ചന്ദ്രനിലും ഇൻ്റർനെറ്റും നാവിഗേഷനും; ഉപഗ്രഹശൃംഖലയൊരുക്കാന്‍ ഇ.എസ്.എയുടെ മൂണ്‍ലൈറ്റ് പദ്ധതി

പ്രതീകാത്മക ചിത്രം | photo: afp
പ്രതീകാത്മക ചിത്രം | photo: afp

ന്യൂഡൽഹി: തങ്ങളുടെ സ്വപ്നപദ്ധതിയായ മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ സർവീസസ് (എൽസിഎൻഎസ്) ന്  തുടക്കംകുറിച്ച് യൂറോപ്യൻ സ്പേസ് ഏജൻസി. ചന്ദ്രനിലെ ടെലി കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സേവനങ്ങൾക്കായി ഒരു ഉപ​ഗ്രഹ ശൃംഖല ഒരുക്കുകയാണ് മൂൺലൈറ്റ് പദ്ധതിയുടെ ലക്ഷ്യം. സാറ്റ്ലൈറ്റ് നാവിഗേഷൻ, വീഡിയോ കോൺഫറൻസിങ്, ഡാറ്റാ ഷെയറിങ് മുതലായ അവശ്യ സേവനങ്ങൾ ഭൂമിയിലേതുപോലെ ചന്ദ്രോപരിതലത്തിലും തടസ്സമില്ലാതെ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. 

ചന്ദ്രനിലെ ലാൻഡിങ്ങുകളുടെ കൃത്യത ഉറപ്പാക്കുക, ഭൂമിക്കും ചന്ദ്രനും ഇടയിൽ വേ​ഗതയേറിയ ആശയവിനിമയ ശൃംഖല സ്ഥാപിക്കുക, ചന്ദ്രോപരിതലത്തിലെ സഞ്ചാരം സു​ഗമമാക്കുക എന്നിവയും പദ്ധതിയുടെ ഭാ​ഗമായി ലക്ഷ്യമിടുന്നു. ചന്ദ്രനിലെ ഭാവിദൗത്യങ്ങൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതീക്ഷിക്കുന്നു.

ഒക്ടോബർ 15-ന് ഇൻറർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺ​ഗ്രസിലാണ് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. അടുത്ത 20 വർഷത്തേയ്ക്കുള്ള ചാന്ദ്രപദ്ധതികൾക്ക് മൂൺലെെറ്റ് ​ഗുണകരമാകുമെന്ന പ്രതീക്ഷയും യൂറോപ്യൻ സ്പേസ് ഏജൻസി പങ്കുവെച്ചു. പദ്ധതിയുടെ ആദ്യപടിയായി 2026 ലൂണാർ പാത്ത് ഫെെൻഡർ വിക്ഷേപിക്കും. 2030 ഓടെ പദ്ധതി പൂർണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അഞ്ച് ഉപഗ്രഹങ്ങൾ അടങ്ങുന്നതായിരിക്കും മൂൺലൈറ്റ് ശൃംഖല. ഇതിൽ ഒരെണ്ണം ആശയവിനിമയത്തിനും നാലെണ്ണം നാവി​ഗേഷനായും ഉപയോ​ഗിക്കും. മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളിലൂടെ ചന്ദ്രനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന 4,00,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ശൃംഖലയിൽ ഈ ഉപഗ്രഹങ്ങൾ വിന്യസിക്കും. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ കേന്ദ്രീകരിച്ചാകും പ്രവർത്തനം. 

യുകെയിലേയും ഇറ്റലിയുടേയും ബഹിരാകാശ ഏജൻസികളുടെ പിന്തുണയോടെ യൂറോപ്യൻ സ്പേസ് ഏജൻസിയും ബഹിരാകാശ സംവിധാനങ്ങളുടെ ഡെവലപ്പർമാരായ ടെലിസ്പാസിയോ നയിക്കുന്ന കൺസോർഷ്യവും ചേർന്നാണ് പ​ദ്ധതി പ്രാവർത്തികമാക്കുന്നത്. 
 

Content Highlights: The European Space Agency launched Moonlight programme