അവിവാഹിതർ അസന്തുഷ്ടരല്ല, വിവാഹം വേണ്ടെന്നത് ചോയ്‌സ്

പ്രണയനൈരാശ്യമാണോ, കെട്ടാനാളില്ലേ, സൗന്ദര്യം കുറഞ്ഞു പോയോ...... 40 വയസ്സുള്ള ഒരു വ്യക്തി വിവാഹം കഴിക്കാതിരുന്നാല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും സംശയങ്ങളും ചോദ്യങ്ങളും പലവിധമാണ്. വിവാഹം കഴിക്കാതെ നടക്കുന്നത് പെണ്ണായാല്‍ പിന്നെ പറയേണ്ടതുമില്ല. ചോദ്യങ്ങളും നോട്ടങ്ങളും കൂടും എന്ന് മാത്രമല്ല വീട്ടുകാര്‍ക്ക് പെണ്‍കുട്ടിയുടെ വിവാഹ കാര്യത്തില്‍ താത്പര്യമില്ലെന്ന് വരെ പറഞ്ഞു വെച്ചേക്കും. "എന്തേ കല്ല്യാണം നടന്നില്ല" എന്ന് ചിന്തിക്കുന്നതിന് പകരം വിവാഹം കഴിക്കാതിരിക്കുന്നത് ഒരു വ്യക്തിയുടെ ചോയ്‌സായി കേരളീയ സമൂഹം ഇനിയും കണ്ടുതുടങ്ങിയിട്ടില്ല. ജീവിതത്തില്‍ വിവാഹം കഴിക്കേണ്ട എന്ന് തീരുമാനമെടുത്ത, ന്യൂസ് മിനുട്ടിലെ മാധ്യമപ്രവർത്തക സരിത എസ്. ബാലന്റെ അനുഭവങ്ങളും നിലപാടുകളുമാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍.
"22ാം വയസ്സിലാണ് ആദ്യ വിവാഹാലോചന എനിക്ക് വരുന്നത്. ജോലി വേണമെന്ന അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ ജോലി കിട്ടിയിട്ടേ കെട്ടൂ എന്നാണ് അന്ന് വീട്ടുകാരോട് ശട്ടം കെട്ടിയത്. സമപ്രായക്കാരായ പലരും വിവാഹം കഴിച്ചപ്പോഴുണ്ടായ സാമൂഹിക സമ്മർദ്ദങ്ങളിൽപെട്ട് വിവാഹം കഴിക്കണം എന്ന് ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നു. 23വയസ്സു മുതല്‍ 27 വരെ കലശലായ കല്ല്യാണ ആലോചനകളും വന്നു. പക്ഷെ പലരെയും കണ്ട് ഔപചാരികമായി സംസാരിച്ചു എന്നല്ലാതെ ആ കണ്ടുമുട്ടല്‍ അവരോടൊപ്പം ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹത്തില്‍ കൊണ്ടെത്തിച്ചതേയില്ല. അവരോടൊപ്പം ജീവിക്കുക എന്നത് സ്വയം കണ്‍വിന്‍സ്ഡ് ആകാത്തതുകൊണ്ടു തന്നെ പല വിവാഹങ്ങളും ഞാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.
പക്ഷെ ആളുകളുടെ വിചാരം എനിക്ക് ജാതക പ്രശ്‌നമാണെന്നാണ്. 'സാരമില്ല', 'നല്ലത് വരും', 'നന്‍മ വരും' എന്നൊക്കെ അവര്‍ നമ്മോട് വന്ന് പറയും. വീട്ടുകാര്‍ നിര്‍ബന്ധിക്കാത്തതുകൊണ്ടാണ് ആ കൊച്ചിന്റെ കല്ല്യാണം നടക്കാത്തതെന്ന് വരെ ചിലര്‍ പറഞ്ഞുവെച്ചേക്കും. 41 വയസ്സായിട്ടും ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നത് വിവാഹം കഴിക്കുന്നത് പോലെ തന്നെ സാധാരണ സംഭവമായി കണ്ടു തുടങ്ങാന്‍ സമൂഹം ഇനിയും പഠിച്ചിട്ടില്ല.
