ഭൂകമ്പത്തിന്റെ ആഴം കൂടുന്തോറും ഉപരിതലത്തിലെ ആഘാതം പലപ്പോഴും കുറയുമെന്ന വാദം മാറണം

ഭൂമിയിലും ചന്ദ്രനിലും ഉണ്ടാകുന്ന അഗാധ ഭൂ(ചന്ദ്ര)കമ്പങ്ങളെ കുറിച്ച് കൂടുതല്‍ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ ഏകദേശം നാലിലൊന്ന് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണെന്നും ഇരു ഗ്രഹങ്ങളിലെയും ഈ കമ്പങ്ങള്‍ സംബന്ധിച്ച് ഇനിയും ഏറെ ഗവേഷണം ബാക്കി നില്‍ക്കുന്നുമുണ്ടെന്ന് ശാസ്ത്രം കരുതുന്നു. ഭൂമിയിലെ സാധാരണ കമ്പങ്ങളുടെ സ്ഥാനം 60 കിലോമീറ്റര്‍ വരെ താഴെയാണ്. 300 കിലോമീറ്റര്‍ മുതല്‍ ആഴത്തില്‍ ഉണ്ടാകുന്ന ഭൂകമ്പത്തെയാണ് അഗാധ ഭൂകമ്പം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനില്‍ 600 കിലോമീറ്റര്‍ മുതലാണ് ഇതിന്റെ ആഴം നിര്‍ണയിക്കപ്പെട്ടിരിക്കുന്നത് . ഭൂമിയില്‍ ടെക്ടോണിക് ഫലകങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണ് അഗാധ ഭൂകമ്പം സംഭവിക്കുന്നതെങ്കില്‍ ചന്ദ്രനില്‍ ഇത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.
ചന്ദ്രനെ സംബന്ധിച്ച് മൂന്ന് കാരണങ്ങള്‍ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു. ടൈഡല്‍ ഫോഴ്സ് എന്ന തത്വമാണ് ഇതില്‍ പ്രധാനം. ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ചന്ദ്രന്റെ ഉള്‍ഭാഗം വലിഞ്ഞു നീളുകയോ അല്ലെങ്കില്‍ ഞെരുങ്ങുകയോ ചെയ്യാറുണ്ട്. ഈ സാഹചര്യം ആഴത്തിലുള്ള ചന്ദ്രകമ്പങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് ഒരു സിദ്ധാന്തം. വേലിയേറ്റം വേലിയിറക്കം എന്നിവയ്ക്ക് സമാനമാണ് ഈ തത്വത്തിലെ പ്രവര്‍ത്തനം. തെര്‍മല്‍ സ്ട്രെസ് അഥവാ താപ പിരിമുറുക്കമാണ് മറ്റൊരു സിദ്ധാന്തം. ചന്ദ്രന്റെ ഉള്‍ഭാഗം തണുക്കുകയും ചുരുങ്ങുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്ത താപ സമ്മര്‍ദ്ദമാണ് ആഴത്തിലുള്ള ചന്ദ്രകമ്പങ്ങള്‍ക്ക് കാരണമെന്ന് ഈ വാദത്തിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. ടെക്ടോണിക് ആക്റ്റിവിറ്റി സംബന്ധിച്ചാണ് മൂന്നാമത്തെ വാദം.
അഗ്‌നിപര്‍വ്വത പ്രവര്‍ത്തനമോ അല്ലെങ്കില്‍ ടെക്റ്റോണിക് പ്രവര്‍ത്തനങ്ങളോ ഇതിന് കാരണമാകാമെന്ന് കരുതുന്നു.
ഭൂമിയിലെ 300 കിലോമീറ്റര്‍ (186 മൈല്‍ )ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ക്കും കാര്യമായ തീവ്രത കണ്ടെത്തിയിട്ടുണ്ട്. ആഴം കൂടുന്തോറും ഉപരിതലത്തിലെ ആഘാതം പലപ്പോഴും കുറയുമെന്ന വാദം മാറേണ്ടതുണ്ടെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ആഴം കുറഞ്ഞ ഭൂകമ്പങ്ങളെയും ആഴത്തിലുള്ള ഭൂകമ്പങ്ങളെയും പരിഗണിക്കുമ്പോള്‍ വ്യത്യസ്ത തരം ഭൂകമ്പ തരംഗങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഈ പുതിയ കണ്ടെത്തലുകള്‍ ഭൂമിയിലെയും ചന്ദ്രനിലെയും ആഴത്തിലുള്ള കമ്പങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു.
