മുടിയൊക്കെ വെട്ടി മനുഷ്യക്കോലത്തില്‍ നടന്നൂടെ?,അതെന്താ മുടിയും താടിയുമുള്ളവര്‍ മനുഷ്യരല്ലെന്നുണ്ടോ!

വാര്‍പ്പ് മാതൃകാ രൂപങ്ങളില്‍ നിന്ന് മനുഷ്യരൊന്ന് വഴിമാറി നടന്നാല്‍ പല തരം തീര്‍പ്പുകളുമായി പൊതുസമൂഹം മുന്നിലെത്തും. തടി, നിറം, രണ്ടാം വിവാഹം, അവിവാഹിതയായിരിക്കുക എന്നതെല്ലാം ഒരു വ്യക്തിയെ കുറിച്ച് തീര്‍പ്പ് കല്‍പിക്കാനുള്ള ഉപാധികളാണ് സമൂഹത്തിന്. അസാധാരണ നീളത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്നവരോടും ടാറ്റു ചെയ്യുന്നവരോടും പിഴയാണെന്നും കഞ്ചാവെന്നുമുള്ള മുന്‍വിധികളും സമൂഹത്തിലെ ഭൂരിഭാഗവും വെച്ചു പുലര്‍ത്തുന്നുണ്ട്. അത്തരം മുന്‍വിധികളെ അതിജീവിച്ച് താടിയും മുടിയും നീട്ടി വളര്‍ത്തുന്ന ഒരു യുവാവാണ് ഇത്തവണ ഞാനിങ്ങനെയാണ് തീര്‍പ്പുകള്‍ വേണ്ട എന്ന കോളത്തില്‍. മലപ്പുറം അരീക്കോട് സ്വദേശിയായ സുജീഷ് കല്ലുപാറയില്‍ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ കാവന്നൂര്‍ ഇരുവേറ്റി ടൗൺ യൂണിറ്റ് സെക്രട്ടറി കൂടിയാണ്.
അന്ന് കഞ്ചാവെന്ന് കളിയാക്കി, ഇപ്പോ താടിയുടെ വീടേതാ എന്ന ഐഡന്റിറ്റിയായി
"30വയസ്സായി എനിക്ക്. നല്ല രീതിയില്‍ നടക്കണമെന്ന ഉപദേശമാണ് പലപ്പോഴും ഞാന്‍ കേള്‍ക്കാറ്. എന്താണ് ഈ നല്ലനടപ്പെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കുക, മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുക, സമൂഹത്തില്‍ പകയും വിദ്വേഷവും പരത്തുന്ന രീതിയില്‍ പെരുമാറുക, മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുക എന്നതെല്ലാമാണ് എന്റെ കാഴ്ച്ചപ്പാടില്‍ മോശം കാര്യങ്ങള്‍. പക്ഷെ പൊതുസമൂഹത്തിന് നല്ല നടപ്പെന്നത് അവരുദ്ദേശിക്കുന്ന ചിട്ടവട്ടത്തില്‍ നിന്ന് കൊണ്ട് വസ്ത്രം ധരിക്കലും മുടിചീവലുമാണ്. ഈ കള്ളിക്കപ്പുറത്തേക്ക് കടന്നാല്‍ അപ്പോള്‍ തന്നെ പല തരം വിളികളും ചോദ്യങ്ങളുമായി. "കഞ്ചാവല്ലേ, ഈ കോലത്തില്‍ നടന്നാല്‍ മതിയോ പെണ്ണ് കെട്ടണ്ടേ," എന്നിങ്ങനെ പോകുന്നു ആ പരിഹാസ ശരങ്ങള്‍. ചിലർ മാത്രം അടിപൊളിയാണ് ലുക്ക് എന്ന് പറയും. പലപ്പോഴും ഇന്‍സ്റ്റയിലും ഫെയ്‌സ്ബുക്കിലും ഉള്ള പുതിയ തലമുറയില്‍ നിന്നാണ് അത്തരം അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുള്ളത്.
