സ്‌കൂള്‍ ഓഫ് ഡെമോക്രസി, ജനാധിപത്യം പഠിപ്പിക്കാൻ ഒരു സ്കൂൾ

#കെ. എ . ബീന
പണി നടക്കുന്ന സ്കൂൾ ഓഫ് ഡെമോക്രസി കെട്ടിടം
പണി നടക്കുന്ന സ്കൂൾ ഓഫ് ഡെമോക്രസി കെട്ടിടം

ഒരു മനോഹരമായ സ്വപ്നം കാണാനാണ് രാജസ്ഥാനിലെ  ആ ഗ്രാമത്തില്‍ പോയത്. മാഗ്‌സസേ അവാര്‍ഡ് ജേതാവ് അരുണാ റോയിയുടെ സ്വപ്നം കാണാന്‍...
ഭീം പ്രവിശ്യയില്‍ ബഡി കാ  ബദിയ ഗ്രാമത്തിലാണ് ലോക തന്ത്ര ശാല എന്ന് അരുണാ റോയി പേരിട്ടു വിളിക്കുന്ന സ്‌കൂള്‍ ഓഫ് ഡെമോക്രസി അഥവാ ജനാധിപത്യത്തിന്റെ സ്‌കൂള്‍. മനുഷ്യരാശി തന്നെ ജനാധിപത്യം ചരിത്ര രേഖയാവുമോ എന്ന സംശയവുമായി ജീവിക്കുമ്പോള്‍ അതിന് വേണ്ടി ഒരു സ്‌കൂള്‍ നടത്തുകയാണ് അവര്‍ ഇവിടെ..

ഫെബ്രുവരിയുടെ ഉച്ചകള്‍ക്ക് ഈ പ്രദേശങ്ങളില്‍ തണുപ്പ് പതിവാണ്. സുഖകരമായ കാലാവസ്ഥ . വിശാലമായ പറമ്പില്‍ ഇനിയും പണി പൂര്‍ത്തിയായിട്ടില്ലാത്ത  സ്‌കൂള്‍ ഓഫ് ഡെമോക്രസി തലയുയര്‍ത്തി നില്‍ക്കുന്നു. പടിക്കെട്ടില്‍ ചാരിയിരുന്നു അരുണാറോയ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു.' ഇത് ഒരു വലിയ സ്വപ്നമാണ്. എന്റെയും നിങ്ങളുടെയും എല്ലാവരുടെയും സ്വപ്നം. ജനാധിപത്യം എന്ന സ്വപ്നം.' കണ്ണുകളില്‍ നിറഞ്ഞ പ്രതീക്ഷയും,  മുഖത്ത് പ്രസന്നതയും കനിവും നിറച്ച് അരുണാ റോയ് പറഞ്ഞു.

സ്കൂൾ ഓഫ് ഡെമോക്രസിയിലെ അംഗങ്ങൾക്കൊപ്പം ലേഖിക

ആ സ്വപ്നം നീണ്ട് പരന്ന് കിടക്കുന്നു. അത്രയൊന്നും വലുതല്ലാത്ത ലോകതന്ത്ര ശാല.  പരമ്പരാഗത രാജസ്ഥാന്‍ വാസ്തുശില്പവിദ്യയുടെ മനോഹാരിത സമുച്ചയത്തെ  പ്രിയതരമാക്കുന്നു. കേരളീയ മാതൃകയില്‍ ഒരു  കൂത്തമ്പലവും ഉണ്ട് . ഗ്രീക്ക് ശൈലിയിലുള്ള പാന്റമോണിയം സ്‌റ്റൈലിലാണ് ഇരിപ്പിടങ്ങള്‍. ലൈംസ്റ്റോണ്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍.  സിമന്റ് വളരെ കുറവേ ഉപയോഗിച്ചിട്ടുള്ളൂവെന്നും കെട്ടിടത്തിന്റെ ആര്‍ക്കിടെക്ചറും ഡിസൈനറും ഒക്കെ താന്‍ തന്നെയാണെന്നും അരുണാ റോയ് അഭിമാനത്തോടെ പറഞ്ഞു.

