വംശശുദ്ധി എന്ന മിഥ്യ

Демин Алексей Барнаул, CC BY-SA 4.0 , via Wikimedia Commons
Демин Алексей Барнаул, CC BY-SA 4.0 , via Wikimedia Commons

പുരാതന ജനിതകപഠനങ്ങളിൽ നടത്തിയ ശ്രദ്ധേയമായ സംഭാവനകളെ മുൻനിർത്തിയാണ് ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ സ്വാന്തേ പാബോവിന് ഇക്കൊല്ലത്തെ ജീവശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

പാബോവിന്റെ സർഗാത്മകത

നരവംശശാസ്ത്രത്തെ സാംസ്കാരികമായ പഠനങ്ങളിൽ മാത്രം ഒതുക്കാതെ ജീവശാസ്ത്രത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തു എന്നതിലാണ് പാബോവിന്റെ സർഗാത്മകതയെ കണ്ടെത്തേണ്ടത്. ഇന്ത്യയുൾപ്പെടെയുള്ള പലരാജ്യങ്ങളിലും മനുഷ്യസമൂഹത്തെ ഭിന്നിപ്പിക്കുന്ന സ്വത്വരാഷ്ട്രീയം പിടിമുറുക്കുന്ന ഈ കാലത്ത്‌ പാബോ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പുരാതന ജനിതകശാസ്ത്രശാഖ പ്രത്യേക പരാമർശമർഹിക്കുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പ് പുരാതനമാനവർ ആഫ്രിക്കയിൽനിന്നു പുറത്തേക്കുള്ള വഴികൾതാണ്ടി ലോകത്തിന്റെ പലഭാഗങ്ങളിൽ എങ്ങനെ എത്തിപ്പെട്ടെന്നും അവരുടെ പൂർവികർ ആരായിരുന്നെന്നും അവരുടെ സ്വത്വപ്രത്യേകതകൾ എങ്ങനെ വികസിച്ചെന്നും മനസ്സിലാക്കാൻ ജനിതകപഠനങ്ങൾ നമ്മെ സഹായിക്കുന്നു.

പുരാതന ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനം മനുഷ്യകോശത്തിലെ ന്യൂക്ലിക് അമ്ലമായ ഡി.എൻ.എ. തന്മാത്രകളുടെ പ്രത്യേകതകളെ ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്. മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ സ്വഭാവസവിശേഷതകൾ രൂപംകൊള്ളുന്നതും നിയന്ത്രിക്കുന്നതും ഡി.എൻ.എ.യിലെ ജീനുകൾ നിർമിക്കുന്ന പ്രോട്ടീനുകളാണ്. ഇരട്ടപ്പിരിയുള്ള ­ഡി.എൻ.­എ.യിൽ കുടികൊള്ളുന്ന ക്രോമസോം ഇഴകളിൽനിന്ന് ആർ.എൻ.എ. നിർമിക്കപ്പെടുന്ന അമിനോ ആസിഡുകളുമായി പ്രവർത്തനം നടത്തി പ്രോട്ടീനുകളുണ്ടാകുന്നു. മനുഷ്യകോശത്തിന്റെ ന്യൂക്ലിയസിൽ 23 ജോടി ക്രോമസോമുകളുണ്ട്. സ്വയം പകർപ്പെടുക്കാനുള്ള ഡി.എൻ.എ.യുടെ കഴിവാണ് ജീവജാലങ്ങളുടെ സ്വഭാവങ്ങളെ പാകപ്പെടുത്തുകയും അവ തലമുറകളിലേക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നത്. 1953-ലാണ് ജെയിംസ് വാട്‌സണും ഫ്രാൻസിസ് ക്രിക്കും ചേർന്നുനടത്തിയ ഗവേഷണങ്ങളുടെ ഫലമായി ­ഡി.എൻ.എ.യുടെ ഘടനയെപ്പറ്റി ലോകം അറിഞ്ഞുതുടങ്ങുന്നത്. ഇവർക്ക് ഈ കണ്ടുപിടിത്തത്തിന്റെപേരിൽ പിന്നീട് നൊബേൽ സമ്മാനം ലഭിച്ചു.

