ഫ്‌ളൈ ദുബായ് ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യു.എ.ഇ.

#പ്രവാസി ഡെസ്ക്
ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി
ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി

അബുദാബി: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ ഉണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷനിലെ പ്രഗത്ഭരായ അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം രൂപം നൽകി.

ബുധനാഴ്ച യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റിൽ അടിയന്തര സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഇടപെടുകയും, വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്തുകയുമായിരുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജി.സി.എ.എ) രാജ്യത്തെ മറ്റ് അനുബന്ധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചാണ് പ്രത്യേക പ്രോസിക്യൂഷൻ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താനും, ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരവാദ ബന്ധങ്ങളോ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനകളോ ബാഹ്യ പ്രേരണകളോ ഉണ്ടോ എന്ന് വ്യക്തമായി പരിശോധിക്കാനും അറ്റോർണി ജനറൽ നിർദ്ദേശം നൽകി.

യു.എ.ഇയിൽ രജിസ്റ്റർ ചെയ്തതും യു.എ.ഇ പതാക വഹിക്കുന്നതുമായ വിമാനമായതിനാൽ, രാജ്യത്തിന് പുറത്തുവെച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാനും അന്വേഷിക്കാനും നിലവിലുള്ള നിയമമനുസരിച്ച് യു.എ.ഇ ജുഡീഷ്യൽ അതോറിറ്റിക്ക് പൂർണ്ണ അധികാരമുണ്ട്. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അറ്റോർണി ജനറൽ അഭ്യർഥിച്ചു.