ഭൂകമ്പങ്ങള്‍ ഭൂമി നിലനില്‍ക്കുന്ന ടെക്ടോണിക് ഫലകങ്ങളുടെ നീക്കങ്ങള്‍ മൂലം തന്നെയെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഒരു ടെക്റ്റോണിക് പ്ലേറ്റ് മറ്റൊന്നിന്റെ അടിയിലേക്ക് തള്ളപ്പെടുന്ന പ്രക്രിയ ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നു . ടെക്‌റ്റോണിക് പ്ലേറ്റുകളുടെ രൂപഭേദവും ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ക്ക് ഇടയാക്കും. അതു പോലെ തന്നെ മാഗ്മയുടെ ആഴത്തിലുള്ള ചലനവും ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ക്ക് കാരണമാകാം. അതെന്തായാലും ആഴത്തിലുള്ള ഭൂകമ്പങ്ങളെ കുറിച്ച് പഠിക്കുന്നത് ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചും നമ്മുടെ ഗ്രഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയകളെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നതില്‍ തര്‍ക്കമില്ല.
ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ അധികമാണെന്ന് ആരും കരുതുന്നില്ല. അതിനൊരു കാരണം റിക്ടര്‍ സ്‌കെയിലുകളില്‍ ഇവയുടെ തോത് രേഖപ്പെടുത്താന്‍ കഴിയാത്തതാകാമെന്ന വിലയിരുത്തലുണ്ട് അത്ര നിസാരമായ കമ്പന അളവാകാം ഉപരിതലത്തിലേക്ക് എത്തുന്നത്. ഭൂമിയില്‍ അനുഭവപ്പെടുന്ന എല്ലാ ഭൂകമ്പങ്ങളുടെയും കണക്കെടുത്താല്‍ അവയുടെ 20-30% മാത്രമാകും ആഴത്തില്‍ സംഭവിക്കുക. ആഴത്തിലുള്ള ഭൂകമ്പങ്ങളും മുന്നറിയിപ്പില്ലാതെ സംഭവിക്കുമെന്നും വിവിധ ഘടകങ്ങളാല്‍ ഇത് സ്വാധീനിക്കപ്പെട്ടേക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം ഇരട്ടിയിലേറെ ആഴത്തിലാണ് ചന്ദ്രനില്‍ ആഴത്തിലുള്ള ചന്ദ്രകമ്പങ്ങള്‍ ഉണ്ടാകുന്നത്. ചന്ദ്രനില്‍ 600 കിലോമീറ്റര്‍ (373 മൈല്‍ ) ആഴത്തില്‍ സംഭവിക്കുന്ന കമ്പങ്ങളെ സംബന്ധിച്ച് ശാസ്ത്രത്തിന് ആദ്യം സൂചന ലഭിക്കുന്നത് 1960 കളിലും 70 കളിലുമാണ്. നാസയുടെ അപ്പോളോ ദൗത്യ പദ്ധതിയില്‍ സ്ഥാപിക്കപ്പെട്ട കമ്പമാപിനികള്‍
(seismometers) ഉപയോഗിച്ചാണ് ഇവയും രേഖപ്പെടുത്തിയത് . ചന്ദ്രനില്‍ ഇത്തരം കമ്പങ്ങള്‍ കുറവാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 1969 നും 1977 നും മദ്ധ്യേ 28 തവണ മാത്രമാണ് ആഴത്തിലുള്ള കമ്പങ്ങള്‍ സംഭവിച്ചത്. ഈ കമ്പങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 1-2 വരെയാണ്. ആഴത്തിലുള്ള ചന്ദ്ര കമ്പങ്ങള്‍ പഠിക്കുന്നത് ചന്ദ്രന്റെ ഘടന, താപനില, മര്‍ദ്ദം എന്നിവ ഉള്‍പ്പെടെയുള്ള ആന്തരിക ഘടനയെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് . ചന്ദ്രന്റെ രൂപീകരണവും ശാസ്ത്ര ചരിത്രവും ഉള്‍പ്പെടെ ചന്ദ്രനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിയും. മാത്രമല്ല ചന്ദ്രന്റെ ആന്തരിക ഘടനയും കമ്പ പ്രവര്‍ത്തനവും ഭൂമിയുടേതുമായി താരതമ്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യും.