"ചൊറിച്ചില് വരില്ലേ, കുളിക്കാന്‍ കുറെ സമയമെടുക്കില്ലേ" എന്ന കളിയാക്കിയുള്ള ചോദ്യങ്ങളും കേട്ടിട്ടുണ്ട്. "എനിക്കല്ല ചൊറിച്ചില്‍, അത് കാണുന്നവര്‍ക്കാണ്" എന്ന ഉരുളക്കുപ്പേരിയായുള്ള മറുപടികളാണ് അതിന് ഞാന്‍ നല്‍കാറ്. വ്യക്തിപരമായി കേള്‍ക്കുന്ന കുറ്റപ്പെടുത്തലുകളെയും മുന്‍വിധികളെയും പലപ്പോഴും ചുട്ട മറുപടി കൊണ്ട് ചെറുക്കാറുണ്ട്. എന്നാല്‍ ജോലി നേടുന്നതിന് പോലും പലപ്പോഴും ഇവയെല്ലാം തടസ്സമാവുന്നതാണ് എന്നെപ്പോലുള്ളവരെ കഷ്ടപ്പെടുത്തുന്നത്.
ജോലിക്കായുള്ള അഭിമുഖങ്ങളിലും ഏറെ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്റർവ്യൂ ചെയ്തയാള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് -"ഞങ്ങള്‍ക്ക് കുറച്ച് കൂടി നീറ്റ് ആയ ആളെയാണ് ആവശ്യം എന്നാണ്". നിങ്ങള്‍ എന്റെ ലുക്ക് ആണോ നോക്കുന്നത് അതോ കഴിവാണോ? എന്നതായിരുന്നു തിരിച്ചുള്ള എന്റെ ചോദ്യം. രണ്ടും നോക്കുന്നുണ്ട് എന്ന് അവരെന്നോട് പറഞ്ഞു. താടിയും മുടിയും വെട്ടി ഒതുക്കിയാല്‍ നന്നായിരുന്നു എന്ന ആവശ്യമുന്നയിച്ചപ്പോള്‍ ജോലിയില്‍ പ്രവേശിക്കാതെ തിരികെ പോരുകയായിരുന്നു.
ഇന്ന ലുക്കുള്ള ആളുകള്‍ ഇന്ന രീതിക്കാരാണ് ഇന്ന സ്വഭാവക്കാരാണെന്ന് പറഞ്ഞുവെക്കുകയാണ് സിനിമകള്‍".
സ്കൂൾ നിയമനത്തിൽ കുറ്റിയറ്റ സ്വപ്നം
പ്ലസ്ടു മുതലാണ് മുടി വളര്‍ത്താനുള്ള ആഗ്രഹം ഉള്ളില്‍ മൊട്ടിട്ടത്. വെക്കേഷനില്‍ നീട്ടി വളര്‍ത്തിയ മുടി സ്‌കൂളുകാര്‍ അനുവദിക്കാത്തതിനാല്‍ വെട്ടേണ്ടി വന്നു. അന്നേറെ സങ്കടം തോന്നിയിരുന്നു. പിന്നീട് ഡിഗ്രി കാലത്ത് മുടിവളര്‍ത്താനുള്ള കലശലായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്‍സിസിയുടെ ഭാഗമായി മുടി പറ്റെ വെട്ടേണ്ടി വന്നു. 2019 കോവിഡിനു തൊട്ടുമുമ്പാണ് മുടി വളര്‍ത്തല്‍ വീണ്ടും തുടങ്ങിയത്. ഇപ്പോ 35 സെന്റിമീറ്ററിലേറെ നീളമുണ്ട് താടിക്കും മുടിക്കും. ഇന്ന് താടിയുടെ വീടേതാ എന്ന് ചോദിച്ചാല്‍ ഏത് മനുഷ്യനും പറഞ്ഞു കൊടുക്കാനറിയാം. പേരിനേക്കാള്‍ വലിയ ഐഡന്റിറ്റിയായി മുടിയും താടിയും.
സിനിമ നല്‍കിയ കഞ്ചാവ് വിളിപ്പേരുകള്‍
താടിയും മുടിയും നീട്ടി വളര്‍ത്തിയവര്‍ക്ക് കഞ്ചാവെന്ന വിളിപ്പേര് വരാന്‍ കാരണം സിനിമാ മേഖലയാണ്. സിനിമാ മേഖലയില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയവരെയാണ് കഞ്ചാവ് വലിക്കാരുടെ റോളുകളില്‍ കാണാനാവുക. മൂന്ന് മാസം മുമ്പ് രാത്രി പത്തു മണിക്കൊരു ഫോണ്‍ കോള്‍ വന്നു. നാളെ ഷൂട്ടിന് താടിയും മുടിയുമുള്ള ഒരാളെ കിട്ടുമോ ഒരു ഗുണ്ട ലുക്കിന് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു കോൾ.