മനുഷ്യന്റെ ജനിതകരഹസ്യം

2003 ആയതോടെ മനുഷ്യശരീരത്തിന്റെ ജനിതകരഹസ്യം ഏതാണ്ട് 99 ശതമാനത്തോളവും കണ്ടെത്താനായിട്ടുണ്ട്. മനുഷ്യനും ചിമ്പാൻസിയും തമ്മിൽ ജനിതകമായി ഏതാണ്ട് 98 ശതമാനത്തോളം സാമ്യതയുണ്ടെന്നും മനസ്സിലായി. എവിടെനിന്നാണ് മനുഷ്യൻ പരിണമിച്ചതെന്നതിനുള്ള ഏറ്റവും വലിയ ശാസ്ത്രീയമായ തെളിവും ഈ ജനിതകസാമ്യം തന്നെയാണ്. പരിണാമതത്ത്വത്തെ തള്ളിപ്പറയുന്നവർക്കുള്ള മറുപടിയാണത്. മനുഷ്യന്റെ ജനിതകഘടനാചിത്രം വ്യക്തമാകുന്നതോടെ ആ വ്യക്തിയെക്കുറിച്ചുള്ള താവഴിപരമായ കാര്യങ്ങളും അവരുടെ പൂർവികത്വം എന്താണെന്നും അറിയാൻ സാധിക്കുന്നു. അതോടൊപ്പം ജനിതകഘടനയിൽത്തന്നെ മാറ്റങ്ങൾവരുത്തി രോഗശാന്തിവരുത്താൻവരെയുള്ള സങ്കേതങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുരാതന മനുഷ്യജീവികളുടെ അവശിഷ്ടങ്ങളിൽനിന്നു ശേഖരിക്കുന്ന ഡി.എൻ.എ.യെ വിശ്ലേഷണംചെയ്ത് അവരുടെ കുലങ്ങളും ഉദ്‌ഭവരഹസ്യങ്ങളും കണ്ടുപിടിക്കാനുതകുന്ന ശാസ്ത്രത്തിന്റെ ആദ്യ ഉപജ്ഞാതാക്കളിൽ ഒരാളാണ് ഇത്തവണ നൊബേൽ സമ്മാനം ലഭിച്ച സ്വാന്തേ പാബോ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞൻ.

പുരാതന ജനിതകശാസ്ത്രം (Paleo-genetics) വികസിക്കുന്നതിനുമുമ്പ് പ്രാചീനമനുഷ്യനെക്കുറിച്ചുള്ള വിവരങ്ങൾ പാലിയന്റോളജി എന്നറിയപ്പെടുന്ന ജീവവംശശാസ്ത്രമോ പുരാവസ്തുശാസ്ത്രമോ അവലംബിച്ചുമാത്രമേ ലഭ്യമാകുമായിരുന്നുള്ളൂ. ആദ്യം സൂചിപ്പിച്ച ശാസ്ത്രത്തിൽ മണ്ണിൽ പൂണ്ടുകിടക്കുന്ന ഫോസിലുകളെ വീണ്ടെടുത്ത് അവയുടെ പ്രത്യേകതകൾ പഠിക്കുന്നതിനാണ് പ്രാമുഖ്യമെങ്കിൽ രണ്ടാമതുപറഞ്ഞത്‌ പുരാതന സാംസ്കാരിക ശേഷിപ്പുകളെയും ചിഹ്നങ്ങളെയും സംബന്ധിച്ചുള്ള പഠനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്.

ഡെനിസോവയിലെ രഹസ്യം

2008-ൽ ഓസ്ട്രിയ, ജർമനി, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിനിന്നുള്ള ശാസ്ത്രസംഘത്തിന്റെ നേതൃസ്ഥാനത്തുനിന്നുകൊണ്ട്‌ പാബോ സൈബീരിയയിലെ ആൾട്ടയി പർവതമേഖലയിലേക്ക്‌ ഒരു ശാസ്ത്രപര്യവേക്ഷണം നടത്തുകയുണ്ടായി. അവിടെയുള്ള ഒരു ഗുഹയിൽനിന്നാണ് ഒരു പ്രത്യേക ജനുസ്സിൽപ്പെടുന്ന പ്രാചീന മനുഷ്യരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ഡെനിസോവ എന്നു പേരുള്ള ആ ഗുഹയിൽനിന്നു ലഭിച്ച ഒരു വിരലിന്റെ എല്ലിൽനിന്നു വേർപെടുത്തിയ ഡി.എൻ.എ. തന്മാത്രകളിലൂടെയാണ് ആ പ്രാചീന കുലത്തെക്കുറിച്ച് അറിവുകൾ നേടാനായത്. മനുഷ്യകോശത്തിനുള്ളിൽ ഡി.എൻ.എ. രണ്ടിടങ്ങളിൽ സ്ഥിതിചെയ്യുന്നു. ഒന്ന്, കോശത്തിന്റെ അണുകേന്ദ്രങ്ങളിലും മറ്റേത് മൈറ്റോകോൺഡ്രിയ എന്നപേരിൽ അറിയപ്പെടുന്ന സൂത്രകണികകളിലുമാണുള്ളത്. സൂത്രകണികകളിൽനിന്നു ലഭിക്കുന്ന ഡി.എൻ.എ.യെ എം.ടി (mt) ഡി.എൻ.എ. എന്നുവിളിക്കുന്നു, ഡെനിസോവ ഗുഹയിൽനിന്നു ലഭിച്ച എല്ലിലെ ഡി.എൻ.എ. സൂത്രകണികയിൽനിന്നാണ് വേർപെടുത്തിയത്. അതിൽനിന്നു ലഭിച്ച വിവരങ്ങൾ വെളിവാക്കിയത് എത്രയോ കാലംമുമ്പ് അന്യംനിന്നുപോയ ഒരു പ്രത്യേകജാതി മനുഷ്യർ അവിടെ ജീവിച്ചിരുന്നു എന്നാണ്. ഡെനിസോവൻസ് എന്ന് പേരുനൽകിയിട്ടുള്ള ആ കറുത്തമനുഷ്യർക്ക് തവിട്ടുനിറമുള്ള മുടിയും കണ്ണുകളുമായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ഏതാണ്ട് അമ്പതിനായിരം വർഷങ്ങൾക്കുമുമ്പ് സൈബീരിയയിലും ടിബറ്റിലും തെക്കേ ഏഷ്യയിലും ഓസ്‌ട്രേലിയയിലുമെല്ലാം, ഈ നാലടിപ്പൊക്കമുള്ള കുറിയമനുഷ്യർ വിഹരിച്ചിരുന്നു. പാബോയും കൂട്ടരും ഈ ഗവേഷണങ്ങൾ നടത്തുമ്പോൾത്തന്നെ ആധുനിക മനുഷ്യന്റെ മറ്റൊരു മുൻഗാമിവർഗമായ നിയാണ്ടർത്താൽ എന്നുപേരുള്ള പൂർവികരുടെ ഡി.എൻ.എ.യും വിശ്ലേഷണം ചെയ്യുകയുണ്ടായി. ആ വർഗത്തിന്റെയും ജീവിതപന്ഥാവും സ്വഭാവവിശേഷങ്ങളും അടയാളപ്പെടുത്താനും അവർക്ക്‌ സാധിച്ചു. പാബോയുടെയും സഹപ്രവത്തകരുടെയും ഗവേഷണം പൂർവികമനുഷ്യർ എങ്ങനെയാണ് ജീവിച്ചതെന്നും ഏതൊക്കെ വഴികളിലൂടെയാണ് സഞ്ചരിച്ചതെന്നും മനസ്സിലാക്കാനും നമ്മുടെയെല്ലാം തുടക്കത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെ തിരുത്താനും സഹായിച്ചു.

