ഞങ്ങള്‍ രണ്ടുപേരുടേതും രണ്ടാം വിവാഹമായിരുന്നു; എനിക്ക് 40, ഭര്‍ത്താവിന് 35 - So What?

വിവാഹ ബന്ധം വേര്‍പ്പെടുത്തി അധികം താമസിയാതെ തന്നെയാണ് ആര്യനെ വിവാഹം കഴിക്കുന്നത്. ഡിവോഴ്‌സ് നേടി അധികമാവുംമുമ്പെ ആര്യനെ വീട്ടില്‍ പരിചയപ്പെടുത്തിയത് വീട്ടുകാര്‍ക്കൊരു ഞെട്ടലായിരുന്നു. രണ്ടാം വിവാഹത്തിനൊരുമ്പെടുന്ന ഞാന്‍ പരിചയപ്പെടുത്തുന്നത് എന്നേക്കാള്‍ പ്രായവും വേറെ കുട്ടികളുമുള്ള ഒരു പെരുത്ത മനുഷ്യനായിരിക്കും എന്ന് പ്രതീക്ഷിച്ച അച്ഛനും അമ്മയ്ക്കും വീണ്ടും തെറ്റി. ഒരു സാധു മുഖവുമായി ഇരുപതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന കൊച്ചുപയ്യനെ ഒരു കുട്ടിയുള്ള ഞാന്‍ കെട്ടുന്നത് അവരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
അഞ്ചു വയസ്സുള്ള മോളുണ്ടായിരിക്കെ എന്റെ തന്നിഷ്ടപ്രകാരമുള്ള ഡിവോഴ്സ്, അതു കഴിഞ്ഞ് ആറ് മാസം തികയും മുമ്പെ എന്നേക്കാള്‍ അഞ്ച് വയസ്സിനു ഇളയതായ ആളുമായുള്ള വിവാഹം...അങ്ങനെയങ്ങനെ എന്നെ തേജോവധം ചെയ്യാന്‍ ബന്ധുക്കള്‍ക്കും പൊതുസമൂഹത്തിനു കാരണങ്ങളേറെയുണ്ടായിരുന്നു. പക്ഷെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നു. സാമൂഹിക സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് മക്കളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാത്ത കാഴ്ചകളാണ് പൊതുവെ സമൂഹത്തില്‍ നാം കാണുന്നതെങ്കിലും അവരെനിക്ക് സര്‍വ്വ പിന്തുണയും നല്‍കി. കാരണം ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്താനിടയായ കാരണമവര്‍ക്കറിയാമായിരുന്നു.
'അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാതെ പ്രണയ വിവാഹം ചെയ്തിട്ട് ഇപ്പോ ബന്ധം വേര്‍പ്പെടുത്താന്‍ ദാമ്പത്യം കുട്ടിക്കളിയാണോ'എന്ന് ചോദിച്ചവരുണ്ട് (എത്ര ടോക്‌സിക് റിലേഷനാണെങ്കിലും പ്രണയവിവാഹമാണെങ്കില്‍ അതില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കണമെന്ന് സാരം). എന്ത്കണ്ടിട്ടാണ് മകളുടെ 'തോന്ന്യാസത്തിന്' കൂട്ട് നില്‍ക്കുന്നതെന്ന് അവര്‍ ചോദിച്ചു. സ്വന്തം മക്കള്‍ വഴിതെറ്റുമെന്ന് പേടിച്ച് ബന്ധുക്കള്‍ അവരുടെ പെണ്‍മക്കളില്‍ നിന്നെന്നെ മാറ്റിനിര്‍ത്തി. തീര്‍ത്തും വേദനാജനകമായിരുന്നു ആ നാളുകള്‍. എനിക്കവരോട് എന്റെ സങ്കടങ്ങള്‍ തുറന്നു പറയണമെന്നുണ്ടായിരുന്നു. അവരാരും ഒരിക്കല്‍ പോലും എന്നെ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. നിലവില്‍ ഒരു കുട്ടിയുണ്ടായിരിക്കെ (അതും പെണ്‍കുട്ടി) എങ്ങനെയാണ് മറ്റൊരു കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നതെന്നായിരുന്നു അവരുടെയെല്ലാം ചോദ്യം. എന്നോടുള്ള സകല ബന്ധവും വിഛേദിക്കാന്‍ അവര്‍ക്കാ കാരണം ധാരാളമായിരുന്നു.
അഞ്ച് വയസ്സിനു മൂത്ത ഒരു സ്ത്രീയെ വിവാഹം കഴിച്ചതില്‍, അതും ഒപ്പം അഞ്ച് വയസ്സുള്ള ഒരു കുട്ടി കൂടിയുള്ള സ്ത്രീയെ ജീവിത പങ്കാളിയാക്കിയതില്‍ ആര്യനും കേള്‍ക്കേണ്ടി വന്നു പഴികള്‍. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ മോളെ ഒപ്പം കൂട്ടിയിരുന്നില്ല. ക്രൂരയായ ഒരമ്മ ചിത്രം എന്നെക്കുറിച്ചുണ്ടാക്കാന്‍ പലര്‍ക്കും അത് ധാരാളമായിരുന്നു.