ഇന്ന ലുക്കുള്ള ആളുകള്‍ ഇന്ന രീതിക്കാരാണ് ഇന്ന സ്വഭാവക്കാരാണെന്ന് പറഞ്ഞുവെക്കുകയാണ് സിനിമകള്‍.
മീശ വടിച്ച സുന്ദരന്‍മാരായ അഭിനേതാക്കള്‍ വില്ലന്‍മാരായി ഹോളിവുഡിൽ ഗംഭീര സിനിമകള്‍ വരുമ്പോഴാണ് മലയാള സിനിമ ഇപ്പോഴും ഗുണ്ട ലുക്കിനായി താടിയും മുടിയും വെച്ച കറുത്ത നിറമുള്ള ആളുകളെ അന്വേഷിച്ച നടക്കുന്നത്.
പൊതു സമൂഹത്തിലുള്ളതുപോലെ തന്നെയേ താടിയും മുടിയും വളര്‍ത്തിയവരുടെ ഇടയില്‍ കഞ്ചാവ് വലിക്കുന്നവരുള്ളൂ. എന്നാണ് അക്കാര്യത്തിൽ എനിക്ക് സമൂഹത്തോട് പറയാനുള്ളത്.
സൗഹൃദങ്ങളിലേക്കുള്ള ആൺതലമുടിയുടെ അകലം
സൗഹൃദങ്ങള്‍ ഉണ്ടാകുന്നതില്‍ പലപ്പോഴും താടിയും മുടിയും വില്ലനായ അനുഭവങ്ങളുണ്ട്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ പലരും മടിച്ചത് താടിയും മുടിയും കണ്ടിട്ടാണ്. അതവര്‍ തന്നെ എന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്.
കോളേജില്‍ എന്‍എസ്.എസ്സിന്റെ ക്യാമ്പ് സമയത്ത് ഞാനുള്ളത് കൊണ്ട് വരാന്‍ മടിച്ച പെണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നു. ക്യാമ്പ് തുടങ്ങി മൂന്നാമത്തെ ദിവസമാണ് പലര്‍ക്കും എന്റെ സ്വഭാവം മനസ്സിലാകുന്നതും എന്നോടടുക്കുന്നതും. ഒരു കുട്ടിക്ക് ക്യാമ്പിനിടെ രാത്രി പല്ലു വേദന വന്നു. ആശുപത്രിയില്‍ പോവാനോ ഡോക്ടറെ കാണാനോ ഉള്ള സാഹചര്യമുണ്ടായില്ല. എനിക്ക് ചില നാടന്‍ മരുന്ന് പ്രയോഗങ്ങള്‍ അറിയാവുന്നതുകൊണ്ട് പറമ്പില്‍ പോയി ഒരു പൂ പറിച്ചു കൊണ്ടു വന്ന് ഗ്രാമ്പുചേര്‍ത്ത് പല്ലില്‍ വെക്കാന്‍ കൊടുത്തതും വേദന കുറഞ്ഞു. രൂപം കണ്ട് അടുക്കാന്‍ മടിച്ചതിനെ കുറിച്ച് അവരില്‍ ചിലര്‍ അപ്പോഴാണ് തുറന്നു പറയുന്നതു തന്നെ. പിറ്റേന്ന് ട്രക്കിങ്ങിന് പോകുമ്പോഴൊക്കെ പലവിധ സഹായങ്ങള്‍ ചെയ്തപ്പോഴാണ് പലരും നമ്മളെ മനസ്സിലാക്കുന്നത്. അതുവരെ അവർ താടിയും മുടിയും വെച്ച് എനിക്കൊരു വില്ലൻ പരിവേഷമാണ് മനസ്സിൽ മെനഞ്ഞിരുന്നത്.