സരിത എസ്. ബാലന്‍
സൗന്ദര്യമില്ലാത്തതല്ല, ചോയ്‌സ് ആണ് വിവാഹം വേണ്ട എന്നത്
പൊതുവെയുള്ള സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കനുസൃതമായ ആളല്ലാത്തതിനാൽ യോജിച്ച ആളെ കിട്ടാത്തതുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു കുറെയാളുകള്‍ ഒരു കാലത്ത് പറഞ്ഞു നടന്നത്. ഒരുങ്ങി നടക്കണം, സാരി ഉടുക്കണം എന്നുള്ള വാക്കുകള്‍ സാധാരണക്കാരില്‍ നിന്നും പ്രൊഫഷണലുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നം ബന്ധുക്കളില്‍ നിന്നും കേട്ടിട്ടുണ്ട്. നാട്ടുകാരുടെ ചോദ്യങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും പുറമെ വീട്ടുകാര്‍ നിര്‍ബന്ധിക്കാത്തതാണെന്ന അടക്കം പറച്ചിലുകൾ പല തരത്തിലുള്ള വൈകാരിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളുമാണ് രക്ഷിതാക്കളിൽ സൃഷ്ടിച്ചത്. കസിന്‍സിന്റെ കല്ല്യാണാവസരങ്ങളില്‍ വീട്ടുകാരുടെ വൈകാരിക പ്രശ്‌നം കണ്ട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ ഒറ്റക്ക് ജീവിക്കുക എന്ന ചോയ്‌സില്‍ നിലകൊള്ളുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല ഒരിക്കലും.
അതിനിടെ പ്രേമിച്ചയാളെ വിവാഹം കഴിക്കാന്‍ പറ്റാത്തതുകൊണ്ടുള്ള വിരഹം കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് വരെ ചിലര്‍ കരുതി. "ആ പ്രേമം വിജിയിച്ചില്ലല്ലേ" എന്നവര്‍ നമ്മോട് ചോദിക്കും. എനിക്കിപ്പഴും മനസ്സിലാവാത്തത് വിജയ പരാജയം നടത്താന്‍ പ്രേമം വല്ല റേസോ മറ്റോ ആണോ എന്നാണ്. പ്രേമിച്ചയാളെ വിവാഹം കഴിച്ചില്ലെന്ന് കരുതി അത്രനാളത്തെ പ്രേമവും അനുഭവവും നമുക്ക് റദ്ദ് ചെയ്യാന്‍ കഴിയുമോ. പ്രേമിച്ചു നടന്ന കാലത്ത് നാം ദുരിത മുഖത്തിലൂടെ കടന്നു പോയെങ്കിലല്ലേ അത് പരാജയമെന്ന് പറയാന്‍ സാധിക്കൂ എന്നുണ്ടോ. വിവാഹം കഴിച്ചോ ഇല്ലയോ എന്നത് പ്രേമത്തിന്റെ ജയപരാജയം നിര്‍ണ്ണയിക്കുന്നതെങ്ങനെയാണ്.
ലേററ് മാരേജ് എന്നൊന്നില്ല
ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹമാകാം, പക്ഷെ ഇന്ന പ്രായത്തിനുള്ളില്‍ വിവാഹം കഴിക്കണം എന്ന നിയമമോ സൂചികയോ വിവാഹത്തിന് വെക്കാന്‍ പറ്റില്ല. 25 ല്‍ കെട്ടാം, 50ല്‍ കെട്ടാന്‍ പാടില്ല എന്ന തരത്തിലുള്ള അളവുകള്‍ കൊണ്ട് അളക്കേണ്ട ഒന്നല്ല വിവാഹം. 40കളില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചവരെ, അതല്ലെങ്കില്‍ 50 കളില്‍ വിവാഹം കഴിക്കുന്നവരെ നോക്കി സമൂഹം പൊതുവെ ഉപയോഗിക്കുന്ന വാക്കാണ് ലേറ്റ് മാരേജ് എന്നത്. ഒരാള്‍ തനിക്ക് വേണമെന്ന് നിശ്ചയിക്കുന്ന സമയത്ത് വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ലേറ്റാവുക.
ഇത്ര പ്രായമായിട്ടും ഇവളെന്താ വിവാഹം കഴിക്കാത്തതെന്ന് സുഹൃത്തുക്കള്‍ പോലും ചിലപ്പോള്‍ പ്രസ്താവനകള്‍ ഇറക്കി കണ്ടിട്ടുണ്ട്. വിവാഹം കഴിക്കുന്നതുപോലെ വിവാഹം കഴിക്കാതിരിക്കുന്നതും തീര്‍ത്തും നോര്‍മലായ ചോയ്‌സ് ആയി എന്തുകൊണ്ടാണ് നമ്മളിനിയും കണ്ടു തുടങ്ങാത്തത്. ചോദ്യങ്ങളില്‍ പോലുമുണ്ട് മുന്‍വിധിയുടെ നിഴലുകൾ.
എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നല്ല, പകരം എന്ത് കൊണ്ട് വിവാഹം നടന്നില്ല എന്ന ചോദ്യങ്ങൾ മുൻവിധിക്കൾക്കുദാഹരണമാണ്
പ്രണയ നൈരാശ്യമായിരിക്കും, കാണാന്‍ ഭംഗിയില്ലാത്തതുകൊണ്ടായിരിക്കും, മെലിഞ്ഞതോ പൊക്കം കുറവോ കൊണ്ടോ ആയിരിക്കും. ഇതൊന്നുമല്ലെങ്കില്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കാത്തുകൊണ്ടായിരിക്കും എന്നാണ് വിവാഹം കഴിക്കാത്ത സ്ത്രീകളെ നോക്കി സമൂഹം പലപ്പോഴും പിറുപിറുക്കുന്നത്. അവരുടെ ഭാവന ഇവിടം വരെയേ പോകൂ. അതിനാൽ തന്നെ സ്കൂൾ കാലത്തെ സുഹൃത്തുക്കളെ അധികമൊന്നും കാണാന്‍ പോവാറില്ല. ഞാന്‍ വിവാഹം കഴിക്കാത്തത് എന്റെ ചോയ്‌സ് ആയി കാണാതെ എനിക്കെന്തോ മോശം കാര്യം സംഭവിച്ചു എന്ന മട്ടിലുള്ള സഹതാപ പ്രകടനങ്ങളാണ് പലപ്പോഴും ആ കണ്ടുമുട്ടലുകളിൽ വന്നു ഭവിക്കുന്നത്. വിവാഹം കഴിക്കാതിരിക്കുന്നത് നമ്മുടെ ചോയ്‌സാണെന്ന് എല്ലായ്‌പ്പോഴും അവരോടെല്ലാം വിശദീകരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 20 കൊല്ലത്തിലധികം കാലം സമാന ചോദ്യം പലരിൽ നിന്നു നേരിടുമ്പോൾ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഞാന്‍ പൊട്ടിത്തെറിച്ചു പോയിട്ടുണ്ട്. എന്നാല്‍ ആ പൊട്ടിത്തെറിയെപ്പോലും വിവാഹം കഴിക്കാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ ആയാണ് അവര്‍ കാണുന്നത്.
വളരെ പ്രൊഗ്രസ്സീവാണെന്ന് സ്വയം അവരോധിക്കുന്നരും കല്ല്യാണം കഴിക്കാത്തവര്‍ ഫ്രസ്‌ട്രേറ്റഡ് ആവും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ശാരീരികമാണോ അതോ വെകാരികവും ലൈംഗികവുമായ ഫ്രസ്ട്രേഷനാണോ അവര്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കിതുവരെയും മനസ്സിലായിട്ടില്ല. അതോ വിവാഹതിരായവര്‍ക്ക് ഈ പറഞ്ഞ മൂന്ന് ഫ്രസ്‌ട്രേഷനും ഇല്ലെന്നാണോ ഉദ്ദേശം.