 'കമ്പ്യൂട്ടര്‍, ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ് ട്രെയിനിങ് സെന്റര്‍ എല്ലാം ഇവിടെയുണ്ട് . ചുവരുകളില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരചരിത്രമാണ് വരച്ചിരിക്കുന്നത്. സിനിമ പ്രൊജക്ഷനുള്ള സൗകര്യവുമുണ്ട് ' അരുണാ റോയ് തന്റെ സ്വപ്നത്തെ വിശദീകരിക്കുകയായിരുന്നു .

ജനാധിപത്യം മഹത്തരമെന്ന ബോധം സൃഷ്ടിക്കൽ ലക്ഷ്യം

അരുണ റോയ് സ്കൂൾ ഓഫ് ഡെമോക്രസിയിലെ ഫാക്കൽറ്റിക്കൊപ്പം

'ജനാധിപത്യം മഹത്തരമാണെന്ന് പുതിയ തലമുറയില്‍ ബോധം ഉണ്ടാക്കുകയാണ് സ്‌കൂള്‍ ഓഫ് ഡെമോക്രസി സ്ഥാപിച്ചതിലൂടെ  ഉദ്ദേശിക്കുന്നത് .
ഓരോ മനുഷ്യനും അവന് അര്‍ഹമായ അവകാശങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിവുണ്ടായിരിക്കണം. അതിനുള്ള പഠനവും പരിശീലനങ്ങളുമാണ് ഇവിടെ നടക്കുന്നത് . പല ബാച്ചുകള്‍  ആയിട്ടാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് . ഇത് ഒരു വലിയ പ്രസ്ഥാനമായി മാറണം എന്നാണ് എന്റെ ആഗ്രഹം .
ഇവിടെനിന്ന് ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്ത ഇന്ത്യ മുഴുവന്‍ , ലോകം മുഴുവന്‍ വ്യാപിക്കണം. അതിനുവേണ്ട പഠിതാക്കള്‍ ഇവിടെ എത്തും എന്ന് എനിക്കുറപ്പുണ്ട് .

"വളരെ കാലം മുമ്പ് ഞങ്ങള്‍ ഇതുപോലെ രാജസ്ഥാനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിവരാവകാശനിയമത്തിനും തൊഴിലുറപ്പ് പദ്ധതിക്കും ഒക്കെ കാരണമായത് . സ്‌കൂള്‍ ഓഫ് ഡെമോക്രസിയെക്കുറിച്ചും ഞാന്‍ കാണുന്നത്  വലിയ സ്വപ്നമാണ്.'
ഒരു കൊച്ചു കുട്ടിയെപ്പോലെ ഓരോ കാഴ്ചയും അവര്‍ കാട്ടിത്തന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അരുണ റോയ്

 'യഥാര്‍ത്ഥ രാഷ്ട്രീയം ജനങ്ങളെ കേള്‍ക്കുകയാണ്. കേട്ടുകഴിഞ്ഞ്  അവരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് പരിഹാരം തേടേണ്ടത് .
ദേവ് ഡോങ് ഡിയില്‍ ഞങ്ങള്‍ അതാണ് ചെയ്തത് .  നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരും ആ രീതി  സ്വീകരിക്കണം എന്നാണ് എന്റെ ആഗ്രഹം . ജനങ്ങളോട് പറഞ്ഞു കൊണ്ടേയിരിക്കലാണ് ഇന്നത്തെ രീതി. മറിച്ചു ജനങ്ങളെ കേള്‍ക്കുന്ന രീതി വരുന്നതിലൂടെ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ.', അവർ കൂട്ടിച്ചേർത്തു.
സ്‌കൂള്‍ ഓഫ് ഡെമോക്രസിയില്‍ ജനാധിപത്യത്തിന്റെ പാഠങ്ങള്‍, ഭരണഘടനയുടെ പ്രാധാന്യം ഒക്കെ പഠിപ്പിക്കുന്നുണ്ട്. പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജനങ്ങളുടെ പാര്‍ലമെന്റ് എന്നിവയൊക്കെ വഴിയാണ് ജനാധിപത്യമൂല്യങ്ങളുടെ അഭ്യസനം നടക്കുന്നത് .

