മൃതദേഹം പഠനത്തിന് വിട്ടുനൽകൽ: പങ്കാളിയെയോ ബന്ധുക്കളെയോ കേൾക്കേണ്ടത് ഏത് സാഹചര്യത്തിൽ? | LAW POINT

മരണശേഷം ഇന്ത്യയില്‍ മൃതദേഹത്തിന് അഭികാമ്യമായ സംസ്‌കാരം ഉറപ്പുവരുത്താന്‍ പ്രത്യക നിയമം ഇല്ലെങ്കിലും ഭരണഘടനാ അനുച്ഛേദം 21-ലെ അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കല്‍ എന്നതില്‍ ഇതും ഉള്‍പ്പെടുമെന്ന് ഹൈക്കോടതികളും സുപ്രീം കോടതിയും നിരീക്ഷിച്ചിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 301 വകുപ്പ് (ഐ.പി.സി യില്‍ വകുപ്പ് 297 ആയിരുന്നു) മൃതദേഹ സംസ്‌കാരം നടക്കുന്നിടത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതും ഒരു വര്‍ഷംവരെ പിഴയോട് കൂടിയതോ അല്ലാതെയോ ഉള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്ന് പറയുന്നു.
നേരത്തെ തയ്യാറാക്കിയ വില്‍പത്രം അഥവാ ഒസ്യത്തില്‍ എഴുതിവെച്ചാല്‍ പോലും അനന്തരാവകാശികള്‍ കൂടി ഒറ്റക്കെട്ടായി തീരുമാനമെടുത്താലേ മരണശേഷം ഒരാളുടെ മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കല്‍ രാജ്യത്തെ കുടുംബങ്ങളുടെ സവിശേഷ സാഹചര്യങ്ങളില്‍ സാധ്യമാകുന്നുള്ളൂ എന്നതാണ് അവസ്ഥ. അവയവദാന കാര്യത്തില്‍ ഇത് നാം നിത്യേനെ കാണുന്നതുമാണ്. ഒരാള്‍ കണ്ണ് ദാനം ചെയ്ത് രേഖയിലൊക്കെ ഒപ്പിട്ട് വച്ചാലും മരണശേഷം കണ്ണ് എടുക്കാന്‍ എത്തുന്ന മെഡിക്കല്‍ ടീമിന് അനന്തരാവകാശികളുടെ സമ്മതം കൂടിയേ തീരൂ എന്നപോലെതന്നെയാണ് മൃതദേഹ കൈമാറ്റവും നടക്കുന്നത്.
2023-ല്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പി. ദണ്ഡപാണിയുടെ മൃതദേഹം ഹൈക്കോടതി കെട്ടിടത്തിലെ അന്ത്യോപചാരങ്ങള്‍ക്ക് ശേഷം നേരെ മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ഒറ്റക്കെട്ടായിനിന്നത് മാതൃകാപരമായിരുന്നു.
അനന്തരാവകാശികളുടെ അഭിപ്രായവ്യത്യാസം കേസിലേക്ക്
സി.പി.എം. നേതാവ് എം.എം. ലോറന്‍സിന് പാര്‍ട്ടിയും നാടും നല്‍കിയ അന്ത്യയാത്രയില്‍ എറണാകുളം ടൗണ്‍ ഹാളില്‍വെച്ച് അനന്തരാവകാശികളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ മൃതദേഹം പഠനത്തിന് വിട്ടുകൊടുക്കുന്നതിനേപ്പറ്റി ഉയര്‍ന്നുവന്നു. മകള്‍ മതാചാര പ്രകാരമുള്ള മൃതദേഹ സംസ്‌കാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിയിരുന്നു. മക്കളും പേരക്കുട്ടികളും അടക്കം മതാചാരങ്ങള്‍ പിന്തുടരുന്നുവെന്നും പള്ളി സെമിത്തേരിയില്‍ പിതാവിനെ അടക്കം ചെയ്യണമെന്നും ആയിരുന്നു മകളുടെ ആവശ്യം.