കുട്ടികളെ നോക്കലും കുടുംബം നോക്കലും മാത്രമല്ല,
ഒറ്റക്ക് ജീവിക്കലും ബുദ്ധിമുട്ടാണ്
"കുട്ടികളും ഭർത്താവുമില്ലെങ്കിലും നമുക്കും കുടുംബമുണ്ട്. അച്ഛനും അമ്മയും ഉൾപ്പെടുന്ന കുടുംബം . അവിടെയും ചെയ്തു തീർക്കാൻ ഉത്തരവാദിത്വങ്ങളുണ്ട്. ജോലിയില്ലാത്ത ദിവസം വീട് വൃത്തിയാക്കൽ, സാധനം വാങ്ങൽ തുടങ്ങീ ഭക്ഷണം ഉണ്ടാക്കലെല്ലാം ഒറ്റയ്ക്ക് ചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്. കുടുംബമായി ജീവിക്കുന്നവർക്ക് വീട് കിട്ടുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നാൽ താമസസ്ഥലം നേടിയെടുക്കുന്നത് പോലും സിംഗിളായ സ്ത്രീയെ സംബന്ധിച്ച് വലിയ പോരാട്ടമാണ് .
ജോലിയുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകുമ്പോള്‍ വീടുകള്‍ കിട്ടുക എന്നത് അവിവാഹിതരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച് അവിവാഹിതയായ സ്ത്രീയെ സംബന്ധിച്ച്. അവിവാഹിതയാണെന്ന കാരണത്താല്‍ പലപ്പോഴും താമസിക്കാനുള്ള ഇടം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലഭിച്ച വീടുകളത്രയും സുഹൃത്തുക്കളുടെ കെയറോഫിലാണ്. അതിനാൽ മാത്രമാണ് ഒറ്റയ്ക്ക് നിൽക്കാൻ ഒരിടമുണ്ടായത്.
സിംഗിളായ ജേണലിസ്റ്റ് എന്നത് ഡെഡ്‌ലി കോമ്പോ ആണ് വീട്ടുടമകളെ സംബന്ധിച്ച്. വീട് കിട്ടാനായി വിവാഹകാര്യത്തില്‍ കള്ളം പറയണമെന്ന് വരെ ബ്രോക്കര്‍മാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട് ഒരവസരത്തില്‍.
"കഷ്ടപ്പെട്ട് വീട് സംഘടിപ്പിച്ച് ഒറ്റക്ക് താമസിക്കുമ്പോഴുള്ള സെന്‍സറിങ് അവിവാഹിതയായ സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. മാധ്യമപ്രവര്‍ത്തകയായതിനാല്‍ തന്നെ സമയ നിഷ്ഠ വെച്ച് വീട്ടിലേക്ക് വരുന്നതും പോവുന്നതും നമുക്ക് സാധ്യമായ കാര്യമല്ല. വീട്ടിലേക്കുള്ള രാത്രി സമയത്തെ വരവുകള്‍ കാരണം വലിയ രീതിയിലുള്ള സാമൂഹിക ഓഡിറ്റിങ്ങിന് ഞാന്‍ വിധേയമായിട്ടുണ്ട്. ഉടമകള്‍ സുഹൃത്തുക്കളായതു കൊണ്ട് മാത്രമാണ് വീട്ടില്‍ നിന്നിറങ്ങി പുതിയ വീടന്വേഷിക്കേണ്ട അവസ്ഥ ഇല്ലാതാക്കിയത്.
കോവിഡ് കാലത്തെ സാമൂഹിക ജീവിത നഷ്ടം, തുടര്‍ന്നുണ്ടാകുന്ന ട്രോമകള്‍
"കോവിഡിനു മുമ്പുവരെ സുഹൃത്തുക്കൾക്കും മറ്റുമൊപ്പം ഒത്തുച്ചേരാന്‍ റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകൾ, ലൈബ്രറികള്‍ തുടങ്ങീ ഒട്ടേറെ സാമൂഹിക ഇടങ്ങള്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് സാമൂഹിക ജീവിതം തീര്‍ത്തും പ്രാപ്യമല്ലാതായി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളില്‍ പലരും വീട്ടിലേക്ക് വന്ന് ഞങ്ങള്‍ ഒത്തു കൂടുന്ന രീതി പിന്തുടര്‍ന്നു.
