ഷാർജയിൽ പാമ്പുകളെ കണ്ടാൽ 993-ൽ അറിയിക്കണം

Caption
Caption

ഷാർജ : ജനവാസകേന്ദ്രങ്ങളിലും മരുഭൂമിയിൽ ക്യാമ്പ് ചെയ്യുമ്പോഴും പാമ്പ്, തേൾ, ചിലന്തി ഉൾപ്പടെയുള്ള അപകടകരമായ ജീവികളെകണ്ടാൽ 993-ൽ ബന്ധപ്പെടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ശൈത്യകാലമായതോടെ മരുഭൂമിയിൽ രാത്രിയിൽ ക്യാമ്പിങ്ങിനായി ഒട്ടേറെപ്പേർ പോകുന്നുണ്ട്.

ഇത്തരം വിഷ ജീവികൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് പതിവാണ്. അതിനാൽ ക്യാമ്പിങ്ങിന് പോകുന്നവർ ജാഗ്രത പാലിക്കണം. മരുഭൂമികൾക്ക് സമീപമുള്ള വീടുകളിലും വിഷപ്പാമ്പുകളെയും തേളുകളെയും കാണുന്നുണ്ട്. പൂന്തോട്ടങ്ങൾ, പടവുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിലാണ് പലപ്പോഴും കാണപ്പെടാറുള്ളത്. പാമ്പുകളെ കണ്ടാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് നിരീക്ഷിക്കണം. വളർത്തുമൃഗങ്ങളെയും സുരക്ഷിതരാക്കാൻ മറക്കരുത്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെങ്കിൽ മുനിസിപ്പാലിറ്റിയിൽ അറിയിക്കണം. ജീവനക്കാരെത്തി അവയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും.

ക്യാമ്പിങ്ങിനായി പോകുന്നവർ പ്രദേശംവൃത്തിയായി സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. കാടുപിടിച്ച പ്രദേശങ്ങളിലൂടെ നടക്കരുത്. മരുഭൂമിയിലൂടെ നടക്കുമ്പോൾ ഷൂ ധരിക്കുന്നത് ഉരഗങ്ങളിൽനിന്നും സംരക്ഷണംനൽകും. യു.എ.ഇ. യിൽ പാമ്പ് കടിയുമായി ബന്ധപ്പെട്ട അപകടങ്ങൾ വളരെ കുറവാണ്. എങ്കിലും ജാഗ്രത ഉണ്ടായിരിക്കണം. പാമ്പ് കടിയേറ്റെന്ന് മനസ്സിലായാൽ ഉടൻ വൈദ്യസഹായംതേടണം.

പാമ്പിന്റെ ചിത്രം എടുക്കുന്നത് ശരിയായചികിത്സ നൽകുന്നതിന് ആരോഗ്യ വിദഗ്ധരെ സഹായിക്കും. അറേബ്യൻ സാൻഡ് വൈപ്പർ, അറേബ്യൻ ഹോൺഡ് വൈപ്പർ, സോ-സ്‌കെയിൽഡ് വൈപ്പർ, ബ്ലാക്ക് ഡെസേർട്ട് കോബ്ര എന്നീ പാമ്പുകൾ അപകടകരമായ വിഷപ്പാമ്പുകളാണ്. അറേബ്യൻ റാറ്റ് സ്നേക്ക്, പേർഷ്യൻ ക്യാറ്റ് സ്നേക്ക്, കോമൺ സാൻഡ് സ്നേക്ക് എന്നിവ പൊതുവേ വിഷമില്ലാത്ത ഇനങ്ങളാണ്. പാമ്പുകൾക്കൊപ്പം തന്നെ വിഷമുള്ള തേളുകളെയും ചിലന്തികളെയും ശ്രദ്ധിക്കണം. അറേബ്യൻ ഫാറ്റ്-ടെയിൽഡ്, ബ്ലാക്ക് ഫാറ്റ്-ടെയിൽഡ്, ഡെത്ത്സ്റ്റാക്കർ എന്നീ ഇനങ്ങളിൽ പെട്ട തേളുകളും വളരെ അപകടകാരികളാണ്.

Content Highlights: See snakes in Sharjah, report it to 993