യു.എ.ഇ. ദേശീയദിനം: രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മോചനം; പിഴത്തുക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ്

പ്രതീകാത്മകചിത്രം / Photo: Shutterstock
പ്രതീകാത്മകചിത്രം / Photo: Shutterstock

അബുദാബി: 53-ാമത് ദേശീയദിനത്തിന് (ഈദ് അല്‍ ഇത്തിഹാദ്) മുന്നോടിയായി യു.എ.ഇ. ഒട്ടേറെ തടവുകാരെ മോചിപ്പിക്കും. വിവിധ രാജ്യക്കാരായ 2269 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. തടവുകാരുടെ മേല്‍ ചുമത്തിയ പിഴത്തുക ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

മോചിപ്പിക്കപ്പെടുന്നവർക്ക് അവരുടെ കുടുംബജീവിതം സുഖകരമാകട്ടെയെന്നും സമാധാനവും സന്തോഷവുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 683 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു. 

ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമര്‍ ഷാര്‍ജ ഭരണാധികാരിയുടെ ഉദാരതയ്ക്കും കാരുണ്യത്തിനും നന്ദിയറിയിച്ചു. ഫുജൈറയില്‍ 118 തടവുകാര്‍ക്ക് മോചനം നല്‍കും. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി പുറപ്പെടുവിച്ചു.

പ്രസിഡന്റിന് അബുദാബി ഭരണാധികാര ചുമതലകൂടി ഉള്ളതുകൊണ്ടാണ് അദ്ദേഹം പ്രത്യേകം ഉത്തരവിടുന്നത്. 

Content Highlights: More than 2000 prisoners will be released in UAE