ആണും പെണ്ണുമെന്ന വ്യത്യാസം വെച്ചുപുലര്‍ത്തുന്ന സാമൂഹിക ജീവിതമല്ല എന്നെപ്പോലുള്ളവരുടേത്. ആണ്‍ സുഹൃത്തുക്കളെ വീട്ടില്‍ കാണുമ്പോള്‍ നമ്മളുടെ നടപ്പ് ശരിയല്ല എന്ന അവപാദവപ്രചാരണം വല്ലാതുണ്ടായി. ഒപ്പം നടക്കുന്ന ആണ്‍ സുഹൃത്ത് ആരെന്ന ചോദ്യങ്ങള്‍ സിംഗിളായ സ്ത്രീകൾ നേരിടേണ്ടി വരുന്നുണ്ട്. കൂടെയുള്ളയാള്‍ ആരെന്ന ബോധ്യപ്പെടുത്തലുകള്‍ നടത്തേണ്ട ബാധ്യതകളും സിംഗിളായി ജീവിക്കുന്നവര്‍ നേരിടുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ഒറ്റക്കുള്ള ജീവിതം ആളുകള്‍ കരുതും പോലെ അത്ര എളുപ്പമോ സുഖകരമായ ഒരു ചോയ്‌സോ അല്ല. സിംഗിളായി നില്‍ക്കുക എന്നത് പലപ്പോഴും ഒരു സാമൂഹിക രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഞങ്ങളെപ്പോലെയുള്ളവർക്ക്.
ഒറ്റ ജീവിതങ്ങളെ പ്രത്യേക വീക്ഷണകോണുകളിലൂടെയാണ് സമൂഹം നോക്കി കാണുന്നത്. സമൂഹം വരക്കുന്ന രീതിയില്‍ ജീവക്കണമെന്ന വീക്ഷണകോണ്‍ വെച്ചു പുലര്‍ത്തുന്നവരില്‍ വിദ്യാഭ്യാസമുള്ളവരെന്നോ വിദ്യാഭ്യാസമില്ലാത്തവരെന്നോ ഉള്ള വ്യത്യാസമില്ല. വീട്ടില്‍ നിന്ന് എന്നെ പുറത്തിറക്കാന്‍ ശ്രമിച്ചവരും അപവാദം പറഞ്ഞ് പരത്തിയവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. ഈ അപവാദങ്ങള്‍ കേട്ട്, കേട്ട്, ചിലപ്പോള്‍ ഹോസ്റ്റലില്‍ പോയി ജീവിക്കാമെന്ന് വരെ തോന്നിപ്പോകും. പിന്നെ തോന്നും ഇങ്ങനെയുള്ള ജീവിതങ്ങളുണ്ട് എന്ന് സമൂഹത്തെയും അയല്‍വാസികളെയും മനസ്സിലാക്കാനും കൂടി നമ്മള്‍ ഇത്തരത്തില്‍ ജീവിച്ചു പോവണമെന്ന്. ആ വാശിയുടെ പുറത്താണ് ഒറ്റക്ക് വീടെടുത്തുള്ള ജീവിതം തുടരുന്നത്.
വിവാഹം കഴിക്കാത്ത സ്ത്രീക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറിനും ഉള്ളതു കൂടിയാണ് സമൂഹം.
"വാര്‍പ്പ് മാതൃകകള്‍ക്കനുസരിച്ച് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല സമൂഹം. ഈ ഭൂമിയിലെ വെള്ളവും വായുവും സ്വാതന്ത്ര്യവും രാത്രി നടത്തവും ഒറ്റക്ക് ജീവിക്കുന്ന സ്്ത്രീക്കും പുരുഷനും ട്രാന്‍സിനും ലെസ്ബിയനും കൂടിയുള്ളതാണ്.
എന്താണ് സന്തോഷം, എന്താണ് ജീവിത വിജയം?
