യുഎഇയിൽ പറക്കും ടാക്സി സേവനം ആരംഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ; സുരക്ഷ മുഖ്യം

അബുദാബി: യുഎഇയിൽ പറക്കും ടാക്സികൾ സേവനം ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായി അധികൃതർ. അബുദാബി എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആളില്ലാ സിസ്റ്റംസ് എക്സിബിഷൻ, സിമുലേഷൻ ആൻഡ് ട്രെയിനിംഗ് എക്സിബിഷൻ എന്നിവയിലെ പാനൽ ചർച്ചകൾക്കിടെയാണ് അധികൃതരുടെ വെളിപ്പെടുത്തൽ.
ഈ വർഷം അവസാനത്തോടെ പറക്കും ടാക്സി സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ കമ്പനികൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ കാരണം ഇത് ഈ വർഷത്തിന്റെ അവസാനത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്ന് യുഎഇയിലെ ആർച്ചർ ഏവിയേഷൻ ജനറൽ മാനേജർ ഡോ. താലിബ് അൽഹിനായ് പറഞ്ഞു.
ആഗോളതലത്തിൽ ഈ സേവനം ആരംഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി യുഎഇ മാറും. യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ഇൻസ്പെക്ടർ, എയർ സ്പേസ്, ഫ്ലൈയിംഗ് കാർ ഓപ്പറേറ്റർമാർക്ക് ഈ വർഷം അവരുടെ സേവനങ്ങൾ ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ ലഭിച്ചേക്കും. എന്നാൽ സർട്ടിഫിക്കേഷൻ പ്രക്രിയ ഇപ്പോഴും നടക്കുകയാണ്. പറക്കും ടാക്സികൾ സർവീസിനുള്ള കൃത്യമായ തിയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ പറഞ്ഞു. എയർ ടാക്സികൾക്കുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ ഈ വർഷം മൂന്നാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഈ വർഷം അവസാനം സർവീസ് ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയുള്ളത്.
200 കിലോമീറ്റർ വിസ്തൃതിയിൽ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളതിനാൽ യുഎഇയുടെ വ്യോമാതിർത്തി വളരെ തിരക്കേറിയതാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർലൈനാണ് യുഎഇയിലേത്. അതുകൊണ്ട് എയർ ടാക്സികൾ സർവീസ് ആരംഭിക്കുന്നതിന് മുൻപേ നിരവധി വെല്ലുവിളികളുണ്ടെന്നും യുഎഇയിലെ ആർച്ചർ ഏവിയേഷന്റെ ജനറൽ മാനേജർ ഡോ. താലിബ് അൽഹിനായ് പറഞ്ഞു. അബുദാബിയിലും ദുബായിലും പറക്കും ടാക്സികൾ ആരംഭിക്കുന്നതിൽ ആർച്ചർ ഏവിയേഷനും ജോബിയും മുൻപന്തിയിലാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Flying Taxis in UAE: Service Expected to Launch by End of This Year