ഇവിടെ പഠിപ്പിക്കുന്നവര്‍ക്ക് പ്രതിഫലമൊന്നും നല്‍കുന്നില്ല  അതിന് കഴിയുകയും ഇല്ല എന്ന്  അരുണാ റോയ് പറഞ്ഞു . ഓരോരുത്തരും അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ക്ലാസുകള്‍ എടുക്കുകയാണ് ചെയ്യുന്നത് .അതുപോലെ തന്നെ പഠിക്കാന്‍ വരുന്നവരുടെ കയ്യില്‍ നിന്ന് പണമായോ സേവനമായോ പ്രതിഫലം പറ്റാറുണ്ട് . ഒരു പാവപ്പെട്ട ഗ്രാമീണ സ്ത്രീക്ക് കുറച്ച് അരി നല്‍കാം. പണം ഉള്ള ഒരാള്‍ക്ക് അത് നല്‍കാം . എല്ലാവര്‍ക്കും ഒരേ ഭക്ഷണമേ നല്‍കുകയുള്ളൂ. പാചകം തുടങ്ങി എല്ലാ ജോലികളിലും എല്ലാവരും പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ട് . അഹിംസയിലൂടെ , സമാധാനത്തിന്റെ മാര്‍ഗ്ഗങ്ങളിലൂടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഉള്ള രീതികളാണ് ഇവിടെ പഠിപ്പിക്കുന്നത് . പഠിതാക്കള്‍ക്ക് താമസിക്കാനുള്ള മിനിമം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അരുണാറോയിക്കൊപ്പം ലേഖിക, ഇടതു വശത്ത് അനിതാ തമ്പി

മോത്തി കാ ലഡ്ഡുവുമായി ഗണപത് എത്തി. മൂന്ന് മാസമായി അവനവിടെ പഠിക്കുകയാണ്. അപേക്ഷകള്‍ എഴുതി കൊടുക്കാന്‍ പഠിച്ചത് വലിയ അഭിമാനം നല്‍കുന്നുവെന്ന് ഗണപത് പറഞ്ഞു. രാജനീതിയെക്കുറിച്ച് പഠിച്ച കാര്യങ്ങള്‍ തലയ്ക്കുള്ളില്‍ വെളിച്ചം ഉണ്ടാക്കി എന്ന് അവന്‍ അഭിമാനത്തോടെ ഞങ്ങളോട് പറഞ്ഞു .

അരുണാ റോയിയുമായി സംസാരിക്കുമ്പോള്‍ അനന്യമായ ഒരു ഊര്‍ജ്ജപ്രവാഹം അനുഭവിക്കുകയായിരുന്നു. ദിഗ്വിജയും  പ്രേമിജയും ആ സമയത്ത് പുറത്തേക്ക് പോകാന്‍ ഒരുങ്ങി വന്നു. അവര്‍ ജീപ്പില്‍ കയറി പുറപ്പെടുമ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന അരുണാ റോയ്  പെട്ടെന്ന് ചാടി എഴുന്നേറ്റ് എന്റെ കയ്യില്‍ നിന്ന് ക്യാമറ വാങ്ങി ജീപ്പില്‍  ഇരുന്ന് പുറത്തേക്ക് നോക്കുന്ന ദിഗ്വിജയിന്റെ ഫോട്ടോ എടുത്തു തുടങ്ങി .ഡിജിറ്റല്‍ ക്യാമറയുടെ സ്‌ക്രീനില്‍ പടങ്ങള്‍ നോക്കി സന്തോഷത്തോടെ മടങ്ങി വന്ന്  നടുനിവര്‍ത്തി ഇരുന്ന് അരുണ പറഞ്ഞു- ' കടുത്ത നടുവേദനയിലാണ് കഴിഞ്ഞുകൂടുന്നത് '.

