അവർ വീട്ടമ്മമാരല്ല, തലമുറകളെ വാർത്തെടുക്കുന്നവർ; മാതൃദിനത്തിൽ ശൈഖ് ഹംദാന്റെ വൈകാരിക കുറിപ്പ്

ദുബായ്: വീട്ടമ്മമാർക്ക് പുതിയ പേര് നിർദേശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. തലമുറകളെ വാർത്തെടുക്കുന്നവർ എന്ന വിശേഷണമാണ് അദ്ദേഹം വീട്ടമ്മമാർക്ക് നൽകിയത്. എല്ലാ നന്മകളുടേയും ഉറവിടം വീട്ടമ്മമാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയ മാതൃദിനത്തോട് അനുബന്ധിച്ചാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉള്ളുതൊടുന്ന സന്ദേശം. വീട്ടിലിരുന്ന് മക്കളെ നോക്കുന്ന അമ്മമാർ, വീട്ടമ്മമാർ മാത്രമല്ല അവരാണ് തലമുറകളെ വാർത്തെടുക്കുന്നത്. കുടുംബത്തെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതും അവരാണ്. കുട്ടികളുടെ ആദ്യ സ്‌കൂൾ അമ്മയാണെന്നും ശൈഖ് ഹംദാൻ, മാതൃദിന സന്ദേശത്തിൽ പറഞ്ഞു. ഉത്തരവാദിത്ത ബോധവും മറ്റുള്ളരെ ചേർത്തു പിടിക്കാനുള്ള മനസ്സും നന്മകളും മക്കൾ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. ഇതാണ് പിന്നീട് രാജ്യത്തെ രൂപപ്പെടുത്താൻ അവരെ കരുത്തരാക്കുന്നത്. എല്ലാ അമ്മമാർക്കും നന്ദി. എല്ലാ നന്മകളുടേയും ഉറവിടം നിങ്ങളാണ്. എല്ലാവർക്കും മാതൃദിന ആശംസകൾ. സ്ത്രീകളേയും കുട്ടികളേയും ചേർത്തുനിർത്തുന്ന ദുബായിയുടെ ഭാവി ഭരണാധികാരി ഇങ്ങനെയാണ് മാതൃദിന സന്ദേശം അവസാനിപ്പിക്കുന്നത്.