ഒരു പെണ്‍കുട്ടിയുടെ അമ്മ ഇങ്ങനൊക്കെ ചെയ്യാമോ
ആദ്യഭര്‍ത്താവിനോടൊപ്പം ദുബായിലായിരുന്നു എന്റെ ജീവിതം. അവിടെ മോള്‍ ഇംഗ്ലീഷും അറബിയുമാണ് പഠിച്ചത്. പിന്നീട് വിവാഹബന്ധത്തില്‍ നിന്ന് പുറത്തുകടന്ന് ബെംഗളൂരുവിലേക്ക് വന്നപ്പോള്‍ മോള്‍ക്ക് അറബി ഒഴിവാക്കി കന്നട പഠിക്കേണ്ടി വന്നു. അതിനിടക്കാണ് ആര്യനെ വിവാഹം ചെയ്യുന്നത്. കേരളത്തില്‍ വന്ന് പൊടുന്നനെയുള്ള സ്‌കൂള്‍ മാറ്റത്തിനും ഭാഷാ മാറ്റത്തിനും പറ്റിയ സാഹചര്യത്തിലായിരുന്നില്ല മോള്‍. അങ്ങനെയാണ് ഏതാനും മാസം മോളെ അച്ഛന്റെയും അമ്മയുടെയും കൂടെ നിര്‍ത്തിയത്. എറണാകുളത്ത് വീടെടുത്ത് സെറ്റിലായ ശേഷമാണ് മോളെയും കൂടെ കൂട്ടുന്നത്. മോളെ മൂന്ന് മാസക്കാലം മാറ്റിനിര്‍ത്തിയപ്പോഴേക്കും പലര്‍ക്കും ഞാനൊരു മോശം അമ്മയായി ( അവളെയും എടുത്ത ഞാന്‍ ആത്മഹത്യചെയ്യുന്നതായിരിക്കും അവരെ സംബന്ധിച്ച് മഹത്വകരം).
ഇത്രയും കാലം മോളുടെ പഠനത്തിന്റെ ചിലവോ അവളെ ഒന്ന് വിളിക്കുകയോ പോലും ചെയ്യാത്ത എന്റെ ആദ്യഭര്‍ത്താവ് അപ്പോഴും ചിലര്‍ക്ക് സഹതപിക്കാനുള്ള കഥാപാത്രവും ഞാന്‍ കഥയിലെ വില്ലത്തിയുമായി.എനിക്കൊപ്പം നിന്ന അച്ഛനമ്മമാരെ വരെ ചില ബന്ധുക്കളും അയല്‍വാസികളും എന്റെ തീരുമാനങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്തി. അതെല്ലാം അതീവ വേദനാജനകമായ അനുഭവങ്ങളായിരുന്നു.
ചെറുപ്പക്കാരനായ ഒരാളെ കല്ല്യാണം കഴിക്കുന്നത് മോളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും എന്ന തരത്തിലുള്ള ഭീഷണികളും മുന്നറിയിപ്പുകളും പലരില്‍ നിന്നുമുണ്ടായി. അവരറിയുന്നുണ്ടോ 14 വയസ്സുള്ള എന്റെ മകളുടെ ഏറ്റവും നല്ല സുഹൃത്ത് ഇന്ന് ആര്യനാണെന്ന്-(സിനിമകളത്രയും രണ്ടാനച്ഛനെയും രണ്ടാനമ്മയെയും മനുഷ്യപറ്റുള്ളവരായി ചിത്രീകരിച്ച ചരിത്രമില്ലല്ലോ). മൂന്ന് പേരുണ്ടായിരുന്ന ഞങ്ങളുടെ കുടുംബം ഇന്ന് അഞ്ചായി വലുതായി. മോള്‍ക്ക് രണ്ട് കുഞ്ഞനുജത്തികളും പിറന്നു. സകല ടാബൂകളെയും തകര്‍ത്തുള്ള ഞങ്ങളുടെ ദാമ്പത്യത്തിന് ഏഴ് വര്‍ഷമായി
എന്റേതും ആര്യന്റേതും രണ്ടാം വിവാഹമായിരുന്നു. ഞങ്ങളുടെ വിവാഹത്തെ കുറ്റപ്പെടുത്തിയവരെല്ലാം ഞങ്ങളുടെ തീരുമാനത്തില്‍ ഇന്ന് സന്തോഷിക്കുന്നവരാണ്. അകന്നു നിന്ന പല കുടുംബങ്ങളും ഇന്ന് അടുത്ത് തുടങ്ങി. വയസ്സിന്റെ അന്തരവും പെണ്‍കുട്ടിയുണ്ടായിരിക്കെ വീണ്ടും വിവാഹം ചെയ്തതും വിവാഹബന്ധം വേര്‍പ്പെടുത്തി അധികം താമസിയാതെ തന്നെ മറ്റൊരാളെ വിവാഹം ചെയ്തതും പ്രശ്‌നമായിരുന്നവരെല്ലാം ഇന്ന് ഞങ്ങളുടെ പരസ്പര ബഹുമാനമുള്ള ബന്ധത്തെ കുറിച്ച് വാചാലരായിത്തുടങ്ങി.