ഭൂമിയില്‍ ആദ്യത്തെ ആഴത്തിലുള്ള ഭൂകമ്പം രേഖപ്പെടുത്തിയത് 1906 ലാണ്. ജപ്പാനില്‍ 340 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ഇതിന്റെ ശക്തി 7.4 ആയിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച ഭൂകമ്പ ശാസ്ത്രജ്ഞരില്‍ ഒരാളായ ഫുസാകിച്ചി ഒമോറിയാണ് ഇത് കണ്ടെത്തിയത്.
ആഴത്തിലെ ഭൂകമ്പങ്ങള്‍ സംബന്ധിച്ച് രേഖപ്പെടുത്തപ്പെട്ട ചില വസ്തുതകള്‍ കൂടി ചൂണ്ടിക്കാട്ടാം. 1994 ജൂണ്‍ 9 ന് ബൊളീവിയയിലുണ്ടായ ഭൂകമ്പം ഈ ഗണത്തില്‍ വരും. 647 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായ ഈ ഭൂകമ്പം 8.2 മെഗാവാട്ട് അളവ് രേഖപ്പെടുത്തി. (റിക്ടര്‍ സ്‌കെയിലിനേക്കാള്‍ കൂടുതല്‍ കൃത്യമാര്‍ന്നതാണ് Mw അളവ് ). അളവിന്റെ തോത് പ്രകാരം ഇത് വലിയ നാശ നഷ്ടങ്ങള്‍ വരുത്തി വെക്കേണ്ട ഗണത്തില്‍ വരുന്നതാണ്. 1977 ല്‍ സുമ്പാവാ ദ്വീപിലുണ്ടായ ഭൂകമ്പത്തേക്കാള്‍ ആഴത്തില്‍ ഉള്ളതായിരുന്നു ഇത്. ഇന്‍ഡോനീഷ്യയോട് ചേര്‍ന്നുള്ളതും അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപം കൊണ്ട ദ്വീപാണ് സുമ്പാവ. 300 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഈ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ലോകത്തിലെആഴത്തിലുള്ള ഭൂകമ്പങ്ങളുടെ ഏറ്റവും വലിയ ശേഖരം തെക്കേ അമേരിക്കയിലാണ്,ബൊളീവിയ, കൊളംബിയ രാജ്യങ്ങളിലാണ് ആദ്യത്തെ 3 സ്ഥാനമുള്ള പ്രഭവ കേന്ദ്രങ്ങള്‍. പെറു-ബൊളീവിയ അതിര്‍ത്തിയിലെ വാറസ്റ്റ് ആണ് മറ്റൊരു പ്രധാന കേന്ദ്രം. തെക്കേ അമേരിക്കയിലൊട്ടാകെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശ നഷ്ടം അവഗണിക്കാവുന്നതായിരുന്നു. അതും 500 ചതുരശ്ര കിലോമീറ്റര്‍ മേഖലയ്ക്കുള്ളില്‍ ചിലയിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പ്രഭവ കേന്ദ്രത്തില്‍ നിന്നും 50-80° യിലുള്ള വടക്കേ അമേരിക്കയിലെ ചില മേഖലകളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അതേ സമയം തെക്കന്‍ പെറുവില്‍ മലയിടിച്ചിലിനും 4 പേരുടെ മരണത്തിനും ഇത് ഇടയാക്കി. (തെക്കേ അമേരിക്കയില്‍, ഇരുപതാം നൂറ്റാണ്ടിലെ ഭൂകമ്പങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത് 60 കിലോമീറ്റര്‍ ആഴമുള്ള ഭൂകമ്പങ്ങള്‍ മൂലമാണ്.)