1930-കളിൽ ജർമനിയിലും ഇറ്റലിയിലും വംശശുദ്ധിയെ അടിസ്ഥാനപ്പെടുത്തി ഉദയംചെയ്ത നാസിസവും ഫാസിസവും മനുഷ്യരെ സാമൂഹികപരമായി തരംതിരിച്ചു ഭിന്നിപ്പിക്കുന്ന പ്രസ്ഥാനങ്ങളായി മാറിയതുതന്നെ അത്തരം അബദ്ധധാരണകളിൽനിന്നാണ്. ഇന്ന് അത് ഇന്ത്യയുൾ​െപ്പടെയുള്ള പലരാജ്യങ്ങളിലും ശക്തിപ്രാപിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു. ഇന്നത്തെ ഇന്ത്യക്കാർ എവിടെനിന്നുവരുന്നു എന്നതിനെക്കുറിച്ചുള്ള ചില ഒൗദ്യോഗിക ഭാഷ്യങ്ങൾ അതുപോലുള്ള അബദ്ധധാരണകളിൽനിന്നുളവായതാണ്.

ഇന്ത്യയിൽ പതിനായിരമോ, അതിലേറെയോ വർഷങ്ങൾക്കുമുമ്പുതന്നെ ‘വേദിക്’ ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നവർ ജീവിച്ചിരുന്നെന്നും അവർ ഇന്ത്യയിൽനിന്ന് പുറത്തേക്കു കുടിയേറി വേദിക് സംസ്കാരവും സംസ്കൃതഭാഷയും പ്രചരിപ്പിച്ചെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ, പുരാതന ജനിതകപഠനങ്ങൾ ആ വാദങ്ങളെ പൂർണമായും തള്ളുന്നു. വേദിക് ആര്യന്മാർ കിഴക്കൻ യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്ക് ഏതാണ്ട് 3000 വർഷങ്ങൾക്കുമുമ്പ് കുടിയേറിയവരാണെന്നാണ് ജനിതകശാസ്ത്രം തെളിയിക്കുന്നത്.

ഇപ്പോഴത്തെ കറുത്തവരും വെളുത്തവരും തവിട്ടുനിറമുള്ളവരുമെല്ലാം കോടി വർഷങ്ങൾക്കുമുമ്പ് ആഫ്രിക്കയിൽനിന്നു പുറത്തേക്കു നടന്നുപോയവരുടെ പിൻഗാമികളാണ്. അവർ ലോകത്തിന്റെ പല പ്രദേശങ്ങളിൽ തമ്പടിച്ച് പുതിയ സാംസ്കാരികതകൾ വികസിപ്പിച്ചു. കാലാവസ്ഥയുടെയും മറ്റും ഭാഗമായി ശരീരത്തിന് നിറവ്യത്യാസങ്ങളുണ്ടായി. അത് ജനിതകമായി കൈമാറ്റംചെയ്യപ്പെട്ടു. ആ പരിണാമം ഇന്നും തുടരുകയാണ്. ഇനിയൊരു പതിനായിരം വർഷങ്ങൾ കഴിയുമ്പോൾ എന്തായിരിക്കും മനുഷ്യന്റെ ശരീരഘടനാ വ്യത്യാസങ്ങളും മുഖലക്ഷണങ്ങളുമെന്ന് അന്നറിയാം.

Content Highlights: genetics svante pabo