പിതാവ് ജീവിച്ചിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് യാതൊരു രേഖയും നല്‍കിയിട്ടില്ല എന്നും മകള്‍ ചൂണ്ടിക്കാട്ടി. ആദ്യം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും പിന്നീട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തന്റെ പിതാവിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലിയും ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ എതിർകക്ഷിയാക്കിയ കേസില്‍ ലോറന്‍സിന്റെ മറ്റ് മക്കളും കക്ഷികളായിരുന്നു.
1957-ലെ കേരള അനാട്ടമി അക്ടും പരേതന്റെ അവസാന തീരുമാനവും
അനാട്ടമി നിയമത്തില്‍ 1964-ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ട വകുപ്പ് നാല് എ, ഉപവകുപ്പ് ഒന്ന് പറയുന്നത് മരിച്ച വ്യക്തിയുടെ ജീവിച്ചിരുന്നപ്പോഴത്തെ തീരുമാനപ്രകാരം മൃതദേഹം പഠനത്തിന് കൈമാറണം എന്നാണെങ്കില്‍ ആ മൃതദേഹം എപ്രകാരം ഏറ്റെടുക്കണം എന്നതിനേപ്പറ്റിയാണ്. 1949-ലെ മഹാരാഷ്ട്ര നിയമത്തിന്റെ ചുവട് പിടിച്ചുള്ളതാണ് കേരളത്തിലെ ഈ നിയമവും.
ഒരാള്‍ തന്റെ അവസാന നാളുകളില്‍ രണ്ടോ അതിലധികമോ ആളുകളുടെ സാന്നിധ്യത്തില്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കണമെന്ന് രേഖാമൂലമോ വാക്കാലോ പറഞ്ഞാല്‍ അത് പാലിക്കപ്പെടണം എന്ന പ്രിന്‍സിപ്പാളിന്റെ വാദം ജസ്റ്റിസ്. വി.ജി. അരുണിന്റെ ബഞ്ച് അംഗീകരിച്ചു. നേരത്തെ അനന്തരാവകാശികളില്‍ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് സമിതി രൂപവത്കരിച്ച് ഹിയറിങ് നടത്തിയ കാര്യവും കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കോടതിയെ ധരിപ്പിച്ചു. വകുപ്പ് 4, ഉപവകുപ്പ് 2 അനുസരിച്ച് അനന്തരാവകാശികളുടെ അഭിപ്രായത്തിന് ഈ കേസില്‍ പ്രസക്തിയില്ല എന്ന് പ്രിന്‍സിപ്പാള്‍ മറുപടിനല്‍കി. മരിച്ച വ്യക്തി മൃതദേഹം പഠനത്തിന് വിട്ടുകൊടുക്കുന്നതിനേപ്പറ്റി വ്യക്തമാക്കാത്ത, അല്ലെങ്കില്‍ അത്തരം ആഗ്രഹം മരിക്കും മുന്‍പ് പിന്‍വലിച്ച സാഹചര്യം ഉണ്ടെങ്കിലേ അന്തരാവകാശികളുടെ എതിര്‍പ്പിന് കഴമ്പുള്ളൂ. എങ്കിലേ മരിച്ചയാളുടെ ജീവിച്ചിരിപ്പുള്ള പങ്കാളിയേയോ ബന്ധുക്കളെയോ കേള്‍ക്കേണ്ടതുള്ളൂ.
'എന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിന് വിട്ടുനല്‍കണം'
മൃതദേഹം പഠനത്തിന് വിട്ടുകൊടുക്കണമെന്ന് ലോറന്‍സ് 2024 മാര്‍ച്ച് നാലിന് പേരക്കുട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ മകനോട് പറഞ്ഞത് കേട്ടു എന്ന ബന്ധുക്കളായ രണ്ട് സാക്ഷികളുടെ മൊഴി വകുപ്പ് 4 അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ പര്യാപ്തനാക്കുന്നതായി സിംഗിള്‍ ബഞ്ച് വിധി നിരീക്ഷിക്കുന്നു. സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാന്‍ ഹര്‍ജിക്കാരിക്ക് അവസരമുണ്ട്.
(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)
Content Highlights: handing over of deadbody for educational purposes and rules relating to it