ക്യാമറ സോഫ്റ്റ്വെയർ തകരാർ: യു.എ.ഇയിൽ 892 ലെക്‌സസ്, ടൊയോട്ട വാഹനങ്ങൾ തിരികെവിളിച്ച് അൽ ഫുത്തൈം ഓട്ടോമോട്ടീവ്

#ഗൾഫ് ഡെസ്ക്

ദുബായ്: വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള 'പ്രീ-കൊളിഷൻ സിസ്റ്റത്തിന്റെ' പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന ഫ്രണ്ട് റെക്കഗ്‌നിഷൻ ക്യാമറയിലെ അപൂർവ്വ സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് യു.എ.ഇയിൽ 892 വാഹനങ്ങൾ തിരികെവിളിക്കുന്നു. സാമ്പത്തിക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് യു.എ.ഇയിലെ ടൊയോട്ട, ലെക്‌സസ് വാഹനങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ അൽ ഫുത്തൈം ഓട്ടോമോട്ടീവാണ് ജപ്പാനിൽ നിർമ്മിച്ച തെരഞ്ഞെടുത്ത മോഡലുകൾ പരിശോധനകൾക്കായി തിരികെ വിളിക്കുന്നത്.

ലെക്‌സസ് എൻ.എക്‌സ്, ടൊയോട്ട ക്രൗൺ, ടൊയോട്ട ബി.സി.4.എക്‌സ് എന്നീ മോഡലുകളിലാണ് സോഫ്റ്റ്വെയർ അപ്ഡേറ്റ് ആവശ്യമായി വന്നിട്ടുള്ളത്. ഇതിൽ ആദ്യ ഘട്ടത്തിൽ 2021-നും 2023-നും ഇടയിൽ നിർമ്മിച്ച 417 ലെക്‌സസ് എൻ.എക്‌സ് വാഹനങ്ങളെയാണ് ബാധിക്കുക. രണ്ടാമത്തെ ക്യാമ്പയിനിൽ 2022-നും 2024-നും ഇടയിൽ നിർമ്മിച്ച ടൊയോട്ട ക്രൗൺ, 2021-നും 2023-നും ഇടയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനമായ ടൊയോട്ട ബി.സി.4.എക്‌സ് എന്നിവ ഉൾപ്പെടെ 475 വാഹനങ്ങളെയും ബാധിക്കും.

വാഹനം ഓഫ് ചെയ്യുന്ന സമയത്ത് ഫ്രണ്ട് റെക്കഗ്‌നിഷൻ ക്യാമറയുടെ മെമ്മറി ഡാറ്റ തകരാറിലാകാൻ സാധ്യതയുള്ള അപൂർവ്വ സോഫ്റ്റ്വെയർ പിശകാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ സംഭവിച്ചാൽ, അടുത്ത തവണ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ അപകട മുന്നറിയിപ്പ് നൽകേണ്ട പ്രീ-കൊളിഷൻ സിസ്റ്റം പ്രവർത്തിക്കണമെന്നില്ല. കൂടാതെ ഡാഷ്ബോർഡിൽ അപായ സൂചനകൾ തെളിയുകയും വാണിങ് ശബ്ദങ്ങൾ മുഴങ്ങുകയും ചെയ്തേക്കാം. തകരാറുകൾ പരിഹരിക്കുന്നതിനുള്ള പരിശോധനകളും അത്യാവശ്യ സോഫ്റ്റ്വെയർ അപ്ഡേഷനുകളും ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമായി ചെയ്തുനൽകുമെന്ന് അൽ ഫുത്തൈം വ്യക്തമാക്കിയിട്ടുണ്ട്.