കൈലാസമൊരു ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചനല്ല
ഞങ്ങളുടെ കൈലാസം വീട്ടില്‍ ആണിനൊരു റോള്‍ പെണ്ണിനൊരു റോള്‍ എന്നൊന്നില്ല. രണ്ടുപേരും പാചകം ചെയ്യാറുണ്ട്. രണ്ട് പേരും വീട് വൃത്തിയാക്കാറുണ്ട്, രണ്ട് പേരും കുട്ടികളെ കുളിപ്പിക്കാറുമുണ്ട്. ചെറുതായൊക്കെ പണ്ടെഴുതുമായിരുന്നെങ്കിലും ബന്ധത്തില്‍ എനിക്കര്‍ഹിക്കുന്ന സ്‌പേസ് ലഭിച്ചതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യമേഖലയിലേക്ക് എനിക്ക് ഗൗരവമായി തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായത്. ചില ഓണ്‍ലൈന്‍ മാസികകളിലും കവിതകളെഴുതാറുണ്ട്. ഒരു നോവല്‍ പൂര്‍ത്തീകരിച്ചിട്ടധികമായില്ല. ഉടനെതന്നെ അച്ചടി മഷി പുരളുമെന്നാണ് പ്രതീക്ഷ. സിനിമ സബ്‌ടൈറ്റിലിങ്, കോപ്പിറൈറ്റിങ് കോപ്പിഎഡിറ്റിങ് എന്നീ മേഖലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്
എങ്കിലും ഇപ്പോഴും ഗൂഗിളില്‍ ചെന്ന് സൗമ്യ വിദ്യാധര്‍ എന്ന് സെര്‍ച്ച് ചെയ്തല്‍ ആദ്യം കാണുന്നത്- സൗമ്യ വിദ്യാധറിന്റെ ആദ്യഭര്‍ത്താവാര്, സൗമ്യ വിദ്യാധറിന്റെ വയസ്സെത്രയാണ് എന്നെല്ലാമാണ്. ചിലരങ്ങനെയാണ് കാലമെത്ര പുരോഗമിച്ചാലും സ്വയം വേലികെട്ടി കാലഘട്ടത്തിനൊത്തു ജീവിക്കാതെ വലിഞ്ഞുമുറുകുന്നവരാണവര്‍. വയസ്സും ജാതിയും മതവും നോക്കാതെ സ്‌നേഹത്തിനും സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ഊന്നല്‍ നല്‍കിയുള്ള ജീവിതം, അതനുഭവിച്ചാലേ അതിന്റെ സ്വസ്ഥതയും സുഖവും മനസ്സിലാക്കാന്‍ കഴിയൂ..ഇനിയും നിങ്ങള്‍ സെര്‍ച്ച് ചെയ്ത് കഷ്ടടപ്പെടണമെന്നില്ല. ഞാന്‍ 40ലേക്ക് കടന്നു. 35 ആണ് ആര്യന്റെ പ്രായം.
Stop being Judgemental- ഒരോ വ്യക്തിയുടെയും പ്രായത്തിനും പെരുമാറ്റ രീതികള്‍ക്കും തീരുമാനങ്ങള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. വധുവരനേക്കാള്‍ പ്രായം കുറവുള്ളവാളണം, നീളം കുറവുള്ളവളാവണം എന്നുള്ള അലിഖിത നിയമങ്ങള്‍ ഇപ്പഴും തുടരുകയാണ്. പല രൂപങ്ങളുള്ളവരോട് പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ കല്‍പിക്കുന്നുണ്ട്. രണ്ടാം വിവാഹം ചെയ്യുന്ന സ്ത്രീകള്‍ മോശക്കാരാണ് ചിലര്‍ക്കെങ്കിലും. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. അതിനെ അതിജീവിച്ചവരും, ആ കുറ്റപ്പെടുത്തലുകളില്‍ വെന്തു നീറാതെ ജീവിതവിജയം കൈവരിച്ചവരും സമൂഹത്തിനുള്ള പുനരാലോചനയാവട്ടെ. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ.
content highlights: Soumya VidhyaDhar Speaks about her second marriage with Aryan who is younger than her
Content Highlights: