യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറച്ചു

യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും ആശ്വാസമായി പെട്രോൾ - ഡീസൽ വില കുത്തനെ കുറച്ചു. 14 ശതമാനത്തിന്റെ വരെ കുറവാണ് ഇന്ധന വിലയിൽ ഉണ്ടായത്. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും യാത്രാ ചെലവും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രിയിലാണ് നിലവിൽ വരിക.
ഇറാൻ - അമേരിക്ക യുദ്ധത്തെ തുടർന്ന് കുത്തനെ കുതിച്ചുയർന്ന ഇന്ധന വിലയാണ്, സമാധാനാന്തരീക്ഷം ഉണ്ടായതോടെ യുഎഇ കുറച്ചത്. സൂപ്പർ, സ്‌പെഷ്യൽ, ഇപ്ലസ് തുടങ്ങിയ മൂന്നിനം പെട്രോളിന്റെയും വില കുറച്ചിട്ടുണ്ട്.
സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 95 ഫിൽസിൽനിന്നും 3 ദിർഹം 40 ഫിൽസാകും. 55 ഫിൽസിന്റെ കുറവ് വിലയിലുണ്ട്.
സ്‌പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 83 ഫിൽസിൽ നിന്നും 54 ഫിൽസ് കുറവോടെ 3 ദിർഹം 29 ഫിൽസിലെത്തും.
ഇ പ്ലസിനും 55 ഫിൽസാണ് കുറച്ചത്. ഇതോടെ ഇ പ്ലസ് പെട്രോൾ വില 3 ദിർഹം 76 ഫിൽസിൽ നിന്നും 3 ദിർഹം 21 ഫിൽസായി.
ഡീസൽ വിലയിലാണ് ഏറ്റവും വലിയ കുറവ് വരുത്തിയത്, 73 ഫിൽസ്. 4 ദിർഹം 33 ഫിൽസുണ്ടായിരുന്ന ഡീസൽ വില 3 ദിർഹം 60 ഫിൽസായി കുറഞ്ഞു. ഡീസൽ വിലയിലെ ഈ കുറവ് ചരക്കു നീക്കത്തിന് ആശ്വാസമാകും.
ഇത് അവശ്യസാധനങ്ങളുടെ വിലയിലും നിർമാണ സാമഗ്രികൾ അടക്കമുള്ളവയുടെ വിലയിലും പ്രതിഫലിക്കും. 2015-ന് ശേഷം ആദ്യമായാണ് ഒരൊറ്റമാസം ഇത്രയധികം വില കുറയ്ക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതോടെ, ആഗോള ഇന്ധനവില കുറഞ്ഞതാണ് യുഎഇയിലും വില കുറയാൻ കാരണം. ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം എല്ലാ മാസങ്ങളിലും ഇന്ധനവില വർദ്ധിപ്പിച്ചിരുന്നു.
Content Highlights: Significant fuel price reduction of up to 14% in the UAE., Diesel sees the highest drop of 73 fils per liter., Price decrease attributed to easing geopolitical tensions in the Middle East., Expected positive impact on essential goods and transportation costs., First major monthly reduction observed since 2015.