വിദ്യാര്‍ഥികളെപ്പോലല്ലല്ലോ അധ്യാപകര്‍. അവര്‍ മുതിര്‍ന്ന മനുഷ്യരും ലോകം കണ്ടവരുമല്ലേ അവരും നമ്മെ മുന്‍വിധികളോടെ സമീപിക്കുമ്പോള്‍ ഉള്ളില്‍ സങ്കടം തോന്നിയിട്ടുണ്ട്. നമ്മളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നമ്മെ കുറിച്ച് ന്നനായി അറിയാം. പക്ഷെ മറ്റ് വകുപ്പുകളിലെ അധ്യാപകര്‍ എന്റെ കൂടെ നടക്കരുതെന്ന് ചില കുട്ടികളെ ഉപദേശിച്ചത് ഉള്ളില്‍ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ട്.
താടിയും മുടിയും പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടോ?
കഞ്ചാവെന്നോ മോശം സ്വഭാവക്കാരനെന്നോ ഉള്ള കാഴ്ച്ചപ്പാട് വീട്ടുകാർക്കെന്തായാലും നമ്മെ കുറിച്ചുണ്ടാവില്ല. എങ്കിലും പൊതു സമൂഹം പോലെ തന്നെയാണ് വീട്ടുകാരും കുടുംബവും. താടിയും മുടിയും വളര്‍ത്തലിന് ഒരു തരത്തിലുള്ള പിന്തുണയുമില്ല. ഇങ്ങനെ നടന്നാൽ എനിക്ക് പെണ്ണ്‌കെട്ടില്ല എന്നതാണ് അവരെ അലട്ടുന്ന കാര്യം. താടിയും മുടിയും നീട്ടി വളര്‍ത്തിയ ആണുങ്ങള്‍ക്ക് നല്ല പിള്ള ഇമേജില്ലാത്തതിനാല്‍ പെണ്ണിനെകിട്ടാൻ ബുദ്ദിമുട്ടും എന്നതാണ് അവരുടെ പക്ഷം.
"ഈ താടിയും മുടിയും വളര്‍ത്തിയാല്‍ നിനക്കാരാണ് പെണ്ണ് തരുക, ഒന്നു മുടിയൊക്കെ വെട്ടി മനുഷ്യക്കോളത്തില്‍ നടന്നൂടെ" എന്ന ചോദ്യം വീട്ടില്‍ നിന്നു കൂടെ കേള്‍ക്കുമ്പോള്‍ സങ്കടം വല്ലാതേറും. ചോദ്യം കൂടിയപ്പോള്‍ ഇപ്പോ ഡൊണേറ്റ് ചെയ്യാനാണ് മുടി വളര്‍ത്തുന്നതെന്നാണ് ഉത്തരം പറയാറ്. അതുകൊണ്ട് തന്നെ കുത്തികുത്തിയുള്ള തുടര്‍ ചോദ്യങ്ങള്‍ കുറയും. അല്ലെങ്കിലും ഇനിയെന്നെങ്കിലും വെട്ടുന്നുണ്ടെങ്കില്‍ തന്നെ ഡൊണേറ്റ് ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം.
അച്ഛന്‍ കൂലിപ്പണിക്കാരനായിരുന്നു. അടുത്തിടെയാണ് മരിച്ചത്. അമ്മക്ക് രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസമേയുള്ളൂ. അമ്മയുടെ ആവലാതിയെല്ലാം അവരുടെ സാഹചര്യം കൊണ്ടുണ്ടായതാണ്. പക്ഷെ പുരോഗമന ചിന്താഗതിക്കാരാണ് എന്ന് അവകാശപ്പെടുന്നയാളുകളില്‍ നിന്ന് മുന്‍വിധികളുണ്ടാവുന്നതാണ് ഞെട്ടിക്കുന്നത്.
