ഇരുമ്പിനോളം ശക്തി, പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറവ്; വിപ്ലവകരമായ പുതിയ വസ്തു കണ്ടെത്തി ഗവേഷകര്‍

Photo: MIT news
Photo: MIT news

ഇരുമ്പിനോളം ശക്തിയുള്ളതും എന്നാല്‍ പ്ലാസ്റ്റിക്കിനെ പോലെ ഭാരം കുറഞ്ഞതുമായ പുതിയ വസ്തു കണ്ടെത്തി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഇത് വളരെ എളുപ്പത്തില്‍  വലിയ അളവില്‍ നിര്‍മിക്കാന്‍ സാധിക്കും. കാറുകള്‍, ഫോണുകള്‍ എന്നിവയ്ക്കുള്ള കവചങ്ങള്‍ക്ക് വേണ്ടിയും പാലങ്ങള്‍ പോലുള്ള വലിയ നിര്‍മിതികള്‍ക്ക് വേണ്ടിയുള്ള കട്ടകളായും ഇത് ഉപയോഗിക്കാനാകുമെന്ന് എംഐടിയിലെ കാര്‍ബണ്‍ പി. ഡബ്‌സ് കെമിക്കല്‍ എഞ്ചിനീയറിങിലെ പ്രൊഫസറും ഗവേഷണത്തിന്റെ മുഖ്യ എഴുത്തുകാരനുമായ മൈക്കല്‍ സ്ട്രാനോ പറഞ്ഞു. 

സാധാരണ കെട്ടിടങ്ങള്‍ക്ക് പിന്തുണയാകുന്ന വസ്തുവായി പ്ലാസ്റ്റിക്കിനെ നമ്മള്‍ കാണാറില്ല. എന്നാല്‍ ഈ വസ്തുകൊണ്ട് പല പുതിയ കാര്യങ്ങളും സാധിക്കും. അദ്ദേഹം പറഞ്ഞു. 

ഒരു ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനേക്കാള്‍ എത്രയോ ബലമുണ്ട് ഇതിന്. ഇരുമ്പിനെ പൊട്ടിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഇരട്ടി ശക്തി വേണം ഈ വസ്തുവിനെ തകര്‍ക്കാന്‍. എങ്കിലും ഇരുമ്പിന്റെ ആറിലൊന്ന് സാന്ദ്രത മാത്രമേ ഈ വസ്തുവിനുള്ളൂ. 

പോളിമെറുകള്‍ രൂപപ്പെടുത്തുന്നതിന് പുതിയ മാര്‍ഗം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുതിയ വസ്തു കണ്ടെത്തിയത്. പോളിമെറിന്റെ ഒരു ദ്വിമാന പതിപ്പ് നിര്‍മിക്കാനാവുമോ എന്ന് പരിശോധിക്കുകയായിരുന്നു അവര്‍.  അത്തരം ഒരു വസ്തു രൂപപ്പെടുത്താന്‍ ദശാബ്ദങ്ങളോളം ശ്രമിക്കേണ്ടിവന്നു. 

പോളിമെറിന് ഉദാഹരണമാണ് പ്ലാസ്റ്റിക്, റബ്ബര്‍, ഗ്ലാസ് എന്നിവ. പോളിമറുകള്‍ അടിസ്ഥാനപരമായി മോണോമറുകള്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തിഗത തന്മാത്രകളുടെ ശൃംഖലയാണ്, രാസ ബോണ്ടുകളാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണ പോളിമറുകള്‍ രൂപംകൊള്ളുമ്പോള്‍ അവ ത്രിമാന വസ്തുക്കളായി വികസിക്കാറുണ്ട്. ഓവനില്‍ ഒരു കേക്ക് വികസിക്കുന്നത് പോലെ. അങ്ങനെ സംഭവിക്കാതെ മോണോമറുകളെ തമ്മില്‍ ബന്ധിപ്പിക്കാനും ഒരു പോളിമര്‍ ശൃംഖലയായി വളരാനും അനുവദിക്കുന്ന ഒരു പ്രക്രിയ നിര്‍മിക്കുന്നതിനായിരുന്നു ഗവേഷകരുടെ ശ്രമം.പുതിയ രീതി 'നേച്ചര്‍' ജേണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

Content Highlights: