നോവായി അമ്മയും കുഞ്ഞും; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

വിപഞ്ചികയും കുഞ്ഞും
വിപഞ്ചികയും കുഞ്ഞും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം കൊറ്റംകര സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് ഷാര്‍ജയില്‍ എംബാമിങ് നടപടികള്‍ ആരംഭിക്കും. വൈകീട്ട് 5.40-ന് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കും. 

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം. 

ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു. അതിനിടെ, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ജൂലായ് 17-ന് യുഎഇയില്‍ തന്നെ സംസ്‌കരിച്ചിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Vipanchika body to be repatriated to Kerala on Tuesday.