എന്തു കൊണ്ടാണ് ഇത്രയധികം ആഴത്തിലുള്ള ഭൂകമ്പ പ്രഭവ കേന്ദ്രങ്ങള്‍ ഇവിടെ കാണുന്നത്? സജീവമായ, തുടര്‍ച്ചയായ സബ്ഡക്ഷന്‍ ( ഭൗമഫലകങ്ങളുടെ വശങ്ങളിലേയ്‌ക്കോ താഴോട്ടോ ഉള്ള ചലനം) ഇല്ലാത്ത പ്രദേശങ്ങളില്‍ ആഴത്തിലുള്ള ഭൂകമ്പങ്ങളുടെ എണ്ണം കുറവാണ് . സജീവമായ സബ്ഡക്ഷന്‍ സോണുകളുമായി ബന്ധപ്പെട്ട മേഖലയില്‍ ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഇങ്ങനെ പറയാന്‍ കാരണം, ആഴത്തിലുള്ള ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും പസഫിക്കിനെ ചുറ്റിപ്പറ്റിയുള്ള സബ്ഡക്ഷന്‍ സോണുകള്‍ക്ക് താഴെയാണ് എന്ന വീലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. അതേ സമയം ഇവ വലുതോ , വിനാശകരമോ അല്ല. 5.0 ല്‍ താഴെ തീവ്രതയുള്ള ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. ഇവ ഒരു പക്ഷേ ആഴത്തിലുള്ള ഭൂകമ്പങ്ങളുടെ ഭാഗമാകാം. ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ സംഭവിക്കുന്നതോ സംഭവിക്കാനിടയുള്ളതോ ആയ ഏകദേശം 28 ഭൂ പ്രദേശങ്ങളെ ഗവേഷകര്‍ നിര്‍വചിക്കുന്നുണ്ട് . ഈ പ്രദേശങ്ങളില്‍ ബഹുഭൂരിഭാഗവും ഒരു സബ്ഡക്ഷന്‍ സോണിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്. സജീവമായ അഗ്‌നിപര്‍വ്വതങ്ങളുടെ മേഖലയിലോ സമീപത്തോ ആണ് ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ സംഭവിക്കാവുന്ന ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.
ഇനി ചന്ദ്രനിലേക്ക് നമുക്ക് ഒന്നു കൂടി പോകാം.1969 നും 1972 നും ഇടയില്‍ ചന്ദ്രനില്‍ എത്തിയ അപ്പോളോ ദൗത്യങ്ങള്‍ ഭൂകമ്പ ശൃംഖല സ്ഥാപിച്ചു; 1969 നും 1977 നും ഇടയില്‍ 12,000-ലധികം ചന്ദ്രകമ്പങ്ങള്‍ രേഖപ്പെടുത്തി. ആധുനിക രീതികള്‍ ഉപയോഗിച്ച് വിശകലനം ചെയ്ത ഡാറ്റ പ്രകാരം ഇവയില്‍ 14% ഉല്‍ക്കാശില ആഘാതങ്ങളാണെന്ന് വ്യക്തമായി. 0.2% (അതായത് 28 സംഭവങ്ങള്‍) ചന്ദ്രന്റെ പുറംതോടിലും മുകളിലെ ആവരണത്തിലും സംഭവിക്കുന്ന ആഴം കുറഞ്ഞ ചന്ദ്രകമ്പങ്ങളായിരുന്നു. അതേ സമയം 700 മുതല്‍ 1200 കിലോമീറ്റര്‍ ആഴത്തില്‍ 58% ചന്ദ്രകമ്പങ്ങള്‍ ചാന്ദ്ര ആവരണത്തിനുള്ളില്‍ സംഭവിച്ചു. ബാക്കിയുള്ളവ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പലതും ആഴത്തിലുള്ള ചന്ദ്രകമ്പങ്ങളാകാന്‍ സാധ്യതയുണ്ട്.
ആഴത്തിലുള്ള ഭൂകമ്പങ്ങള്‍ സംഭവിക്കുന്ന ഭൂമിയിലും ചന്ദ്രനിലുമുള്ള അവസ്ഥകള്‍ എത്രത്തോളം സമാനമാണ് എന്ന് കൂടി പരിശോധിക്കാം. ചന്ദ്രനില്‍ 700-1200 കി.മീ ആഴത്തിലുള്ള മര്‍ദ്ദവും താപനിലയും ഭൂമിയിലെ സാധാരണ ആവരണത്തിനുള്ളില്‍ 100-150 കി.മീ ആഴത്തിലുള്ളതും ഏറെക്കുറെ സമാനമാണ്. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഏറ്റവും ആഴത്തിലുള്ള ഭൂകമ്പങ്ങളുള്ള സബ്ഡക്റ്റിംഗ് സ്ലാബുകളുടെ കോറുകളേക്കാള്‍ ചന്ദ്രന്റെ താപനില ഗണ്യമായി ചൂട് ഏറിയതാണെന്നാണ് . മാത്രമല്ല നിലവില്‍ ചന്ദ്രന്റെ ആവരണത്തിനുള്ളില്‍ സംവഹനം (Convection) നടക്കുന്നുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല (ഷുബെര്‍ട്ട് et al., 2001) എന്നിരുന്നാലും, സബ്ഡക്ഷന്‍ പോലുള്ള പ്ലേറ്റ് ടെക്‌റ്റോണിക് പ്രക്രിയകള്‍ ചന്ദ്രനില്‍ സജീവമല്ലെന്നാണ് ചന്ദ്ര ഉപരിതല ജിയോമോര്‍ഫോളജി പഠനം വ്യക്തമാക്കുന്നത് . മാത്രമല്ല , ആഴത്തിലുള്ള ചന്ദ്രകമ്പങ്ങള്‍ സംഭവിക്കുന്ന സമയങ്ങള്‍ ചന്ദ്ര പ്രതിമാസ ടൈഡല്‍ സൈക്കിളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കരുതുന്നു.ആഴത്തിലുള്ള ചന്ദ്രകാന്തങ്ങളുടെ സവിശേഷത, അവയില്‍ ഭൂരിഭാഗവും ചന്ദ്രന്റെ സമീപ വശത്താണ് ( നകാമുറ (2005) സ്ഥിതി ചെയ്യുന്നതെന്നാണ്.
