'സ്‌മൈല്‍ പ്ലീസ്...!'; വിക്രം ലാന്‍ഡറിന്റെ ചിത്രം പകർത്തി പ്രഗ്യാന്‍ റോവര്‍

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷന്‍ ക്യാമറ മാതൃപേടകമായ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുത്തത്. 'ഇമേജ് ഓഫ് ദ മിഷൻ' എന്ന വിശേഷണത്തോടെയാണ് ഇസ്‌റോ (ISRO) ചിത്രം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം ഇസ്‌റോ ഇങ്ങനെ കുറിച്ചു:
സ്‌മൈല്‍ പ്ലീസ്...!
ഇന്ന് രാവിലെ് പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി.
റോവറിന്റെ ഉള്ളിലുള്ള നാവിഗേഷന്‍ ക്യാമറയാണ് 'ദൗത്യത്തിന്റെ ചിത്രം' ഒപ്പിയെടുത്തത്.
ബെംഗളരുവിലെ ലാബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്ടിക്‌സ് സിസ്റ്റംസ് ആണ് ചന്ദ്രയാന്‍ 3-നുവേണ്ടി നാവിഗേഷന്‍ ക്യാമറകള്‍ വികസിപ്പിച്ചത്.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-ന്റെ നിര്‍ണായകഘടകമാണ് നാവിഗേഷന്‍ ക്യാമറകള്‍. റോവറിന്റെ നേത്രങ്ങള്‍ പോലെയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ചാന്ദ്രപ്രദേശത്തിന്റെ പര്യവേക്ഷണത്തില്‍ റോവറിനെ നയിക്കുന്നത് ഈ ക്യാമറകളാണ്. സഞ്ചാരപാത നിര്‍ണയിച്ചും പാതയിലെ പ്രതിബന്ധങ്ങള്‍ ഒഴിവാക്കിയും റോവറിന്റെ സുരക്ഷിത സഞ്ചാരത്തിന് വഴിയൊരുക്കുന്നത് നാവിഗേഷന്‍ ക്യാമറകളാണ്.
ഓഗസ്റ്റ് 23-നാണ് ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യരാജ്യവുമായി ഇന്ത്യ. അന്ന് മുതല്‍ ചന്ദ്രനെ കുറിച്ചുള്ള നിര്‍ണായകവിവരങ്ങളാണ് ലഭിക്കുന്നത്.
വിലപ്പെട്ട ശാസ്ത്രവിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഏകോപിതപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. റോവറില്‍ രണ്ട് പോലോഡുകളാണുള്ളത്- ദ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്-റേ സ്‌പെക്ട്രോമീറ്ററും (APXS) ലേസര്‍ ഇന്ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും (LIBS). ചന്ദ്രോപരിതലത്തിലെ മണ്ണ്, പാറ എന്നിവയുടെ ഘടനയെ വിശകലനം ചെയ്യുന്നതിനാണ് ഈ പേലോഡുകൾ.
പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രം ചന്ദ്രയാന്‍ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. റോവറും ലാന്‍ഡറും തമ്മിലുള്ള വിജയകരമായ സഹകരണം മാത്രമല്ല മറിച്ച് നാവിഗേഷന്‍ ക്യാമറകളുടെ സാങ്കേതിക മികവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ക്യാമറകള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ ഞായറാഴ്ച റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തുകയും തുടര്‍ന്ന് സഞ്ചാരപാതയില്‍ വ്യതിയാനം വരുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവർ സള്‍ഫറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കൂടാതെ മറ്റ് ഓക്‌സിജനുള്‍പ്പെടെ എട്ട് മൂലകങ്ങളുടെ സാന്നിധ്യവും ഇസ്‌റോ സ്ഥിരീകരിച്ചു. നേരത്തെ ചന്ദ്രോപരിതലത്തിലെ താപവ്യതിയാനത്തേക്കുറിച്ചും റോവറില്‍ നിന്ന് വിവരം ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
Content Highlights: Pragyan rover clicks Vikram lander, Moon, Chandrayaan 3, Malayalam News, Latest News