ഡെലിവറി ജീവനക്കാർക്ക് അന്തരീക്ഷ ഈർപ്പത്തിൽനിന്ന് കുടിവെള്ളവുമായി ദുബായ്

ദുബായ്: അന്തരീക്ഷ ഈർപ്പത്തിൽ നിന്നും ഡെലിവറി ജീവനകാർക്ക് കുടിവെള്ളവുമായി ദുബായ്. ഡെലിവറി ജീവനകാർക്കായി ഒരുക്കിയ എ.സി. വിശ്രമകേന്ദ്രങ്ങളിലാണ് ഈ സംവിധാനം ഉണ്ടാകുക. ഓരോ വിശ്രമകേന്ദ്രത്തിലും പ്രതിദിനം നൂറ് ലിറ്റർ കുടിവെള്ളം വരെ ലഭിക്കാവുന്ന എയർ-ടു-വാട്ടർ ഡിസ്പെൻസറുകൾ ഇതിനായി സ്ഥാപിച്ചു.
ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് വാട്ടർ ഡിസ്പെൻസറുകളാണ് ഉണ്ടാകുകയെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്തശേഷം തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഡിസ്പെൻസറുകളിൽ ഉപയോഗിക്കുന്നത്. മാജിദ് അൽ ഫുത്തെയിം ഗ്രൂപ്പുമായി സഹകരിച്ചാണ് ആർ.ടി.എ. പദ്ധതി നടപ്പാക്കുന്നത്.
ഡെലിവറി ജീവനക്കാർക്കായ് 40 എ.സി. വിശ്രമകേന്ദ്രങ്ങൾ നിർമിക്കാനാണ് ദുബായ് ആർ.ടി.എ. ലക്ഷ്യമിടുന്നത്. നിരവധിയിടങ്ങളിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ മൂന്നാംഘട്ടത്തിൽ പൂർത്തിയാക്കും. പുതിയ പങ്കാളിത്തത്തിലൂടെ ഡെലവറി മേഖലയിലെ ജീവനക്കാരുടെ സുരക്ഷ വർധിപ്പിക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയുമാണ് ആർ.ടി.എയുടെ ലക്ഷ്യം.
Content Highlights: RTA, MAF Install Air-to-Water Dispensers at Delivery Riders' Rest Areas