ചന്ദ്ര പ്രതിമാസ ടൈഡല്‍ സൈക്കിള്‍ എന്താണെന്ന് കൂടി നമുക്ക് പരിശോധിക്കാം. ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവ തമ്മിലുള്ള ഗുരുത്വാകര്‍ഷണ പ്രതിപ്രവര്‍ത്തനമാണ് ഇതിന്റെ അടിസ്ഥാനം. ഇതിന്റെ ഫലമായി ഏറ്റവും ശക്തമായ ഗുരുത്വാകര്‍ഷണ ശക്തിയും ഏറ്റവും ഉയര്‍ന്ന വേലിയേറ്റങ്ങളും ഉണ്ടാകുന്നു (സ്പ്രിംഗ് ടൈഡുകള്‍).ചന്ദ്രന്‍ ഭൂമിയുമായി 90 ഡിഗ്രി കോണിലെത്തുമ്പോള്‍ വേലിയേറ്റം താഴ്ന്ന (നീപ്പ് ടൈഡുകള്‍) നിലയിലാകും. ചന്ദ്രന്റെ ടൈഡല്‍ സൈക്കിള്‍ ഓരോ 29.5 ദിവസങ്ങളിലും ആവര്‍ത്തിക്കുന്നു. ഇത് ഭൂമിയെ ഭ്രമണം ചെയ്യാന്‍ ചന്ദ്രന് ആവശ്യമായ അതേ സമയമാണ്.
ആഴത്തിലുള്ള ചന്ദ്ര കമ്പങ്ങളും ആഴത്തിലുള്ള ഭൂകമ്പങ്ങളും തമ്മില്‍ സമാനതകളും വ്യത്യാസങ്ങളും ഉണ്ട്. ആഴത്തിലുള്ള ഭൂകമ്പങ്ങളുടെയും അനുബന്ധ പ്രതിഭാസങ്ങളുടെയും സമഗ്രവും കാലികവും ചരിത്രപരവും ശാസ്ത്രപരവുമായ പഠനമാണ് ഇന്നത്തെ ആവശ്യം . ഭൂകമ്പ ശാസ്ത്രം, ഭൂമിയുടെ ആഴത്തിലുള്ള ഘടന എന്നിവ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്ന ചിന്തയും ശക്തമാണ്.
References
Deep Earthquakes. Cliff Frohlich
( Cambridge University Press)
Bulow, R. C., C. L. Johnson, and P. M. Shearer, 2005. New events discovered in the Apollo lunar seismic data, J. Geophys. Res., (in press).
Cheng, C. H. and M. N. Toksoz, 1978. Tidal stresses in the Moon, J. Geophys. Res., 83, 845-853.
Curchin, J. M. and W. D. Pennington, 1987. Tidal triggering of intermediate and deep focus earthquakes, J. Geophys. Res., 92, 13957-13967.
Goins, N. R., A. M. Dainty, and M. N. Toksoz, 1981. Seismic energy release of the Moon, J. Geophys. Res., 86, 378-388.
Khan, A. and K. Mosegaard, 2001. New information on the deep lunar interior from an inversion of lunar free oscillation periods, Geophys. Res. Lett., 28, doi: 10.129/2000GL102445, 1791-1794.
Nakamura et al., 1982). Recently, Nakamura (2003), and Bulow et al. (2005)
Content Highlights: Deep Earthquakes & Moonquakes: A Study