കഴിഞ്ഞ വർഷം ഷാര്‍ജയില്‍ പിടികൂടിയത് 11.5 കോടി ദിര്‍ഹത്തിന്റെ ലഹരി വസ്തുക്കള്‍

ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി
ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ 11.5 കോടി ദിര്‍ഹം മൂല്യമുള്ള 1.1 ടണ്‍ മയക്കുമരുന്നുകളും 45 ലക്ഷം സൈക്കഡലിക് ഗുളികകളും പിടികൂടിയതായി ഷാര്‍ജ പോലീസ്. മുന്‍ വര്‍ഷത്തെക്കാള്‍ 24 ശതമാനം കൂടുതല്‍ മയക്കുമരുന്നാണ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച 1,003 വെബ്സൈറ്റുകൾ അധികൃതര്‍ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. 

ഷാര്‍ജ ഡെസേര്‍ട്ട് പോലീസ് ക്യാമ്പില്‍ നടന്ന എട്ടാമത് വാര്‍ഷിക മീഡിയ ഫോറത്തില്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എമിറേറ്റില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഷാര്‍ജ സെന്‍സസ് ഫലങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സരി അല്‍ ഷംസി പറഞ്ഞു. താമസ പ്രദേശങ്ങളിലും പുതിയ കമ്മ്യൂണിറ്റികളിലും പോലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കാനുള്ള തീരുമാനത്തിന് സെന്‍സസ് നിര്‍ണായകമായിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും പൊതു സുരക്ഷ മെച്ചപ്പെടുത്താനും സെന്‍സസ് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തോടെ എമിറേറ്റിലുടനീളമുള്ള നിരീക്ഷണ ക്യാമറകളുടെ എണ്ണം 89,772 ആയി ഉയര്‍ത്തുകയും കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷാര്‍ജ ട്രാഫിക് പോലീസ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി പറഞ്ഞു. ഗതാഗത പിഴകളിലെ 35 ശതമാനം ഇളവ് പ്രഖ്യാപനം ഒട്ടേറെ പേര്‍ക്ക് പ്രയോജനകരമായി. ഗതാഗത പിഴകള്‍ തീര്‍പ്പാക്കിയതിന് ശേഷം 2,42,000 വാഹന ലൈസന്‍സുകള്‍ പുതുക്കിയിട്ടുണ്ട്.

എമിറേറ്റിലെ തിരക്കേറിയ റോഡുകള്‍ നിരീക്ഷിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരം കാണാന്‍ ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (എസ്.ആര്‍.ടി.എ) കൂടിയാലോചനകള്‍ നടത്തുന്നുമുണ്ട്. ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്താന്‍ സിഗ്‌നലുകളില്‍ നിര്‍മിത ബുദ്ധി ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അല്‍ നഖ്ബി വിശദീകരിച്ചു.

Content Highlights: Over 11.5 crore dirhams worth drugs seized by Sharjah Police in 2023