വിപഞ്ചിക, വൈഭവി ഇപ്പോള്‍ അതുല്യയും; വേദനയോടെ പ്രവാസലോകം

ഷാര്‍ജ: ആദ്യം വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ... ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. അതിലൊരാളാകട്ടെ മരണത്തിലേക്ക് മകളെയും ഒപ്പംകൂട്ടി. ഈ മൂന്നുമരണങ്ങള്‍ സൃഷ്ടിച്ച വേദനയിലാണ് പ്രവാസലോകം.
10 ദിവസം മുന്‍പാണ് ഷാര്‍ജ അല്‍ നാഹ്ദയിലെ താമസയിടത്തില്‍ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ ഒന്നര വയസ്സുകാരി വൈഭവി നിധീഷ് എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്നും പിന്നീട് ഷാര്‍ജ പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. പ്രവാസികളെ വേദനയിലാഴ്ത്തിയ ഈ രണ്ടു മരണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച ഷാര്‍ജ റോളയില്‍ മറ്റൊരു കൊല്ലം സ്വദേശിനിയായ അതുല്യ ശേഖര്‍ (30) എന്ന യുവതികൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
അതുല്യയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടപെടല്‍ നടത്തുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. അതിനാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാവാനും സമയമെടുക്കുമെന്നാണ് കരുതുന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരെ ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിയിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ് അതുല്യ.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു അതുല്യ. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ അതുല്യയുടെ ഫ്‌ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: vipanchika vaibhavi now athulya death