ചെന്നൈയില്‍  ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍  ചേര്‍ന്ന അരുണാ റോയി സാമൂഹ്യ പ്രവര്‍ത്തനത്തിന് വേണ്ടി സിവില്‍ സര്‍വ്വീസ്  ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയത് 1974 ലാണ്. ആദ്യം കുറേക്കാലം രാജസ്ഥാനിലെ തിലോണിയയില്‍ ഭര്‍ത്താവ്  സഞ്ജിത് ബങ്കര്‍ റോയ്ക്ക് ഒപ്പം  പ്രവര്‍ത്തിച്ചു. തിലോണിയയില്‍  ബങ്കര്‍ റോയ് നടത്തുന്ന ബെയര്‍ഫൂട്ട് കോളേജ് ഈ മാതൃകയില്‍ ലോകത്ത് തന്നെയുള്ള  അപൂര്‍വ്വം സ്ഥാപനങ്ങളില്‍പ്പെടുന്നു. വിവിധ തൊഴിലുകളില്‍ പ്രാവീണ്യം നല്‍കി ഗ്രാമീണരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ്  ബങ്കര്‍റോയി തിലോണിയയില്‍ നടത്തുന്നത് .

മരങ്ങളും ചെടികളും മനോഹരമായ കെട്ടിടങ്ങളുമുള്ള ബെയര്‍ഫൂട്ട് കോളേജിലേക്ക് ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ പഠിക്കാന്‍ എത്തുന്നുണ്ട്. നിരക്ഷരരായ ഗ്രാമീണരെ സൗരോര്‍ജ്ജം, ജലസേചനം, മാലിന്യനിര്‍മാര്‍ജനം, വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ ഒക്കെ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നു, ഇവര്‍ പിന്നീട് ആരോഗ്യപ്രവര്‍ത്തകരും വ്യാപാരികളും സേവനദാതാക്കളും ഒക്കെയായി മാറി സ്വന്തം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 

ഗ്രാമത്തിലെ കുട്ടികളെ കമ്പ്യൂട്ടര്‍, ടാബ് ഒക്കെ ഉപയോഗിക്കാനും ബെയര്‍ഫൂട്ട് കോളേജില്‍ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം ,തൊഴില്‍ പരിശീലനം, ആരോഗ്യം ,കുടിവെള്ളം ,സ്ത്രീ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെ 1972-ലാണ് ബെയര്‍ഫൂട്ട് കോളേജ് തുടങ്ങിയത്. സ്ത്രീകളാണ് പഠിക്കാനെത്തുന്നവരില്‍ കൂടുതല്‍. കാഴ്ചകള്‍ കണ്ടും കാര്യങ്ങള്‍ കേട്ടും സമയം പെട്ടെന്ന് കടന്ന് പോയി.

സന്ധ്യ മയങ്ങിയപ്പോള്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. സ്‌നേഹത്തോടെ  അരുണാ റോയ് പറഞ്ഞു ' ഇനിയും വരണം, ഇവിടെ താമസിക്കണം , ഇവിടെ പഠിപ്പിക്കണം.' ജനാധിപത്യത്തെ സ്വപ്നമായി കണ്ടു ജീവിക്കുന്ന അവരോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവരുടെ സ്വപ്നം ഇന്ത്യയുടെ ആകെ സ്വപ്നമാണല്ലോ എന്ന് ഓര്‍ത്തു പോയി. ജനാധിപത്യം എന്ന മഹത്തായ സ്വപ്നം. അതിനു വേണ്ടിയുള്ള ഒരു സ്‌കൂള്‍ ..ചില യാത്രകള്‍ സാര്‍ഥകമാവുന്നത് ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങള്‍ കൊണ്ടാണ്.

Content Highlights: Rural India, Ka beena, Aruna Roy, School for democracy, Rajasthan, social