യാസ് ദ്വീപിന്റെ മുഖച്ഛായ മാറും; 'ദ വാദി' പാർപ്പിട പദ്ധതിക്ക് തുടക്കമായി

അബുദാബി: യാസ് ദ്വീപിന്റെ മുഖച്ഛായ മാറ്റുന്ന 'ദ വാദി' എന്ന പുതിയ പാർപ്പിട പദ്ധതിക്ക് എമിറേറ്റിൽ തുടക്കമായി. ഏകദേശം 1,40,700 ചതുരശ്ര വിസ്തീർണത്തിൽ 600 കോടി ദിർഹം ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. സ്റ്റുഡിയോ റൂമുകളും മൂന്ന് കിടപ്പുമുറികൾ വരെയുള്ള അപ്പാർട്ട്‌മെന്റുകൾ ഉൾപ്പടെ 3950 പാർപ്പിട യൂണിറ്റുകൾ ദ വാദിയിലുണ്ടാകും. കൂടാതെ വൈവിധ്യർമാർന്ന വാണിജ്യ, വിനോദ, കായിക സൗകര്യങ്ങളും ഒരു ഹോട്ടലും ഉൾപ്പെടുന്നു. പദ്ധതിയുടെ ആസൂത്രണം, നിർമാണം, കൈമാറ്റം, പരിപാലനം എന്നിവയ്ക്ക് കോസ്‌മോ ഡിവലപ്പ്‌മെന്റ് മേൽനോട്ടം വഹിക്കും. ഭൂമി, ജലം, ജീവൻ എന്നിവ തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി പ്രകൃതിയോട് ചേർന്നു നിൽക്കുന്നതാണ് പദ്ധതിയുടെ രൂപകല്പന. രാജ്യത്തെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പദ്ധതിയിലൂടെ താമസക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. കാൽനടയ്ക്കും വ്യായാമത്തിനും സൈക്ലിങിനുമായി പ്രത്യേക പാതകൾ, വാട്ടർഫ്രണ്ട്, യോട്ട് മറീന എന്നിവയും പുതിയ താമസ പ്രദേശത്ത് സജ്ജീകരിക്കും. യാസ് കനാലിന് സമീപത്തായാണ് പദ്ധതി ഒരുങ്ങുന്നത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വാഹനത്തിൽ അഞ്ച് മിനിറ്റുകൊണ്ടും ഫെറാരി വേൾഡിൽ നിന്നും ഒൻപതു മിനിറ്റു കൊണ്ടും ഇവിടേക്കെത്താം. കൂടാതെ അബുദാബി നഗരത്തിൽ നിന്നും ഏകദേശം 23 മിനിറ്റ് കൊണ്ട് എത്തിച്ചേരാമെന്നതും സവിശേഷതയാണ്. പാർക്ക്, ടെന്നീസ് ക്ലബ്, ജിം, സ്പാ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കായിക-വിനോദ സൗകര്യങ്ങൾ, റെസ്ടാറന്റുകൾ, റീടെയിൽ സ്ഥാപനങ്ങൾ എന്നിങ്ങനെ നീളുന്നു ദ വാദിയിലെ ആകർഷണങ്ങൾ. അബുദാബിയിലൂടെ പ്രധാന വികസന പ്രദേശങ്ങളിലൊന്നാണ് യാസ് ദ്വീപ്. അടുത്ത അഞ്ച് വർഷത്തിനകം യാസ് ദ്വീപിൽ 1200 കോടിയിലേറെ ദിർഹം നിക്ഷേപിക്കുമെന്ന് മിറാൾ അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിലെ മികച്ച വാട്ടർഫ്ണ്ട് വിനോദ - വിശ്രമ കേന്ദ്രമായി യാസ് ദ്വീപിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം. വികസന പ്രവർത്തനങ്ങൾക്കും നിലവിലുള്ള ആകർഷണങ്ങളുടെ വിപുലീകരണത്തിനും ഹോട്ടൽ മുറികളുടെ എണ്ണം വർധിപ്പിക്കുന്നതിനും തുക വിനിയോഗിക്കും. അബുദാബി ടൂറിസം സ്ട്രാറ്റജി 2030-യെ പിന്തുണയ്ക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നത്. യാസ് ദ്വീപിലെ ഹോസ്പിറ്റാലിറ്റി സേവനങ്ങളും നിക്ഷേപത്തിലൂടെ വളരും. ലോകോത്തര നിലവാരമുള്ള അനുഭവങ്ങളിലൂടെ സമ്പദ്വ്യവസ്ഥയും ജീവിതനിലവാരവും മെച്ചപ്പെടുത്തിയും ലോകമെമ്പാടുമുള്ള സന്ദർശകർക്കിടയിൽ എമിറേറ്റിന്റെ ആകർഷണീയത വർധിപ്പിക്കുന്നതിലും യാസ് ദ്വീപ് നിർണായക സംഭാവനകൾ നൽകുന്നുണ്ട്.