ഉയരെ.. ഉയരെ... പതാക; യുഎഇയില്‍ പതാകദിനം ആചരിച്ചു

അബുദാബി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ച് തിങ്കളാഴ്ച പതാക ദിനം ആചരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി ഖസ്ര്‍ അല്‍ ഹൊസനില്‍ ദേശീയ പതാക ഉയര്‍ത്തി. നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയെക്കുറിച്ച് ചിന്തിക്കാനും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഭാവിയെ ആത്മവിശ്വാസത്തോടെ സമീപിക്കാനുമുള്ള അവസരമാണ് പതാക ദിനമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ (ഡിഐഎഫ്‌സി) ദ ഗേറ്റ് ബില്‍ഡിങ്ങില്‍ നടന്ന പതാക ദിനാഘോഷത്തില്‍ പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തി. ദേശീയ പതാക നമ്മുടെ അന്തസ്സിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ പതാക ഐക്യത്തിന്റെ ദീപസ്തംഭമാണെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പറഞ്ഞു.

രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുമെന്നും അഭിമാനത്തോടെ പതാക ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള വേളയാണ് പതാക ദിനമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ഐക്യത്തിന്റെയും വികസനത്തിന്റെയും യാത്ര തുടരുന്നതിന് ദൃഢനിശ്ചയവും ശക്തിയുമാണ് പതാക ദിനം നല്‍കുന്നതെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി പറഞ്ഞു. അബുദാബിയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പതാക ഉയര്‍ത്തി.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സായിദ് നാഷണല്‍ മ്യൂസിയത്തില്‍ പതാക ഉയര്‍ത്തി. യുഎഇയിലുടനീളമുള്ള സ്‌കൂളുകളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ബീച്ചുകളിലും വീടുകളിലുമെല്ലാം കൃത്യം 11 മണിക്ക് തന്നെ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികളും ആഘോഷങ്ങളുടെ ഭാഗമായി.

രാജ്യസ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങളാണ് പതാക ദിനം നല്‍കുന്നത്. ഉംസുഖീം ബീച്ചിലെ ഫ്‌ളാഗ് ഗാര്‍ഡനില്‍ ദേശീയ പതാകകള്‍ ഉപയോഗിച്ച് യുഎഇ രാഷ്ട്രപിതാക്കന്മാരായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുടെ ഛായാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജനുവരി 10 വരെ ഫ്‌ലാഗ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാം. പതാക ദിനം മുതല്‍ 54-ാമത് ദേശീയ ദിനം വരെ ഒരു മാസം നീളുന്ന ആഘോഷ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

Content Highlights: uae flag day