ഹജ്ജ്, ഉംറ തീർഥാടകരിൽ വിസ കാലാവധി കഴിഞ്ഞവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്ത സേവന കമ്പനികൾക്ക് പിഴ

റിയാദ്: വിസ അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യയിൽ തുടരുന്ന ഹജ്ജ്, ഉംറ തീർഥാടകരെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്ത ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 1,00,000 സൗദി റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
വിസയുടെ അനുവദിച്ച കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന ഹജ്ജ് തീർഥാടകരെയോ ഉംറ നിർവഹകരെയോ സംബന്ധിച്ച വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ കാലതാമസം വരുത്തുന്ന ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ പിഴ ബാധകമാകുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
ലംഘനം നടത്തിയവരുടെ എണ്ണത്തിന് അനുസരിച്ച് പിഴത്തുക ഒരു ലക്ഷം റിയാൽ വരെ എത്തുകയും ലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയും വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് പരാതികൾ അറിയിക്കാം.
ലഭിക്കുന്ന എല്ലാ പരാതികളും പൂർണ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും, വിവരം നൽകുന്നവർക്ക് യാതൊരു നിയമപരമായ ഉത്തരവാദിത്വവും ഉണ്ടാകില്ലെന്നും പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.
Content Highlights: Service providers face up to 100,000 SAR fines for not reporting overstaying pilgrims., Penalty amounts increase based on the number of violations., Public urged to report violations via 911 or 999 hotlines., Whistleblower anonymity and legal protection guaranteed.