രണ്ട് മലയാളി ഗവേഷകര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി ഫെലോഷിപ്പ്

#സ്വന്തം ലേഖകന്‍
ഡോ.പ്രിയ എബ്രഹാം, ഡോ.സത്യഭാമ ദാസ് ബിജു. ചിത്രങ്ങള്‍ കടപ്പാട്: LinkedIn, Harvard University
ഡോ.പ്രിയ എബ്രഹാം, ഡോ.സത്യഭാമ ദാസ് ബിജു. ചിത്രങ്ങള്‍ കടപ്പാട്: LinkedIn, Harvard University

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐ.എന്‍.എസ്.എ) യുടെ ഫെലോ ആയി രണ്ട് മലയാളി ശാസ്ത്രജ്ഞര്‍ തിരഞ്ഞെടുക്കപ്പെട്ടു. പൂണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് മുൻ ഡയറക്ടര്‍ ഡോ.പ്രിയ എബ്രഹാം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജു (എസ്.ഡി. ബിജു) എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായ മലയാളികള്‍. ഐ.എന്‍.എസ്.എ. യുടെ 2023 ലെ ഫെലോഷിപ്പിന് അര്‍ഹരായ 45 ഗവേഷകരില്‍ മലയാളികളായ ഈ ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും പ്രമുഖ വൈറോളജിസ്റ്റുകളില്‍ ഒരാളാണ് പ്രിയ എബ്രഹാം. കോവിഡ് വൈറസായ 'സാര്‍സ്-കോവ്-2' (SARS-CoV-2) സംബന്ധിച്ച പരിശോധനാ സങ്കേതങ്ങളുടെയും ജീനോം പഠനങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ച ഗവേഷകയാണ് അവരെന്ന്, ഐ.എന്‍.എസ്.എ. അറിയിപ്പ് പറയുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി എണ്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ സീനിയര്‍ പ്രൊഫസറായ സത്യഭാമ ദാസ് ബിജു, 116 ഉഭയജീവി ഇനങ്ങളെ വിശദീകരിച്ചിട്ടുള്ള ഹെര്‍പ്പറ്റോളജിസ്റ്റാണ്. വര്‍ഗ്ഗീകരണശാസ്ത്രം (ടാക്‌സോണമി), പരിണാമപഠനം, ബയോജിയോജ്യോഗ്രഫി, ഉഭയജീവി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ബിജുവെന്ന് ഐ.എന്‍.എസ്.എ. സാക്ഷ്യപ്പെടുത്തുന്നു. 

യു.എസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഓര്‍ഗാനിസ്മിക് ആന്‍ഡ് എവല്യൂഷണറി ബയോളജി വകുപ്പില്‍ അസോസിയേറ്റാണ് ഡോ. ബിജു ഇപ്പോള്‍. 2024 ജനുവരി ഒന്ന് മുതലാണ് ഐ.എന്‍.എസ്.എ. യുടെ പുതിയ ഫെലോഷിപ്പുകള്‍ നിലവില്‍ വരുക.

Content Highlights: indian national science fellowship two Keralites