ഞാനെന്തോ സങ്കടക്കടലിലാണ് ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. വിവാഹിതരായവരില്‍ നിന്ന് ഒട്ടും കുറവല്ല എന്നെപ്പോലുള്ളവരുടെ സന്തോഷവും എന്ന് എന്നാണ് എല്ലാവരും മനസ്സിലാക്കാൻ പോകുന്നത്. ഭര്‍ത്താവ്, വീട്ടുകാര്‍, അവരുടെ കുടുംബം എന്നിങ്ങനെ പലരെയും ബോധ്യപ്പെടുത്തുകയോ അവരുടെ അനുവാദത്തിന് അനുസരിച്ച് ജീവിക്കുകയോ ചെയ്യേണ്ട ഗതികേടില്ല എന്നെപ്പോലുള്ളവര്‍ക്ക്. അതിനാല്‍ തന്നെ താരതമ്യേന സന്തോഷം ഞങ്ങള്‍ക്കാണ് കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ആ ഞങ്ങളെ നോക്കി ദുഃഖപുത്രിമാരെന്ന വിളി പലപ്പോഴും അരോചകമായി തന്നെ അനുഭവപ്പെടാറുണ്ട്.
വാര്‍പ്പ് മാതൃകകളില്‍ ജീവിക്കുന്നവര്‍ എല്ലാവരും സന്തോഷിക്കുന്നവരാണെന്ന വിശ്വാസമൊന്നും എനിക്കില്ല. ഭൗതികമല്ലാത്ത നേട്ടങ്ങളുണ്ടാക്കിയവരും സംതൃപ്തി അനുഭവിക്കുന്നുണ്ട്. ഒരാളുടെ സന്തോഷം അയാളെന്ന വ്യക്തിയെ ആശ്രയിച്ചിരിക്കും. ഭൗദ്ധിക നേട്ടങ്ങളുണ്ടാക്കുമ്പോൾ മാത്രമല്ല മനുഷ്യർ സന്തോഷം അനുഭവിക്കുന്നത്. സൗഹൃദങ്ങള്‍, ഒറ്റക്കുള്ള യാത്രകള്‍, നമ്മള്‍ ഒറ്റക്കെടുക്കുന്ന തീരുമാനങ്ങള്‍, നാം നമുക്കായി മാത്രം കരുതിവെക്കുന്ന സമയങ്ങള്‍ ഇങ്ങനെ ജീവിതത്തില്‍ സന്തോഷിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട് എന്നെപ്പോലുള്ളവർക്ക്.
ചില ആളുകള്‍ക്ക് പണം സമ്പാദിക്കുന്നതാണ് വിജയം, ചിലര്‍ക്ക് കരിയര്‍, ചിലര്‍ക്ക് പണവും കുടുംബം കരിയറും മൂന്നും ഒരു പോലെ കെട്ടിപ്പടുക്കുന്നതായിരിക്കും ജീവിത വിജയം.. ഇതൊന്നുമല്ലാതെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നവരുമുണ്ട്. അവരെക്കൂടി മനസ്സിലാക്കാനുള്ള ഇടങ്ങളാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്.
Stop being Judgemental- ഒരോ വ്യക്തിയുടെയും പ്രായത്തിനും പെരുമാറ്റ രീതികള്‍ക്കും തീരുമാനങ്ങള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. ഇന്ന പ്രായത്തിൽ വിവാഹം കഴിക്കണം, വധു വരനേക്കാള്‍ പ്രായം കുറവുള്ളവാളണം, നീളം കുറവുള്ളവളാവണം എന്നുള്ള അലിഖിത നിയമങ്ങള്‍ ഇപ്പഴും തുടരുകയാണ്. വ്യത്യസ്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നവരോട്, പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ വെച്ചു പുലർത്തുന്നുണ്ട്. രണ്ടാം വിവാഹം ചെയ്യുന്ന സ്ത്രീകള്‍ മോശക്കാരാണ് ചിലര്‍ക്കെങ്കിലും. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. അതിനെ അതിജീവിച്ചവരും, ആ കുറ്റപ്പെടുത്തലുകളില്‍ വെന്തു നീറാതെ ജീവിതവിജയം കൈവരിച്ചവരും സമൂഹത്തിനുള്ള പുനരാലോചനയാവട്ടെ. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ.
Content Highlights: Saritha S Balan, social stigma,unmarried woman, single woman, social, mathrubhumi latest