞത്. അവരുള്‍പ്പെടെ ചേര്‍ന്ന് സംരക്ഷിക്കാന്‍ ശ്രമിച്ച ഗ്രാമം കൈവിട്ട് പോകുകയാണ്.
ഋഷി ഗംഗയില്‍ തപോവനത്ത് പുതിയ ജല വൈദ്യുത പദ്ധതിയ്ക്ക് 2005ലാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയും മല തുരന്നും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഈ പദ്ധതി നാടിന് വലിയ ദുരന്തം സമ്മാനിച്ചു എന്ന് ഗ്രാമീണര്‍. ഇതേ പദ്ധതിയ്‌ക്കെതിരെയാണ് ജോഷിമഠിലെ ജനങ്ങളും ഇപ്പോള്‍ സംസാരിക്കുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് റെയ്‌നി ഉള്‍പ്പെടുന്ന ഹിമാലയ മേഖല എന്ന് പല പഠനങ്ങള്‍ ഇതേവരെ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയ ദുരന്തത്തിലേയ്ക്ക് ഈ നാടിനെ കൊണ്ടു ചെന്ന് എത്തിച്ചു. 2021 ഫെബ്രുവരി ഏഴിന് ഒരു മിന്നല്‍ പ്രളയം ഗ്രാമത്തെ നടുക്കിക്കളഞ്ഞു. ഗ്രാമത്തില്‍ പല തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ആളുകള്‍ മിന്നല്‍പ്രളയത്തില്‍ ഋഷി ഗംഗയിലൂടെ ഒഴുകി എവിടേയ്‌ക്കോ പോയി. തപോവന്‍ ജല വൈദ്യുത പദ്ധതിയ്ക്കായി തൊഴിലെടുത്ത ഇരുന്നൂറോളം പേര്‍ അപകടത്തില്‍പ്പെട്ടു. പലരുടേയും മൃതദേഹം ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൃഷിയിടങ്ങള്‍ ഒലിച്ചു പോയി. വീടുകള്‍ക്ക് വിള്ളല്‍ വന്നു. ജൂണ്‍ 13 നും 17നും ഇടയില്‍ വീണ്ടും പ്രളയമുണ്ടായി. ഗ്രാമത്തിന്റെ താഴേ വശത്ത് കെട്ടിയുണ്ടാക്കിയ 14 വീടുകള്‍ നശിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കുള്ള റോഡ് തകര്‍ന്നു.
ഗ്രാമീണരെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം എന്ന റിപ്പോര്‍ട്ട് 2021 ലെ മിന്നല്‍ പ്രളയത്തിന് ശേഷം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ നടപടികള്‍ നീങ്ങിയില്ല. ഈ പ്രദേശത്തെ സ്ഥലപരിമിതിയാണ് സര്‍ക്കാര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
റെയ്‌നി അതിസുന്ദര ഗ്രാമമാണ്. ഋഷി ഗംഗയുടെ തീരത്തിലൂടെ കടന്നു പോകുന്ന റോഡില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ കയറ്റം കയറി മുകളിലെത്തിയാല്‍ കുന്നിന്‍ ചരിവില്‍ കുറേ വീടുകള്‍, ഇടയില്‍ ഒരു ക്ഷേത്രം. ദേവദാരു മരങ്ങള്‍ ഗ്രാമത്തിന് തണല് പകരുന്നുണ്ട്. ഇടവഴികളിലൂടെ പതിയെ നടന്നാല്‍ ഗ്രാമത്തെ അറിയാം. കോണ്‍ക്രീറ്റ് വീടുകള്‍ വളരെ കുറവാണ്. കല്‍ച്ചീളുകളും മരവും ചേര്‍ത്ത് പണിത, ചാണകം മെഴുകിയ തറകളോടെയുള്ള വീടുകള്‍. മിക്ക വീടുകളിലും കാലികളുണ്ട്, കൂടുതലും ആടുകള്‍. വലിയ പ്രാധാന്യത്തോടെ തന്നെ അവയ്ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും വീട്ടില്‍ ആളുകള്‍ ഒരുക്കിയിട്ടുണ്ട്.
ഗൗര ദേവിയുടെ വീട് ഗ്രാമത്തിന് ഒത്ത നടുക്കാണ്. മകനും ഭാര്യയുമാണ് ഇവിടെ ഇപ്പോള്‍ താമസം. മകന്‍ ചന്ദര്‍ സിംഗും ഭാര്യ ജൂട്ടി ദേവിയും. വീടിന് മുകളില്‍ കയറിയാല്‍ ഗ്രാമമാകെയും മല നിരകളും മനുഷ്യര്‍ മരങ്ങളെ കെട്ടിപ്പുണര്‍ന്ന കാടും താഴെ ഋഷിഗംഗാ നദിയും കാണാം. എല്ലാമെല്ലാം കണ്‍മുന്നിലുണ്ടെങ്കിലും ഈ ഗ്രാമം എല്ലാം ഉപേക്ഷിച്ച് മലയിറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട് ഇപ്പോള്‍. മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യങ്ങളില്‍ പലതും സാധ്യമാകാതെ ഭയത്തോടെ ഈ മലയിടുക്കില്‍ ജീവിക്കേണ്ടി വരുന്നു എന്നതാണ് പ്രശ്‌നം. വിണ്ടു കീറിയ വീടുകള്‍ ഏത് നിമിഷവും തകര്‍ന്ന് പോയേക്കാം. കുടിവെള്ളത്തിന് സംവിധാനമില്ല, ജല വൈദ്യുത പദ്ധതികള്‍ വന്നതോടെ പുഴപോലും ഗ്രാമത്തിന് അന്യമായി. വിദ്യാഭ്യാസം വലിയ പ്രതിസന്ധിയാണ്. മികച്ച സ്‌കൂളുകള്‍ക്കായി കുട്ടികള്‍ കിലോ മീറ്ററുകള്‍ സഞ്ചരിക്കണം. പഠിച്ച് കഴിഞ്ഞാല്‍ തൊഴിലും പ്രശ്‌നം തന്നെ. പഴയപോലെ കാടിനെ ആശ്രയിച്ചാല്‍ മാത്രം അന്നം കിട്ടില്ല. പണിയെടുത്ത് പണം സമ്പാദിച്ച് മാര്‍ക്കറ്റില്‍ പോകുക മാത്രമാണ് വഴി. വന്യ മൃഗങ്ങള്‍ ഗ്രാമത്തിലേയ്ക്ക് കടക്കുന്നത് നിത്യ സംഭവമായി മാറി. ഭക്ഷണം തേടിയാണ് അവ കാട് വിട്ട് താഴ്വാരത്തേയ്ക്ക് ഇറങ്ങുന്നത്. കാട് ഇവിടുത്തെ മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്നു. അണക്കെട്ടും ക്വാറിയും റോഡും കെട്ടിടവുമെല്ലാമായി രൂപാന്തരം പ്രാപിക്കുന്ന ചാമോലിയിലെ മലനിരകള്‍ ഓരോ മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും ഭയം നിറയ്ക്കുന്നുണ്ട്. അതിജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന ഭീതി റെയ്‌നിയില്‍ പടരുന്നു.
ജൂട്ടി ദേവിയുടെ ഓര്‍മകളില്‍ ചിപ്‌കോ സമരമുണ്ട്. അന്ന് മറ്റൊരു ഗ്രാമത്തിലായിരുന്ന ജൂട്ടി ദേവി സമരത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. സമരം വളര്‍ത്തിയ ഗ്രാമമാണ് റെയ്‌നി എന്നത് മറ്റാരെക്കാളും ബോധ്യമുണ്ട് ജൂട്ടി ദേവിയ്ക്ക്. വീടിന്റെ മട്ടുപ്പാവിലിരുന്ന് ഗ്രാമത്തിലെ ജനങ്ങളെക്കുറിച്ച് വിഷാദഛായയിലാണ് ഗൗര ദേവിയുടെ മരുമകള്‍ സംസാരിച്ചത്.
'' ഇവിടെ നിന്നും ഞങ്ങള്‍ക്ക് പോകണം എന്നുണ്ട്. പക്ഷേ, സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്യുന്നില്ല. എവിടെയെങ്കിലും പോയാലും തൊഴില് വേണ്ടേ? തൊഴില്‍ ഉള്ളവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഞങ്ങളേപ്പോലുള്ള പാവങ്ങള്‍ എന്ത് ചെയ്യും? ഗൗര ദേവിയുടെ പേര് ലോക പ്രശസ്തമാണ്. പക്ഷേ, ഗൗര ദേവിയുടെ ഗ്രാമത്തെ ആര്‍ക്കും വേണ്ട.''
ഗ്രാമം ഉപേക്ഷിച്ച് മറ്റൊരിടത്തേയ്ക്ക് പോയി പാര്‍ക്കുക എന്ന് പറഞ്ഞാല്‍ ഈ ഗ്രാമീണര്‍ക്ക് പുനരധിവാസം എന്ന വാക്കില്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നല്ല. ഗൗരാ ദേവിയുടെ മണ്ണ് വിട്ടുള്ള യാത്രയാണ്. മണ്ണും മരവും വെള്ളവും ജീവന്‍ തന്നേയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്ന ഉജ്ജ്വല സമര ഗാഥ പിറന്ന മണ്ണാണ് റെയ്‌നി. ആ ഗ്രാമത്തെ ഉപേക്ഷിച്ച് മെച്ചപ്പെട്ട ഒന്നിലേയ്ക്ക് പോകുക എന്നാല്‍ അതിഗംഭീരമായ ഭൂതകാലത്തെത്തന്നെ ഉപേക്ഷിച്ച് പോകുക എന്ന അര്‍ത്ഥം കൂടി ആ പലായനത്തിന് ഉണ്ടാകും. ഗൗരാ ദേവിയേയും ആ ഓര്‍മകളേയും ഉപേക്ഷിച്ച് പോകണം എന്ന് ഗ്രാമത്തിലെ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജീവിക്കാനുള്ള അവകാശം മണ്ണില്‍ നിഷേധിക്കപ്പെടുമ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും.
ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാനായി ഗ്രാമത്തെ ഒഴിപ്പിക്കുകയല്ല ഇവിടെ. ദീര്‍ഘ വീക്ഷണമില്ലാതെ ഹിമാലയത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ കാരണം മനുഷ്യന്‍ കുടിയിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്, മൃഗങ്ങള്‍ കാടിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുന്നപോലെ. കാലാവസ്ഥാ വ്യതിയാനത്താല്‍ വോട്ടയാടപ്പെടുന്ന ജനത കൂടിയാണ് റെയ്‌നിയിലേത്.
തുടക്കം, ഒടുക്കം
ഹിമാലത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് മനുഷ്യര്‍ പലായനം ചെയ്യുക എന്നതിന് ആ ജനതയ്ക്ക് കാട് നഷ്ടമാകുന്നു എന്ന അര്‍ത്ഥം കൂടിയുണ്ട്. ഓരോ ഗ്രാമത്തോടും ചേര്‍ന്ന് ഒരു കാടുണ്ടാകും. ആ കാടാണ് മനുഷ്യനെ ഗ്രാമത്തില്‍ നിലനിര്‍ത്തുന്നത്്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രാനപ്പെട്ട ഒന്നായി കാട് നിലനില്‍ക്കും. ചാമോലിയിലെ എല്ലാ കാടും ഓരോ ഗ്രാമത്തിനെ പോറ്റുന്നു. പഴയ കാലത്ത് സമ്പൂര്‍ണമായ അധികാരം കാട്ടില്‍ ഗ്രാമീണ ജനതയ്ക്ക് ഉണ്ടായിരുന്നതാണ്. ഇന്ന് പക്ഷേ അതില്ല. എങ്കിലും കാട് ഓരോ മനുഷ്യനും നല്‍കുന്ന ആത്മവിശ്വാസമുണ്ട്. റെയ്‌നി വിടുന്നതോടെ ആ ആത്മവിശ്വാസം ഗ്രാമീണര്‍ക്ക് നഷ്ടമാകും. എവിടേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചാലും അവിടങ്ങളിലെല്ലാമുള്ള കാടുകള്‍ മറ്റൊരു ഗ്രാമീണരുടെ സ്വന്തമാണ്. ആ കാടുകളിലേയ്ക്ക് പുതുതായി എത്തുന്നവരെ ആ ഗ്രാമീണര്‍ കടത്തി വിടില്ല. കാടിനു വേണ്ടി സമരം ചെയ്ത ജനത കാട്ടിന് പുറത്താകുന്നു എന്ന് ചുരുക്കം.
ജോഷിമഠിന് സമീപത്തെ ഒരു ഗ്രാമത്തിലേയ്ക്ക് റെയ്‌നിക്കാരെ മാറ്റാനൊരു ആലോചന ജില്ലാ ഭരണകൂടത്തിന് ഉണ്ടായിരുന്നു. ആ ജോഷിമഠിന്റെ അവസ്ഥ നമ്മള്‍ ഇപ്പോള്‍ അറിയുന്നുണ്ടല്ലൊ. അനുദിനം താഴേയ്ക്ക് പതിക്കുന്ന ഇടമായി ജോഷിമഠ് മാറി. റെയ്‌നിയോ, ജോഷിമഠോ കൊണ്ട് അവസാനിക്കുന്ന ഒന്നല്ല ഈ പ്രതിസന്ധി. സകല ചരാചരങ്ങള്‍ക്കുമുള്ളത് ഈ ഭൂമിയിലുണ്ട് എന്ന നമുക്കറിയാം. എന്നാല്‍ ആവശ്യത്തിന് ഉള്ളത് മാത്രം എടുത്ത് ഉപയോഗിക്കുക എന്ന ചിന്ത മാത്രം മനുഷ്യനില്ല. പ്രകൃതിയിലെ വെട്ടിപ്പിടിക്കലുകള്‍ ആത്യന്തികമായി ഒരു ലാഭവും നല്‍കില്ല, നഷ്ടം മാത്രമേ സമ്മാനിക്കു എന്ന് ചാമോലിയിലെ അനുഭവം നമ്മളോട് പറയുന്നു.
'' ചിപ്‌കോയിലൂടെ പതിനായിരക്കണക്കിന് മരങ്ങളെ ഞങ്ങള്‍ സംരക്ഷിച്ചു. പക്ഷേ, ഞങ്ങളിപ്പോള്‍ പലായനത്തിന്റെ വക്കിലാണ്. ഗൗരാ ദേവിയുടെ ഈ മണ്ണ് ഉപേക്ഷിച്ച് എങ്ങനെ പോകാന്‍ കഴിയും?'
ഗൗര ദേവിയുടെ മകന്‍ ചന്ദര്‍ സിംഗാണ് ഇങ്ങനെ ചോദിച്ചത്. ശരിയാണ് ഓര്‍മകളെ ഉപേക്ഷിച്ച് പോകാന്‍ ബോധമുള്ള കാലം വരെ മനുഷ്യന് സാധിക്കില്ലല്ലൊ.
ഹിമാലയത്തിലെ മരങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിജയിച്ച സുന്ദര്‍ലാല്‍ ബഹുഗുണയും സഹപ്രവര്‍ത്തകരും പിന്നീട് അണക്കെട്ടുകള്‍ക്കെതിരായ സമരത്തിലേയ്ക്ക് നീങ്ങി. ഹിമാലയത്തിലെ മലമടക്കുകളില്‍ അണകെട്ടി വെള്ളം പിടിച്ച് നിര്‍ത്തുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങളേക്കുറിച്ച് ജനങ്ങളോടും സര്‍ക്കാരുകളോടും പറഞ്ഞതാണ്. പക്ഷേ, സര്‍ക്കാര് കേട്ടില്ല. ഇവിടുത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്ന് പോകുന്നുവെന്ന് ജോഷിമഠിലെ ജനങ്ങളോടും സര്‍ക്കാരിനോടും എഴുപതുകളില്‍ തന്നെ വിദഗ്ധര്‍ പറഞ്ഞതാണ്. പക്ഷേ, സര്‍ക്കാര് കേട്ടില്ല. ജോഷിമഠിന് ഇരുപത് കിലോ മീറ്റര്‍ അകലെയുള്ള റെയ്‌നി ഗ്രാമത്തിലെ ജനത ജോഷിമഠിനും അപ്പുറത്തുള്ള ഒരു ഇടം പുനരധിവാസത്തിനായി തേടുന്നു. ജോഷിമഠിലെ ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ പലായനം ആരംഭിച്ച് കഴിഞ്ഞു. മലയും പുഴയും കാടും മനുഷ്യരോട് ഇറങ്ങിപ്പോകാന്‍ പറയുന്നു.
ഗൗരാ ദേവിയും റെയ്‌നി ഗ്രാമവും മരത്തെ കെട്ടിപ്പിടിച്ചത് എല്ലാ മനുഷ്യരുടേയും നല്ല നാളേയ്ക്ക് വേണ്ടിയാണ്. പക്ഷേ, വിരോധാഭാസമെന്ന് പറയട്ടെ മരത്തെ കെട്ടിപ്പിടിച്ച ആ ഗ്രാമത്തിന് തന്നെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് മറ്റൊരു ഇടം തേടി അലയേണ്ടി വരുന്നു. 'ആവാസ വ്യവസ്ഥയാണ് സ്ഥിര സമ്പത്ത്' എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ഇന്ത്യന്‍ ഗ്രാമം അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് പിടിച്ചിറക്കപ്പെടുന്നു.
മാർച്ച് 26 ൽ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം
Content Highlights: Story about chipko women