ഉംറ തീർഥാടകർക്ക് ആശ്വാസം; ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി സൗദി

മക്ക: ഉംറ തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രാലയം ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ സംവിധാനം അവതരിപ്പിച്ചു. ഈ വിസയുടെ സഹായത്തോടെ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ സൗദി അറേബ്യയിൽ പ്രവേശിക്കാനും, തുടർച്ചയായി 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും.
വിസ അനുവദിച്ച തീയതി മുതൽ 365 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. ഈ കാലയളവിൽ ആവശ്യാനുസരണം നിരവധി തവണ സൗദിയിലേക്ക് പ്രവേശിക്കാനാകും. എന്നാൽ ഓരോ സന്ദർശനത്തിലെയും താമസദിവസങ്ങൾ കൂട്ടിച്ചേർത്തുള്ള ആകെ കാലാവധിയാണ് 90 ദിവസം. ഓരോ തവണയും രാജ്യത്ത് ചെലവഴിക്കുന്ന ദിവസങ്ങൾ ഈ പരിധിയിൽ നിന്നാണ് കണക്കാക്കുക.
അതേസമയം, ഹജ്ജ് സീസണിൽ ഈ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഓരോ സന്ദർശനത്തിനുമായി ബുക്ക് ചെയ്യുന്ന ഉംറ സേവന പാക്കേജിന്റെ കാലാവധി വിസയിൽ അവശേഷിക്കുന്ന താമസദിവസങ്ങളെ കവിയാൻ പാടില്ല.
ഓരോ സന്ദർശനത്തിനും മുമ്പ് നുസുക് (Nusuk) പ്ലാറ്റ്ഫോമിൽ അംഗീകൃത സേവനദാതാക്കളിൽ നിന്ന് ഉംറ സേവന പാക്കേജ് നിർബന്ധമായും വാങ്ങണം. തുടർന്ന് നുസുക് ആപ്പ് വഴി ഉംറ പെർമിറ്റ് നേടുകയും വേണം. പെർമിറ്റിലെ തീയതികൾ അംഗീകൃത സേവന പാക്കേജുമായി പൊരുത്തപ്പെടുകയും നിലവിലുള്ള എല്ലാ യാത്രാ-പ്രവേശന നിബന്ധനകളും പാലിക്കുകയും വേണം.
സൗദിയിൽ നിന്ന് ഓരോ തവണയും പുറത്തുപോകുമ്പോൾ വിസയുടെ പ്രാബല്യം താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടും. തുടർന്ന് വീണ്ടും യാത്ര ചെയ്യുമ്പോൾ ആവശ്യമായ നിയമനിബന്ധനകൾ പാലിച്ചാൽ വിസ സ്വമേധയാ പുനഃസജീവമാക്കും.
മുൻ സന്ദർശനങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന താമസദിവസങ്ങൾ വിസയുടെ കാലാവധിക്കുള്ളിൽ ഭാവിയിലെ സന്ദർശനങ്ങൾക്കായി സ്വമേധയാ നിലനിർത്തുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia’s Ministry of Hajj and Umrah has introduced a one-year multiple-entry Umrah visa allowing pilgrims to stay up to a cumulative total of 90 days, subject to mandatory Nusuk app permits and Hajj season restrictions.