മുടിയുടെയും താടിയുടെയും പേരില്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ അത്രയേറെ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മളെ മനസ്സിലാക്കുന്നവരും മുന്‍വിധികൾ ഇല്ലാത്തവരും ഉണ്ടെന്നത് സന്തോഷം നല്‍കുന്നതാണ്. ഞാനവസാനമായി ജോലി ചെയ്ത കമ്പനി അത്തരം കാഴ്ച്ചപ്പാടുള്ളവരുടെ ഇടമാണ്. ജോലി തന്നപ്പോൾ ഞാനവരോട് അങ്ങോട്ട് ചോദിച്ചു- മുടിയും താടിയും പ്രശ്‌നമല്ലേയെന്ന്. അവരെന്നോട് പറഞ്ഞത്- ഞങ്ങള്‍ ലുക്ക് നോക്കാറില്ല കഴിവാണ് നോക്കുന്നതെന്നാണ്. അങ്ങിനെയാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സോഷ്യോളജിസ്റ്റായി ഞാന്‍ പ്രവേശിക്കുന്നത്. എംഎസ്ഡബ്ല്യു പഠിച്ച ശേഷം മുടിയുടെ താടിയുടെയും പേരില്‍ എന്നെ ചുരുക്കി കളയാതെ എന്റെ കഴിവ് മാനദണ്ഡമാക്കി കിട്ടിയ ആദ്യ ജോലിയായിരുന്നു അത്.
ഇപ്പോൾ പിഎച്ച്ഡി പഠനമോഹം ഉള്ളിൽ കയറിയതിനെത്തുടർന്ന് ജോലിയിൽ നിന്ന രാജിവെച്ച് കൂലിപ്പണി ചെയ്താണ് ജീവിതം. അച്ഛന്‍ മരിച്ചതില്‍ പിന്നെ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിന്റെ തിരക്കുണ്ട്. ഒപ്പം ഡിവൈഎഫ്ഐയുടെ ഭാഗമായുള്ള പൊതിച്ചോറ് വിതരണം, സ്നേഹവീട് പദ്ധതി..അങ്ങനെയങ്ങനെ തിരക്കിലാണ് ജീവിതം. അതിനിടെ മുടിയുടെ പേരിലുള്ള തുറിച്ചുനോട്ടങ്ങളെ നേരിടാൻ പോലുമുള്ള സമയമില്ല.
താടിയും മുടിയും നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ മുന്‍വിധിയുടെ നോട്ടങ്ങളോ കുറ്റപ്പെടുത്തലുകളോ നേരിട്ടവരാണോ നിങ്ങള്‍. നിങ്ങള്‍ക്കും തീര്‍പ്പുകള്‍ വേണ്ട കാമ്പയിന്റെ ഭാഗമാകാം. ക്ലാരിറ്റിയുള്ള നീളത്തിലും കുത്തനെയുമുള്ള രണ്ട് ഫോട്ടോകളോടൊപ്പം അനുഭവക്കുറിപ്പുകള്‍ അയക്കാം- nileenaatholi@mpp.co.in
Stop being Judgemental- ഒരോ വ്യക്തിയുടെയും പ്രായത്തിനും പെരുമാറ്റ രീതികള്‍ക്കും തീരുമാനങ്ങള്‍ക്കും നൂറ്റാണ്ടുകളായി നല്‍കുന്ന വ്യാഖ്യാനങ്ങള്‍ പലതാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തിലും പ്രതീക്ഷയ്ക്കുതകുന്ന മാറ്റങ്ങളുണ്ടായില്ലെന്നു വേണം പറയാന്‍. ഇന്ന പ്രായത്തിൽ വിവാഹം കഴിക്കണം, വധു വരനേക്കാള്‍ പ്രായം കുറവുള്ളവാളണം, നീളം കുറവുള്ളവളാവണം എന്നുള്ള അലിഖിത നിയമങ്ങള്‍ ഇപ്പഴും തുടരുകയാണ്. വ്യത്യസ്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നവരോട്, പല പെരുമാറ്റരീതികളുള്ളവരോട് ഇന്നും സമൂഹം ചില മുന്‍വിധികള്‍ വെച്ചു പുലർത്തുന്നുണ്ട്. രണ്ടാം വിവാഹം ചെയ്യുന്ന സ്ത്രീകള്‍ മോശക്കാരാണ് ചിലര്‍ക്കെങ്കിലും. കുടുംബവും അത്തരം തീര്‍പ്പുകളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. അതിനെ അതിജീവിച്ചവരും, ആ കുറ്റപ്പെടുത്തലുകളില്‍ വെന്തു നീറാതെ ജീവിതവിജയം കൈവരിച്ചവരും സമൂഹത്തിനുള്ള പുനരാലോചനയാവട്ടെ. മാറട്ടെ മനോഭാവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിലൂടെ.
Content Highlights: judgemental attittude of public agianst people having long beard and moustache,Social,Mathrubhumi