ശൈഖ് സഈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ കബറടക്കം ശൈഖ് സായിദ് മസ്ജിദില്‍, അജ്മാനില്‍ ദുഖാചരണം

അജ്മാന്‍: ബുധനാഴ്ച അന്തരിച്ച അജ്മാന്‍ രാജകുടുംബാംഗം ശൈഖ് സഈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ കബറടക്കം ഇന്ന് (വ്യാഴാഴ്ച) മധ്യാഹ്ന നമസ്‌കാരത്തിന് ശേഷം ജര്‍ഫിലെ ശൈഖ് സായിദ് മസ്ജിദില്‍ നടന്നു. ബുധനാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, അജ്മാന്‍ കിരീടാവകാശിയും അജ്മാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, അജ്മാന്‍ ഉപ ഭരണാധികാരി ശൈഖ് നാസര്‍ ബിന്‍ റാഷിദ് അല്‍ നുഐമി, സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, മറ്റ് ശൈഖുമാരും, ഉന്നത ഉദ്യോഗസ്ഥരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.
അജ്മാനില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്.
Content Highlights: Sheikh Saeed bin Rashid Al Nuami, a member of the Ajman royal family, was laid to rest on Thursday