35 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാൻ റാസൽഖൈമ

റാസൽഖൈമ : അടുത്ത അഞ്ച് വർഷത്തിനകം 35 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളുമായി റാസൽഖൈമ. കൂടുതൽ വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതിന് ഹോട്ടൽ താമസ സൗകര്യങ്ങളെല്ലാം വികസിപ്പിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വികസനമാണ് നടപ്പാക്കുന്നത്. ഇതിനുപുറമെ പ്രാദേശിക റിയൽ എസ്റ്റേറ്റ് രംഗത്തും വമ്പൻ മുന്നേറ്റമാണ് എമിറേറ്റ് നടത്തിവരുന്നത്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഒട്ടേറെ വികസന പദ്ധതികൾക്കാണ് എമിറേറ്റ് സാക്ഷ്യം വഹിക്കുന്നത്. മികച്ച നഗരാസൂത്രണവും പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ലോകോത്തര പദ്ധതികളിലുമാണ് എമിറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഹോസ്പിറ്റാലിറ്റി, വാണിജ്യ, താമസ മേഖലകളിൽ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി. റിയൽ എസ്റ്റേറ്റ് വില്പനയിലും ഗണ്യമായ പുരോഗതി കൈവരിച്ചു. ജനസംഖ്യാ വളർച്ചയുടെ അടിസ്ഥാനത്തിൽ 2030-ഓടെ 45,000 അധിക താമസ യൂണിറ്റുകളുടെ ആവശ്യകത പ്രതീക്ഷിക്കുന്നുമുണ്ട്. ബീച്ച്ഫ്രണ്ട് അപ്പാർട്ടുമെന്റുകൾ, ആഡംബര വില്ലകൾ, ഗോൾഫ് കമ്മ്യൂണിറ്റികൾ, ലൈഫ് സ്‌റ്റൈൽ ഹബ്ബുകൾ എന്നിവ നിക്ഷേപകരെയും താമസക്കാരെയും ആകർഷിക്കുന്നത് തുടരുകയാണ്.
എമാർ, എൽദാർ, എല്ലിങ്ടൺ പ്രോപ്പർട്ടീസ്, മർജാൻ, അൽ ഹംറ എന്നീ നിർമാണ സ്ഥാപനങ്ങളും വൻകിട ഹോട്ടലുകളും വളർച്ചയ്ക്ക് നിർണായകമാകുന്നുണ്ട്. എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആഗോള നിക്ഷേപം ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനുമാണ് ശ്രമിക്കുന്നതെന്ന് റാക് പ്രോപ്പർട്ടീസ് ചെയർമാൻ അബ്ദുൾഅസീസ് അബ്ദുല്ല അൽ സഅബി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രികൾ, സ്വകാര്യ സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മേഖലയുടെ വളർച്ചയ്ക്ക് പ്രധാനകാരണം.
Content Highlights: Ras Al Khaimah's Strategy for Economic and Tourism Development